Malayalam Poem: ഹൃദയലോല പ്രദേശം, ബിന്ദു തേജസ് എഴുതിയ കവിത
ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. ബിന്ദു തേജസ് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ഹൃദയം
അതിലോലവും ദുര്‍ബലവുമായ
ഒരു പരിസ്ഥിതി പ്രദേശമാണ്.
യന്ത്രസാമഗ്രികളുടെ സഹായത്താല്‍
സ്പന്ദിച്ചുകൊണ്ടിരിക്കുന്ന ജീവല്‍ പക്ഷി
ഏത് നിമിഷവും ചിറകടി അവസാനിപ്പിക്കാം.
പച്ചപ്പിന്റെ പ്രസരിപ്പില്‍ വളര്‍ന്ന ഉള്‍ക്കാട്
മുക്കാലും കെട്ട ചിന്തകളിലേക്ക്
വേരോടിച്ചപ്പോള്‍
കാട്ടു തീയേറ്റെന്നവണ്ണം ഉള്ള്
പൊള്ളിക്കരിഞ്ഞു പോയി.
വിളറി ചോരയൊഴിഞ്ഞ് കരുവാളിച്ച
അശക്തരായ പുല്‍നാമ്പുകള്‍
മുളച്ചെങ്കിലും
കൊടുങ്കാറ്റുകള്‍ അവയെ
വിറപ്പിക്കുന്നു
അസംതൃപ്തിയുടെ,
നിരാസങ്ങളുടെ
തള്ളിച്ചയില്‍
ഹൃദയം
ഞെരിഞ്ഞു കൊണ്ടിരുന്നു.
ഹൃദയാന്തരങ്ങളില്‍ സൂക്ഷിച്ചിരുന്നത്
അകം പൊള്ളയായ
കനമില്ലാത്തൊരു
കരളായിരുന്നു.
അത് ഭ്രമാത്മകമായി ചലിച്ചു,
സ്‌നേഹകാന്തികവലയങ്ങള്‍
ഭേദിക്കാനാഗ്രഹിച്ചൊരു
ലോഹത്തുണ്ട് പോലെ.
വിരുദ്ധധ്രുവങ്ങളുടെ
പരസ്പരാകര്‍ഷണങ്ങള്‍ക്ക്
ഇടക്കൊക്കെ സ്ഥാനഭ്രംശമേറ്റു.
പുതിയ ഖനികളിലേക്ക്
നീന്തിത്തുടിക്കാന്‍
വെമ്പല്‍ കൊള്ളുന്ന മീന്‍ പോലെ
ഉള്‍ക്കടല്‍ തേടിക്കൊണ്ടേയിരുന്നു.
അനിവാര്യമായ
ചില കൂടിച്ചേരലുകള്‍
അതീവ ദുസ്സഹവും
ദയനീയവുമായി
തുടരുന്നത് പോലെ
ഹൃദയം
ഉള്ളറകളില്‍തങ്ങിയ ലാവ
പുറത്തേക്കൊഴുക്കാനാവാതെ
ക്ഷീണിച്ചുകൊണ്ടേയിരുന്നു.
ചിലപ്പോഴെങ്കിലും
അതൊരു മരുഭൂമിയാവുകയും
ദാഹ നീരിന് കൊതിക്കുകയും
ചെയ്തു.
എന്നാല്‍,
അത്ഭുതങ്ങളുടെ അക്ഷയപാത്രം
തുറന്നതുപോലെ
സമ്മര്‍ദ്ദങ്ങളുടെ പുറപ്പാടുകളെ
അതിജീവിക്കാന്‍ തയ്യാറെടുത്ത്,
മരണാസന്നമായ ഹൃദയത്തില്‍ നിന്നും
പൊടുന്നനെ ശാന്തിഗീതങ്ങളുയര്‍ന്നു.
സ്‌നേഹരാഹിത്യത്തിന്‍റെ
കാട്ടുതീയില്‍
മഴക്കുളിരു നിറഞ്ഞു.
സമാധാനത്തിന്‍റെ പുഴയിലിറങ്ങിയ
ഹൃദയം മുങ്ങിനിവര്‍ന്നു പുഞ്ചിരിച്ചു.
അന്നേരം, മാലാഖമാര്‍
'അവസാനം
എന്‍റെ അമലോല്‍ഭവ ഹൃദയം
വിജയം വരിക്കുക തന്നെ ചെയ്യും'
എന്ന വചനം മുഴക്കി.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...