Malayalam Short Story : ആസക്തികളുടെ ജാലകം, വി കെ അജയന്‍ എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് വി കെ അജയന്‍ എഴുതിയ ചെറുകഥ

 

 

chilla amalayalam short story by  VK Ajayan

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla amalayalam short story by  VK Ajayan

 

ഉച്ച കഴിയുന്ന നേരത്തിലേക്ക് ഒലിച്ചിറങ്ങുന്ന വേനല്‍മഴ ഈ  മുറിയില്‍ പുഴുക്കത്തിന്റെ ആവി പടര്‍ത്തുകയാണ്. അപ്പോള്‍,

സ്ത്രീരൂപത്തിലുള്ള ഒരു മതിലായി അവളിതാ വാതിലിനു കുറുകേ എനിക്ക് എതിര്‍  നില്കുന്നു. കൊഴുത്ത ഭുജങ്ങള്‍. വിയര്‍ത്ത ആസക്തിയുടെ അധോഗമനം നിലം ഞെരിക്കുന്ന പാദഫണങ്ങളില്‍ മുട്ടുന്നു. അതെ, എല്ലാം എനിക്ക് നേരേയാണ്. വിടര്‍ന്ന ചുണ്ടുകള്‍. ആ നോട്ടം. ഒരു പുഴ പോലെ വരണ്ട എന്റെ ലിംഗത്തില്‍ വന്നു തറയ്ക്കുന്ന ആ നോട്ടം.

ഇപ്രകാരം നില്‍ക്കുമ്പോള്‍, തലതുളയ്ക്കുന്നത് കഴിഞ്ഞുപോയ വര്‍ഷങ്ങള്‍ മാത്രമല്ല. ആ കണ്‍കോണുകളില്‍ നിന്നും പറന്നകന്ന കാക്കകളും കവിളുകളില്‍ ഒടിഞ്ഞമര്‍ന്ന മഴവില്ലുകളും കൂടിയാണ്. അതെ, എന്റെ മനസ്സ് അവള്‍ക്ക് മുന്നിലിപ്പോള്‍ അനാവൃതമാണ്.

'മൃദുലമായ നിന്റെ മാംസത്തിന്റെ നിമ്നോന്നതങ്ങളും നിശ്വാസങ്ങള്‍ കലര്‍ന്ന വിയര്‍പ്പും എനിക്ക് മേല്‍ അവസാന ശ്രമമെന്നപോല്‍ കെട്ടിമറിയുമ്പോള്‍, ഉള്ളില്‍ ഏതോ കോട്ടകള്‍ തകരുകയും അന്തപ്പുരത്തില്‍ ചിതലുകള്‍ പടയോട്ടം നടത്തുകയുമായിരുന്നു. അവന്റെ മുഖവും നഗ്നതയും മനസ്സിലാവാഹിച്ച് വിജൃംഭിതനാകാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും വിയര്‍പ്പില്‍ കുതിര്‍ന്ന സ്വരവും ഗന്ധവും നീയെന്ന യാഥാര്‍ത്ഥ്യത്തിലെക്ക് എന്നെ എടുത്തെറിഞ്ഞു. നീ, എനിക്ക് മേല്‍ വിയര്‍ത്ത് വഴുക്കുന്ന വെറുമൊരു ഭാരം മാത്രമായി. ഭയപ്പെടുത്തുന്ന സീല്‍ക്കാരമായി. അതോടെ ഞാന്‍ തണുത്തു. നിശ്ചേതനായി.'-

അവള്‍ ചീന്തിയെറിഞ്ഞ അവന്റെ ചിത്രം ചുണ്ടും മൂക്കും നെറ്റിയും മുടിയുമായി പിരിഞ്ഞ് മുഖത്ത് തട്ടി ചുറ്റും വീണു. അവളോ, അഗാധമായ വെറുപ്പോടെ എന്നെ കൊല്ലാതെ ദഹിപ്പിച്ചുകൊണ്ടിരുന്നു.

