Malayalam Short Story : ശിറൂയി ലില്ലി പൂക്കള്‍, സജിത് കുമാര്‍ എന്‍ എഴുതിയ ചെറുകഥ
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സജിത് കുമാര്‍ എന്‍ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
വിശാലമായ നീലാകാശ തോപ്പില്‍ മേഞ്ഞു നടക്കുന്ന വെള്ളിമേഘങ്ങളെ നോക്കി കൈകള്‍ രണ്ടും പറവകളെപ്പോലെ വിടര്‍ത്തി വൈകുന്നേരത്തെ ഇളംകാറ്റിനെ ആവോളം നുകര്‍ന്ന്, താഴേക്കിറങ്ങി വരുന്ന ഗോവണിപ്പടിയില്‍ ബാലന്‍സ് ചെയ്തു നിന്നുകൊണ്ട് വരുണ്‍ പറഞ്ഞു
'ഹാ ... എന്തൊരു സുഖം, പകുതി ക്ഷീണം പോയി. ഇന്ന് മുഴുവന്‍ പിരീഡും ക്ലാസുണ്ടായിരുന്നു. ഉച്ച ഭക്ഷണം കഴിക്കാത്തതിനാല്‍ വീര്‍പ്പിച്ചു നില്‍ക്കുന്ന വയറിന്റെ പിണക്കം ഇനി ഒന്നു മാറ്റണം.'
'ഓ ...വയറിന്റെ പിണക്കമൊക്കെ നമുക്ക് തീര്‍ക്കാം ... നീ വാ' ഞാനവന് വാക്കുകളാല്‍ ഊര്‍ജ്ജം നല്‍കി മുന്നോട്ട് നടന്നു
മെഡിക്കല്‍ എന്‍ട്രന്‍സ് കോച്ചിങ്ങ് സെന്ററില്‍ പുതുതായി ചാര്‍ജെടുത്ത ഫിസിക്‌സ് അദ്ധ്യാപകനാണ് വരുണ്‍. ബി. ടെക് ബിരുദധാരി. കട്ടപ്പനയാണ് സ്വദേശം. രണ്ട് ദിവസം മുമ്പ് ജോയിന്‍ ചെയ്ത വരുണിനെ കുറിച്ച് ഇത്രയേ എനിക്കറിയാവൂ.
ഒരു ട്രാഫിക്ക് പോലീസുകാരന്റെ കരവിരുതോടെ കൈകളുയര്‍ത്തി, പുക തുപ്പി ഒഴുകുന്ന വാഹനങ്ങളുടെ ഇടയിലൂടെ
മെയിന്‍ റോഡ് മുറിച്ച് കടന്ന് ഞങ്ങള്‍ ചെറിയ ഇടവഴിയിലേക്ക് കയറി.
ഇടവഴി എന്നത് കൊണ്ട് വിവക്ഷിക്കുന്നത് കരിയിലകള്‍ നിറഞ്ഞ, തളിര്‍ത്ത ഇല്ലിക്കാടുകള്‍ തണല്‍ക്കുട വിരിച്ച് കാട്ടപ്പയും കൈതയും കൊടിത്തൂവയും തണ്ണീര്‍ കുടിയനും ശീമക്കൊന്നയും അതിര് കാക്കുന്ന പഴയ ഇടവഴിയല്ല മറിച്ച് നഗരത്തിലെ മറ്റു വഴികളെ അപേക്ഷിച്ച് അല്പം തിരക്ക് കുറഞ്ഞ കൂറ്റന്‍ കല്‍മതിലുകള്‍ അതിരുകാക്കുന്ന മണ്ണിന്റെ ഗന്ധമില്ലാത്ത ഇടവഴിയാണ്.
മതിലോരം ചേര്‍ന്നൊഴുകുന്ന മഴച്ചാലുകളുടെ അരികുചേര്‍ന്ന് നിറയെ പൂത്തിരിക്കുന്ന ലില്ലി പൂക്കള്‍. ചിരി തൂകി തലയാട്ടി നില്‍ക്കുന്ന ലില്ലി പൂക്കളെ ചൂണ്ടി ഞാനവനോട് ചോദിച്ചു.
'മണ്ണാഴങ്ങളില്‍ ഒളിച്ചിരുന്ന് മഴയില്‍ വിരിയുന്ന ലില്ലി പൂക്കളെ കാണുമ്പോള്‍ ഹൃദയാന്തരങ്ങളില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഇഷ്ടങ്ങള്‍ ചിലപ്പോഴൊക്കെ തല പൊക്കി നോക്കാറുണ്ട് അല്ലേ'
പെട്ടന്നുള്ള സാഹ്യത്യഭാഷയിലേക്കുള്ള എന്റെ പകര്‍ന്നാട്ടത്തില്‍ ഞെട്ടിയ അവന്‍ അതേ നാണയത്തില്‍ തന്നെ തിരിച്ചടിച്ചു.
'മാഷിന്റെ മനസ്സറകളില്‍ ഒരായിരം ഓര്‍മ്മകള്‍ ഒളിച്ചു വെച്ചിട്ടുണ്ടല്ലേ? മാഷിന്റെ കണ്ണുകള്‍ കളവ് പറയില്ല. പഴയ കഥകള്‍ ഒക്കെ പറയ്യ് ഞാന്‍ ആരോടും പറയില്ല. പ്രണയാനന്ദം ഒന്നുകൂടെ സ്പന്ദിക്കട്ടെ'
നിറഞ്ഞൊരു ചിരി അവനു മറുപടിയായി നല്കി. ഓര്‍മ്മകളുടെ തിരുശേഷിപ്പുകളില്‍ ഒട്ടും സ്പര്‍ശിക്കാതെ ഞാനവനോട് പറഞ്ഞു
'പഴങ്കഥകള്‍ അവിടെ നില്‍ക്കട്ടെ . നിന്റെ ഈ യുവഹൃത്തിനുള്ളില്‍ എന്തൊക്കെയോ മൂടി വെച്ചിട്ടുണ്ട്. അല്ലേ?'
അവന്റെ കണ്ണുകളില്‍ ആനന്ദകല്ലോലിനികളുടെ ഒരു ഒഴുക്കുണ്ടായിരുന്നു.
ലില്ലി പൂക്കളെ ഒന്നു കൂടെ നോക്കി അവനെന്റെ നേരെ വീണ്ടും തിരിഞ്ഞു.
'മാഷ് ശിറൂയി ലില്ലി പൂക്കളെ കുറിച്ച് കേട്ടിരുന്നോ?
കളിയാക്കിയാതാണോ എന്ന് തിരിച്ചറിയാതെ അല്പം ഗൗരവത്തില്‍ പുരികം വളച്ചുയര്‍ന്ന എന്റെ മുഖം കണ്ട് അവന്‍ പറഞ്ഞു.
'അങ്ങ് മണിപ്പൂരിലെ ശിറൂയി കുന്നുകളില്‍ മെയ് മാസം മാത്രം വിരുന്നു വരുന്ന ഒത്തിരി കഥകള്‍ പേറുന്ന സുന്ദരികളാണവര്‍. ഞാനിതുവരെ ആ സുന്ദരി പൂക്കളെ കണ്ടിട്ടില്ല. പക്ഷേ എനിക്കാ സുന്ദരിപ്പൂക്കളെ അടുത്തു തന്നെ കാണാന്‍ കിട്ടും'
'എന്താ മണിപ്പൂര്‍ ടൂര്‍ വല്ലതും പ്ലാന്‍ ചെയ്യുന്നുണ്ടോ?'
'ഇല്ല മാഷെ ഉടനെയൊന്നും ഉണ്ടാവില്ല'
പിന്നെ നിന്റെ ഹൃദയം കവര്‍ന്ന ആരെങ്കിലും അത് കൊണ്ടുവന്നു തരുമോ?'- ഞാന്‍ കളിയാക്കി ചോദിച്ചു.
'അയ്യോ'-പെട്ടെന്നാണ് അവന്റെ മുഖം ചുവന്നത്. അരുതാത്തത് എന്തോ കേട്ടത് പോലെ.
'മാഷെ, ശിറൂയി പൂവും ഞാനുമായുള്ള ബന്ധം ഒറ്റ വാക്കില്‍ പറഞ്ഞാല്‍ തീരില്ല. വിശദമായി തന്നെ പറയാം.'
അപ്പോഴേക്കും ഞങ്ങള്‍ കുമാരേട്ടന്റെ ചായക്കടയില്‍ നടന്ന് എത്തിയിരുന്നു.
കാലം കൊണ്ടുവന്ന മാറ്റങ്ങളെ പുല്‍കാതെ പഴമയെ മുറുകെ പിടിച്ചു നില്‍ക്കുന്ന മൂന്നു ജോഡി ബെഞ്ചും ഡെസ്‌കും കരി തേച്ചു വാര്‍ത്തെടുത്ത അടുപ്പുകളുമുള്ള കുമാരേട്ടന്റെ ചായക്കട എന്നും വേറിട്ടു നിന്നിരുന്നു.
