Malayalam Poem : ഗുപ്തന്റെ പൂച്ച, ജോമോന്‍ ജോസ് എഴുതിയ കവിത
ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. ജോമോന്‍ ജോസ് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
നടക്കാനിറങ്ങുമ്പോള്‍
ഗുപ്തന്റെ പൂച്ചയെ കണ്ടു.
പിന്തുടരാന്‍ ആജ്ഞാപിക്കുന്നത് പോലെ
പൂച്ച
വാലുയര്‍ത്തിപ്പിടിച്ച് മുന്നില്‍ നടന്നു.
ഞാനോ
വാല്‍ ചുരുട്ടിവച്ച്
പൂച്ചയെ അനുഗമിച്ചു.
കറുപ്പും വെളുപ്പും ഇടകലര്‍ന്ന വാല്‍
ഒരു കൊടിയാണെന്ന് തോന്നി.
പൂച്ച നേതാവും
ഞാനൊരു അണിയുമാണെന്നും തോന്നി.
ഞാന്‍
പെട്ടെന്ന് നില്‍ക്കുകയും നടക്കുകയും ചെയ്തപ്പോള്‍
പൂച്ചയും പെട്ടെന്ന് നില്‍ക്കുകയും നടക്കുകയും ചെയ്തു.
എന്റെ വേഗതക്കനുസരിച്ച്
പൂച്ച നടത്തത്തിന്റെ വേഗം ക്രമപ്പെടുത്തുന്നു.
ബാഹുലേയന്റെ മുറുക്കാന്‍ കടക്ക് മുന്നില്‍ വെച്ച്
പൂച്ച തിരിഞ്ഞുനോക്കി.
കണ്ണുകള്‍ ദേഷ്യം കൊണ്ട് ചുവന്നു.
ഇടത്തേ കൈ കൊണ്ട്
നീളന്‍ മീശ ഉഴിഞ്ഞ്
'വരൂ' എന്ന് മുരണ്ടു.
കശാപ്പുശാലയുടെ മാലിന്യം പേറുന്ന അഴുക്കുചാലില്‍
ചെളിപുരണ്ട രണ്ടു കൈകള്‍ കണ്ടു.
ഈശ്വരാ, ഗുപ്തനല്ലേ അത്?
'രക്ഷിക്കൂ' എന്നൊരു ശബ്ദം
അഴുക്കുചാലിന്റെ ഗര്‍ഭത്തില്‍ നിന്ന് പുറപ്പെട്ടു.
ഗുപ്തന്റെ അതേ ശബ്ദം?
പൂച്ച ആദ്യം എന്നെയും
രണ്ടാമത്
ഗുപ്തന്റെ വിറക്കുന്ന വിരലുകളെയും
നോക്കി
അഴുക്കു ചാലിലേക്കോടി.
പാതിവഴിയില്‍ തിരിഞ്ഞുനിന്ന്
എന്നോട് ശക്തിയായി ചെവി കുടഞ്ഞ്
മുന്നോട്ടോടി.
അലക്കിത്തേച്ച വെള്ള ഷര്‍ട്ട്
ഗുപ്തനെ രക്ഷിക്കുന്നതില്‍ നിന്ന്
എന്നെ പിന്തിരിപ്പിച്ചു.
ഒരിടത്തും എത്താനില്ലാഞ്ഞിട്ടും
അടിയന്തിരമായി വീട്ടിലെത്താനുള്ളത് പോലെ
ഞാന്‍ തിരിച്ചു നടന്നു.
'പൂച്ചേ പൂച്ചേ' എന്ന്
ആരോ ഉറക്കെ വിളിക്കുന്നത് കേട്ടു.
ഏയ്, എന്നെയാവില്ല.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...