എല്ലാം മനസ്സിലാക്കപ്പെട്ടിരിക്കുന്നു. എല്ലാ മറകളും സ്ഫടികരൂപമാര്‍ജ്ജിച്ച് ഉടഞ്ഞു വീണിരിക്കുന്നു. ആവി നിറഞ്ഞ ഈ മുറിയില്‍, ആശകള്‍ ചിതറിയ ഒരു  സര്‍പ്പത്തിനു മുന്നില്‍ ഇനിയും നില്‍ക്കുക അസാധ്യമാണ്. പെട്ടെന്നുള്ള കുതിപ്പില്‍ അവളെ തട്ടിമാറ്റി ഞാന്‍ വാതില്‍ തുറന്നു. നനഞ്ഞുകൊണ്ടേയിരിക്കുന്ന മുറ്റത്തുകൂടി പാഞ്ഞുപോയി.

രണ്ട്

അവന്റെ മുറിയിലെത്തുമ്പോള്‍ തണുത്ത കാറ്റൂതിക്കൊണ്ടിരുന്നു. അത്, മഴ കനത്തേക്കുമെന്ന ആശയുണര്‍ത്തി.

കുറച്ച് നേരം നോക്കിനിന്ന് പുഞ്ചിരിയോടെ അവനെന്നെ സ്വീകരിച്ചു. പറയാന്‍ പ്രത്യേകിച്ച് ഒന്നുമില്ല. ആവശ്യവുമില്ല. മുഷിഞ്ഞ കട്ടിലില്‍ തമ്മില്‍ നോക്കി ഒന്നും മിണ്ടാത്ത സമയം കുറച്ച്  കടന്നുപോയി. എന്നെ പിരിയാന്‍ മരിക്കുകയല്ലാതെ അവന് മറ്റു മാര്‍ഗ്ഗമില്ലെന്നത് ഞങ്ങളുടെ സത്യമായിരുന്നു. അപകടങ്ങളെ ഞൊടിച്ചുവിളിക്കുന്ന എന്റെ വിരലുകളില്‍ അവന്‍ വിരല്‍ കോര്‍ത്തു. മൃദുലമായ ആ തലോടലുകള്‍ കൈപ്പടത്തില്‍ രേഖപ്പെട്ടു.

ഒരു ചുഴിയാണിത്. ഇവിടെ എല്ലാമുണ്ട്.

വിറളിപിടിച്ച് പുളയ്ക്കുന്ന സ്‌നേഹഋഷഭങ്ങള്‍. ഗത്യന്തരമില്ലാതെ വിരിയുന്ന വിഭ്രാന്തിയുടെ പൂവുകള്‍. അവയിലേക്ക് ചീറിയടുക്കുന്ന വിഷശലഭങ്ങള്‍. രക്തം വിയര്‍പ്പിക്കുന്ന വികാരങ്ങള്‍. സ്നേഹം! ആസക്തി! നഷ്ടഭീതിയാല്‍ ഊര്‍ജ്ജസ്വലമാകുന്ന വിനാശമോഹം... ചുഴിമുഖത്ത് പൊന്തി മറിയുന്ന അവളുടെ മുഖം പോലും.

ആ നീണ്ട മുടിയിഴകളും, കറുത്ത് വിടര്‍ന്ന കണ്ണുകളും ഞാന്‍ വെറുത്തു. മൃദുലമാംസം തൂങ്ങുന്ന സ്തനജഘനങ്ങള്‍ ഉണര്‍ത്തിയ വമനേച്ഛയില്‍ വിമ്മിഷ്ടപ്പെട്ടു. ഇടുക്കുകളിലെ വിരസമായ മാര്‍ദ്ദവം. പിന്‍കഴുത്തിലെ സ്വര്‍ണ്ണനിറമുള്ള രോമപ്പുഴുക്കള്‍.

പകരമിതാ മുന്നില്‍, സുദൃഢ ദീര്‍ഘവൃത്തമായി ഉദിക്കുന്ന വദനപൗര്‍ണ്ണമി!