പാതി തുറന്നു വെച്ചരിക്കുന്ന കറി പാത്രങ്ങളില്‍ നിന്ന് മൂക്കിലരിച്ചു കയറുന്ന മണം ആസ്വദിച്ചിരുന്ന ഞങ്ങളുടെ അടുത്ത്
സ്വതസിദ്ധമായ ചിരിയോടെ കുമാരേട്ടന്‍ എത്തി. കടയുടെ മദ്ധ്യത്തില്‍ സ്ഥാപിച്ചിരിക്കുന്ന നിയോണ്‍ ലാംബില്‍ നിന്ന് വരുന്ന മഞ്ഞ വെളിച്ചത്തില്‍ ചിരിച്ചു കൊണ്ട് ഈണത്തില്‍ പറഞ്ഞ വിഭവങ്ങള്‍ക്കും ഉണ്ടായിരുന്നു ഒരു മനസ്സടുപ്പവും രുചിയും. പട്ടികയില്‍ നിന്ന് ചില വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്തു.
കുമാരേട്ടന്‍ പോയതിനു ശേഷം ഞാന്‍ വരുണിന്റെ മുഖത്ത് നോക്കി. എന്റെ നോട്ടം വായിച്ചറിഞ്ഞതുപോലെ പോലെ അവന്‍ പറഞ്ഞു തുടങ്ങി.
'മാഷെ പോലെ നല്ല നീളമുണ്ട് എന്റെ അച്ഛനും. ആള് പോലീസുകാരനാ അതിന്റെ ഒരു ഗൗരവവും ചിട്ടയും വീട്ടിലുണ്ട്. എന്നാലും അച്ഛനെ പേടിപ്പിക്കുന്ന രണ്ടാളുകളുണ്ട് വീട്ടില്‍ അപ്പുവും ചേട്ടനും'
മുഖമുയര്‍ത്തി ഞാനവനെ ഒന്ന് നോക്കി.
'അപ്പു എന്റെ ഇളയ അനുജനാണ്. യു കെ. ജി യില്‍ പഠിക്കുന്നു.' അതു പറയുമ്പോള്‍ അവന്റെ മുഖത്ത് വിരിഞ്ഞ വാത്സല്യവും സ്‌നേഹവും ദര്‍ശിച്ച എന്റെ കണ്ണുകളിലെ ആശ്ചര്യം ശ്രദ്ധിച്ചവന്‍ തുടര്‍ന്നു.
'അച്ഛന് അധികം പ്രായമൊന്നുമില്ല. കണ്ടാല്‍ എന്റെ ചേട്ടന്‍ എന്നേ പറയൂ. 24-ാമത്തെ വയസ്സില്‍ പ്രണയിച്ച് കെട്ടിയ വീരനായകനാണേ. എനിക്കൊരു ചേട്ടനുണ്ട് വിശാല്‍. പേരു പോലെ വിശാല ഹൃദയനൊന്നുമല്ല അവന്‍'
'ചേട്ടന്‍ എന്താ ചെയ്യുന്നത്?'
'അവന് കാര്യമായ ജോലിയൊന്നുമില്ല. ഇപ്പോ കട്ടപ്പന ആശുപത്രിയില്‍ താത്ക്കാലികമായി ഡാറ്റാ എന്‍ട്രി അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്നുണ്ട്. അച്ഛനോട് എപ്പോഴും തറുതല പറയും. എന്തോരു ദേഷ്യമാണ് എല്ലാവരോടും. അപ്പു ജനിച്ചതിനു ശേഷം വന്ന മാറ്റം ആണ്. അവന്‍ കൂട്ടുകാരുടെ ഇടയില്‍ നാണം കെട്ടു പോയ് പോലും. അച്ഛനോടും അമ്മയോടും വാശി തീര്‍ക്കുന്നതു പോലെയാണ് അവന്റെ ഇപ്പോഴത്തെ പെരുമാറ്റം. പക്ഷേ അപ്പുവിനെ ആള്‍ക്ക് വല്യ ഇഷ്ടമാണ്.'- അതു പറയുമ്പോള്‍ നൈരാശ്യത്തിന്റെ നിഴല്‍ തുള്ളികള്‍ വരുണിന്റെ മുഖത്തുണ്ടായിരുന്നു.
വരുണ്‍ പറഞ്ഞു നിര്‍ത്തിയപ്പോഴേക്കും കുമാരേട്ടന്‍ മേശമേല്‍ ഓര്‍ഡര്‍ ചെയ്ത വിഭവങ്ങള്‍ നിരത്തിയിരുന്നു.
