Malayalam Poem : ഒരുതരി ഞെട്ടല്‍, എ. കെ മോഹനന്‍ എഴുതിയ അഞ്ചുകവിതകള്‍

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഹരിനായര്‍ എഴുതിയ ചെറുകഥ

chilla malayalam poem by AK Mohanan

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla malayalam poem by AK Mohanan


പുസ്തകം

വിട്ടുപോരുവാനാവില്ലെനിക്കീ
കൊടുംവേനല്‍ തന്ന
വേദനാപുസ്തകം

ഇടയിലെപ്പൊഴും
വായിച്ചുനോക്കുവാന്‍
നീ എനിക്കേകിയ
പ്രാണന്റെ മുറിവുകള്‍

എഴുതിവെയ്ക്കുവാനാവാതെ
പിന്‍മടങ്ങും
തിരതന്‍
അഗാധമാം വേദന

വിട്ടുപോരുവാനാവില്ലെനിക്കീ
മൗനവേദനാമാന്ത്രിക പുസ്തകം.

 

പാതകള്‍

ഓര്‍ത്തുവെയ്ക്കുന്നുണ്ടാവാം
പാതയും
കാല്‍പ്പാടുകള്‍

വ്യഗ്രമായ് കാലം
തേച്ചുമായ്ച്ചീടിലും
പൂവുകള്‍ വിരിയും
പദത്തിന്റെ
വെണ്ണിലാപ്പടര്‍പ്പിലെരിയും
പിന്നെയും
പിന്നെയും
പാതകള്‍.

 

ഒരുതരി ഞെട്ടല്‍

പാമ്പിന്റെ വായില്‍
കുടുങ്ങാതെ
രാത്രിയില്‍
എന്നെത്തുണച്ച
ചെറുവെളിച്ചം
ഉറുമ്പുകള്‍ക്കുത്സവമായ-
തറിഞ്ഞുളവായതില്ല
നെഞ്ചിലൊരുതരിഞെട്ടല്‍ പോലും.

 

നിലാവിന്റെ പാല

നിലാവിന്‍ പാല
പൂത്തിരിക്കുന്നതില്‍
മുങ്ങിനീരാടിയുണര്‍ന്നു
പൊന്‍താരകം

ഇലച്ചുരുളില്‍
നിന്നുയര്‍ന്നുപോങ്ങി
ചെറുകാറ്റുകള്‍
യാത്രയായ്

ഒരു നോവിന്നഗാധശൂലത്തില്‍
പിടയും
മണ്ണിരയായ് ഞാന്‍.

 

ഏകചിന്താഭരിതം

ചോര്‍ന്നൊലിക്കും
ആകാശത്തൊരു ചിരാതുറങ്ങാതിരിക്കുന്നു

ഇരുട്ടിന്‍മുള്‍പ്പടര്‍പ്പുകള്‍
പടര്‍ന്നേറുംവഴിയില്‍
ഏകചിന്താഭരിതം
തന്നെയാ കണ്ണുകള്‍.


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Latest Videos
Follow Us:
Download App:
  • android
  • ios