Malayalam poem : വഴിയരികിലെ പെണ്‍കുട്ടി ഒരു പൊതു മുതലാണ്, ആമിരജി എഴുതിയ കവിത

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ആമിരജി എഴുതിയ കവിത

chilla malayalam poem by ami reji

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla malayalam poem by ami reji

 

വഴിയരികിലെ പെണ്‍കുട്ടി
ഒരു പൊതു മുതലാണ്.

നിങ്ങള്‍ക്കവളെ തുറിച്ചു നോക്കാം. 
നഖശിഖാന്തം ചുഴിഞ്ഞ് 
നയനഭോഗം ചെയ്യാം.

ചുണ്ടിനറ്റത്തു തൂക്കിയ
ആഭാസച്ചിരിയോടെ 
വിധിവിസ്താരം നടത്താം.

ഭാവനയുടെ അതിരില്ലാ പ്രപഞ്ചത്തിലേക്ക് 
അവള്‍ നിങ്ങളെ കൂട്ടിക്കൊണ്ടുപോകും.
സ്വന്തം സങ്കല്പമനുസരിച്ച്
നിങ്ങള്‍ക്കവളെ മെനഞ്ഞെടുക്കാം.

ചിലപ്പോള്‍ 
ഒളിച്ചോടാന്‍ പോകുന്നതായിരിക്കും.
അല്ലെങ്കില്‍ 
വീട്ടുകാര്‍ അറിയാതെ 
ഉലകം ചുറ്റാന്‍ ഇറങ്ങിയതാവും.
അതുമല്ലെങ്കില്‍,
ആരുടെയെങ്കിലും 
പച്ചനോട്ടിന്റെ മണം പിടിച്ചു നില്‍പ്പാവും

പക്ഷെ, ശ്രദ്ധിക്കുക
ഒരിക്കലും അവളുടെ കണ്ണിലെ പരിഭ്രാന്തി  കാണരുത്,
കൊന്നാലും അവളിലെ ദൈന്യത കാണരുത്.

കൂട്ടുകാരിയെ കാത്തുനില്‍ക്കുന്നതോ
അവസാന ബസ് പോയെന്ന
വെപ്രാളത്തില്‍ നില്‍ക്കുന്നതോ
അമ്മക്ക് മരുന്നു വാങ്ങാന്‍ 
ആദ്യമായി  ടൗണിലെത്തി 
വഴി തെറ്റി നില്‍ക്കുന്നതോ 
ആണവളെന്ന്  ഒരിക്കലും കരുതരുത്


അവളുടെ മുഖം നോക്കുന്ന നേരമെല്ലാം
ഓണ്‍ലൈനില്‍ കത്തി നിന്ന 
പച്ച വെളിച്ചം 
നിങ്ങള്‍ക്ക് ഓര്‍മ വരും.
അല്ലെങ്കില്‍ ഈയിടെ കണ്ട തുണ്ടിലെ 
നായികയുടെ മുഖസാദൃശ്യം.

ശരി, 
ഇനി നിങ്ങള്‍ക്ക് വിധി പറയാം. 
നിങ്ങള്‍ തന്നെ വാദി, ജഡ്ജിയും

വഴിയരികിലെ പെണ്കുട്ടി 
ഒരു പൊതു മുതലാണ്.
നിങ്ങള്‍ തുറിച്ചു നോക്കിയെന്നോ
നയനഭോഗം ചെയ്തുവെന്നോ
അവള്‍ പരാതി പറയില്ല.

കാരണം അതവള്‍ക്കൊരു
പ്രപഞ്ചസത്യം!
 

Latest Videos
Follow Us:
Download App:
  • android
  • ios