ആവി പറക്കുന്ന ഒരു കഷ്ണം പുട്ടും കിഴങ്ങ് കറിയും അകത്താക്കിയ ശേഷമാണ് വരുണ്‍ മുഖമുയര്‍ത്തി എന്നെ നോക്കിയത്. മുഖത്ത് ഫിസിക്‌സിലെ പത്ത് ഡെറിവേഷനുകള്‍ കുട്ടികളെ പഠിപ്പിച്ചതിന്റെ ഒരു സംതൃപ്തിയുണ്ടായിരുന്നു .
'ഹാവൂ .. ന്റെ മാഷേ .. ഇപ്പോഴാ ഒന്നാശ്വാസമായത്'-ഞാനവനെ നോക്കി ചിരിച്ചു. പുട്ടിന്റെ പാത്രം അവന്റെ നേരെ നീക്കി വെച്ചു കൊടുത്തു.
'രണ്ട് മാസം മുമ്പ് അപ്പുവിന്റെ ജന്മദിനാഘോഷമായിരുന്നു. അപ്പു കേക്ക് മുറിക്കാന്‍ തുടങ്ങുമ്പോഴാണ് ചേട്ടന്‍ ഉള്ളില്‍ കടന്നത്. പിന്നാലെ കൂട്ടംതെറ്റി പേടിച്ചൊരു മാന്‍പേടയെ പോലെ ബാഗുമായി ചേട്ടന്റെ നിഴല്‍ പറ്റി ഒരു പെണ്‍കുട്ടിയും. വട്ട മുഖവും പതിഞ്ഞ മൂക്കും ഇറുകിയ കണ്ണുകളും കുറുകിയ ശരീരവുമുള്ള കൊച്ചുസുന്ദരി. ഒരു ചൈനാക്കാരി'
അപ്പു ഓടിപ്പോയി കേക്കിന്റെ ഒരു കഷ്ണം അവര്‍ക്ക് കൊടുത്തു.
അവര്‍ ബാഗ് തുറന്ന് അവന് പ്രിയപ്പെട്ട ഒരു റിമോട്ട് കാര്‍ കൊടുത്തു നെറ്റിയില്‍ ഒരുമ്മയും നല്‍കി അവനെ ചേര്‍ത്തു നിര്‍ത്തി.
'എന്റെ ഭാര്യയാണ് ഇന്ന് വിവാഹം കഴിഞ്ഞു. മണിപ്പൂരുകാരിയാണ് ' അതും പറഞ്ഞ് ചേട്ടന്‍ മുകളിലെത്തെ മുറിയിലേക്ക് നടന്നു.
അച്ഛന്‍ ദേഷ്യത്തോടെ ചേട്ടന്റെ അരികിലേക്ക് നീങ്ങുന്നത് കണ്ടതും ഞാന്‍ കണ്ണടച്ചു. പക്ഷേ അച്ഛന്‍ മുഷ്ടിചുരുട്ടി ദേഷ്യം തീര്‍ത്ത് മുറ്റത്തേക്കിറങ്ങി. സോഷ്യല്‍ മീഡിയയില്‍ നീന്തുന്ന തലമുറയോട് എങ്ങിനെ ഇഷ്ടപ്പെട്ടു എന്നൊന്നും ചോദിച്ചിട്ട് കാര്യമില്ലല്ലോ. അതിനാല്‍ അതിനെ കുറിച്ച് ആരും ചോദിച്ചില്ല.
പിറ്റേ ദിവസം ചേട്ടന്‍ പുറത്ത് പോയപ്പോള്‍ അവര്‍ താഴെ വന്നു നേരത്തെ പരിചയമുള്ള വീട്ടിലെ ഒരംഗത്തെ പോലെ ആയിരുന്നു അവരുടെ പെരുമാറ്റം
'നതാലി എന്നാണ് അവരുടെ പേര്. മണിപ്പൂരിലെ തങ്കനൂല്‍ എന്ന ഗോത്രവര്‍ഗ്ഗത്തില്‍പ്പെട്ടതാണ്. ഒത്തിരി ആചാരങ്ങളും അനുഷ്ഠാനങ്ങളുമുള്ള ഗോത്രവര്‍ഗ്ഗമാണ്. അവരാരും പുറമേ നിന്ന് കല്യാണം കഴിക്കില്ല. കഴിച്ചാല്‍ പുറത്താക്കപ്പെടും. ഇവള്‍ക്ക് താഴെ മൂന്ന് പെണ്‍കുട്ടികളുണ്ട് അവരുടെ വിവാഹവും നടക്കില്ല. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോഴായിരുന്നു ചേട്ടനുമായി പരിചയപ്പെട്ടത്. കോഴ്‌സ് കഴിഞ്ഞു നാട്ടില്‍ പോയാല്‍ വിവാഹം കഴിച്ചേ മതിയാവൂ. അതു കൊണ്ട് കേരളത്തില്‍ ജോലി കിട്ടി എന്നാണ് അവള്‍ അവിടെ അറിയിച്ചത്.'-വരുണ്‍ പറഞ്ഞു.
