Malayalam Poem: ആത്മഹത്യ ചെയ്തവരുടെ ലൈബ്രറി, കെ.ആര്‍.രാഹുല്‍ എഴുതിയ കവിത
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. കെ.ആര്‍.രാഹുല്‍ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ആത്മഹത്യ ചെയ്തവര്‍
എന്നും വൈകുന്നേരം
പുസ്തകം വായിക്കാനെത്തുന്ന
ഒരു വായനശാലയുണ്ട് നാട്ടില്‍.
ചവിട്ടിക്കയറിയാല്‍
ഞരങ്ങുന്ന
മരഗോവണിക്ക് മുകളില്‍.
താഴത്തെ നിലയില്‍
മൂവായിരം കൊടുക്കാനില്ലാതെ
തട്ടില്‍മുകളിലെ എണ്ണൂറ്
രൂപ മുറിയിലേക്ക്
വായനശാല വളര്‍ന്നതാണ്.
'ജനമൈത്രി വായനശാല'
എന്നെഴുതിയ ബോര്‍ഡ് മാത്രം
വളരാതെ, താഴെ ഭിത്തിയില്‍
പടരാന്‍ കാത്തുകിടന്നു.
പുസ്തകം വായിക്കാന്‍ നിര്‍ബന്ധമില്ലാത്ത
സന്തുഷ്ടരായ സാധാരണക്കാര്‍
പരിസരത്തെല്ലാം
തിളച്ചു മറിഞ്ഞെങ്കിലും
അവരാരും തട്ടില്‍മുകളിലേക്ക്
പതഞ്ഞു പൊങ്ങിയില്ല.
അത് തുറക്കുന്നതും അടയ്ക്കുന്നതും
ആരാണെന്നു പോലും
നാട്ടുകാര്‍ക്കറിയില്ല.
ആക്രമിക്കപ്പെടാന്‍
സാധ്യതയില്ലാത്ത
കോട്ടയായതിനാലാവാം
അതിന് കാവല്‍ക്കാരും
താഴും ഉണ്ടായിരുന്നില്ല.
എന്നിട്ടും എല്ലാ ദിവസവും
ഹൃദയചിഹ്നത്തില്‍
പേരും അസ്ത്രവും വരച്ച
തടിമേശയില്‍
പുസ്തകങ്ങള്‍ ചിതറിക്കിടന്നു.
കരയുന്ന ഗോവണി ചവിട്ടി
മുകളിലേക്കാരും
കയറാഞ്ഞിട്ടും
അപ്പൂപ്പന്‍ താടി
അടയാളം വെച്ചും
അരികുകള്‍ മടക്കിയും
പാതിതിന്ന പുസ്തകങ്ങള്‍
അട്ടം നോക്കി കിടന്നു.
'ദി ചെന്നൈ സ്‌നാക്‌സ്'
ചായക്കടയിലെ
അവസാന ഗ്ലാസും
കഴുകി കമഴ്ത്തി
ഹെര്‍ക്കുലീസ് സൈക്കിളില്‍
മന്ദമൈതാനി
ചുറ്റിവരുന്ന തമിഴന്‍ മാത്രം
തട്ടിന്‍ മുകളില്‍ കയറും.
തടിമേശയുടെയോരത്ത്
പാതി കീറിയ പുല്‍പ്പായ
നിവര്‍ത്തി കിടക്കും.
പകലന്തിയോളം
നിര്‍ത്തി വേദനിപ്പിച്ചതിന്
കാലിലെ മസിലുകള്‍
പക വീട്ടുമ്പോള്‍
ഉറക്കത്തില്‍ 'കടവുളേ'
എന്ന് കരഞ്ഞ് തമിഴന്‍
പിടഞ്ഞെഴുന്നേല്‍ക്കും.
പുസ്തകം കണ്ടാല്‍
എണ്ണക്കടികള്‍ പൊതിയാനുള്ള
കടലാസായി മാത്രം
കാഴ്ച തെളിയുന്ന തമിഴന്‍
പുസ്തകം വായിക്കാറില്ല.
എന്നിട്ടും എന്നും
തുറന്നു വയ്ക്കുന്നത്
അപസര്‍പ്പക കഥകളുടെ
പുസ്തകമാണെന്ന്
തമിഴനാണ് കണ്ടെത്തിയത്.
പിന്നെ രാത്രിയിലെപ്പോഴും
പതിഞ്ഞ താളത്തില്‍
കഥകള്‍ വായിക്കുന്നത്
കേള്‍ക്കാന്‍ മരപ്പട്ടിയും
കടവാവലും എത്തും.
മരപ്പട്ടിയെ ഓടിക്കാന്‍ നോക്കി
പലക തകര്‍ന്ന് താഴെവീണ തമിഴന്‍
ആശുപത്രിയില്‍ നാലാം നാള്‍ മരിച്ചു.
മരിക്കും മുമ്പ് ഒരു വരി വിടാതെ
'രഘുവംശം' ചൊല്ലിയെന്ന്
നാട്ടുകാര്‍ പറയുന്നു.
അരൂപികളാല്‍
വായിക്കപ്പെടുന്ന
പുസ്തകങ്ങളുള്ള
വിലക്കപ്പെട്ട ഇടത്തിലേക്ക്
പിന്നീട് ആരും കയറിയിട്ടില്ല.
വായിക്കാനാളില്ലാതെ
ചിതറിക്കിടക്കുന്ന പരശ്ശതം
ജീവിതങ്ങളെ തേടി
ആത്മഹത്യ ചെയ്തവരുടെ
ആത്മാക്കളാണ്
എത്തുന്നത് എന്ന് പറഞ്ഞത്
മിന്നാമിനുങ്ങുകളാണ്.
പോയ ജന്മത്തില്‍
പടുമരണപ്പെട്ട
സ്വപ്നങ്ങള്‍ക്കെല്ലാം
മുന്‍പില്‍
വഴികാട്ടിയായി പറക്കുമ്പോള്‍
അവര്‍ ചൊല്ലിയ
കവിതകളെല്ലാം
ഇവിടെനിന്ന്
കിട്ടിയതാണത്രേ!
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...