ഒറ്റയ്‌ക്കൊരു വീട്, ആരിഫ മെഹ്ഫില്‍ എഴുതിയ കവിത
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ആരിഫ മെഹ്ഫില്‍ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
തൊട്ടുണര്‍ത്താന്‍ ആരുമില്ലാതാകുമ്പോഴാണ്
ഒരു വീട് ഒറ്റപ്പെടുന്നത്
മുടി ചീകാതെ മുഖം മിനുക്കാതെ
പോയ രാവിന്റെ വിരസതയില്‍
വീട് മൗനം കുടിച്ചിരിക്കും
ഒരു സത്രത്തിനോടെന്ന പോലെ
കണ്ടിട്ടും കാണാതിരിക്കുമ്പോഴാണ്
കൂട്ടുവെട്ടപ്പെട്ടവളാകുന്നത്
ഒറ്റയായ വീട്
കളകളോടും ശലഭങ്ങളോടും
ഉറുമ്പിന്‍ കൂട്ടങ്ങളോടും
കിന്നരിച്ചു കൊണ്ടേയിരിക്കും
മുറ്റം ഒരു തലോടല്‍ കൊതിച്ച്
കാത്തിരിക്കും
ഒറ്റയായ വീട്
പകല്‍ രാത്രിയേയും
രാത്രിയില്‍ പകലിനേയും
പ്രണയിച്ചു കൊണ്ടിരിക്കും
ഒറ്റയായ വീട്
ജാലകപ്പഴുതിലൂടെ
ആകാശത്തോട് കൂട്ട് കുടും
തുറക്കാത്ത വാതിലിലൂടെ
വിരുന്നിനെത്തുന്ന കാറ്റിനെക്കാത്ത്
ഉറക്കമിളിച്ചിരിക്കും
ഓര്‍മ്മകളുടെ മധുരം തൂങ്ങിയാടുന്ന
മാറാലകളെ നോക്കി
പുഞ്ചിരിച്ചുകൊണ്ടിരിക്കുംപതിയെപ്പതിയെ
ഒറ്റയായ വീട്
ഒറ്റയ്ക്ക് കഥ പറയും
മികച്ച കഥകളും കവിതകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം