Malayalam Poem: ഓലപ്പുര, എ ആര്‍ ബാബു ചെറുതുരുത്തി എഴുതിയ കവിത
ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍.എ ആര്‍ ബാബു ചെറുതുരുത്തി എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
കാറ്റും മഴയും
നരിച്ചീറുകള്‍ പോലെ
ചിറക് വിരുത്തി
തലയ്ക്കുമീതെ ചീറി വരുമ്പോഴെല്ലാം
മനസ്സില്‍ പാറി വരാറുണ്ട്
നിന്നോര്‍മ്മകള്‍
ഓലപ്പുരേ എന്‍ ചങ്ങായീ.
കഞ്ഞി പിഴിഞ്ഞ മല്‍മല്‍മുണ്ടു പോലെ
പൊള്ളച്ചു നില്‍ക്കുന്ന ഓലയുടുപ്പിട്ട്
നീ സുന്ദരി ചമയാറുണ്ടോരോ വേനലിലും.
ഇടവപ്പാതിയില്‍
മഴയില്‍ കുതിര്‍ന്ന്
മിന്നലില്‍ വിറങ്ങലിക്കുമ്പോള്‍
തൂവലൊട്ടിയ ഒട്ടകപക്ഷി പോലെ
നീ ചിറകൊതുക്കാറില്ലേ... . .
ശരിക്കും
സുന്ദരിയായൊരു
ഓലപുരയാകാറുണ്ട് നീയപ്പോള്‍.
പുറത്തേക്കാള്‍ നിന്നകം
സുന്ദരമായിരുന്നെന്നും.
അതിരിട്ട് തിരിക്കാറുണ്ടോരോ
അടരിനേയും ഞങ്ങള്‍.
ചീപ്പും കണ്ണാടിയും
അരിവാളും വെട്ടുകത്തിയുമെല്ലാം
ഇരിപ്പുറക്കാറുണ്ടെന്നും
ഓരോരോ
ഓല ചാലുകള്‍ തോറും.
പായയും തലയിണയും
അഴയിലൂഞ്ഞാലാടാറുള്ള
കിടപ്പറ.
രാത്രിയില്‍ ഞങ്ങള്‍
തണുത്തു വിറക്കാതിരിക്കാന്‍
ഊതിയകറ്റാറുണ്ട്
കൊടുങ്കാറ്റിനെ നീ
കയ്യോലത്തുമ്പിലൂടൊഴുക്കി വിട്ട്.
മൂലയില്‍ നിന്നെയും നോക്കി
മുതുക്കിയെപ്പോലെ
പല്ലിളിക്കാറുണ്ടെന്നും
ഇടിഞ്ഞു തേഞ്ഞൊരുരല്‍ മുത്തശ്ശി.
കൂട്ടിനായെന്നും ചാരിയിരിപ്പുണ്ട്
തട്ടാനും മുട്ടാനും
ഒരൂക്കനുലക്കയും.
എലിവാലിളക്കം നോക്കി
ഓലപ്പഴുതിലൂടെ
ഒളിച്ചു നോക്കാറുണ്ടെന്നും
കണ്ണെഴുതി പുള്ളിയുടുപ്പിട്ടൊരു
മഞ്ഞച്ചേര.
ഉണക്കാനിട്ട ചക്കക്കുരുവും
കപ്പച്ചീളുമെടുത്തോടി മറയാറുണ്ട്
തട്ടിന്‍പുറത്തോലമടല്‍ പുരയില്‍
വിരുന്നു വരാറുള്ള
കുഞ്ഞനെലിയും കുട്ട്യോളും.
വാഴനാരു കീറി
മോന്തായത്തിലൊരുക്കിയ
പട്ടുമെത്തയില്‍
പെറ്റു വീഴാറുണ്ടെല്ലാ കൊല്ലവും
കലപില ചൊല്ലുമൊരണ്ണാറ-
കണ്ണനും കുടുംബവും.
ചുള്ളി വിറകും ഓലമടലും കൂട്ടി
തീ കായാനിരിക്കുന്നുണ്ട്
തട്ടിയും മുട്ടിയും
അടുക്കള തിണ്ണയില്‍
ചിരട്ടക്കയിലിട്ടുരഞ്ഞു തേഞ്ഞ
മോണ കാട്ടി ചിരിക്കുന്ന
കുറെ മണ്‍കല ചട്ടികള്‍.
അതില്‍ കാത്തിരിക്കാറുണ്ട്
എപ്പോഴുമെന്നെ
കത്തിക്കാളുന്ന വയറുമായിത്തിരി
പഴങ്കഞ്ഞി വെള്ളം.
ചാന്തിട്ടു മിനുക്കിയ
ഉമ്മറത്തിണ്ണയില്‍
ചാരിയിരിക്കാറുണ്ടെന്നും
മഴ പെയ്ത്തു കണ്ടങ്ങിനെ
രണ്ടുണ്ട കണ്ണുകള്‍.
പാടി തഴമ്പിച്ച
നാടന്‍ പാട്ടിലലിഞ്ഞൊരു കാലൊച്ച
കുണ്ടനിടവഴി താണ്ടി
പടികടന്നെത്തുന്നതും കാത്ത്.
മൂക്കു തുളച്ചു വരുന്ന വിയര്‍പ്പില്‍
മുങ്ങി നിവര്‍ന്നൊരീറന്‍ തോര്‍ത്തിന്‍
കോന്തല കെട്ടി വരാറുണ്ടെന്നും
നാക്കു കുളിര്‍ക്കെ കൊതിയൂറിക്കും
തേന്‍ മൊഴി കിനിയും മിഠായി.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...