Malayalam Poem : രണ്ട് നാനോ കാറുകള്‍ പ്രണയിച്ചപ്പോള്‍, അനീഷ് ഹാറൂണ്‍ റഷീദ് എഴുതിയ കവിത

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് അനീഷ് ഹാറൂണ്‍ റഷീദ് എഴുതിയ കവിത

chilla malayalam poem by Aneesh haroon rasheed

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla malayalam poem by Aneesh haroon rasheed

 

Kl 45 3640 വെളുത്ത നിറമുള്ള 
പരുക്കന്‍ ഭാവമുള്ള നാനോ കാറില്‍
തൃശ്ശൂരില്‍ നിന്നും ഞാനും 
ഷിജുവും ഷാജുവും
രാജുവും പിങ്കിയും
ദേശീയപാത താണ്ടി  
തൃക്കൂര്‍ ഇടറോഡിലൂടെ  
പോവുമ്പോള്‍

തൃക്കൂര്‍ മഹാദേവ ക്ഷേത്ര വഴിയില്‍
പുഞ്ചപ്പാടത്തിനൊത്ത നടുവിലൂടെ 
പോകും നീളന്‍ റോഡിലെത്തിയതും

പാലക്കപ്പമ്പില്‍ നിന്നും 
തൃക്കൂര്‍ റോഡിലൂടെ
തൃശ്ശൂര്‍ ഭാഗത്തേക്ക് 
അതിവേഗത്തില്‍ പാഞ്ഞുവരുന്നു 
KL 64 6435 മഞ്ഞനിറമുള്ള 
സുന്ദരിയായ നാനോ കാര്‍.

നൂറ് മീറ്റര്‍ അടുത്തെത്തിയതും
രണ്ട് കാറുകളും പൊടുന്നനെ 
എഴുപത് കിലോമീറ്റര്‍ വേഗതയില്‍നിന്നും  
മുപ്പത് കിലോമീറ്ററിലേയ്ക്ക് 
വേഗത താഴുന്നു.

അമ്പത് മീറ്റര്‍ 
അഭിമുഖമായി എത്തുമ്പോഴേയ്ക്കും 
വേഗത ഇരുപത് കിലോമീറ്ററിലേയ്ക്ക് 
കുത്തനെ താഴുന്നു

ഇരുപത് മീറ്റര്‍ അടുത്താവുമ്പോള്‍ 
വേഗത പത്തായി കുറയുന്നു

പത്ത് മീറ്റര്‍ അടുത്തെത്തിയപ്പോള്‍   
രണ്ടാം ഗിയര്‍  
ഒന്നാം ഗിയറിലേയ്ക്ക്     
പൊങ്ങി

ഒടുവില്‍ തൊട്ടടുത്ത് എത്തി.

വെളുത്ത കാര്‍ വലത്തോട്ടും 
മഞ്ഞ കാര്‍ ഇടത്തോട്ടും 
പരസ്പരം അടുത്തേയ്ക്ക്   
തിരിയാന്‍ ഒരുങ്ങി

ഗിയര്‍ ലിവര്‍  ശക്തമായി
വിറയ്ക്കാന്‍ തുടങ്ങി    
സ്റ്റിയറിംഗ് വട്ടത്തിന്റെ    
മദ്ധ്യഭാഗത്തിലെ പരന്ന പ്രതലം      
അമരുകയും നിവരുകയും ചെയ്തു.

കാറുകളുടെ ബംബറുകള്‍ 
തൊട്ടു തൊട്ടില്ല,
മഴ ചില് ചിലാന്ന് , 
കാറ്റ് ഒച്ചയുണ്ടാക്കിയും
കിളികള്‍ 
മൈനകള്‍ 
നാട്ടു നായകള്‍
പൈക്കള്‍ 
കിടാവുകള്‍ 
എരുമകള്‍
കാറുകള്‍ മുട്ടിമുട്ടി ഉരുമ്മുന്നത് 
അന്തം വിട്ട് 
നോക്കുന്നു
അല്ലെങ്കില്‍ എന്തോ 
അറിയുന്ന  പോലെ.

ഷിജുവും ഷാജുവും
രാജുവും പിങ്കിയും
ഒച്ച വയ്ക്കാന്‍ തുടങ്ങി
നീ എന്താ കാട്ടുന്നത് , 
വണ്ടി ഇടത്തോട്ട് തിരിക്ക്
ദേ മുട്ടി ദേ മുട്ടി!

ഇടത്തോട്ട് തിരിച്ചു
ആക്‌സിലേറ്റര്‍ അമര്‍ത്തി 
എങ്കിലും നാനോ എല്ലാം മറന്ന്    
ഏതോ ഉന്മാദത്തില്‍

ബംബറൊരഞ്ഞ് 
കണ്ണാടികള്‍ ഉമ്മ വച്ച്    
ബോഡികള്‍ കൂട്ടിമുട്ടി 
നടുറോഡില്‍ എല്ലാം 
മറന്ന്...

കാറ്റൊഴിഞ്ഞ്
കിളികള്‍ പോയി
മദപ്പാടൊഴിഞ്ഞ ആനയെപ്പോല്‍
ആറി തണുത്ത് ശാന്തനായ
നാനോ
ഭ്രമത്തില്‍നിന്നുണര്‍ന്ന് 
മുന്നോട്ട്  നീങ്ങുമ്പോഴും കാറുകള്‍
വേര്‍പ്പിരിയുമിണകള്‍പ്പോല്‍
തിരിഞ്ഞ് തിരിഞ്ഞ് പിന്നോട്ട്   
നോക്കി നോക്കി.

Latest Videos
Follow Us:
Download App:
  • android
  • ios