Malayalam Poem : ഇരുവഴിയിലൊരിടം, ഭാഗ്യ സരിത ശിവപ്രസാദ് എഴുതിയ കവിത
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഭാഗ്യ സരിത ശിവപ്രസാദ് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
കാത്തിരിപ്പിന്‍ കൂരയിലാണ്
ആ രണ്ടു പേരും,
ഇരുവഴിയിലൂടൊരിടം.
സന്ധിച്ചിതെങ്കിലും
പരിചിതരാവാതെ
പുഞ്ചിരി ദാനമേകാതെ
ഒരേ ദിശയിലോടുന്ന
ബസ്സിന്റെ വരവിലേക്ക്
പ്രതീക്ഷ കൊളുത്തി
നിമിഷമോരോന്നും.
കണ്ണിലെ കല്ലില്‍
ഉളി രാകിരാകി
കാത്തിരിപ്പ്.
ഒരു മുഖം പ്രസന്നം
കൈകളില്‍ മിഠായിപ്പൊതി
തിരയുകയാണ്,
ഇളമയിലെ തുടിപ്പിനെ
പളുങ്കുകണ്ണുകളെ
ഞൊട്ടയിടുന്ന പാടലച്ചുണ്ടുകളെ
വിറയലോടെ അരുമയോടെ
കരുതലോടെ തഴുകാന്‍
ആദ്യ സംഗമത്തിന്റെ
ഊഷ്മള നിമിഷത്തെ
ധ്യാനിച്ചുധ്യാനിച്ചങ്ങിനെ.
സഹമുഖം ശോകപൂരിതമാണ്.
കാലുകള്‍ തരിപ്പിലാണ്
നെഞ്ചോടു ചേര്‍ത്തിട്ടുണ്ട്
ഷോപ്പി ബാഗ്.
വീര്‍ത്തു മുഴച്ചതിനകത്തു
എന്താവും,
ചിതറിവീഴ്ചകളുടെ മുനമ്പിലെ
അടക്കിനിര്‍ത്തലുകളോ.?
ഇ സി ജി ചുമരിലെ
കൈ കോര്‍ത്ത കുന്നുകള്‍,
കുറുതായി കുറുതായി
തളര്‍ന്നമരുംവരെയുള്ള
നേര്‍ത്ത സംഗീതങ്ങളെ
പല പൊതികളില്‍
കനപ്പിച്ചു കനപ്പിച്ചുള്ള
തിരുകി നിര്‍ത്തലുകളോ?
ബസ് വന്നതും
ഒരേ ആവേഗത്തോടെ
അവര്‍ കയറുന്നു.
ആനന്ദക്കണ്ണുകള്‍ മേല്‍പ്പോട്ടും,
ദൈന്യക്കണ്ണുകള്‍ കീഴ്‌പ്പോട്ടും,
കൂമ്പി നിര്‍ത്തിയവര്‍
ഒരേ സീറ്റ് പകുത്തിരിക്കുന്നു!
മരുന്നു മണമുള്ള
കവാടത്തിനു മുന്നില്‍
ഒരുമിച്ചിറങ്ങുന്നു.
ഒരേ ഇടനാഴിയിലൂടെ
ഇരു മുറികളിലേക്ക്
പിരിയേണ്ടവരായിരുന്നു.
തിടുക്കപ്പാച്ചിലിലാണ്
വഴിയിലവര്‍ തടുക്കി വീണത് !.
കൈമാറിയെടുത്ത പൊതികള്‍
പരസ്പരം നീട്ടി
മുഖാമുഖം കാണുന്ന ,
ആ നിമിഷത്തിലാണ്
പ്രസവ മുറിയില്‍ നിന്ന്
മോര്‍ച്ചറിയിലേക്കും
തീവ്ര പരിചരണ മുറിയില്‍ നിന്നും
സാദാ വാര്‍ഡിലേക്കും
ചക്രക്കട്ടിലുകള്‍
ഉരുണ്ടു പോയത് !
പൊതികള്‍ക്കൊപ്പം വികാരങ്ങളും
കൈമാറ്റം ചെയ്യപ്പെട്ടിരുന്നോ?
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...