Malayalam Poem : പുള്ളിയും പോലീസും, ഭാഗ്യസരിത ശിവപ്രസാദ് എഴുതിയ കവിത

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഭാഗ്യസരിത ശിവപ്രസാദ് എഴുതിയ കവിത

chilla malayalam poem by Bhagya Saritha Sivaprasad

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam poem by Bhagya Saritha Sivaprasad

 

ഉള്ളിലേക്ക് ആഞ്ഞുവലിയുന്ന
ഉന്മാദപര്‍വ്വത്തിന്റെ മുനമ്പിലാണ്
എനിക്ക് എന്നെ നഷ്ടമായത്!
എന്റെ മൂല്യങ്ങള്‍
കവര്‍ന്നെടുത്താണ്
കടന്നുകളഞ്ഞത്; 
ഉടലുകളില്ലാതെത്തിയവരാണ് 
തസ്‌കരന്മാരായത്.

പഴുതുകളിലൂടെ
അവര്‍
അണഞ്ഞ നേരം 
പഞ്ഞിമേഘങ്ങളുടെ 
മൃദുത്വം തിങ്ങിപ്പടര്‍ന്നിരുന്നു.

ഹസ്തദാനം  നല്‍കി
ആലിംഗനമേകിയതും 
പൊടുന്നനെ ഞാന്‍
ജലത്തിലിളകുന്ന
പഞ്ചസാരയെന്നോണം,
നഷ്ടമായിക്കൊണ്ടിരുന്നു.

അവര്‍ക്ക് 
ശുദ്ധ സ്‌നേഹത്തിന്റെ
ചെറു ചൂടുള്ളതായി
നേര്‍ത്തൊരു ഓര്‍മ്മയുണ്ട്.

എന്നെ വീണ്ടെടുക്കേണ്ടത്
എന്റെ തന്നെ പരാതിയും
ആവശ്യകതയുമാകയാല്‍
പോലീസ് മഫ്റ്റി സ്വയമണിഞ്ഞു.
ജീപ്പില്‍ കയറി വളയം പിടിച്ചു.

ഇന്നേവരെ പോയിട്ടില്ലാത്ത 
പച്ച വെല്‍വെറ്റണിഞ്ഞ
കുന്നിന്‍പുറത്തെ 
സുഖവാസകേന്ദ്രത്തിലാണ്
പുള്ളിയെ കണ്ടു കിട്ടിയത്!

ആരോടൊക്കെയോ
സംസാരിക്കുന്നുണ്ട്..
കൂടെയുള്ളവരെ 
കാണാനുമായില്ല!

ലാത്തികൊണ്ട്
പുറത്തു തട്ടി വിളിച്ചതും 
തിരിഞ്ഞു നോക്കി,
എന്നാല്‍ കൂസലേതുമില്ല!
എന്താ പരിപാടി
എന്ന ധ്വനിയോടെ
പുരികം ചെരിച്ചു
ഞാന്‍ ഗര്‍വ്വിച്ചു!

ഞാന്‍ എന്ന പുള്ളി
വിശദീകരിച്ചു.
അനാദിയിലെ,
കണ്ണാടിക്കല്ലുകള്‍
തിരയുകയുകയാണ്.

രൂപങ്ങളിലേക്ക്
ആവാഹിക്കപ്പെടാനാവാതെ
നിത്യദുഖിതരായി
അലയുന്നവരെ
കേള്‍ക്കുകയാണ്!

പിന്നെയും
കുറേ
കോഡുഭാഷകള്‍
പറഞ്ഞു.
ഒരെത്തും പിടിയും കിട്ടിയില്ല!

ഞാന്‍ പോലീസ്
ഞാന്‍ പുള്ളിയെ
തൂക്കിയെടുത്തു
വണ്ടിയിലിട്ടു!
കയറാന്‍
കൂട്ടാക്കാതിരുന്നപ്പോള്‍
ലാത്തി കൊണ്ട്
ആഞ്ഞടിച്ചു!

അടിയുടെ
ആഘാതത്തില്‍ 
വൈദ്യതി പൊള്ളിച്ചു
വിരലുകള്‍ വിറച്ചു.

കീബോര്‍ഡില്‍
അക്ഷരങ്ങള്‍
ക്രമം തെറ്റിയോടി.
പോലീസെവിടെ?
പുള്ളിയെവിടെ?

നെടുവീര്‍പ്പോടെ 
ഞാന്‍
ചവറു മെയിലുകള്‍ക്ക്
മറുപടി കൊടുത്തുകൊണ്ടിരുന്നു.
 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

Latest Videos
Follow Us:
Download App:
  • android
  • ios