Malayalam Poem: വിലാപക്കൊന്ത, ഐറിസ് എഴുതിയ കവിത
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഐറിസ് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
വിലാപക്കൊന്ത
പുറംചട്ട പഴകിയടര്‍ന്ന്
പൊടിയും മെഴുക്കും പുരണ്ട് തൊലിയടര്‍ന്ന്
അമ്മയുടെ വേദപുസ്തകം
നിറംകെട്ട കൊന്തയ്ക്കൊപ്പം
കിടക്കയുടെ തലയ്ക്കല്‍
തുണചേര്‍ന്ന്
പിന്നെ
മെയ്മാസവണക്കം
നിത്യസഹായമാതാവിന്റെ നൊവേന
മരിച്ചവിശ്വാസികള്‍ക്കായുള്ള പ്രാര്‍ത്ഥന
അപ്പച്ചന്റെ ഓര്‍മനാളിന്റെ മങ്ങിയ പ്രാര്‍ഥനപ്പടം
'നീ വരുന്നില്ലേ'യെന്ന് തിരിഞ്ഞൊന്നുനിന്ന് പടിയിറങ്ങിപ്പോയ
ആന്റോമ്മയുടെ പിടയ്ക്കുന്ന ഒച്ച
കുടിക്കാതെ കരളുറയ്ക്കാത്ത
മോന്റെ മാനസാന്തരത്തിനായുള്ള
നിലവിളി
'പൊന്നുടയ സോദരിക്ക്' എന്ന് അരുമയായി
എമരിയമ്മ അയച്ച ഒടുവിലത്തെ കത്ത്
മഠത്തിപ്പോയ ജൂബിലാമ്മയുടെ കൈപ്പടയിലെഴുതിയ
'അത്യാവശ്യനേരങ്ങളില്‍ വായിക്കേണ്ട'
വചനങ്ങളുടെ കുറിപ്പടി
മോള്‌ടെ അച്ചടിച്ചുവന്ന എഴുത്തിന്റെ പുറംതാള്‍
കുമ്പാരിയാക്കി അഭിമാനിപ്പിച്ച ചെറുമോള്‌ടെ മെഴുതിരി എരിയുന്ന പടം
ചെറുമോന്റെ ആദ്യകുര്‍ബാനപ്പടം
ഓരോ ഓര്‍മയും
വേദപുസ്തകത്താളുകളില്‍
കുടിയേറ്റക്കാരായി
വെട്ടം അണഞ്ഞ കാലത്തും
ഇരുട്ട് അരിച്ചുകേറുന്നതറിഞ്ഞിട്ടും
തൊണ്ണൂറ് കവിഞ്ഞിട്ടും
കൂനിപ്പോയ ചുമലുകളുടെ
ആവത് കെടുവോളം
വരണ്ട് ചാലുകീറിയ കൈകൊണ്ട്
താങ്ങിയെടുത്ത്
അമ്മ അവ വായിക്കും
അകക്കണ്ണിന്‍ കാഴ്ചകള്‍ തെളിയും
താളുകള്‍ തുറക്കും മുന്‍പേ ഉരുവിടും
'കര്‍ത്താവാണെന്റെ ഇടയന്‍ ...'
ഇടംകണ്ണ് മങ്ങി വലംകണ്ണാല്‍അമ്മ
ഇയ്യോബിന്റെ പരീക്ഷകളില്‍ വിങ്ങലേല്‍ക്കും
ചാരവും ചാമ്പലും ഉള്ളാല്‍ പുതയ്ക്കും
കര്‍ത്താവിന്റെ തിരുസ്ലീവാപ്പാതയില്‍
വെറോനിക്കയായും
യെരുശലേം വീട്ടമ്മയായും
കുരിശിനുതാഴെ തുണയറ്റമഗ്ദലനയായും
ഒടുവില്‍ മകന്റെ പങ്കപ്പാടൊടുങ്ങിയ മേനി
മടിയിലെടുത്ത അമ്മകന്നിയായും
ഒപ്പാരിക്കും വാള്‍കടന്ന ചങ്കിന്റെ നോവേല്‍ക്കും
തേറ്റത്തിന്റെ പ്രകാരം ഏറ്റുപറയും
അഞ്ചുമക്കള്‍ക്കുമായി വീതിച്ച
നിത്യക്കൊന്ത
വെള്ളിയാഴ്ച്ചതോറും ഓര്‍ത്തോര്‍ത്ത് കേഴുന്ന കരുണക്കൊന്ത
അശരണതകളെല്ലാമൊടുക്കിയ
ലുത്തിനിയകള്‍
മുട്ടിന്മേല്‍നിന്നും കിടക്കയിലടിഞ്ഞും
ആകാശത്തിലേക്ക് കൈകള്‍ വിരിച്ച്
പല ഈണത്തില്‍
പാരമ്പര്യം തോറ്റിയെടുത്ത
അമ്മയുടെ വായ്ത്താരി
ഇപ്പോഴും കുഴിമാടത്തിലിറങ്ങിച്ചെല്ലാതെ
മെഴുതിരിവെട്ടമില്ലാതെ
സാമ്പ്രാണിമണമേല്‍ക്കാതെ
വെള്ളപ്പൂക്കളുടെ നടുക്കംവകഞ്ഞ്
പതിഞ്ഞതാളത്തില്‍
ശ്വാസമെടുക്കുന്നു
ഒച്ചയില്ലാതെ വീടകത്തില്‍ നടക്കുന്നു
പാതിരാകഴിഞ്ഞിട്ടും
'ഓ എന്റെ ഈശോയെ ...'യെന്ന്
പതിനാലിടങ്ങളില്‍
കുമ്പിട്ടാരാധിക്കുന്നു
പാപപ്പൊറുതി തേടുന്നു
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...