'വരുണേ കൈ ഉണങ്ങി. നമുക്കാ മരത്തിന്റെ ചുവട്ടിലേക്കു നീങ്ങാം'-ഞാന്‍ പറഞ്ഞു
കുമാരേട്ടനോട് പറ്റ് ബുക്കില്‍ കുറിക്കാന്‍ പറഞ്ഞ് ഞങ്ങള്‍ കടയുടെ മുമ്പിലുള്ള ആല്‍മരച്ചോട്ടിലേക്ക് നടന്നു.
'എന്നിട്ട്...?' ഞാന്‍ വരുണിന്റെ അരികിലേക്ക് നീങ്ങി നിന്നു ചോദിച്ചു.
'രണ്ട് ദിവസം കഴിഞ്ഞ് ചെറിയ ഒരു റിസപ്ഷന്‍ നടന്നു എല്ലാവരും പുതിയ പെണ്ണിനെ നോക്കി കുശുകുശുക്കുന്നുണ്ടായിരുന്നു. പലരും അവരുടേതായ രീതിയില്‍ പലതരം കഥകള്‍ മെനഞ്ഞു . കാരണം പുതുപ്പെണ്ണിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഒരുത്തരം കൊടുക്കാന്‍ ഞങ്ങള്‍ക്കാര്‍ക്കും കഴിഞ്ഞിരുന്നില്ല. ആലീസ് ഇന്‍ വണ്ടര്‍ലാന്റായി ചേട്ടത്തിയമ്മയും ആട്ടത്തില്‍ പങ്കാളിയായി. അവരുടെ ഒരു കൂട്ടുകാരി മാത്രമേ റിസപ്ഷനില്‍ പങ്കെടുത്തുള്ളൂ. ചേട്ടന്‍ ഭയങ്കര സന്തോഷത്തിലായിരുന്നു.
പക്ഷേ മാഷേ, കുറച്ച് ദിവസം കൊണ്ട് ഞങ്ങളുടെ വീട് മാറുകയായിരുന്നു. വീട്ടില്‍ ഒരു ഒരു തെളിച്ചം വന്നു. അപ്പുവിന്റെ ഇഷ്ടനിഷ്ടങ്ങള്‍ കണ്ടറിഞ്ഞ് പെരുമാറുകയും സ്‌നേഹവാത്സല്യങ്ങള്‍ ആവോളം നല്‍കുകയും ചെയ്തഏട്ടത്തി അവന്റെ പ്രിയപ്പെട്ട ചേച്ചിയമ്മയായി. അപ്പുവിന് പരാതി പറയാനും കൂടെ നടക്കാനും കളിക്കാനും ഒരു അമ്മയെ കൂടെ കിട്ടി.
മാഷിനറിയാമോ അച്ഛമ്മക്ക് അംനീഷ്യയുടെ പ്രാരംഭമാണ്. സമയാസമയങ്ങളില്‍ മരുന്നും ഭക്ഷണവും കൊടുക്കുന്ന ചുമതല ഏട്ടത്തി സ്വയം ഏറ്റെടുത്തു. അച്ഛമ്മയുടെ വായില്‍ സ്‌നേഹത്തോടെ ഭക്ഷണം വെച്ചു കൊടുക്കുന്ന ഏട്ടത്തിയെ നിറകണ്ണുകളോടെ നോക്കി നില്‍ക്കുന്ന അച്ഛനെ പലപ്പോഴും ഞാന്‍ കാണാറുണ്ട്.'
