Malayalam Poem| ഒറ്റയാവുമ്പോള്‍ ഒരുവള്‍, ആമിരജി എഴുതിയ കവിത
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ആമിരജി എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ഒറ്റയ്ക്ക് ജീവിക്കുന്ന
പെണ്ണുങ്ങളുടെ ശരീരത്തിന്
കൊല്ലന്റെ ഉലയിലെ തീയുടെ
മണവും ചൂടും ആയിരിക്കും.
ആ ചൂടില്‍ ഒരായിരം
സ്വപ്നങ്ങളുടെ നീര്‍വീഴ്ചകള്‍
ഇറ്റുവീണു പുകയുന്നുണ്ടാവണം.
കാമം നിറഞ്ഞ കണ്ണുകള്‍ക്കുള്ളില്‍
പുറമേക്ക് ആളി പടരാതെ
നെഞ്ചില്‍ അഗ്‌നിനക്ഷത്രം
സൂക്ഷിച്ചു വെക്കും.
ചെറു കാറ്റില്‍ പോലും ആളിപ്പടരാന്‍
സാധ്യതയുള്ള ആ ഗോളങ്ങളെ
അത്രയും തന്മയത്വത്തോടെ
കൈകാര്യം ചെയ്യും.
പ്രേമത്തില്‍ പഞ്ഞിപോലെ
അലിയുന്നവളിലും
നെഞ്ചില്‍ പറ്റുന്ന മുറിവ്
പക വളര്‍ത്തുന്നു.
കാതങ്ങള്‍ അകലെവെച്ചും
നിങ്ങളെ ദഹിപ്പിക്കാന്‍
പാകത്തിന് സൂക്ഷിച്ചു വെച്ചവ!
സ്മരണകളുടെ ഭാരംപേറി
ചെറുതുരുത്തായി മാറിയ
അവളിടങ്ങളില്‍ അറിയാതെപോലും
നിങ്ങള്‍ കയറുവാന്‍ ശ്രമിക്കരുത്.
നിങ്ങള്‍ അവളില്‍ പതിപ്പിച്ച
ഓരോ വിശ്വാസവഞ്ചനയും
അവളുടെ കണ്ണുകളെ
മൂര്‍ച്ചയുള്ളതാക്കി മാറ്റിയിട്ടുണ്ട്.
ഒരു നോട്ടം മതിയാവും
നിങ്ങള്‍ ദഹിച്ചുപോകാന്‍!
അവളുടെ വിരലുകള്‍ക്ക്
ഇരുമ്പുദണ്ഡിന്റെ കനമുണ്ട്.
വാക്കുകള്‍ വറ്റുമ്പോള്‍
അവളില്‍നിന്നും അടര്‍ന്നുവീഴുന്നവയില്‍
നിങ്ങള്‍ കത്തിയമര്‍ന്നു പോയേക്കാം.
നിങ്ങള്‍ കണ്ട
പകര്‍ന്നാട്ടത്തിലെ കോമാളിയല്ല
ഇന്നവള്‍.
അവളുടെ ഭാവങ്ങള്‍ക്ക് ഇന്ന്
രൗദ്രതയേറെയാണ്.
നിങ്ങള്‍ ഒറ്റപ്പെടുത്തിയ നിമിഷം മുതല്‍
അവള്‍
ആത്മവിശ്വാസത്തോടെ
ജീവിച്ചു തുടങ്ങിയിരിക്കും.
ഇരുട്ടിനെ പ്രണയിച്ച അവളില്‍
ആരും കാണാത്ത മഴവില്ല്
വിടരുന്നുണ്ടാവണം.
പിന്നിയിടാത്ത മുടിയിഴകള്‍
കാച്ചെണ്ണമണം കൊതിക്കുന്നുണ്ടാവണം.
വിയര്‍പ്പാല്‍ ഊര്‍ന്നുമാഞ്ഞു പോയ കുങ്കുമത്തെ
തിരുനെറ്റിയും കൊതിക്കുന്നുണ്ടാവണം.
ഇതൊന്നും ഇല്ലാതെയും അവള്‍ സുന്ദരിയാണ്,
പകയുടെ തീജ്വാലയില്‍
ജ്വലിച്ചു നില്‍ക്കുന്ന സുന്ദരി!
ഒറ്റയായിപ്പോകുന്ന പെണ്ണുങ്ങള്‍
വഴിപിഴച്ചു പോകുമെന്ന്
നിങ്ങളോട് ആരാണ് പറഞ്ഞത്....?
എങ്കില്‍ പറയട്ടെ,
ഞാനുമൊരു പെണ്ണാണ്,
ഒറ്റയാണ്,
ആത്മവിശ്വാസം ഏറെയുള്ളവള്‍,
ആകാശത്തെ മോഹിക്കുന്നവള്‍
വേട്ടപ്പട്ടികളെ ഓടിക്കാന്‍
മെയ്യും മനസും ഒരുക്കിവെച്ചവള്‍