ഇടക്കെപ്പൊഴോ ഒരുവള്‍, അമീന ബഷീര്‍ എഴുതിയ കവിത
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് അമീന ബഷീര്‍ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ഇടക്കെപ്പൊഴോ ഒരു കുട്ടി
എന്നെ മോഹിപ്പിച്ചു കൊണ്ട്
ദൂരെ നിന്നെത്തി നോക്കും..
ഞാനപ്പോള്‍ ബാല്യത്തിന്റെ
തിമിര്‍പ്പില്‍
അവളിലേക്കു പായും
രസച്ചരടുകള്‍ ഒന്നൊന്നായി
അഴിഞ്ഞു വീഴും
ഹൃദയം സന്തോഷം കൊണ്ടു
ചുവക്കും
മിഴികള്‍ നക്ഷത്രങ്ങളേപ്പോലെ
തിളങ്ങും
ഞാനെന്നെ മറന്ന്
അവളില്‍ ലയിക്കും..
ഇടക്കെങ്കിലും ഒരു വൃദ്ധ
അകലത്തില്‍ നിന്നെന്നെ
ഒളിഞ്ഞു നോക്കും..
ഞാനപ്പോഴൊരു
വൃദ്ധയായെന്ന മട്ടില്‍
കാലത്തോടു പക്വതയെ കുറിച്ചോതും
ഭൂമിയുടെ നശ്വരതയെ കുറിച്ചോര്‍ത്ത്
കാലത്തിന്റെ ഒഴുക്കിനോടു
സമരസപ്പെടും
ജീവിതത്തിന്റെ ഊഷ്മളമായ
ആശ്ലേഷത്തില്‍
സ്വയം മറക്കും