Malayalam Poem: മുറിവേറ്റം, ആര്‍ദ്ര വി എസ് എഴുതിയ കവിത
ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. ആര്‍ദ്ര വി എസ് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
അയാളിനിയെന്നെ സ്‌നേഹിക്കുകയില്ല.
ഒരിക്കലും
എന്‍റെ പേര് വിളിക്കുകയോ
ചിരിയില്‍ കൂടെ ചേര്‍ക്കുകയോ ഉണ്ടാവില്ല.
ചുമരുകള്‍ക്കിടയിലിരുന്ന്
ഉമ്മ വയ്ക്കുകയോ
ഇക്കിളിയാക്കുകയോ ചെയ്യില്ല.
മരവിച്ചു പോയ
പാറ കണക്കെ
അയാളെന്നോ മാഞ്ഞിരിക്കുന്നു.
ഞാനലറിക്കരഞ്ഞാലിനി
മറുതലയ്ക്കല്‍ നിന്നൊരു
തലോടലുണ്ടാവില്ല.
എന്‍റെ മരണത്തിനും ജനനത്തിനും
കാവലിരിക്കാനിനിയൊരു
നിലാവ് പോലുമുണ്ടാവില്ല.
എനിയ്ക്ക് വിറക്കുന്നുവല്ലോ!
എന്‍റെ കമ്പിളിപ്പുതപ്പുകളൊക്കെയും
അയാളിലടക്കം ചെയ്താണല്ലോ
ഞാനിന്നു തിരികെ നടന്നത്.
അയാള്‍ക്കിനി തണുക്കാതിരിക്കാന്‍
ഞാന്‍ പ്രാര്‍ത്ഥിച്ചെന്നു വരാം.
ചിലപ്പോള്‍
ഒന്നു രണ്ടു മെഴുകുതിരിവെട്ടത്തില്‍
വെന്തുപോയെന്നും വരാം.
.......
തണുത്ത വെള്ളത്തിലൊരു സൂര്യന്‍
മുങ്ങിമരിച്ച രാത്രിയില്‍
ഞാനയാളെ ഒടുവിലായോര്‍ത്ത്
വരണ്ട ചുണ്ടിലെ
തൊലിയടര്‍ത്തുന്നു.
അയാള്‍
ഉയിര്‍ത്തെഴുന്നേറ്റ്
ഒരിക്കല്‍ക്കൂടെ
നടന്നകലുന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...