ഉള്ളിമണമുള്ള കക്ഷങ്ങളില്‍ വിയര്‍പ്പ് ഒലിച്ചിറങ്ങി. ആ ചുണ്ടുകളില്‍ നിന്നും താളംതുള്ളി കടന്നുപോയ വാക്കുകള്‍  ഉള്ളില്‍ പടര്‍ന്നു.

'ആരൊക്കെയോ ചേര്‍ത്ത് വെച്ച ഇതളുകളാണ് നീയെന്ന പുഷ്പം.'

'ഏയ്, ഞാനൊരു ശംഖുപുഷ്പമാണ്.'

'ഒരു പുരുഷ ശംഖുപുഷ്പം!'

ആ തുടകള്‍ക്കിടയിലേക്ക് ഞാന്‍ ഇടിഞ്ഞുവീണു. അഗാധമായ യാചനയോടെ നീന്തി ആനന്ദത്തിന്റെ കരതേടി. എങ്ങലടികള്‍ക്ക് മേല്‍ അവന്റെ കൈകള്‍ കപ്പലോടിച്ചപ്പോള്‍ പ്രാചീന ഗന്ധങ്ങള്‍ പുകഞ്ഞുയരുകയും അലഞ്ഞുതിരിഞ്ഞ പക്ഷികള്‍ ഒന്നായ് ചേര്‍ന്ന് ആകാശത്തിനുള്ളില്‍ ചേക്കേറുകയും ചെയ്തു. ഒടുവില്‍, ശമനമോ തളര്‍ച്ചയോ എന്ന് വേര്‍തിരിക്കാനാകാത്ത കിതപ്പില്‍ ഞങ്ങള്‍  അഴിഞ്ഞ് വീണു. മേഘങ്ങള്‍ അലിഞ്ഞ്, ഒഴുകിപ്പരന്നു.

ആടിയുലഞ്ഞ് അത്യധ്വാനം ചെയ്യുന്ന ഫാന്‍ കൂടുതല്‍ വിയര്‍പ്പ് ഉത്പാദിപ്പിച്ചു. മൊബൈല്‍ ഒരു പ്രണയതാളം മൂളാന്‍ തുടങ്ങിയപ്പോള്‍ നെഞ്ചില്‍ നിന്ന് കയ്യെടുത്ത് അവന്‍ അതിനരികിലേക്ക് പോയി. സംസാരിച്ചുകൊണ്ട് പുറത്തേക്കിറങ്ങി. കുറച്ച് കഴിഞ്ഞ് ഉല്ലാസത്തോടെ തിരിച്ച് വന്ന് ധൃതിയില്‍ വസ്ത്രങ്ങള്‍ ധരിച്ചു. അവന്‍ കാത്തിരുന്ന വിളിയായിരുന്നു അതെന്ന് തോന്നി.

'എനിക്ക് പോണം.'

'ഞാന്‍ വൈകും. നീ നാളെ പോയാല്‍ മതി.'

വാതില്‍ ഒറക്കെ ചാരുമ്പോള്‍ ഒരു ആജ്ഞപോലെയാണ് അവനത് പറഞ്ഞത്.

കുറച്ച് കഴിഞ്ഞപ്പോള്‍ ഫാന്‍ കൂടുതല്‍ ഉഷ്ണം വീശാനും മഴ അകന്നുപോകാനും കുറച്ചെങ്കിലും മദ്യപിക്കേണ്ടതും എന്നെ അറിയാത്ത മനുഷ്യര്‍ക്കിടയിലൂടെ എവിടേക്കെങ്കിലും കടന്നുപോകേണ്ടതും അത്യാവശ്യമയിരുന്നു.

