Malayalam Poem : ബുദ്ധനും ഞാനും, ഇന്ദുലേഖ വി എഴുതിയ കവിത

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ദുലേഖ വി എഴുതിയ കവിത

chilla malayalam poem by Indulekha V

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla malayalam poem by Indulekha V

 

മഴ വെയിലിലേയ്ക്ക്
നൃത്തം ചെയ്തിറങ്ങുന്ന
ഒരു പകലില്‍ ആണ്
ബുദ്ധന്‍ എന്നെ കാണാനെത്തിയത്
ഫ്‌ലിപ്കാര്‍ട്ടില്‍ ഒരു
ബോധിവൃക്ഷച്ചെടി
ഓര്‍ഡര്‍ ചെയ്യുന്ന
തിരക്കിലായിരുന്നു ഞാന്‍ 

ബുദ്ധനെ കണ്ട മാത്രയില്‍
ഗ്രേസിയുടെ പെണ്‍ഗൗളിയെ ഓര്‍ത്ത്
ചിരി പൊട്ടിയെങ്കിലും
അത് പൊടുന്നനെ
ജാതക കഥകളില്‍ 
അലിഞ്ഞു പോയി

പൂന്തോട്ടത്തിലേയ്ക്ക്
തുറക്കുന്ന
ജാലകങ്ങള്‍ക്കഭിമുഖമായ്
ഞങ്ങളിരുന്നു
അഴികളില്‍
ശതാവരി വള്ളികള്‍
പടര്‍ന്നിരുന്നു
നൂറ്റാണ്ടുകളായി ഉറഞ്ഞ
മഹാമൗനത്തെ 
ഭേദിച്ച്
ബുദ്ധന്‍ സംസാരിച്ചു തുടങ്ങി

അതിനിഗൂഢമായ ധ്യാനയാമങ്ങളില്‍
ഇലകളുടെ സംഗീതം കേട്ടിട്ടുണ്ടോ

ലോകം മുഴുവന്‍
നിദ്രയിലാകുമ്പോള്‍
പര്‍വ്വതങ്ങളും തടാകങ്ങളും
ഉണരുന്നതു കണ്ടിട്ടുണ്ടോ

ഉറവ വറ്റാത്ത ആനന്ദത്തിന്റെ
മോഹനിദ്രയിലേയ്ക്ക്
പ്രപഞ്ചത്തോടൊപ്പം
വിലയിച്ചിട്ടുണ്ടോ

എന്റെ പാതയിലേയ്ക്ക് വരൂ

ആത്മാവിനെ ധ്യാനം എന്ന്
പരിഭാഷപ്പെടുത്തൂ

നനഞ്ഞ മണ്ണില്‍ ബുദ്ധന്റെ കാലടികള്‍

കണ്ടതും കേട്ടതും
സ്വപ്നമല്ലെന്ന്
തീര്‍ച്ചപ്പെടുത്തി
ആ കാലടികള്‍ക്ക്
പിന്നാലെയിറങ്ങി

ഇന്നും സ്വപ്നം
കണ്ടിരിക്കാനാണോ
ഭാവം എന്ന
പിന്‍വിളികളില്‍
ഉലഞ്ഞ് തിരികെപ്പോന്നു
ചിരപുരാതന ഗന്ധങ്ങളുമായി
വീട് കാത്ത് നിന്നിരുന്നു

ഇന്‍ഡോര്‍ ഗാര്‍ഡനിലെ
വെണ്ണക്കല്‍ ബുദ്ധന്‍
ഇമചിമ്മി ചിരിച്ചു
പിന്നെ ധ്യാനത്തിലേക്ക് വഴുതി


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Latest Videos
Follow Us:
Download App:
  • android
  • ios