പെണ്‍കുട്ടികള്‍ ഇല്ലാത്ത അച്ഛനും അമ്മയ്ക്കും സ്വന്തം മോളെ കിട്ടിയതു പോലായാ ഇപ്പോള്‍. ആകെ ചെറിയ ഒരു പരിഭവം ഉണ്ടെങ്കില്‍ അത് ചേട്ടന് മാത്രമാണ് ചേട്ടന്റെ കാര്യത്തില്‍ ശ്രദ്ധിക്കാന്‍ ഏട്ടത്തിക്ക് സമയമില്ലെന്ന്. അവന്‍ പലപ്പോഴും കുടിച്ച് വന്ന് ചേച്ചിയെ വഴക്ക് പറയുമായിരുന്നു. പാവം മാറി നിന്നു കുറേ കരയും. ശരിക്കും ഏട്ടത്തിയോട് അവന് ഇഷ്ടമാണ് പക്ഷേ അവളെ വേദനിപ്പിച്ചാല്‍ അച്ഛനും അമ്മയും സങ്കടപ്പെടും എന്ന് അവനറിയാമായിരുന്നു.
ഏട്ടത്തി എനിക്ക് ബെസ്റ്റ് ഫ്രണ്ട് ആണ്. അമ്മയോട് സംസാരിക്കുന്ന അതേ സ്വാതന്ത്ര്യം തന്നെയാണ് ഏട്ടത്തിയോടും.
കൂടെ പഠിച്ച മെറീനയോടുള്ള എന്റെ ഏകദിശാ പ്രണയത്തെ കുറിച്ച് ആദ്യം പറഞ്ഞതും ഏട്ടത്തിയോടാ. ഏതോ ഒരു നിമിഷത്തില്‍ തോന്നിയ ഇഷ്ടം, തുറന്നു പറഞ്ഞപ്പോള്‍ ഒരു നീണ്ട 'നോ' ആയിരുന്നു മെറീനയുടെ മറുപടി പിന്നീടും രണ്ടു മൂന്നു തവണ ഇഷ്ടം പറഞ്ഞു ചെന്നെങ്കിലും അവളുടെ നിലപാടില്‍ മാറ്റമില്ലായിരുന്നു.
'നിനക്ക് അവളോട് അത്രയും ഇഷ്ടമാണെങ്കില്‍ ഒരിക്കല്‍ അവള്‍ അത് തിരിച്ചറിയും. നീ അവള്‍ക്ക് ശിറൂയി പൂക്കള്‍ സമ്മാനിക്കണം. നിന്റെ പ്രണയം സത്യമാണെങ്കില്‍ അത് സാക്ഷാത്കരിക്കപ്പെടും. എന്നു പറഞ്ഞു ഏട്ടത്തിയെനിക്ക് ഉറപ്പ് തന്നിട്ടുണ്ട്.
ഏട്ടത്തിയുടെ നാട്ടില്‍ മെയ് മാസത്തില്‍ വിടരുന്ന ശിറൂയി ലില്ലി പൂക്കള്‍ ശുദ്ധ പ്രണയത്തിന്റെ ത്യാഗ പ്രതീകമായി അവര്‍ വിശ്വസിക്കുന്നു. ജീവിച്ചു കൊതിതീരാതെ അത്മഹത്യ ചെയ്യേണ്ടി വന്ന യുവമിഥുനങ്ങളുടെ ആത്മാവാണ് ശി റൂയി ലില്ലി പൂക്കള്‍. പ്രണയിക്കുന്നവരെ ഒരുമിപ്പിക്കാനാണ് ഇവര്‍ ലില്ലി പൂക്കളായി പുനര്‍ജനിച്ചത് എന്നാണ് വിശ്വാസം.
'മെറീനയോടുള്ള എന്റെ പ്രണയ സാഫല്യത്തിനായ് ഏട്ടത്തി ശിറൂയ് ലില്ലി പൂക്കള്‍ എനിക്ക് എത്തിച്ചു തരാം എന്ന് വാക്ക് തന്നിട്ടുണ്ട്.'-വരുണ്‍ പൊട്ടിച്ചിരിച്ചു കൊണ്ട് എന്നോട് ചോദിച്ചു 'മാഷ് ഇത്തരം കാര്യങ്ങളില്‍ വിശ്വസിക്കുന്നുണ്ടോ?'
ഞാനവനെ നോക്കി പുഞ്ചരിച്ചു. ഒരു നിമിഷം കൊണ്ട് മനസ്സ് ഒത്തിരി കാതം പിന്നോട്ട് പോയി. പണ്ട് നീലക്കുറിഞ്ഞി പൂക്കള്‍ കാണാന്‍ പോയ കാര്യവും എവിടെയോ ഇന്ന് സന്തോഷമായി ജീവിക്കുന്ന പ്രേയസിയും മനസ്സിനെ ഒന്നു സ്പര്‍ശിച്ചു മറഞ്ഞു.
