Malayalam poem : മറന്നുപോയത്, കെ. എന്‍. സുരേഷ് കുമാര്‍ എഴുതിയ കവിത
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. കെ. എന്‍. സുരേഷ് കുമാര്‍ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
എന്തോ മറന്നുവല്ലോ,
എന്തായിരിക്കാം?
ക്ഷൗരം ചെയ്യാന്‍ മറന്നിട്ടില്ലെന്ന്
കവിളിലെ ബ്ലേഡ് നീറ്റല്‍
ഓര്‍മ്മിപ്പിക്കുന്നു.
എങ്കില്‍പ്പിന്നെ,
ബ്രേക്ക് ഫാസ്റ്റ് കഴിച്ചില്ലായിരിക്കും?
ഏയ്, അതല്ല.
അപ്പോഴല്ലേ ചുടുചായ ചുണ്ട് പൊളളിച്ചത്.
വസ്ത്രം ഇസ്തിരിയിട്ടില്ലായിരിക്കും?
അല്ലല്ലോ, അപ്പോഴാണല്ലോ
വിരലു പൊള്ളിയത്.
മുടി ചീകാന്‍ മറന്നിരിക്കും?
ഇല്ലല്ലോ ,അങ്ങനെയല്ലേ
ചീപ്പ് കൊണ്ട് നെറ്റി കോറിയത്.
എങ്കില്‍ പിന്നെ ചെരിപ്പിട്ടില്ലായിരിക്കും?
അപ്പോഴല്ലേ വിരല്‍ തറയില്‍ തട്ടി
ചോര പൊടിഞ്ഞത്.
എങ്കിലും, എന്തോ മറന്നുവല്ലോ?
ചിലപ്പോള്‍
പൊള്ളലും പോറലുമേല്‍ക്കാതെ
ജീവിക്കാനാകാം മറന്നു പോയത്.