ആമസോണില്‍ കിട്ടാത്ത മക്കാനിപ്പൊതികള്‍
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ഡോ. രാജേഷ് മോന്‍ജി എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
ആമസോണില്‍ കിട്ടാത്ത
മക്കാനിപ്പൊതികള്‍
ആറു കാലുള്ള ബെഞ്ചിനു മീതെ
മൂന്നാലു ചായവട്ടങ്ങള്‍
തൊട്ടുമുന്നേ സൊറ പറഞ്ഞവരെ
നിരന്തരം ഓര്‍മിപ്പിച്ചു.
എപ്പോഴും പുകഞ്ഞു കൊണ്ടിരിക്കുന്ന അടുപ്പില്‍
പല ചിന്തകള്‍കൊണ്ട് കറുത്ത കലം.
സാവധാനം തിളയ്ക്കുന്ന വെള്ളം.
ഒരേസമയം
പലരും വന്ന് അതിലേക്ക് തലയിട്ടു.
പാലും ചായപ്പൊടിയും
വാക്കളവില്‍ കുറിച്ചിട്ടു.
ഇടവേളകളിലൊക്കെ
കുഞ്ഞിരായീന്‍ പത്രം ഉറക്കെ വായിച്ചു.
ഓണപ്പാടത്തെ കറ്റയും
മേടക്കാലത്തെ മോടവും
വാഴക്കന്നും കാളപൂട്ടും
വിഷുവും ചങ്ക്രാന്തിയും
പേറ്റുനോവും പോസ്റ്റുമാനും
ഇന്ദിരാഗാന്ധിയും കറുത്ത ആകാശവും
ബെഞ്ചിലെ ചായവട്ടങ്ങള്‍ക്കിടയില്‍
പെറ്റുപെരുകുകയും
ചത്തു മലയ്ക്കുകയും ചെയ്തു.
ഇന്നലെവരെ കുഴികുത്തി
മോന്തിയിരുന്ന ചേന്നന്‍
കുഞ്ഞിരായീന്റെ മക്കാനിയില്‍
ബെഞ്ചിലിരുന്ന് ചായ കുടിച്ചു.
കുന്നത്തു കമ്മളും കുഞ്ഞോതീന്‍ ഹാജിയും
അന്നവിടേക്ക് കയറിയില്ലെങ്കിലും
പിറ്റേന്ന് നേരത്തെ വന്നു.
കുഞ്ഞിരായീന്റെ മക്കാനിയിലെ
ചായവട്ടങ്ങളില്‍ അവര്‍ക്കും
ഒപ്പു വെക്കണമായിരുന്നു.
ചേന്നന്റെ ചായവട്ടത്തിനു മീതെ
കുന്നത്തുകമ്മള് പത്തേക്കര്‍ നിലത്തിലെ
വാരത്തിന്റെ കണക്കുകള്‍ പറഞ്ഞ്
തന്റെ ചായ വട്ടം ചേര്‍ത്തു.
വന്നുപോകുന്നവര്‍ക്കൊക്കെ
കുഞ്ഞിരായീന്‍ ഒരു പൊതി സമ്മാനിച്ചു.
ആദ്യദിവസം വന്ന് നിലത്തു കുനിഞ്ഞിരുന്ന ചേന്നന്
അപ്പൊതി കിട്ടിയതില്‍പ്പിന്നെയാണ്
ബെഞ്ചിലിരിക്കാന്‍ തോന്നിയത്.
അപ്പൊതി കിട്ടിയതില്‍പ്പിന്നെയാണ്
കുന്നത്തുകമ്മള് പറയരോടൊപ്പം ചെളിയിലിറങ്ങിയത്.
കുഞ്ഞോതീന്‍ ഹാജിക്ക്
കണക്കനെ കാണുമ്പോഴുള്ള ആട്ട്
ചിരിയായി മാറിയത്.
ചിന്നന് ഭ്രാന്താണെങ്കിലും
ഇടയ്ക്കെങ്കിലും അവന്‍ കവിത ചൊല്ലിയത്.
ഇടയ്ക്കിടെ മുറുക്കാന്‍ വരുന്ന ചാളിയമ്മ
മകളെ സ്‌കൂളിലേക്ക് വിട്ടത്.
നാല്‍ക്കവലയിലെ കിണറ്റിലെ വെള്ളത്തിന്റെ
ജാതിപ്പേര് മാറിയത്.
പൊക്കന്റെ രാത്രിക്കല്യാണത്തിന്
ഉണക്കസ്രാവുകറിയും വാഴക്കത്തോരനും കൂട്ടി
എല്ലാവരും ഒരുമിച്ചുണ്ടത്.
ചാരായം മാതക്കുട്ടി
പപ്പടം മാതമ്മയായത്.
കുഞ്ഞിരായീന്‍ ചായമക്കാനി
ദൂരെ നിന്നു നോക്കിയാല്‍ ഒരു റാന്തലാണ്.
കാറ്റും കോളും അലച്ചെത്തി
പിന്നെ, പതുങ്ങിക്കയറി പുറത്തിറങ്ങുമ്പോള്‍
മിന്നാമിനുങ്ങുകളാവും.
കയറിയിറങ്ങിപ്പോകുന്നവരുടെ
തലയിലൊക്കെ അവ പറ്റിപ്പിടിക്കും.
കുഞ്ഞിരായീന്‍ മന്ത്രവാദം പഠിച്ചിട്ടില്ല.
കുഞ്ഞിരായീന് കണ്‍കെട്ടും അറിയില്ല.
എന്നിട്ടും വന്നോരല്ല പോയത്,
പോയോരൊക്കെ പിന്നെയും വന്നു.
ഒരു പുലര്‍ച്ചെ കുഞ്ഞിരായീന്‍
ചാരം നിറഞ്ഞ അടുപ്പിനരികെ മരിച്ചു കിടന്നു.
നാട്ടുകാര്‍ക്ക് വേണ്ടാത്ത ഫക്കീറുപാപ്പാ
കൂട്ടിക്കൊണ്ടുപോയ നാലുവയസ്സുകാരന്‍ കുഞ്ഞിരായീന്‍
മുപ്പത്തിയൊന്നാം വയസ്സില്‍
തിരികെ വന്ന്
തുടങ്ങിയ മക്കാനിയില്‍
എണ്‍പതു വയസ്സുള്ള കുഞ്ഞിരായീന്‍
അടുപ്പിലെ ചാരം വാരാന്‍ നേരം
ഇരുന്ന് പിന്നെ തിണ്ണയിലേക്ക് തല ചായ്ച്ചു.
കുഞ്ഞിരായീന്‍ സ്മാരക ഗ്രന്ഥശാലയുടെ
വരാന്തയിലിരുന്ന്
കുട്ടികള്‍ കേള്‍ക്കുകയാണ്.
കുഞ്ഞിരായീന്റെ മക്കാനിപ്പൊതിയെക്കുറിച്ച്.
പറഞ്ഞുകൊടുക്കുന്നത്
നീളന്‍ കുപ്പായമിട്ട ഒരു ഫക്കീര്‍.
ഏതോ പുസ്തകത്താളുകളിലേക്കെന്നവണ്ണം
അയാള്‍ കടന്നുപോയ ശേഷം
കുട്ടികള്‍ ആമസോണില്‍ സേര്‍ച്ച് ചെയ്തു:
'മക്കാനിപ്പൊതികള്‍....'
കാലത്തിനപ്പുറത്തേക്ക് ചൂണ്ടയെറിഞ്ഞ് അംബാനിയും ടാറ്റയും.