ഒറ്റപ്പെട്ടവന്റെ മുറി
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ഖുതുബ് ബത്തേരി എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
ഒറ്റപ്പെടുമ്പോള്‍
ഓര്‍മ്മകള്‍ നിറയുന്നൊരു
ഒറ്റമുറിയിലേക്കൊന്നു
കടന്നുചെല്ലൂ
നിലാവില്‍ നിഴലിനെയും
രാത്രിയില്‍ ഇരുട്ടിനെയും
പ്രണയിക്കുന്നത്
കാണാം
പറയാന്‍കൊതിച്ച
വാക്കുകളോരൊന്നും
മുറിയുടെ
മൂലകളിലിരുന്നു
ഒച്ചവെയ്ക്കുന്നതും.
ഒറ്റപ്പെടുത്തിയവരുടെ
പേരുകളെല്ലാം
നിലത്തിഴഞ്ഞു
പോകുന്നതും,
അത്രമേലാഴത്തില്‍
മുറിപ്പെടുത്തിയവരുടെ
മുഖങ്ങള്‍ ഭിത്തിയില്‍
കുത്തിവരഞ്ഞതും.
ഒടുവില്‍
പകലിനോട്
പുലമ്പിയചുണ്ടുകള്‍
രാത്രിയെ
ചുംബിക്കുമ്പോള്‍,
മുഖംതിരിച്ചു
പൊടുന്നനെ
നടന്നുപോകണം