ഭൂമിയെ മറന്ന പക്ഷികള്‍, ഫര്‍ബീന നാലകത്ത് എഴുതിയ കവിത
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ഫര്‍ബീന നാലകത്ത് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
പ്രണയത്തില്‍
ഉപേക്ഷിച്ചു കളയാനാണെങ്കില്‍
ജനലടച്ച് മഴയെ പുറത്ത് നിര്‍ത്തുന്നത് പോലെ
ഒരു പൂവ് പൊട്ടിച്ചെറിയുന്ന പോലെ
ഒറ്റയടിക്ക്
ഏറ്റവും ക്രൂരമായി
അയാളെ തനിച്ചാക്കണം.
അല്ലെങ്കില്‍
അലിവിന്റെ പക്ഷം ചേര്‍ന്ന്
നിങ്ങള്‍ എറിയുന്ന
ഓരോ വാക്കിന്റെയും
ഓരോ നോക്കിന്റെയും
ഓരോ ചുംബനത്തിന്റെയും
അരികുചേര്‍ന്ന്
നിങ്ങളുമൊത്തുളള
സ്വപ്നത്തിന്റെ ലോകം
പുതുക്കികൊണ്ടേയിരിക്കും.
അയാള്‍.
എത്രയൊക്കെ
അയാള്‍ക്കുളള
നിങ്ങളുടെ സമയത്തിന്റെ വിഹിതം
വെട്ടികുറച്ചാലും
ആ നിമിഷങ്ങള്‍ക്ക്
വേണ്ടിയുളള
കാത്തിരിപ്പാവും
പിന്നെ അയാളുടെ
പകലും രാത്രിയും.
അതല്ല.
ഇനി നിങ്ങള്‍ എത്രയൊക്കെ
തിരക്ക് അഭിനയിച്ചാലും
നിങ്ങളെക്കാള്‍
മനോഹരമായി
നിങ്ങളുടെ ഇല്ലാത്ത
തിരക്കുകളെ
മനസ്സിലാക്കി
മുഷിച്ചിലിന്റെ
മേല്‍കുപ്പായമണിയാതെ
ഒരുമിച്ചുളള
ഏറ്റവും ഒടുവിലത്തെ
ഓര്‍മ്മചുവട്ടില്‍
തനിച്ചയാളിരിക്കും.
ഇറങ്ങിപോകുന്നതിന്‍
മുന്‍പ്
കാരണങ്ങളും
അക്കമിട്ട്
അവതരിപ്പിച്ചേക്കണം.
ഇല്ലെങ്കില്‍
ഒടുവിലത്തെ ശ്വാസത്തിലും
ഇനിയൊരിക്കലും
വരച്ചുതീര്‍ക്കാനാവാത്ത
നാം എന്ന ചിത്രം
കാത്തിരിപ്പിന്റെ
കടുംവര്‍ണ്ണങ്ങള്‍ കൊണ്ട്
പൂര്‍ത്തിയാക്കാന്‍
ശ്രമിച്ചുകൊണ്ടേയിരിക്കുമയാള്‍.
നീ ദീര്‍ഘനേരം പണ്ട്
നോക്കിയിരുന്ന അയാളുടെ
കണ്ണുകള്‍ക്ക് ജീവനില്ലെന്നും
നാവുകള്‍ നനച്ച് നീയൊരിക്കല്‍ താലോലിച്ച മുലകള്‍
ഇടിഞ്ഞു തൂങ്ങിയെന്നും
കോര്‍ത്ത് പിടിച്ച് കൈകള്‍ക്ക്
നിര്‍വികാരതയുടെ തണുപ്പാണെന്നും
അല്‍പ്പനേരം കൂടി എന്ന് പറഞ്ഞയാളെ
പിടിച്ചു ഇരുത്തിയ സന്ധ്യകള്‍ക്കെല്ലാം
നിരാശയുടെ ഛായയാണെന്നും
ഒടുവില്‍
നിനക്ക് പ്രണയിക്കാനറിയില്ലെന്നും
നിസ്സാരമായി പറഞ്ഞേക്കണം.എന്തിനാണെന്ന് വെച്ചാല്‍
പ്രണയിക്കുന്ന നാള്‍തൊട്ട്
ഭൂമിയെ മറന്ന പക്ഷികളാണവര്‍.
അവസാനിച്ചെന്ന ബോധ്യം വന്നില്ലെങ്കില്‍
മുറിവുകള്‍ വെച്ചുകെട്ടി
നിങ്ങളെന്ന അടച്ചിട്ട
ഇരുണ്ട ഭൂഖണ്ഡങ്ങളിലേക്ക്
ഒരായുസ്സ് കൊണ്ട് ദേശാടനം
നടത്തി കൊണ്ടേയിരിക്കുമവര്‍.
മികച്ച കഥകളും കവിതകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona