ഒറ്റക്കോലം
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ശ്രീകല മേനോന്‍ എഴുതിയ കഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
ഒരാള്‍ പൊക്കമുള്ള മേലേരിയിലേക്ക് ആവര്‍ത്തിച്ച് ചാടുന്ന ഒറ്റക്കോലത്തെ ഇമവെട്ടാതെ നോക്കിയിരിക്കുകയാണ് പവലീന.
ഇളം നീല ജീന്‍സും ഇറക്കം കുറഞ്ഞ വെള്ള ടോപ്പുമിട്ട്, തീയിലമര്‍ന്നു നിവരുന്ന തെയ്യത്തെ അന്തം വിട്ട് നോക്കിയിരിക്കുന്ന അവളുടെ ശരീരത്തിലേക്ക് ബാലചന്ദ്രന്റെ കണ്ണുകള്‍ ആര്‍ത്തിയോടെ പല തവണ നീണ്ടു.
നാട്ടില്‍ വന്ന ശേഷം ഒരു രാത്രി പോലും അവളെ അടുത്ത് കിട്ടിയിട്ടില്ല. അയാള്‍ക്ക് നിരാശ തോന്നി.
ചെക്കോസ്ലോവാക്യയില്‍ ബാലചന്ദ്രന്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ എംബസി വഴി പരിചയപ്പെട്ടതാണ് പവലീനയെ. കേരളീയ
കലാരൂപങ്ങളെ കുറിച്ച് പഠനം നടത്തുന്ന സുന്ദരിയായ ചെക് യുവതി. പവലീനയുടെ പല പഠനങ്ങള്‍ക്കും വിവരങ്ങള്‍ ശേഖരിച്ചു നല്‍കിയത് ബാലചന്ദ്രനായിരുന്നു. ബന്ധം വേര്‍പെടുത്തിയ മാതാപിതാക്കളുടെ ഒറ്റ മോളായത് കൊണ്ട് തന്നെ ബാലചന്ദ്രന്റെ സൗഹൃദം അവള്‍ക്കൊരു ആശ്വാസമായിരുന്നു.
പലപ്പോഴും വഴിവിട്ട് പോയിതുടങ്ങിയിരുന്ന അവരുടെ ബന്ധം ബാലചന്ദ്രനില്‍ നേരിയ കുറ്റബോധം ഉളവാക്കിയിരുന്നെങ്കിലും മഞ്ഞു പൊഴിയുന്ന പ്രാഗിലെ പവലീനയുമൊത്തുള്ള ചൂടുള്ള രാത്രികള്‍ അയാളെ ലഹരി പിടിപ്പിച്ചിരുന്നു. സുചിത്രയും കുട്ടികളും ഈ ബന്ധം ഒരിക്കലും അറിയാന്‍ പോവുന്നില്ലെന്ന് അയാള്‍ സ്വയം ആശ്വാസം കൊണ്ടു.
'എനിക്ക് എല്ലാം നേരിട്ടു കാണണം ബാലൂ. തെയ്യം, കഥകളി, കൂടിയാട്ടം എല്ലാം. തെയ്യത്തിനെ കുറിച്ച് ഒരു തീസിസ് തയ്യാറാക്കണം. ബാലു സഹായിക്കണം'
ഇത്തവണ നാട്ടിലേക്ക് ലീവില്‍ വരുമ്പോള്‍ താനും കൂടെ വരുന്നുണ്ടെന്ന് പവലീന സൂചിപ്പിച്ചപ്പോള്‍ മുതല്‍ സുചിത്രയുടെ മുന്നില്‍ എങ്ങിനെ ഇക്കാര്യം അവതരിപ്പിക്കണമെന്നാലോചിച്ചു തലപു കയ്ക്കുകയായിരുന്നു ബാലചന്ദ്രന്‍
ഒടുവില്‍ 'ഓഫീസില്‍ കൂടെ ജോലി ചെയ്യുന്ന ഒരു മദാമ്മ നാട് കാണാന്‍ വരുന്നുണ്ട്. അവരെകൊണ്ട് നമുക്ക് വലിയ ശല്യമൊന്നുമുണ്ടാവില്ല' എന്നറിയിച്ചപ്പോള്‍ സുചിത്രക്ക് വലിയ ആവേശമായിരുന്നു.
'ഒരുദിവസം നമുക്കവരെ വീട്ടിലേക്കു വിളിക്കാം ബാലേട്ടാ. എനിക്കൊന്ന് പരിചയപ്പെടാമല്ലോ. കുട്ടികള്‍ക്കും സന്തോഷമാവും'
രാത്രി പരിപാടികള്‍ കഴിഞ്ഞു ഹോട്ടല്‍ മുറിയില്‍ പവലീനയുമായി കഴിയുക. രാവിലെ വീട്ടിലേക്കു മടങ്ങുക. പുലര്‍ച്ചെ വരെ പരിപാടിയായിരുന്നുവെന്ന് സുചിത്രയെ ബോധിപ്പിക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല.
പക്ഷെ ബാലചന്ദ്രന് കണക്കു കൂട്ടലുകളൊക്കെ തെറ്റുന്നുണ്ട്. ഇവിടെ വന്നതിന് ശേഷം പവലീനക്ക് തെയ്യത്തെ കുറിച്ചും കഥകളിയെകുറിച്ചും മാത്രമേ പറയാനുള്ളു.
