Malayalam Short Story| വെളുത്ത രൂപങ്ങള്‍, സുജിത് പേരാവൂര്‍ എഴുതിയ കഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സുജിത് പേരാവൂര്‍ എഴുതിയ കഥ

chilla amalayalam short story by Sujith Peravoor

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla amalayalam short story by Sujith Peravoor

 

വലിയ തോട്ടിലെ വെള്ളം ഇത്തവണ നേരത്തെ വറ്റാന്‍ തുടങ്ങിയിരിക്കുന്നു. പറമ്പില്‍ വീണ് ദ്രവിച്ച കൈലി മുണ്ടിന്റെ കഷണങ്ങള്‍ പോലെ അവിടവിടെയായി ചെറിയ ചെറിയ വെള്ളക്കെട്ടുകള്‍ കാണാം. അവയില്‍ മഞ്ഞ നിറമുള്ള പാടയും. മീശയാണ്ടിയുടെ കയ്യിലെ കത്തിച്ചു പിടിച്ച ഓലച്ചൂട്ട് ചുവന്ന കനല്‍ത്തരികളെ തോട്ടിലേക്ക് എറിഞ്ഞു കൊണ്ടിരുന്നു.

എരിഞ്ഞു തീരാറായ ദിനേശ് ബീഡി വായില്‍ തിരുകി ചൂട്ട് തൊട്ടടുത്ത കല്ലില്‍ വച്ച്, മാടിക്കുത്തിയ ലുങ്കി പൊക്കിപ്പിടിച്ചു കൊണ്ട് ആണ്ടി തോട്ടിലേക്ക് മൂത്രം നീട്ടിപ്പിടിച്ചു. തളം കെട്ടി നിന്ന തോട്ടിലെ വെള്ളം ആണ്ടിയുടെ ചൂട് മൂത്രം വീണ് മെല്ലെ പൊട്ടിയൊഴുകാന്‍ തുടങ്ങി. വലിയ കൊറുങ്ങകള്‍ വിടര്‍ത്തി പുറത്തേക്ക് വന്ന ഒരു ഞണ്ട് പതിയെ മാളത്തിലേക്ക് പിന്‍വലിഞ്ഞു. ഇടതു കൈകൊണ്ട് ട്രൗസര്‍ നേരെയാക്കി ലുങ്കി ഒന്നുകൂടി വരിഞ്ഞു കെട്ടിയപ്പോഴേക്കും ചൂട്ടിലെ ഓലക്കണ്ണികള്‍ തീക്കനലുകളെ ഊതിക്കെടുത്തിയിരുന്നു.

'ശ്ശെ..... കത്ത് കുരിപ്പേ'

അരക്കെട്ടില്‍ തിരുകി വച്ച വെള്ളനിറത്തിലുള്ള ചാരായക്കുപ്പി മുറുകെപ്പിടിച്ചുകൊണ്ട് ആണ്ടി ഓലച്ചൂട്ടിനോട് ദേഷ്യപ്പെട്ടു.

കുറ്റിയായി മാറിയ ബീഡി അതിന്റെ നൂല്‍ച്ചുറ്റിനെയും കത്തിച്ചു കൊണ്ട് ഇരുട്ടിനെ വലിച്ചെടുത്ത് ആണ്ടിയുടെ ചുണ്ടിലെ തുപ്പലില്‍ ചത്തു കിടന്നു. 

' ത്ഫൂ .... അന്റെ പൊകയും തീര്‍ന്നാ''

അരിശം മൂത്ത അയാള്‍ ബീഡിക്കുറ്റി തോട്ടിലേക്ക് ആഞ്ഞ് തുപ്പി.

ആരോടെന്നില്ലാതെ പെട്ടെന്ന് കയറിക്കൂടിയ ദേഷ്യം ആണ്ടി ഒരു പാട്ടിലൂടെ തണുപ്പിച്ചെടുത്തു. രാത്രി യാത്രയില്‍ ഒന്നിനെയും പേടിയില്ലാത്ത ആണ്ടിക്ക് ഒറ്റക്കാര്യത്തില്‍ മാത്രമേ പേടിയുള്ളൂ. വെളുത്ത തുണിയുടുത്ത് നിലം തൊടാതെ നടന്നടുക്കുന്ന പ്രേതം! പലപ്പോഴായി കയറിവരുന്ന ആ ഭയത്തെ ഇല്ലാതാക്കാന്‍ വേണ്ടി ആണ്ടി തന്നെ കണ്ടുപിടിച്ച വഴിയാണ് വായില്‍ വന്നത് പാട്ടായി പാടുക എന്നത്. 

കുറച്ച് മുന്‍പ് വരെ ചീരുട്ടിയുടെ ഓലപ്പുരയില്‍ അവളുടെ ചൂടുപറ്റി കിടക്കുമ്പോള്‍ ആണ്ടി ഒരു പരാക്രമിയായിരുന്നു. അയാളുടെ വീര്യത്തിനു മുന്നില്‍ തളര്‍ന്നു പോയ അവള്‍ ഒടുവില്‍ സഹികെട്ട് അയാളെ ഉന്തിത്തള്ളി പുറത്താക്കി ചെറ്റക്കുടിലിന്റെ വാതിലടച്ചപ്പോഴാണ് അയാള്‍ അവിടെ നിന്നും ഇറങ്ങാന്‍ കൂട്ടാക്കിയത് തന്നെ. പക്ഷേ തോട്ടിന്‍ കരയിലെ ശ്മശാനത്തിന്റെ അരികിലെത്തിയപ്പോള്‍ ആണ്ടിയുടെ ധൈര്യം മുഴുവന്‍ ചേമ്പിലയില്‍ വീണ മഴത്തുള്ളി പോലെ വാര്‍ന്നു പോയി. ഭയം വരട്ടിയെടുത്ത ഉണങ്ങി വരണ്ട തൊണ്ട ശരിയാക്കി ആണ്ടി വീണ്ടും ചീരുവിനെക്കുറിച്ചുള്ള വരികള്‍ പാടി നടന്നു.

' ആരാ അത് ....അന്നോട് വേണ്ട കെട്ടാ ....'

കപ്പച്ചേടത്തിയുടെ കവുങ്ങിന്‍ തോട്ടത്തിലെ വെളുത്ത രൂപത്തെ കണ്ട് ആണ്ടി ഒന്നു നിന്നു. കയ്യിലെ ചൂട്ട് ഒന്നുകൂടി ആഞ്ഞുവീശിക്കൊണ്ട് അയാള്‍ കണ്ണുകള്‍ ഇറുകിയടച്ച് തുറന്നു. എന്നിട്ട് ഒരിക്കല്‍ കൂടി സൂക്ഷിച്ചു നോക്കി. പൊടുന്നനെ ആളിക്കത്തിയ ചൂട്ടിന്റെ വെളിച്ചത്തില്‍ അവിടുത്തെ രൂപം ചീമക്കൊന്നയുടെ കമ്പില്‍ തങ്ങിനിന്ന കാമുകിന്‍ പാളയായി മാറുന്നതായി അയാളറിഞ്ഞു. അപ്പോഴാണ് താളം തെറ്റിയ അയാളുടെ ശ്വാസം മൂക്കില്‍ നേരെ വീണത്.

'ആ... ങ്ഹാ .....ആണ്ടിയെ പേടിപ്പിക്കാന്‍ നോക്കല്ലേ ....'

തീപ്പിടിച്ച മത്താപ്പ് പോലെ കത്തിക്കയറിയ ഭയം പെട്ടെന്ന് ഇല്ലാതായ ആശ്വാസത്തില്‍ അയാള്‍ ഒരു വീരവാദം പറഞ്ഞു. വശങ്ങളിലേക്ക് പടര്‍ന്നുകയറിയ കൊമ്പന്‍മീശ തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് ഒന്നുകൂടി ഉയര്‍ത്തി വച്ചു. എന്നിട്ട് അരക്കെട്ടിലെ ചാരായക്കുപ്പിയുടെ മൂടി തുറന്ന് രണ്ട് കവിള്‍ അകത്താക്കിക്കൊണ്ട് പാട്ട് ഒന്നു കൂടി ഒച്ചയില്‍ പാടി.

ആണ്ടിയുടെ മീശ ഒന്നു കാണേണ്ടതു തന്നെയാണ്. പല വീടുകളിലെയും അമ്മമാര്‍ കുട്ടികളെ പേടിപ്പിച്ച് നിര്‍ത്തിയത് തന്നെ മീശയാണ്ടിയുടെ പേര് പറഞ്ഞായിരുന്നു. തന്റെ മീശയോടുള്ള കുട്ടികളുടെ ഭയവും ആള്‍ക്കാരുടെ പരിഗണനയും അയാള്‍ തരക്കേടില്ലാതെ ആസ്വദിച്ചു പോന്നു. കുട്ടികള്‍ കരയുന്ന വീടുകളുടെ മുന്നിലെത്തുമ്പോള്‍ അയാള്‍ നെഞ്ച് വിരിച്ച് നേരെ നിന്നുകൊണ്ട് തന്റെ കൊമ്പന്‍ മീശ ഒന്നൂടെ തിരുമ്മി മേലോട്ട് കേറ്റി വെക്കും. എന്നിട്ട് തന്റെ സാന്നിദ്ധ്യമറിയിക്കാന്‍ വേണ്ടി ഒന്ന് ഒച്ചയെടുത്ത് തൊണ്ട കാറും. 

ആരും തന്നെ മീശയാണ്ടി എന്ന് നേരിട്ട് വിളിക്കാറില്ലെങ്കിലും നാട്ടുകാര്‍ 'മീശ' എന്നാണ് അഭിസംബോധന ചെയ്യുന്നതെന്ന് അയാള്‍ക്ക് നന്നായറിയാം. അങ്ങിനെ അയാളുടെ മനസ്സിലും നാട്ടുകാരുടെ മനസ്സിലും ആണ്ടി, മീശയാണ്ടിയായി മാറി.

'അടിച്ചാരായം തന്ന് പറ്റിച്ചു, പന്നി.
ക്‌റാ...ത്ഫൂ ....'

നേരിയ പുളി കയറിയ ചാരായത്തിന്റെ അവശേഷിച്ച തുള്ളികള്‍ നീട്ടിത്തുപ്പിക്കൊണ്ട് അയാള്‍ വാറ്റുകാരന്‍ നാണുവിനെ പ്രാകി. 

എണ്ണപ്പുല്ലുകളും കമ്മ്യൂണിസ്റ്റ് പച്ചയും തഴച്ചുവളര്‍ന്ന ശ്മശാനപ്പറമ്പില്‍ നിന്നും കാട്ടുരാച്ചുക്കുകള്‍ കുറുകി കൊണ്ടിരുന്നു. ശ്മശാനത്തിന്റെ ഇരുവശങ്ങളിലും വളര്‍ന്നുവരുന്ന റബ്ബര്‍ തോട്ടങ്ങള്‍ ആണ്. താഴെ കുഞ്ഞപ്പയുടെ പറമ്പും അതിനും താഴെയായി തോടും. കാട്ടുമരങ്ങള്‍ വളര്‍ന്ന കുഞ്ഞപ്പയുടെ പറമ്പില്‍ കൈതകള്‍ തഴച്ചുവളര്‍ന്നു. പറമ്പില്‍ തന്നെ തോടിനോട് ചേര്‍ന്ന് ഒരു പൊട്ടക്കിണറുണ്ട്. അതിനകത്തെ രണ്ട് ആമകളില്‍ ഒന്നിനെ ആണ്ടി ഒരിക്കല്‍ കറി വെക്കാന്‍ വേണ്ടി പിടിച്ചതാണ്. പിന്നീട് എന്തോ പാവം തോന്നി അയാള്‍ അതിനെ കിണറ്റില്‍ തന്നെ ഇടുകയാണ് ചെയ്തത്.

ശ്മശാനത്തിന്റെ അരക്കിലോമീറ്റര്‍ അപ്പുറവും ഇപ്പുറവും ഒറ്റ വീട് പോലും ഇല്ല. റോഡിലൂടെ പോയാല്‍ അയാള്‍ക്ക് വേഗം വീട്ടിലെത്താം. പക്ഷേ ശ്മശാനത്തോട് ചേര്‍ന്ന കാടു പിടിച്ച റോഡ് ആണ്ടി രാത്രികാലങ്ങളില്‍ എന്നും ഒഴിവാക്കുകയാണ് ചെയ്യുക.

ആണ്ടിയുടെ ഭയം ഉയര്‍ന്നുപൊങ്ങി താഴ്ന്ന കണക്കെ ഓലച്ചൂട്ടിലെ തീ വീണ്ടും കെട്ടു.

'കുരിപ്പ്പ്പ് ... '

ചാരം തിന്ന് പരസ്പരം അകന്നു നിന്ന ഓലക്കണ്ണികള്‍ വാഴയാണിയിലേക്ക് വലിച്ചെറിഞ്ഞു കൊണ്ട് അയാള്‍ പിറുപിറുത്തു.

'അന്നോടാ കളി....? ഈ മീശയാണ്ടിയോടാ കളി....!'

തോട്ടത്തില്‍ വീണുകിടന്ന തെങ്ങിന്‍ മടല് ചവിട്ടി പൊട്ടിച്ച് ഉടുത്തിരുന്ന ലുങ്കി വലിച്ചു കീറി അയാള്‍ അതിന്റെ തറ്റത്ത് ചുരുട്ടിക്കെട്ടി. അരക്കെട്ടില്‍ നിന്നും ചാരായക്കുപ്പി തുറന്ന് അതിലേക്കൊഴിച്ചു. ശേഷിച്ച അവസാനത്തെ ഒരു കവിള്‍ ചാരായം വായിലേക്ക് കമിഴ്ത്തി ട്രൗസറിന്റെ കീശയില്‍ നിന്നും മാന്‍മാര്‍ക്ക് തീപ്പെട്ടി എടുത്ത് പന്തത്തിന് തീ കൊടുത്ത് തോട്ടത്തില്‍ കുത്തിനിര്‍ത്തിക്കൊണ്ട് അയാള്‍ ഒരു ദിനേശ് ബീഡിക്ക് കൂടി തീകൊളുത്തി.

എന്നും വൈകിയണയുന്ന കിട്ടന്റെ വീട്ടിലെ ചിമ്മിനി വിളക്കും അണഞ്ഞ ആ കനത്ത ഇരുട്ടില്‍ ആണ്ടിയുടെ പന്തം ശ്മശാന പറമ്പിന് മുന്നില്‍നിന്ന് ചാരായം വലിച്ചുകുടിച്ചു കത്തിപ്പൊങ്ങി. അനന്തരം ബീഡിക്കുറ്റി വായില്‍ കടിച്ചു പിടിച്ച് കവിളുകള്‍ ഒട്ടുമാറ് ഒരു വലിയ പുക കൂടി വലിച്ചെടുത്തു കൊണ്ട് അയാള്‍ ശ്മശാനത്തിലേക്ക് നോക്കി ആരോടെന്നില്ലാതെ ഒരു വെല്ലുവിളി നടത്തുകയും വെള്ളയില്‍ നീല കള്ളികളുള്ള ട്രൗസര്‍ മാത്രമായി പന്തവും പിടിച്ചു തോട്ടുവക്കിലൂടെ നടത്തം തുടരുകയും ചെയ്തു.

ചാണകം മെഴുകിയ ഇറയത്ത് കിഴക്കന്‍ വെളിച്ചം വന്നു വീഴുമ്പോള്‍ ആണ്ടി മലര്‍ന്നു കിടക്കുകയായിരുന്നു. കറുത്ത രോമങ്ങള്‍ പടര്‍ന്നുപിടിച്ച കരിവീട്ടി പോലുള്ള ദേഹത്ത് ഈച്ചയും ഉറുമ്പും ഓടിക്കളിച്ചു. ഉണങ്ങിയ ചാണകപ്പൊടി ദേഹത്ത് മുള്ളുപോലെ കുത്തി ചൊറിയാന്‍ തുടങ്ങിയപ്പോഴാണ് ആണ്ടി മെല്ലെ എഴുന്നേറ്റിരുന്നത്.

' എപ്പാടാ എത്തീത് .... നല്ല കോല്‍ത്തിലാണ്‍ല്ലോ ....'

കിണറ്റില്‍ നിന്നും വെള്ളം കോരാന്‍ വന്ന അപ്പുറത്തെ വീട്ടിലെ മാതുവേടത്തി ആണ്ടിയോട് കുശലം പറഞ്ഞ് പാളത്തൊട്ടിയെടുത്ത് കിണറ്റിലേക്ക് താഴ്ത്തി. ആണ്ടി കണ്ണുകള്‍ തിരുമ്മിക്കൊണ്ട് പറമ്പിലേക്ക് നോക്കി കുത്തിയിരിക്കുക മാത്രം ചെയ്തു. പതിവ് ചോദ്യമായതുകൊണ്ട് അയാള്‍ മാതുവമ്മയ്ക്ക് മറുപടി ഒന്നും കൊടുത്തില്ല. അല്ലെങ്കിലും എന്തെങ്കിലും മറുപടി പ്രതീക്ഷിച്ചുകൊണ്ടല്ല അയാളോട് മാതുവമ്മ ചോദ്യങ്ങള്‍ ചോദിക്കുന്നത്. 

'മോന്തിക്കത്തെ ചേമ്പു പുഴുങീതും കഞ്ഞിയും ഇണ്ട്. വേണങ്കി വന്നെടുത്തോ.'

ചുളുങ്ങിയ അലുമിനിയം പാത്രത്തിലെ വെള്ളം ഊരയില്‍ താങ്ങി തിരിച്ചുപോകുമ്പോള്‍ മാതുവമ്മ ഉച്ചത്തില്‍ പറഞ്ഞു.
ഒറ്റയാനായി ജീവിക്കുന്ന ആണ്ടിക്ക് മാതുവമ്മയുടെ സ്‌നേഹ വാക്കുകള്‍ വലിയ ആശ്വാസമാണ്. പക്ഷേ അത് പുറത്തു കാണിക്കാതിരിക്കാന്‍ അയാള്‍ മൗനം വിഴുങ്ങി ആകാശം നോക്കി ഇരിക്കുകയാണ് പതിവ്.

ഉറക്കം വിട്ടു മാറാത്ത അയാളുടെ കണ്ണുകളില്‍ താന്‍ ഓടിക്കളിച്ചു വളര്‍ന്ന വളപ്പും പരിസരവും പരന്നുകിടന്നു. കുട്ടിക്കാലത്ത് ചവച്ചുതിന്ന കാട്ടുനെല്ലിക്കയുടെ രുചി പോലെ എന്തോ ഒന്ന് മനസ്സിലേക്ക് അലയടിച്ചെത്തുന്നതായി അയാള്‍ക്ക് അനുഭവപ്പെട്ടു.

പറമ്പിലെ പ്ലാവുകള്‍ കായ പിടിച്ചു തുടങ്ങിയിരിക്കുന്നു. പൂവിട്ടു തുടങ്ങിയ കശുമാവുകളില്‍ ചിലച്ചു കൊണ്ടിരിക്കുന്ന അണ്ണാന്മാരുടെ ഇടയിലേക്ക് ഒരുകൂട്ടം പൂത്താങ്കിരികള്‍ കലപില കൂട്ടിക്കൊണ്ട് പറന്നിറങ്ങി. കരിയിലകള്‍ക്കിടയിലൂടെ അവ തുള്ളിച്ചാടി നടന്നു. ധനു മാസത്തിലെ ഇളം കുളിരുള്ള പടിഞ്ഞാറന്‍ കാറ്റ് അയാളുടെ ദേഹത്ത് തട്ടി അലസമായ മനസ്സിലേക്ക് ഒരു അപ്പൂപ്പന്‍ താടി പോലെ ഇറങ്ങിച്ചെന്നു. 

കൂടെപ്പിറപ്പുകള്‍ രണ്ടാളുണ്ടായിരുന്നു. ഓര്‍മ്മകളില്‍ എന്തൊക്കെയോ അവ്യക്ത ചിത്രങ്ങള്‍ അവശേഷിപ്പിച്ചു കൊണ്ട് അവര്‍ എപ്പഴൊക്കെയോ മരിച്ചു പോയി. അമ്മ എപ്പഴാണ് യാത്രയായത്?

ഇല്ല; ഒര്‍മ്മകള്‍ അയാളോട് കൃത്യമായി ഒന്നും പറയുന്നില്ല. അറിയാതെ അയാള്‍ അസ്വസ്ഥനാകാന്‍ തുടങ്ങി. അവസാനം അവശേഷിച്ചത് അച്ഛനും താനും മാത്രമായിരുന്നെന്ന് മാത്രം അയാള്‍ക്ക് വ്യക്തമായറിയാം. എന്തൊക്കെയോ ചില ഓര്‍മകള്‍ നുറുങ്ങുവെട്ടം പോലെ അയാളിലേക്ക് ഓടിയെത്താന്‍ തുടങ്ങി.

നമ്പീശന്‍ പുല്ല് മേഞ്ഞ ഓലപ്പുരയില്‍ ഒറ്റയ്ക്കായപ്പോള്‍ ഒരിക്കല്‍ അച്ഛന്‍ തന്നെയും കൂട്ടി കൂത്തുപറമ്പിലേക്ക് പോയത്. പനത്തടി കൊണ്ടുണ്ടാക്കിയ കാവടിയുടെ രണ്ടറ്റത്തും മുഴുത്ത നേന്ത്രക്കുലകള്‍ തൂക്കിയിട്ട് തോളില്‍ ചുമന്ന് കൊണ്ട് അച്ഛന്‍ നടക്കുമ്പോള്‍ തോര്‍ത്തുമുണ്ടുടുത്ത് താനും പുറകേ നടന്നത്. 

അന്ന് കൂത്തുപറമ്പിലേക്ക് മാലൂര്‍ വഴി റോഡില്ല. കാട്ടുമരങ്ങള്‍ക്കിടയിലൂടെ കാല്‌പെരുമാറ്റം വഴി രൂപം കൊണ്ട നടവഴി മാത്രം.

അച്ഛന്റെ തോളിലെ കാവടി വാഴക്കുലയുടെ ഭാരത്തില്‍ കുലഞ്ഞാടിക്കൊണ്ടിരുന്നു. കറുത്ത രോമങ്ങള്‍ ജടപിടിച്ച അച്ഛന്റെ ശരീരത്തില്‍ നിന്നും വിയര്‍പ്പ് ചാലുകള്‍ വണ്ടിയുടെ ചില്ലില്‍ വീണ മഴ പോലെ ഒലിച്ചിറങ്ങുന്ന കാഴ്ച ആണ്ടിയുടെ മനസ്സില്‍ തുലാമഴ പോലെ പെയ്തിറങ്ങി. കൂത്തുപറമ്പിലെത്തി അപ്പുച്ചെട്ട്യാരുടെ കടയില്‍ നേന്ത്രക്കുലകള്‍ കൊടുത്ത് നാണയത്തുട്ടുകള്‍ കോന്തലക്ക് കെട്ടി തൊട്ടടുത്ത ചായക്കടയില്‍ നിന്നും അച്ഛന്‍ കട്ടന്‍ ചായയും പല ബിസ്‌കറ്റും വാങ്ങിത്തന്നു. അന്നാണ് അച്ഛന്‍ ആദ്യമായി തന്നെ നോക്കി ചിരിച്ചതെന്ന് അയാള്‍ തെല്ലൊരത്ഭുതത്തോടെ ഓര്‍ത്തു. 

നെല്ലിയില പോലെ വലിപ്പമുള്ള പുരികങ്ങള്‍ക്ക് താഴെ കത്തി നില്ക്കുന്ന അച്ഛന്റെ കണ്ണുകള്‍ തന്നെ ഭയപ്പെടുത്തിയിരുന്നോ ! അച്ഛന്‍ ഒരിക്കലും അടിക്കുകയോ വഴക്കു പറയുകയോ ചെയ്തിട്ടില്ല. എന്നിട്ടും അച്ഛന്റെ മുഖത്തേക്ക് നോക്കാന്‍ പോലും എന്തോ ഒരുള്‍ഭയം ഉണ്ടായിരുന്നതായി ആണ്ടി ഓര്‍ത്തു. അച്ഛന്‍ എന്നോട് സംസാരിച്ചിരുന്നോ ....? ഇല്ല ! അച്ഛന്‍ ആരോടും സംസാരിക്കുന്നതായി ഞാന്‍ കണ്ടിട്ടില്ല. ഒരുപക്ഷേ ഞാന്‍ ശ്രദ്ധിക്കാത്തത് കൊണ്ടായിരിക്കും. അയാള്‍ക്ക് സംശയമായി. 

കഠിനമായ വയറുവേദന സഹിക്കാന്‍ വയ്യാതെ എപ്പോഴോ, അടിത്തട്ടില്‍ ചെളി നിറഞ്ഞ നല്ല വെള്ളമുണ്ടായിരുന്ന കണ്ണേട്ടന്റെ പറമ്പിലെ പൊട്ടക്കിണറ്റിലെ വെള്ളത്തില്‍ പ്രാണവായു ഊതിയിട്ട് അച്ഛന്‍ പൊങ്ങിക്കിടന്നപ്പോള്‍ ആണ്ടി ഈ ലോകത്ത് ഒറ്റയ്ക്കാവുകയായിരുന്നു.

'ആണ്ടീ .... ശ്മശാനത്തില്‍ ഒരു ശവം വന്നിട്ടുണ്ട്, കുഴി കുത്തണം.'

കണ്ണേട്ടന്റെ തെങ്ങിന്‍തോപ്പിലെ പണിയും കഴിഞ്ഞ് വന്ന് പടിഞ്ഞാട്ട് മാനം നോക്കി ഇരിക്കുമ്പോഴാണ് വാസു ഓടിക്കിതച്ചു വന്നത്.

'ഇപ്പഴോ ....?'

ആണ്ടി ആകാശത്തേക്ക് നോക്കി.
ശ്മശാനത്തില്‍ ശവക്കുഴി തോണ്ടാന്‍ ആണ്ടിക്ക് ഒട്ടും ബുദ്ധിമുട്ടില്ല. പക്ഷേ അത് പകല്‍വെളിച്ചത്തില്‍ ആയിരിക്കണം എന്ന് മാത്രം. ഇരുട്ടിന്റെ കരിമ്പടം താഴെവീണാല്‍ ശ്മശാനം വെളുത്ത പ്രേതങ്ങളുടെ പറമ്പ് മാത്രമാണ് ആണ്ടിക്ക്.


'ഒന്ന് എണീറ്റ് വന്നൂടെ ന്റെ .... ആണ്ടി. ഇരിട്ടീട്ടൊന്നൂല്ല.'

ചെളി പുതഞ്ഞ ദേഹം കൈകള്‍കൊണ്ട് ഒന്നു തുടച്ച് ആണ്ടി തൂമ്പയെടുത്ത് ശ്മശാനത്തിലേയ്ക്ക് നടന്നു.

മത്തിപ്പുളി പൂവിട്ട ശ്മശാനപ്പറമ്പ് മുഴുവനും കമ്മ്യൂണിസ്റ്റ് പച്ചയുടെ വെളുത്ത പൂക്കള്‍ നിറഞ്ഞിരിക്കുന്നു. ഇടയിലായി കുറേ നമ്പീശന്‍ പുല്ലുകളും.

ഇലകള്‍ പോലും നിശ്ചലമായ സന്ധ്യയില്‍ വിലപിക്കാനോ കണ്ണീര്‍ വീഴ്ത്താനോ ആരുമില്ലാതെ തഴപ്പായയില്‍ പൊതിഞ്ഞ ഒരു ശവം അതിനിടയില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നത് അയാള്‍ കണ്ടു. മൂന്ന് നാലാള്‍ക്കാരും ഒരു പോലീസുകാരനും റോഡില്‍ നില്ക്കുന്നതൊഴിച്ചാല്‍ ആണ്ടിയും വാസുവും മാത്രമേ ശ്മശാനത്തിലുള്ളൂ.

മണ്ണില്‍ മല്ലിട്ടു വളര്‍ന്ന, കാട്ടുകോഴിയെയും കാട്ടുപന്നികളെയും കെണിവെച്ച് ചുട്ടു കഴിക്കാറുള്ള ആണ്ടിയുടെ മെയ്ക്കരുത്തിന് മുന്നില്‍ ശ്മശാനത്തെ വടക്ക് പടിഞ്ഞാറേ മൂലയിലെ ആറടിമണ്ണ് പെട്ടെന്ന് തന്നെ ഒരാള്‍ നീളത്തിലുള്ള കുഴിയായി രൂപം കൊണ്ടു.

'ആരാ വാസൂ ആള്....? ഏടേള്ളതാ?' 

തള്ളവിരലുകൊണ്ട് വിയര്‍പ്പ് ചാലുകള്‍ തുടച്ചെറിഞ്ഞു കൊണ്ട് തഴപ്പായയില്‍ പൊതിഞ്ഞ ശവത്തെ നോക്കി അയാള്‍ വെറുതെ ചോദിച്ചു.

'അത് കുറൂഞ്ഞിയിലെ ചീരുട്ടിയാ... പെട്ടെന്ന് കൊയഞ്ഞുവീണു ചത്തതാ. വളപ്പില് സലം ഇല്ലാത്തോണ്ട് ഇങ്ങോട്ടേക്കെടുത്തു. സ്വന്തോന്നും ബന്തോന്നും പറയാന്‍ ആരൂല്ലല്ലോ. അയലോക്കക്കാരാണെങ്കില്‍ ഒന്ന് വന്ന് നോക്കി പോയി, അത്രേന്നെ.'

ആണ്ടിയുടെ ഉള്ളിലെന്തോ പിടഞ്ഞു. പെട്ടെന്ന് ഇറുകിയടഞ്ഞ കണ്ണുകളില്‍ നെറ്റിയിലെ ഉപ്പുനീര് ഒലിച്ചിറങ്ങി.

'അനക്കൊന്ന് ശവം കാണണം.'

കുഴിയില്‍ നിന്ന് കോരിയിട്ട മണ്ണ് പോലെ വരണ്ടുണങ്ങിയ തൊണ്ട കീറിക്കൊണ്ട് ആണ്ടി വാസുവിനെ നോക്കി.

'എന്തിനാണ്ടീ.....?'

മാറിനില്‍ക്കുന്ന ആള്‍ക്കാരെ നോക്കി ഒരു കള്ളച്ചിരിയോടെ വാസു ആണ്ടിയുടെ മുഖത്ത് കണ്ണുകള്‍ ഒട്ടിച്ചു നിന്നു.

തഴപ്പായ അഴിച്ച് ഒരു മാത്ര മുഖം നോക്കിയ ആണ്ടിയുടെ ശരീരത്തില്‍ നിന്നും വിയര്‍പ്പുതുള്ളികള്‍ ആവിയായി പൊങ്ങി. കാലുകള്‍ ഒന്ന് വേച്ചുപോയ അയാള്‍ ശ്മശാനത്തിലെ കാടും കല്ലും ചവിട്ടിത്താണ്ടി നടവഴിയിലൂടെ കുതിച്ച് നടന്നു.

'ആണ്ടീ .... ശവം മൂടണ്ടേ ....'

പിന്നില്‍ നിന്നും നീണ്ടു വന്ന വാസുവിന്റെ ശബ്ദം അയാളുടെ ചെവികള്‍ക്ക് കീഴേ ചത്തുവീണു. കൈതക്കാടും തോടും വകവെക്കാതെ അയാള്‍ കെട്ടഴിച്ചു വിട്ട പോത്തിനെപ്പോലെ പാഞ്ഞു.

കണ്‍പോളകള്‍ തൂങ്ങി ഉറക്കത്തിലേക്ക് വഴുതിവീണ അയാള്‍ പാതിരാത്രിയില്‍ എപ്പോഴോ ആണ് കണ്ണുകള്‍ തുറന്നത്. വയലിലെ കാട്ടുചേമ്പിന്‍ കൂട്ടത്തില്‍ നിന്ന് കുളക്കോഴി പതിവ് തെറ്റി ചിലച്ചു കൊണ്ടിരുന്നു. താളി മരത്തിന്റെ മുരടിച്ച കവലയിലെ മാളത്തിന് പുറത്തിരുന്ന പുള്ളി നത്ത് തുടര്‍ച്ചയായി മൂളി.

അയാളുടെ മനസ്സില്‍ ചീരൂട്ടി ഒരു മഴ പോലെ പെയ്തിറങ്ങാന്‍ തുടങ്ങി. ബ്ലൗസും ലുങ്കിയുമുടുത്ത് അവള്‍ അയാളെ നോക്കി ചിരിച്ചു. ചെറിയ മടക്കുകള്‍ വീണ ഗോതമ്പിന്റെ നിറമുള്ള അവളുടെ വയറും പൊക്കിളും ചിരിയില്‍ കുലുങ്ങുന്നതായി അയാള്‍ക്ക് തോന്നി.

