Malayalam Poem : ജീവിതം തൊട്ട് വെന്തവള്‍ക്ക് ഒരാമുഖം, ഡോ. റജുല വിവി എഴുതിയ കവിത
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഡോ. റജുല വിവി എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
അടുപ്പത്തുനിന്ന്
വെന്തത് എന്തും
ഇറക്കി വെയ്ക്കാറുണ്ട്,
വെന്തു ചീഞ്ഞിട്ടും
എന്നെയിതുവരെ...
അവശേഷിപ്പുകളില്‍
ചരിത്രം തിരഞ്ഞ് വന്ന
ഒരു പെണ്‍കുഞ്ഞിനോട്,
കത്തിക്കരിഞ്ഞ്
വിണ്ടുപൊട്ടിയ
ഒരു പാത്രത്തിന്
ഇതിലും നല്ല ആമുഖം എന്താണ്?
........................
Also Read : ആണുറക്കം, അന്‍വര്‍ അലിയുടെ അഞ്ച് കവിതകള്‍
Also Read : ചത്തകവികളുടെ കാട്, വിഷ്ണു പ്രസാദ് എഴുതിയ ആറ് കവിതകള്‍
........................
ചരിത്രം,
തിളങ്ങുന്ന ഓട്ടുരുളികളില്‍ വാര്‍ത്തെടുത്ത
കാല്പനിക വിപ്ലവം
ഓര്‍ത്തുകൊണ്ട്
പാവം കുഞ്ഞു ചോദിക്കുകയാണ്:
'ഇനിയെന്ത് കഥയാണ്
നിങ്ങളില്‍ കരിയാതെയുള്ളത്?'
കൂടെയിരുന്ന് മൂളിക്കേള്‍ക്കാന്‍
കാതുകള്‍
ചാരേയല്ലാത്തത്കൊണ്ട്
ഞാനിതുവരെ
കഥകള്‍ ഒന്നും പറഞ്ഞിരുന്നില്ലല്ലോ.
ആരും കേള്‍ക്കാന്‍ ഇല്ലാത്തവരുടെ
പിറുപിറുപ്പുകള്‍
അന്തരീക്ഷത്തിലേക്ക്
സ്വയം വിലയം പ്രാപിക്കും,
ഖനീഭവിച്ച
ചെറുമേഘങ്ങളായി
ഒഴുകിനടക്കും.
ചിലത്
മരുഭൂമിയുടെ വിജനതയില്‍
ഏകാകിയുടെ
ചുട്ടുപൊള്ളുന്ന ദാഹാഗ്നിയില്‍
പെയ്തെരിയും.
മറ്റു ചിലത്
ഇരുണ്ട വനാന്തരങ്ങളില്‍
കറുത്ത പാറക്കെട്ടില്‍ത്തല്ലിയലച്ച്
കരിമ്പച്ചത്തുള്ളികളായ്,
ആരുമറിയാത്ത
തെളിനീര്‍ക്കയങ്ങളില്‍
പുനര്‍ജനി തേടും.
ഇനിയും ചിലത്
മഞ്ഞുപുറ്റിനുള്ളില്‍
മൗനതപമിരിക്കും.
.......................
Also Read : 'പ്രണയബുദ്ധൻ' സച്ചിദാനന്ദൻ എഴുതിയ അഞ്ച് കവിതകൾ
Also Read : അസമിന്റെ മുറിവുകളിലേക്ക് ആറ് ദര്‍വീശ് കവിതകള്‍
.......................
ശരിയാണ്,
കരിഞ്ഞു തേഞ്ഞതില്‍
കിളിര്‍പ്പുകള്‍ കാത്ത്
കണ്ണ് നോവരുത്,
പറഞ്ഞുവെയ്ക്കുന്നതില്‍
മാത്രമല്ലല്ലോ കഥകള്‍.
ഞാന്‍ പറയാതെ വിട്ടുപോവുകയാണ്,
പലരെയും പോലെ.
കരിഞ്ഞുപോവാതെ
നീയത്
അറിഞ്ഞുപോകണം.
നിന്നിലൊരു ഞാനും
എന്നിലൊരു നീയും
എപ്പോഴൊക്കെയോ
ഉരുത്തിരിയാറുണ്ടെന്നത്
ചരിത്രമാണ്.
തിരുത്തുകള്‍ സൃഷ്ടിക്കുന്ന
ചില തുരുത്തുകള്‍
ചരിത്രം
ബാക്കി വെയ്ക്കുന്നുണ്ടല്ലോ.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...