Malayalam Poem: ഇഴഞ്ഞ് കറങ്ങുന്നവരുടെ ഭൂമി, അഞ്ജു മുരളി എഴുതിയ രണ്ട് കവിതകള്‍

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  അഞ്ജു മുരളി എഴുതിയ രണ്ട് കവിതകള്‍
 

chilla Malayalam poem by Anju Murali

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla Malayalam poem by Anju Murali

 

ഇഴഞ്ഞ് കറങ്ങുന്നവരുടെ ഭൂമി

ഇഴഞ്ഞിട്ടും തീരാത്ത  
നീളന്‍ ഭൂമിയിലായിരുന്നു ഞാന്‍.
എങ്ങനെയെല്ലാമോ ഇഴഞ്ഞിഴഞ്ഞ്, 
ഭൂമിയുടെ അറ്റത്തെ വക്കുകളില്‍ തൊടാറായപ്പോള്‍ 
പെട്ടെന്ന് അത് സംഭവിച്ചു!

ഭൂമി ഉരുളാന്‍ തുടങ്ങി.
ഉരുണ്ട ഭൂമിയില്‍ പറ്റി കിടന്ന ഞാന്‍ 
അറ്റങ്ങള്‍ കാണാതെ ഭയന്ന് കരഞ്ഞു. 

ഉരുണ്ട ഭൂമി എന്നെ അങ്ങോട്ടിങ്ങോട്ടെന്ന്
ഉരുട്ടി കളിക്കുകയാണെന്നോ?

കറങ്ങുന്ന ഗോളത്തില്‍ 
നിലയില്ലാ തീരാ കറക്കം. 
നിശ്ചയമായും,
നീളന്‍ ഭൂമിയായിരുന്നു നല്ലത്.

ഏതെങ്കിലും വക്കുകളില്‍ 
അവസാനിക്കാവുന്ന 
ഇഴച്ചില്‍ മാത്രമേ വേണ്ടിയിരുന്നുള്ളൂ. 


ആകാശവും കടലും തമ്മില്‍

കരയില്‍ നിന്ന് നോക്കുന്നവര്‍ക്ക് 
കടലും ആകാശവും 
ഒരുമിച്ചുള്ള പോലെയാണ് തോന്നുക.
അവ എത്രയോ 
കാതങ്ങള്‍ അകലെയാണെന്ന് 
അവര്‍ ആരോടും പറയില്ല.

കടല്‍
തിരയടിച്ച് ആകാശത്തെ 
എത്തിപ്പിടിക്കാന്‍ നിരന്തരം, 
നിമിഷാന്തര ശ്രമങ്ങള്‍ നടത്തും. 
പരാജയപ്പെട്ടുകൊണ്ടിരിക്കും. 
ചിലപ്പോള്‍ ക്ഷുഭിതയായും, 
അല്ലാതെയും തിരകള്‍ പൊങ്ങി മറയും. 
ആകാശം ഇടക്കൊരു മഴ പെയ്യിക്കും. 
കരകള്‍ക്ക് കിട്ടുന്നതിന്റെ 
ഒരു പങ്ക് ജലം കടലിനും കിട്ടും.
ആഴക്കടലില്‍ മഴത്തുള്ളികള്‍ക്ക് 
എന്ത് കാര്യം..!

കടലിന്റെ ദാഹം ആകാശത്തിന്റെ 
ചിന്തയില്‍ എങ്ങനെ വരാനാണ്? 
അങ്ങനെയല്ലാതെ കടലും ആകാശവും 
എങ്ങനെ ഒന്നിച്ചാവാനാണ്! 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Latest Videos
Follow Us:
Download App:
  • android
  • ios