കടല്‍ പെയ്യുന്നിടം, അലി അക്ബര്‍ സി എം എഴുതിയ കവിത
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് അലി അക്ബര്‍ സി എം എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
തുന്നിച്ചേര്‍ത്ത വലയും തൂക്കി
അയാള്‍ കടലിലിറങ്ങി.
വെയിലേറ്റ ഓര്‍മയില്‍
കടല്‍ വറ്റിച്ചു കിട്ടിയതുമായി
പുരയിലേക്കു നടന്നു നീങ്ങി.
പുഴ കയറിവരുന്ന തോടുകള്‍,
പേര് മാറ്റിത്തുടങ്ങുമെന്ന് പേടിച്ച്
അയാള്‍ കത്തിത്തീരാത്ത അടുപ്പില്‍
വെള്ളം മാറ്റി ഒഴിച്ചു.
തിരിച്ചൊലിക്കുന്ന തിരമാലയുടെ
ആഴം അളന്നയാള്‍
പുലര്‍ച്ച കാണാറുള്ള ദിവസങ്ങളുടെ
എണ്ണം മെല്ലെ കുറച്ച് കൊണ്ടിരുന്നു.
പാതി വെന്ത ആഗ്രഹങ്ങളുടെ മുകളില്‍
അയാള്‍ വെയിലേറ്റ് മലര്‍ന്നു നീന്തി.
കടല്‍ വറ്റുന്നിടത്ത്
നിവൃത്തികേടിന്റെ ഉറവ തേടി
നനവ് പറ്റിപ്പിടിച്ച മണ്ണില്‍
അയാള്‍ കവിള്‍ വെച്ച് കിടന്നുരുണ്ടു
മികച്ച കഥകളും കവിതകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം