നിഗൂഢം, ജസ്ന ഖാനൂന്‍ എഴുതിയ കവിതകള്‍
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ജസ്ന ഖാനൂന്‍ എഴുതിയ കവിതകള്‍
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
മൂന്നു കൂട്ടരെ എനിക്കറിയാം
പരല്‍ മീനുകളെ പോലെ വഴുതി പോവുന്നവര്‍
ഓച്ചിനെ പോല്‍ പറ്റിപ്പിടിക്കുന്നവര്‍
പരാന്ന ഭോജികളെപ്പോല്‍
പടര്‍ന്നു കയറി
പതിയെ പതിയെ വള്ളികള്‍
കാര്‍ന്നു തിന്നുന്നവര്‍
പിന്നെയുമുണ്ട് ചിലര്‍,
ഹൃത്തടത്തില്‍
സുന്ദരമായൊരിടത്തു
എന്നെ കാത്തു സൂക്ഷിക്കുന്നവര്‍.
മറവിലിരുന്നെന്റെ
ചിറകുകള്‍ക്ക് ശക്തി പകരുന്നവര്‍
ഇരുട്ടില്‍ വഴികാണിക്കും
അവരുടെ കണ്‍വെട്ടം
ഞാനൊന്നുയര്‍ന്നു
പറക്കുമ്പോള്‍
നിറഞ്ഞ മനസ്സുമായി
ലോകത്തിനെന്നെ
കാട്ടി കൊടുക്കുമവര്‍
നിഗൂഢം
കുളമല്ലത്
നദിയല്ലത്
ആഴമിന്നുമളന്ന്
തീരാത്ത
മഹാ സാഗരം
മനുഷ്യഹൃദയം!
എന്റെ കണ്ണിലെ
തിളക്കവും
ചിലപ്പോള്‍
ഞാനെന്നൊ-
രാഴിയിലേക്ക്
ചൂഴ്ന്നിറങ്ങാനുള്ള
ഒരൂടുവഴിയെന്ന്
നിനക്കു തോന്നാം.
അരുത്,
അതൊരു ചുഴിയാണെന്നറിയുക
നിലതെറ്റി നീ
ചുരുളില്‍ പെട്ടു പിടഞ്ഞു തീരും.
എന്റെ കണ്ണിമയിലെ
താളവും തിളക്കവും
നിനക്കസ്വദിക്കാം,
കടലില്‍ക്കരയില്‍
ഓളങ്ങള്‍
എണ്ണിയിരിക്കുന്നത് പോലെ!