മൂന്ന്

അവിശ്വാസിയായ ഞാന്‍ ഈ ദേവാലയത്തില്‍ വന്നുകയറിയത് എന്തിനായിരുന്നു! ഉള്ളിലെ കാറ്റുകള്‍ ഒരു പായ് വഞ്ചിയെപ്പോലെ എന്നെ ഇവിടേക്കൊഴുക്കി എന്ന അത്ഭുതത്തോടെ പടികള്‍ കയറി. വിജനതയിലേക്ക് തുറന്നുകിടന്ന വാതില്‍ കടന്ന് നിശബ്ദതയുടെ ഒത്ത നടുവില്‍ ഞാന്‍ നിന്നു. അതിമനോഹരമായ കലാവിന്യാസമാണീ അള്‍ത്താര. എത്ര അലങ്കരിച്ചാലും വേറിട്ട് നില്‍ക്കുന്ന ദീനരൂപം മുകളറ്റത്തും. കത്തിതീര്‍ന്നൊലിച്ച് ഒന്നായ് തീര്‍ന്ന മെഴുകുതിരികള്‍ പങ്കുവെച്ച കുമ്പസാരരഹസ്യങ്ങള്‍ എന്തായിരിക്കാം! ഉള്ളില്‍ കിടന്ന റം അന്ധാളിപ്പിന്  ഉല്‍പ്രേരകമായി.

തണുത്തതും അഗോചരവുമായ ആകാശത്തിനടിയിലേക്ക് തിരിച്ചിറങ്ങുമ്പോള്‍, സഹതാപം നിറഞ്ഞ നിശ്ചലതയോടെ വഴിയോര വൃക്ഷങ്ങള്‍ എന്നെ നോക്കി നിന്നു. എനിക്കായി ഇനി ഒന്നുംതന്നെ കണ്ടെടുക്കാനില്ലാത്ത അതേ ലോകത്തിലേക്ക് ഞാന്‍ പടികളിറങ്ങി. രണ്ടായി പിരിയുന്ന വഴിയില്‍ കുറച്ച് നേരം നിന്നു.
 
കാതങ്ങള്‍ക്കപ്പുറത്ത്, അടഞ്ഞ ജനാലകളും വായു വലിഞ്ഞുപോയ മുറികളും എന്നെ കാത്തിരിക്കുന്നു. എനിക്കായി ജനിക്കാനിരുന്ന രക്ഷകന്‍ ചാപിള്ളയായി ഒടുങ്ങിയ സ്വപ്നം പലതവണ ആവര്‍ത്തിക്കുന്ന രാത്രികളുടെ ഓര്‍മ്മ എന്നെ ഞെരിച്ചു. അപ്പുറമിപ്പുറം കടന്നുപോകുന്ന മുഖം തിരിയാത്ത ശബ്ദങ്ങള്‍. ഒരിക്കലും പ്രാപ്യമല്ലാത്ത അമ്മയുടെ മടിത്തട്ടിലെ ചൂടും തലയില്‍ തലോടിയ പരുപരുത്ത കൈകളിലെ കണ്ടെടുക്കപ്പെടാഞ്ഞ വാത്സല്യവും എന്തിനെന്നില്ലാതെ ഞാന്‍ കൊതിച്ചു. ഈ ജന്മത്തിലിനി സാക്ഷാത്ക്കാര സാധ്യമല്ലാത്ത അനേകം മോഹങ്ങളുടെ കല്ലറയിലേക്ക് അതും മുതല്‍ചേര്‍ന്നു.

കുഴഞ്ഞുമറിഞ്ഞ തലയോടെ എത്തിപ്പെട്ട സ്ഥലത്തേക്ക് ഞാന്‍ പകച്ച് നോക്കി. ദുരാത്മാവിനെ അടക്കം ചെയ്ത പിരമിഡ് പോലെ അതാ വീട് നില്‍ക്കുന്നു. ഉദ്ദ്യേശിച്ചതിന്റെ എതിര്‍തീരത്തണഞ്ഞ കപ്പിത്താനായ ഞാന്‍ നിന്ന് കിതച്ചു. തണുത്ത ചരല്‍ കടന്ന് ഉമ്മറത്തെ പാതിയിരുട്ടിലേക്ക് കയറുമ്പോള്‍ എന്തോ സ്വരം കേട്ടതായി തോന്നി. കാലില്‍ എന്തോ തട്ടി.
 
