Malayalam poem : എരിവ്, ജസ്‌ന റഹീം എഴുതിയ കവിതകള്‍
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ജസ്‌ന റഹീം എഴുതിയ കവിതകള്‍
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
എരിവ്
മുളക് പാടം പോലെയുള്ള
അയാളുടെ കണ്ണുകള്‍
എരിവ്
പടര്‍ത്താറുണ്ടെങ്കിലും
തീച്ചുമരുകളുള്ള വീടിനെ
പൊട്ടിച്ചിതറാതെ പൊള്ളലുകള്‍
കൊണ്ട് ഞാന്‍ അലങ്കരിക്കാറുണ്ട് ....
വീടിന്റെ മച്ചില്‍ പിണഞ്ഞാടുന്ന
പാമ്പുകള്‍
ശീല്‍ക്കാരത്തിലൂടെ മാത്രം
അവ പരസ്പരം തിരിച്ചറിയുന്നു.
വിഷദംശനമേറ്റ് എത്രയോ വട്ടം
ഞാന്‍ മരിച്ച് പോയതാണ്.
വെയിലിന്റെ
വേലിയേറ്റമൊഴിഞ്ഞൊരു വീട് ..
വിളറി വെളുത്ത്
ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോഴൊക്കെ
സ്വപ്നമായ് തെളിയുന്നു.
പറന്ന് പോകാതെ
കിളികളോട്
ഞാന്‍ ചിറകുകള്‍ കടം ചോദിക്കാറുണ്ട് ,
നിന്നരികിലേക്ക് പറന്നെത്താന്‍.
വേവലാതി പൂണ്ട മനസ്സോടെ
ശലഭങ്ങളോട് ഞാന്‍ മിണ്ടാറുണ്ട്,
നിന്റെ മൗനത്തിലേക്ക്
പൂമ്പൊടി തൂകാന്‍.
വെയിലുറക്കും മുന്‍പുള്ള
ഇലയനക്കങ്ങളിലൂടെ
നിന്നെ ഞാന്‍ വായിച്ചെടുക്കാറുണ്ട്
ഹ്യദയത്തിന്നറകളില്‍ ഹരിതം
നിറയ്ക്കാന്‍.
തുറന്ന് വെച്ചിട്ടും
പറന്ന് പോകാതൊരു പക്ഷി
ഹ്യദയത്തിനുള്ളില്‍ ചിലക്കുന്നത്
പ്രാണനെ പിടിച്ചുലക്കുന്ന
കാറ്റായി നിന്റെ സാമീപ്യം
അറിയുന്നത് കൊണ്ടാവണം.
മുറം
പുക പറ്റിയ ചുവരില്‍
മുറം പോലെ കൊരുത്തിട്ട
നാള് മുതല്‍
വീണ്ടുമൊരു പെണ്‍ ചരിത്രം
ആവര്‍ത്തിക്കുന്നു.
എത്ര പാറ്റിക്കൊഴിച്ചിട്ടും
വഴക്കമില്ലാത്തതെന്ന
പേരുദോഷമുണ്ട്.
ഇടയ്ക്കിടെ
മറവിയുടെ പേരില്‍
മ്ലേഛനായ ഒരു അരണ
വന്ന് മിണ്ടാറുണ്ട്.
മറന്ന് പോയ ഭൂതകാലത്തിന്റെ
വിടവുകള്‍ മാളങ്ങളായതും
അതിലൊളിച്ചതുമൊക്കെ.
കട്ട കെട്ടിയ ധാന്യമണികളില്‍
നുരയുന്ന പുഴുക്കള്‍
നരകത്തിലെ ഇരുട്ട് പുരട്ടി
വരിച്ചില്‍ മേനിയെ പരിഹസിക്കുമ്പോള്‍
വേര്‍പ്പില്‍ കുഴഞ്ഞ
കടുക്മണികളുടെ നിസ്സാരതയില്‍
ചിലപ്പോഴൊക്കെ ലോകം
കറങ്ങുന്നതോര്‍ത്ത്
സ്വയം വീശി തണുക്കും.
വെവ്വേറെ പാറ്റിയ മൗനങ്ങള്‍,
മേനിയില്‍ ദ്രവിക്കാതെ
കലരുന്നത് കൊണ്ടാവണം
ഭാരം താങ്ങാനാവാതെ
ചുമരുകള്‍ വേര്‍പെടുത്തിയ നാള്‍
അത് പ്ലാസ്റ്റിക് മുറമായി
പരിണമിച്ചത്.
എന്റേതല്ലായിരുന്നു
എന്റേതല്ലായിരുന്നു
സൂര്യകാന്തി പാടം,
എന്നിട്ടും
മനസ്സില്‍ മുളപ്പിച്ച വിത്തുകള്‍
ആരുമറിയാതെ വിതറി
പൂക്കള്‍ വിരിയിപ്പിച്ചു.
പൂവിതളുകളെ രഹസ്യ അറകളാക്കി,
രാത്രിയില്ലാത്ത നാടുകളിലൂടെ
സഞ്ചരിച്ചെത്തുമ്പോള്‍,
സുഗന്ധമൊന്നാകെ
കട്ടെടുത്ത്
ഉന്‍മാദിനിയായി.
മറയാനിടമില്ലാതെ,
ചക്രവാളത്തില്‍
കുടുങ്ങിക്കിടക്കുന്ന
സൂര്യനിപ്പോള്‍
മുഖം പൂഴ്ത്തുന്നത്
പൂക്കളുടെ ഹ്യദയത്തിലേക്കാണ്.
പണ്ട് മഴയിലേക്കൊഴുക്കിവിട്ട
ഓര്‍മ്മകളും
ഇപ്പോള്‍ പൂക്കളായ്
മടങ്ങിയെത്തുന്നു
ഋതുമതിയായ മണ്ണില്‍ നിന്നുള്ള
കാഴ്ചകളില്‍ തെളിഞ്ഞ് വരുന്നുണ്ട്
എനിക്കായുദിച്ചൊരാകാശം.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...