Malayalam Poem: തിരുത്തുക, മുറിപ്പെടുന്നൊരുവളെ, കാവ്യ മാമ്പഴി എഴുതിയ കവിത
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. കാവ്യ മാമ്പഴി എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
തിരുത്തുക, മുറിപ്പെടുന്നൊരുവളെ
ഇനി നിന്നെ കാണാനിടവന്നാല്‍
എന്തു ചെയ്യണമെന്ന്
കണ്ണുകളോടും
ചുണ്ടുകളോടും
വിരലുകളോടും
പുരികത്തുമ്പുകളോടും വരെ
പറഞ്ഞു പഠിപ്പിച്ചതാണ് ഞാന്‍,
കാണുന്നത് നിന്നെയെന്നതിനാലാവണം
അനുസരണക്കേട് കാണിക്കുമവരും,
നിന്നെപ്പോലെ.
വാക്കില്ലാതാവുന്ന ആ വൈകുന്നേരത്ത്
നിന്നോട്
എന്തു പറഞ്ഞു തുടങ്ങണമെന്ന്
പറഞ്ഞു പഠിപ്പിച്ചതാണ് ഞാനെന്നെ
അതിവിരസമായി ചിരിച്ചെന്നു വരുത്തി
കുടിച്ചു തീരാറായ ചായയുടെ
കടുപ്പത്തെപറ്റിയോ
കഴിഞ്ഞ കാലങ്ങളിലെ
ശൈത്യത്തെ പറ്റിയോ,
നമ്മളെ തൊട്ടുപോവില്ലെന്ന് ഉറപ്പുള്ള
എന്തിനെയെങ്കിലും പറ്റിയോ,
നീയെന്നെ പക്ഷെ, തിരുത്തുന്നുണ്ട്,
നിനക്കു സുഖമല്ലേയെന്ന
പതിവ് ചോദ്യം കൊണ്ടല്ലെന്നു മാത്രം.
പണ്ടും
ചിരിക്കുമ്പോള്‍ നിറയാറുള്ള
നിന്റെ ചെറിയ കണ്ണിന്റെ ഭാഷ!
ഏതു ഭാഷയിലാണ്
ഞാനതിനൊരു വിവര്‍ത്തനം തേടുക?
വിരല്‍ തൊട്ടുതൊട്ടേയിരിക്കുമ്പോള്‍
ഇറുക്കിച്ചേര്‍ക്കാറുള്ള
വിരലിലെ നനവ്;
എങ്ങനെയാണ്
ഞാനതിന് ഉഷ്ണം തരിക?
ചുവരിലെ ചിത്രങ്ങളിലൊന്നില്‍
മുഖം തെളിയാത്തൊരു ചിത്രത്തില്‍
രണ്ടു പേര്‍ മുറുകെ ചുംബിക്കുന്നു!
അവളുടെ കാലിലെ
മുറിയുണങ്ങിയൊരു വിള്ളലിലാണ്
അയാളുടെ ചുണ്ടുകള്‍,
പൊടുന്നനെ
എനിക്കെന്റെ മുറിവ് വിങ്ങുന്നു,
ഞാന്‍ നിന്റെ നനഞ്ഞ വിരല്‍ തിരയുന്നു,
ആഴ്ന്നിറങ്ങി
മുറിവിനെ ഉമ്മ വയ്ക്കുന്ന ചുണ്ടില്‍
ഞാന്‍ തെന്നി വീഴുന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...