നാല്

മെല്ലെ, അരണ്ട വെളിച്ചം തെളിഞ്ഞുവന്നു. അവള്‍ മൗനമായി മുഴക്കിയ വെല്ലുവിളി  ഇതാ അവന്റെ ഊരിവെച്ച ഷൂസ് ആയി രൂപാന്തരപ്പെട്ട് കിടക്കുന്നു. ഞാന്‍ വലിച്ച് കുടിച്ച വിയര്‍പ്പിന്റെ അതേ ഗന്ധം! ദീര്‍ഘദീര്‍ഘം ഞാനത് ശ്വസിച്ചു. നഷ്ടബോധത്തിന്റെ കയത്തില്‍ നിന്നും ഭ്രാന്തിന്റെ നിധികുംഭം ഉയര്‍ന്നുവന്ന്  തലക്കുമീതെ കമിഴ്ന്നു.

അട്ടഹസിക്കുന്ന കോശങ്ങളുമായി വാതിലില്‍ ഞാന്‍ തുളഞ്ഞു. മണിക്കൂറുകള്‍ക്കു മുമ്പ് ദഹിച്ചുകൊണ്ട് ഇറങ്ങിപ്പോയ തുറവിക്കു തൊട്ടുള്ള ചുവരില്‍  ചാര
ിനിന്നു. തിടുക്കത്തില്‍ വാരിയെടുത്ത വസ്ത്രങ്ങളുമായി ഓടിപ്പോകാന്‍ അവന് വഴിയൊഴിഞ്ഞുകൊണ്ട്.

തീരുകയാണ്. ഒടുങ്ങുന്ന മരണം നാല് ചുവരുകള്‍ക്കുള്ളിലേക്ക്!

ആനന്ദത്തിന്റെ ഒരു തിര കടന്നുപോയി. ഉള്ളില്‍ എന്റെ മുഖച്ഛായ മാറുകയും ഞാന്‍ മറ്റൊരാളെ ഓര്‍മ്മിക്കുകയും ചെയ്തു. അരികിലൂടെ കടന്നുപോയ ആ കാറ്റ് ഇനി എനിക്ക് സ്വന്തം. അവളെന്ന നാമരൂപം ഇതാ ഭൂതകാലത്തിലേക്ക് പ്രവേശിക്കുന്നു. ഇതിലും നല്ല കാരണം എനിക്കിനി ലഭ്യമല്ല.

കഴുത്ത് ഞെരിക്കുമ്പോള്‍ കൈത്തണ്ടകളെ ആവേശിച്ച എന്റെ കാവല്‍മൂര്‍ത്തികള്‍ ഉറഞ്ഞാടി. ഈ തുടകള്‍ക്കിടയില്‍ നിന്നും എഴുന്നേറ്റ് ഓടിപ്പോയവന്റെ ജീവന്‍ ഇനി എനിക്കും അവനും സ്വന്തം. ഒന്നും ആവശ്യമില്ലാത്ത ഇടത്തേക്ക്  അവള്‍ക്ക് പോകേണ്ടതുണ്ട്. സ്നേഹിച്ചും വെറുത്തും എരിഞ്ഞ ആ കണ്ണുകള്‍ എന്നെ തുറിച്ച് നോക്കിക്കൊണ്ടിരുന്നു. ആസക്തിയോടെ എന്നെ ചുംബിച്ച ചുണ്ടുകള്‍ വക്രിച്ചു. മനോഹരമായ മുഖം കോടിപ്പോയി. ഒടുവില്‍ നഗ്നദേഹം ജീവനടക്കം വിസര്‍ജ്ജിച്ച് വിലക്ഷണപടുതിയില്‍ നിശ്ചലമായി.

പുറത്തിറങ്ങിയപ്പോള്‍, മുകളിലതാ അഴിഞ്ഞും കലര്‍ന്നും നീങ്ങുന്ന മേഘരൂപങ്ങള്‍. രാത്രിയിപ്പോള്‍  മഴയൊഴിഞ്ഞ് ശാന്തമായിരിക്കുന്നു. നനഞ്ഞ പുല്‍നാമ്പുകള്‍ക്ക് മീതെ നിലാവ് പടരുന്നു.


 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

Latest Videos
Follow Us:
Download App:
  • android
  • ios