Malayalam Poem: തസ്‌ക്കരപ്പൂട്ട്, ഡോ. റജുല വി വി എഴുതിയ കവിത
ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. ഡോ. റജുല വി വി എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
മൂക്ക് പരന്നും
മുടി ചുരുണ്ടും
ചുണ്ട് തടിച്ചും
തൊലി കറുത്തും
വയറൊട്ടിയും
മുണ്ട് മുഷിഞ്ഞും
നീ വന്ന് മുന്നില്‍ പെട്ടാല്‍
ഞങ്ങളും പെട്ടുപോകും.
സംസ്‌കാരത്തിന്‍റെ ചില്ലുമേടയില്‍ നിന്ന്
നിന്നെ കല്ലെറിയാതിരുന്നാല്‍
ഉള്ളിലെ കള്ളനെയെങ്ങനെ ഒളിപ്പിക്കും?
വെള്ളി വെളിച്ചത്തില്‍
നിന്‍റെയുടല്‍രൂപം
തസ്‌കരപ്പൂട്ടിട്ട് പുകയ്ക്കാന്‍
ഞങ്ങള്‍ക്ക് വേണ്ടത്
സദാചാരത്തിന്‍റെ പുറംചട്ട തുന്നിയ
രണ്ടു വാക്കുകള്‍.
പാരമ്പര്യത്തിന്‍റെ
വീരമുദ്ര കുത്തിയ
ഇത്തിരി മെയ്യളവുകള്‍.
പച്ചനോട്ടിന്‍റെ അഹങ്കാരപ്പുളപ്പ്.
ശബ്ദമില്ലാതെ
നീ നിന്ന് വിങ്ങുമ്പോള്‍
തോറ്റ് കൊണ്ടേയിരിക്കുന്ന
നിന്‍റെ വര്‍ഗ്ഗത്തിന്‍റെ മൗനത്തോട്
ഞങ്ങള്‍ക്ക് അതിയായ
കടപ്പാടുണ്ട്.
ഉയിരില്‍ നിന്നൂര്‍ജ്ജം തൊടു-
ത്തുലകം ചുടാന്‍പോന്ന
നിന്‍റെ നേരിനെ
ഞങ്ങള്‍ക്ക് ഭയമാണ്.
കാടിന്‍ കരുത്തും കരുതലുമറിയും
നിന്‍റെ
കണ്ണിലാളും ചോദ്യത്തിന്‍
കറുത്ത കൂരമ്പുകള്‍
വളരെ നാളായി ഉറക്കം കെടുത്തുന്നു.
തല്ലിത്തല്ലി
നിന്‍റെ നേരും തള്ളി
നിന്നെ നിശബ്ദനാക്കാതെ വിട്ടത്
അബദ്ധമായി!
സ്വയമുടലൊഴിച്ചാത്മ-
പ്രഭയിലാകാശമായ്,
കത്തുന്ന സൂര്യനെ
കണ്ണായണിഞ്ഞ്
നീ വരുന്നത് ഞങ്ങളോര്‍ത്തില്ല.
നീതി ചോദിക്കാന്‍
നിന്‍റെ ജീവനുരുവാര്‍ന്നൊരുണ്ണി വളരുന്നത്
കാലത്തിന്‍റെ കാവ്യ നീതിയാണെന്ന്!
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...