'ഏട്ടത്തി ഇപ്പോ വീട്ടിലില്ല അതാ എന്റെ വിഷമം'
'എന്താ നാട്ടില്‍ പോയോ?' ഞാന്‍ ചോദിച്ചു.
'ഇല്ല ഏട്ടത്തി പഠിച്ചത് ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ആണ് . അവിടെ എന്തൊക്കെയോ പേപ്പറുകള്‍ ശരിയാക്കാനും സ്‌കോളര്‍ഷിപ്പ് സെറ്റില്‍ ചെയ്യാനും പോയതാണ്.'
'ഒറ്റയ്ക്കാണോ പോയത്?'
'ഓ ഏട്ടത്തിയുടെ കുറേ കൂട്ടുകാര്‍ അവിടെ ഉണ്ട്'
'മാഷിന് എന്റെ ഏട്ടത്തിയുടെ ഫോട്ടോ കാണണ്ടേ?'
മനസ്സിലാഗ്രഹിച്ചത് അവന്‍ ചോദിച്ചപ്പോള്‍ സന്തോഷമായി.
അവന്‍ പാന്റ്‌സിന്റെ കീശയില്‍ നിന്ന് മൊബൈലെടുത്തു തുറന്നു.
'അയ്യോ അച്ഛന്റെ കുറേ മിസ്ഡ് കോളുകള്‍. ക്ലാസില്‍ കയറുമ്പോള്‍ സൈലന്റ് മോഡില്‍ വെച്ചതായിരുന്നു.'-അവന്‍ ഉടനെ അച്ഛനെ തിരിച്ചു വിളിച്ചു.
വരുണിന്റെ മുഖത്ത് മിന്നി മറയുന്ന ഭാവങ്ങളില്‍ എന്തോ അരുതാത്തത് സംഭവിച്ചിട്ടുണ്ടെന്ന് തോന്നി.
ഞാനവന്റെ തോളില്‍ പിടിച്ചു.
'മാഷേ ഏട്ടത്തിക്ക് ആക്‌സിഡന്റ്. നടന്നു പോകുമ്പോള്‍ സ്‌കൂട്ടര്‍ പിന്നിലിടിച്ചതാ'
'ചെറിയ പരുക്കായിരിക്കാം വരുണേ. നീ ഇങ്ങിനെ പേടിക്കാതെ'
'അല്ല മാഷേ കുറച്ച് സീരിയസ് ആണ. ഏട്ടത്തിക്കിതുവരെ ഓര്‍മ്മ വന്നിട്ടില്ല. ഐസിയുവിലാ..'
ഞാന്‍ വരുണിന്റെ തോളില്‍ ഒന്നൂടെ അമര്‍ത്തി പിടിച്ചു. ഞങ്ങള്‍ ഹൈദരാബാദിലേക്ക് പോവുകയാണ്. അച്ഛനും ചേട്ടനും നെടുമ്പാശ്ശേരി എയര്‍ പോര്‍ട്ടില്‍ എത്തും. നാളെ രാവിലെയാണ് ഫ്‌ളൈറ്റ്. റൂമില്‍ പോയി ബാഗ് എടുക്കണം.
അവന്‍ ഓട്ടോസ്റ്റാന്റിലേക്ക് ഓടി.
ഞാന്‍ പിന്നാലെ ഓടിയെങ്കിലും അവന്‍ ഓട്ടോയില്‍ കയറി പിന്നെ വിളിക്കാം എന്ന് ആംഗ്യം കാണിച്ചു.
പിന്നീടുള്ള ഒരാഴ്ച വരുണിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും പറ്റിയില്ല.
ഒരാഴ്ചക്കു ശേഷം രാവിലെ വീട്ടില്‍ നിന്നിറങ്ങുമ്പോഴായിരുന്നു വരുണിന്റെ ഫോണ്‍
'വരുണേ നീ എവിടെയാ. ഏട്ടത്തിക്ക് എങ്ങിനെയുണ്ട്'
'മാഷേ ഞാനിവിടെ റൂമിലുണ്ട്. ഒന്നിങ്ങോട്ട് വരുമോ?'
ഞാന്‍ അവന്റെ റൂമിലെത്തുമ്പോള്‍ വരുണ്‍ കിടക്കയില്‍ കിടന്ന് കറങ്ങുന്ന ഫാനില്‍ നോട്ടമര്‍പ്പിച്ച് കിടക്കുകയായിരുന്നു.
എന്നെകണ്ടതും നിയന്ത്രിക്കാനാവാതെ അവന്‍ പൊട്ടിക്കരഞ്ഞു പോയി.
ഒന്നും പറയാനാകാതെ അരികിലിരുന്നു ഞാന്‍ അവന്റെ കൈ മുറുകെ പിടിച്ചു.
'ഏട്ടത്തി പോയി'-മനസ്സൊന്നു തേങ്ങി.
'ഞങ്ങളവിടെ എത്തുമ്പോഴേക്കും ഏട്ടത്തി പോയിരുന്നു. ഏട്ടത്തിയുടെ അമ്മാവനും അച്ഛനും നാട്ടില്‍ നിന്ന് അവിടെ വന്നിരുന്നു. അവര്‍ക്ക് ഞങ്ങളെ ഏട്ടത്തി പെയിങ് ഗെസ്റ്റ് ആയി താമസിച്ച വീട്ടിലെ ആളുകളാണെന്നാണ് പരിചപ്പെടുത്തിയത്. ഏട്ടത്തിയുടെ കല്യാണം കഴിഞ്ഞത് അവരിതുവരെ അറിഞ്ഞിരുന്നില്ലല്ലോ
ഏട്ടത്തി ഞങ്ങളെ വിട്ടു പോയെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ ഇതുവരെ ആര്‍ക്കുമായിട്ടില്ല.
അച്ഛമ്മ എപ്പോഴും ചേച്ചിയെ പോയി കൊണ്ടുവരാന്‍ ചേട്ടനെയും അച്ഛനെയും ശകാരിക്കുന്നു.
അപ്പു ഇടയ്ക്കിടെ ഏട്ടത്തിയുടെ മുറിയില്‍ പോയി ചേച്ചിയമ്മയെ കാണിച്ചു കൊടുക്കാന്‍ വാശി പിടിച്ചു കരയും. ഏട്ടത്തി നല്‍കിയ കാറും കെട്ടിപിടിച്ചാണ് അവന്‍ ഉറങ്ങാറ്.
ചേട്ടന്‍ ഒന്നും പറയാതെ മുറിയില്‍ അടച്ചിരിക്കുന്നു. അവന്റെ പഴയ വാശിയും ദേഷ്യവും എവിടെയോ പോയി മറഞ്ഞു. പാവം ഏട്ടത്തിയുടെ ഓര്‍മ്മകളുമായി മുറിയില്‍ തന്നെ ഒതുങ്ങിക്കൂടി. അവന്‍ എങ്ങിനെ സഹിക്കും മാഷേ...
കുറച്ച് സമയം കഴിഞ്ഞ് അവനെഴുന്നേറ്റ് ബാഗ് തുറന്ന് ഒരു പാര്‍സല്‍ പൊതി എടുത്തു മുമ്പില്‍ വെച്ചു.
'ഇങ്ങോട്ട് വരുമ്പോള്‍ ബസ് സ്റ്റാന്റില്‍ ഏട്ടത്തിയുടെ ഒരു ഫ്രണ്ട് കൊണ്ടുവന്നു തന്നതാണ്'
നീലയും പിങ്കും ദളങ്ങളുള്ള. പൂക്കള്‍ അവന്‍ പുറത്തെടുത്തു.
'മാഷേ ഇതാണ് ശിറൂയി ലില്ലി പൂക്കള്‍.'-അവന്‍ പറഞ്ഞു. ഞാനൊന്നും മിണ്ടിയില്ല.
'മാഷേ ഒന്നു നില്‍ക്കണേ'
വരുണിന്റെ പിന്നില്‍ നിന്നുള്ള വിളി കേട്ട് ഞാന്‍ നിന്നു.
'ഞാനിന്നു തന്നെ തിരിച്ചു പോകും. ഇയൊരവസരത്തില്‍ വീട് വിട്ടു നില്‍ക്കാന്‍ എനിക്കാവില്ല.'
ഒന്നും പറയാതെ ഞാന്‍ തലയാട്ടി 'നീ ഇടയ്‌ക്കൊക്കെ വിളിക്കണേ'
'പിന്നെ മാഷേ ഇന്നലെ എന്നെ മെറീന വിളിച്ചിരുന്നു. ഏട്ടത്തി പറഞ്ഞ പോലെ ശിറൂയി പൂക്കള്‍ ഞങ്ങളെ ഒന്നിപ്പിച്ചതായിരിക്കുമോ?'
അതു പറയുമ്പോള്‍ അവന്റെ മുഖത്തിരച്ചു കയറിയ വികാരത്തിന്റെ നിറം മനസ്സിലാക്കാനാവാതെ ഞാനവന്റെ കൈകളിലെ ശിറൂയി ലില്ലി പൂക്കളില്‍ നോക്കി.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...