ശില്‍പ്പി
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ഇയാസ് ചൂരല്‍മല എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
വഴി വക്കില്‍
മണ്ണോടു ചേര്‍ന്നിരിക്കും
പരുപരുത്തൊരു കല്ലിനെ
വകഞ്ഞെടുത്തു ഞാന്‍
ഉറച്ച പ്രതലമായതില്‍ പിന്നെ
നെഞ്ചേറ്റു വാങ്ങിയ
ചെരുപ്പടികളൊന്നുമേ
പതിഞ്ഞു കണ്ടതില്ല
അമ്മ കുഞ്ഞിനെ
ഒരുക്കിയെടുക്കും പോല്‍
ഞാനും വെള്ളമൊഴിച്ച്
തേച്ചുരച്ച് ചേറുപോക്കി
ചെത്തി മിനുക്കി
മിനുസ്സപ്പെടുത്തി
കണ്ണ് തള്ളിക്കും ശില്‍പ്പം
പണി കഴിപ്പിച്ചെടുത്തു
കണ്ടവര്‍ കണ്ടവര്‍
പുകഴ്ത്താന്‍ മറന്നില്ല
കാണിക്ക
വെക്കാന്‍ മടിച്ചില്ല
രൂപം നല്‍കിയെങ്കിലും
എനിക്കുമിന്നത് അന്യം
ദൂരെ നിന്നു കൈ തൊഴാനായ്
അവസരം കാത്തു നില്‍പ്പൂ
ഒരു ചാണ്‍
വയറിന്‍ പശിയടക്കാനായ്
വീണ്ടും വഴിവക്കിലൂടെ
പരുപരുത്ത കല്‍ചീളുകള്‍
തേടിയിറങ്ങി
ആരോ അഴിച്ചിട്ട
പന്നിക്കൂട്ടം പോലെ
അതു വഴിവന്നു ചിലര്‍.
ഞാന്‍ പണിത
വിശ്വ ഗോപുരത്തിന്‍
നാമത്തിലായ്
എന്നെ ബലി നല്‍കി.
മൂര്‍ച്ചയുള്ളോരായുധം
ദിശതെറ്റി ചുംബിച്ചും
അടര്‍ന്നു വീഴും കല്‍ചീളുകള്‍
ഇറുകെ പുണര്‍ന്നും
കീറിയ മുറിവുകളില്‍
വ്രണം വന്നത് മിച്ചം.
അവസാന ശ്വാസം
പടിയിറങ്ങുന്ന നേരത്ത്
ഞാന്‍ മൗനമായ്
എന്നോട് ചോദിച്ചു
ഞാന്‍ നിന്നെയാണോ
നീ എന്നെയാണോ
പടച്ചത്...?