Malayalam Poem: കാട് എന്ന കവിതയിലെ ഒറ്റ എന്ന പക്ഷി, അര്‍ച്ചന പി.വി എഴുതിയ കവിത
ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. അര്‍ച്ചന പി.വി എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
പതിവു പോലെ രാവിലെ സ്‌കൂളിലേക്ക് നടന്നു.
നിശ്ശബ്ദതയുടെ ണിം ണിം മുഴക്കം
വരാന്തയിലൂടെ ചൂരല്‍ വീശി നടക്കുന്നു.
ജനല്‍പ്പാളിയിലൊരു കിളി
മേല്‍ക്കൂരയുടെ ആകാശം കാണുന്നു.
ചുമരുകള്‍ക്കുള്ളില്‍ നിന്നും
പറക്കമുറ്റാത്തൊരു പ്രാവ്
കവിത ചൊല്ലുന്നു.
കവിത,
ചിറകു കൊഴിഞ്ഞ കിളിയുടെ
മുകളില്‍ ഇലകള്‍ കോര്‍ത്തു വയ്ക്കുന്നു.
ആകാശത്തേക്ക് കൊക്കുരുമ്മി
പക്ഷിയായി ചിറകു വീശുന്നു.
പതിയെ കറുത്ത പ്രതലത്തില്‍
വെളുത്ത പൂക്കള്‍ കാട് വരയ്ക്കുന്നു
പിറകില്‍ നിന്നും മൂന്നാമത്തെ
ബെഞ്ചിലെ പെണ്‍കുട്ടി
കാട്ടിലേക്കിറങ്ങിയോടുന്നു
അവളുടെ പിറകിലോടിയ
നിഴലുകളുടെ കാല്‍പ്പാടുകള്‍
മുറിയുടെ ചുമരുകളെ ശൂന്യമാക്കുന്നു
അവര്‍ മരിച്ചവരുടെ ആത്മാക്കളില്‍
നിന്നും ശലഭങ്ങളെ ഊറ്റിയെടുത്ത്
പൂക്കളായി പരാഗണം നടത്തുന്നു.
ഒരു നിമിഷത്തില്‍
ഒരു മണ്ണ്
ഒരു കാട്
ഒരു ഭൂമി
വസന്തമാകുന്നു.
കവിതയവസാനിക്കുന്ന ഇടവഴിയില്‍
ഞാന്‍ വീട്ടിലേക്കിറങ്ങി നടന്നു.
കാടു കാണാത്ത അവസാനത്തെ കുട്ടി
ഇറയത്തേക്ക് വലിച്ചിട്ട മണിയൊച്ചയ്ക്ക്
കാത്തിരുന്നു.
അവളെ കാണാതെ
ആകാശത്തേക്കിറങ്ങി നിന്നൊരു മഴ.
മരത്തിന് കീഴില്‍ ചുരുണ്ടു കൂടി.
തിരിച്ചു വരുമ്പോള്‍ വീടിന്‍റെ നിഴലില്‍
നിന്നൊരു കുട്ടി നിലവിളിക്കുന്നു.
മരത്തില്‍ നിന്നും കൊഴിഞ്ഞു വീണ
ചിറകുകളില്ലാത്ത കുട്ടി.
അവള്‍ തന്നേക്കാള്‍ വേഗത്തില്‍ വീട്ടിലേക്ക് കയറുന്നു.
ഒറ്റ, എന്ന കഥയിലേക്ക് മുട്ടുപൊട്ടി
ചോര വീഴ്ത്തുന്നു.
വീടിന്‍റെ ഇരുളില്‍ ഞങ്ങള്‍ കൈ പിടിക്കുന്നു.
കാട് എന്ന കവിതയിലെ പക്ഷിയെ വരയ്ക്കുന്നു
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...