രാമച്ചത്തിന്റെ വേരുപോലെ ഞരമ്പുകള്‍ പടര്‍ന്നുകയറിയ കറുത്ത് തടിച്ച അയാളുടെ കാലുകള്‍ പാടവും തോടും കടന്ന് ഇരുട്ടിലൂടെ നടന്നു. കറുത്ത് തടിച്ച ആ ഇരുട്ടിലും അയാള്‍ക്ക് മുന്നില്‍ ഓരോ കാലടിയും ഒരു അജ്ഞാത വെളിച്ചമായി തെളിഞ്ഞു വന്നുകൊണ്ടിരുന്നു. വാഴത്തോട്ടത്തിലെ ആണികള്‍ അയാള്‍ കൃത്യമായി ചാടിക്കടന്നു. തോടിന് കുറുകെയുള്ള പൊട്ടിവീഴാറായ കവുങ്ങിന്റെ ഒറ്റത്തടിയിലൂടെ അയാള്‍ ഒരു തൂവലൊഴുകുന്ന ലാഘവത്തോടെ നടന്നു.

ശ്മശാനത്തിനടുത്തുള്ള പൂത്ത കശുമാവിന്‍ ചോട്ടിലെത്തിയപ്പോള്‍ ഓടിത്തളര്‍ന്ന കല്‍ക്കരി വണ്ടി പോലെ അയാള്‍ കിതച്ചു നിന്നു. അയാളുടെ മനസ്സിലേക്ക് ശ്മശാനത്തെക്കുറിച്ചുള്ള ചിന്ത പച്ചമരത്തില്‍ വീണ കോടാലി പോലെ തറിച്ചു വീണത് അപ്പോഴാണ്. വെറുതെ തിരിഞ്ഞു നോക്കി. ചുറ്റും ഇരുട്ടാണ്. മരങ്ങളും ചെടികളും കറുത്തു പോയിരിക്കുന്നു. ആകാശത്തിന്റെ മേല്‍ക്കൂരയില്‍ മുടിനാരിഴയുടെ വലിപ്പത്തില്‍ പോലും വെളിച്ചമില്ല. പെട്ടെന്ന് ഭയം അയാളെ അടിമുടി കുടഞ്ഞെറിഞ്ഞു.

അയാളുടെ കണ്ണുകള്‍ അറിഞ്ഞോ അറിയാതെയോ ചീരുട്ടിയുടെ കുഴിമാടത്തിലേക്ക് നീണ്ടു.

ശ്മശാനത്തിലെ പൊന്തക്കാടുകള്‍ക്കിടയില്‍ ചീരൂട്ടി ഒരു വെള്ള രൂപമായി ഉയര്‍ന്നു വരുന്നത് അയാള്‍ കണ്ടു. അവളുടെ കണ്ണുകള്‍ വലിയ ഓട്ടുകിണ്ണം പോലെ സ്വര്‍ണ്ണനിറമായിരിക്കുന്നു. മുടി പനങ്കുല പോലെ കുലഞ്ഞിറങ്ങിയിരിക്കുന്നു. കാലുകള്‍ നിലത്ത് കുത്താതെ അവള്‍ അയാള്‍ക്ക് മുന്നില്‍ ഉയര്‍ന്നു നിന്നു.

അയാളുടെ ശരീരത്തില്‍ നിന്നും ഭാരം ഭൂമിയിലേക്ക് ഊര്‍ന്നുവീഴാന്‍ തുടങ്ങി.


ആകസ്മികമായ ഏതോ ഒരുള്‍ പ്രേരണയാല്‍ അയാളുടെ കാലുകള്‍ റോഡിലൂടെ പായാന്‍ തുടങ്ങി. കാലം അയാള്‍ക്ക് പിന്നില്‍ പെരുമഴ പോലെ കുത്തിയൊലിച്ചു പെയ്തു. ശ്വാസമെടുക്കാന്‍ പോലും സമയമില്ലാതെ അയാള്‍ ഓടിക്കൊണ്ടേയിരുന്നു; സര്‍വ്വശക്തിയുമെടുത്ത് - കാടു പടര്‍ന്ന റോഡിലൂടെ-മുള്‍പ്പടര്‍പ്പിലൂടെ-ശവംനാറി പൂക്കള്‍ പടര്‍ന്ന പറമ്പിലൂടെ -ചുവന്ന ചെമ്പകങ്ങള്‍ പൂത്ത ഗുളികന്‍ കാവിലൂടെ-കൂവളങ്ങള്‍ വളര്‍ന്ന് പന്തലിച്ച, പുറ്റുകള്‍ പടര്‍ന്ന കുന്നുകളിലൂടെ.

പക്ഷെ ഇപ്പോള്‍ എത്ര ശ്രമിച്ചിട്ടും അയാള്‍ക്ക് തന്റെ കാലുകള്‍ നിലത്തു കുത്താന്‍ കഴിയുന്നതേയില്ല. പതിയെ പതിയെ കണ്ണുകളില്‍ തന്റെ ദേഹവും ഒരു വെള്ള രൂപമായി മാറുന്നതായി അയാളറിഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios