Malayalam Poem: ചെമ്പരത്തിച്ചിരി, കവിത മനോഹര്‍ എഴുതിയ മൂന്ന് കവിതകള്‍

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. കവിത മനോഹര്‍ എഴുതിയ മൂന്ന് കവിതകള്‍

chilla malayalam poem by Kavitha Manohar

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam poem by Kavitha Manohar

 


ആത്മഹത്യ

പര്‍വതങ്ങള്‍ക്ക് സമതലങ്ങളോട്
ശിശിരത്തിന് ഗ്രീഷ്മത്തോട്
ചന്ദ്രന് സൂര്യനോട്
പ്രണയമുണ്ടാവുമെന്ന് നീയല്ലേ പറഞ്ഞത്?

ഒരുമിച്ചൊരിടത്തുണ്ടാകില്ലെങ്കിലും
ധ്രുവങ്ങളിലെ ആകര്‍ഷണത്തെക്കുറിച്ച്
നീയല്ലേ നീണ്ട കത്തുകളെഴുതിയത്?

പിന്നെന്തിനാണ് 
ആത്മഹത്യചെയ്ത എന്നെക്കണ്ട്
നീ അത്ഭുതപ്പെടുന്നത്?

മരണത്തോടുള്ള ജീവിതത്തിന്റെ പ്രണയം
സാധ്യമായി എന്ന് കരുതിയാല്‍പ്പോരെ...!


നന്ദി

ആരോടാണ് നന്ദി...?

ചേതനയുടെ
സാധ്യതകളിലേക്ക്
വീണ്ടുംവീണ്ടും
ചേര്‍ത്ത് പിടിക്കുന്ന
ജീവിതത്തോടല്ലാതെ 
മറ്റാരോട്?


ചെമ്പരത്തിച്ചിരി

കരഞ്ഞുവീര്‍ത്ത കവിളിലേക്ക്,
ഉതിര്‍ന്നുവീണ കണ്ണൂനീരൊപ്പിക്കൊണ്ട്
അവളോടവള്‍ പറഞ്ഞു:

'ചെമ്പരത്തിയെ നോക്കൂ,
വേലിക്കല്‍ നിന്നേല്‍ക്കുന്ന 
എത്ര ഭ്രാന്തന്‍ പരിഹാസങ്ങളെയാണ്
നിറഞ്ഞ ചിരികൊണ്ട് അത്
നിസ്സാരമായി തോല്‍പ്പിക്കുന്നത്.

അവനുമവള്‍ക്കും വേണ്ടി മാത്രമല്ല
അവളവള്‍ക്കും അവനവനും 
കൂടിയാണ് നാം കരയാതിരിക്കേണ്ടത്.
ചിരിച്ച് ജയിക്കേണ്ടത്.


 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Latest Videos
Follow Us:
Download App:
  • android
  • ios