കരിഞ്ഞു കരിവാളിച്ചു നില്‍ക്കുന്ന ഒറ്റക്കോലത്തെ നോക്കുന്തോറും പവലീനക്ക് അസ്വസ്ഥത കൂടി വന്നു.
'ഇറ്റ് ഈസ് സോ ക്രൂവെല്‍ ബാലൂ...നിങ്ങളെന്തു പറഞ്ഞാലും. എനിക്കിതു അംഗീകരിക്കാന്‍ പറ്റുന്നില്ല. എന്തെങ്കിലും അപകടം പറ്റിയാല്‍...'
'ദൈവത്തിന്റെ രൂപങ്ങളാണ് തെയ്യം പവലീന. അവര്‍ക്ക് പൊള്ളില്ലെന്നാണ് പറയുന്നത്.'
'ഇത്തരം അനുഷ്ഠാനങ്ങള്‍ ആളുകളില്‍ എന്ത് ആനന്ദമാണ് സൃഷ്ടിക്കുന്നത് . നിങ്ങള്‍ ദൈവമെന്ന് വിളിക്കുന്ന ഇവരുടെ ജീവിതം ഇപ്പോഴും കഷ്ടപ്പാട് നിറഞ്ഞതാണ്'
ബാലചന്ദ്രന്‍ കൂടുതല്‍ തര്‍ക്കിച്ചില്ല. തെയ്യക്കോലം കെട്ടുന്ന പലരുടെയും ജീവിതം ദാരിദ്ര്യം നിറഞ്ഞതാണ്. അത് എല്ലാവര്‍ക്കുമറിയാം. എങ്കിലും ആളുകളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത് ഒറ്റക്കോലത്തിന്റെ തീചാട്ടമാണ്.
'എനിക്ക് കഥകളി കാണണം. പിന്നെ കൂടിയാട്ടം, ചാക്യാര്‍ക്കൂത്ത്. '
പവലീനക്ക് ആവശ്യങ്ങള്‍ കൂടി വരുകയാണ് ബാലചന്ദ്രന്റെ വീട് കാണണം.
എല്ലാ വിഭവങ്ങളും കൂട്ടി സദ്യയുണ്ണണം. സെറ്റ് സാരി ഉടുക്കണം. അമ്പലത്തില്‍ പോണം.
2
അടുക്കളയില്‍ നിന്നും മടക്കികുത്തിയ സാരി നേരെയാക്കി മുടി ഒന്ന് കൂടി വലിച്ചു കെട്ടി വരുന്ന സുചിത്രയെ കണ്ടപ്പോള്‍ ഉള്ളില്‍ പൊങ്ങി വന്ന അരിശം ബാലചന്ദ്രന്‍ കടിച്ചിറക്കി.
മുഷിഞ്ഞ സാരിയുടുത്തു ഈ കോലത്തില്‍ പവലീനയുടെ മുന്നില്‍ വരരുതെന്ന് നൂറുവട്ടം അവളോട് പറഞ്ഞിട്ടുള്ളതാണ്.
'സുചിത്ര എന്തിനാണ് കരയുന്നത് 'അല്‍പ്പം അതിശയത്തോടെ പവലീന ചോദിച്ചത് കേട്ട് ബാലചന്ദ്രന്‍ ഊറിചിരിച്ചു.
'അത് അവള്‍ ഉള്ളിയരിഞ്ഞതാണ്. ഷീ വാസ് കുക്കിംഗ്'
സുചിത്രയും അത് കേട്ട് ചിരിച്ചു.
'ഓ. സുചിത്ര എന്താണ് കുക്ക് ചെയ്യുന്നത് ഇന്നെന്താ സ്‌പെഷ്യല്‍?'
'സാമ്പാര്‍, അവിയല്‍, കൂട്ടുകറി..പവലീനക്ക് ഇനിയെന്താ വേണ്ടത് പറഞ്ഞോളൂ'
'സുചിത്ര നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നുണ്ടല്ലോ. എന്നേക്കാള്‍ നന്നായി. ഞങ്ങള്‍ ചെക്കുകാര്‍ക്ക് ഇംഗ്ലീഷ് അങ്ങിനെ വഴങ്ങില്ല.'
'ഇന്ത്യക്കാര്‍ ഏത് ഭാഷയും പെട്ടന്ന് പഠിക്കും. പ്രത്യേകിച്ച് മലയാളികള്‍. സുചിത്ര ബി എ. ലിറ്ററേച്ചര്‍ ആയിരുന്നു'
'ഞാന്‍ മലയാളം പഠിക്കാന്‍ ശ്രമിക്കുന്നുണ്ട്. ബാലു എന്നെ പഠിപ്പിക്കാമെന്നേറ്റിട്ടുണ്ട്'
ചിരിച്ചു കൊണ്ട് പവലീന പറയുന്നത് കേട്ട് ബാലചന്ദ്രന്‍ വിഷയം മാറ്റാന്‍ ശ്രമിച്ചു.
'സുചിത്ര ഇലയിട്ടോളൂ. പവലീനക്ക് ഇലയില്‍ തന്നെ സദ്യ വേണമെന്ന് നിര്‍ബന്ധം'
'ബാലേട്ടന് കൂട്ടുകറി ന്ന് വെച്ചാ ജീവനാ.'
കഴിക്കുന്നതിനിടെ സുചിത്രയുടെ വെളിപ്പെടുത്തല്‍ കേട്ട് ഇലയില്‍ വിളമ്പിയ വിഭവങ്ങള്‍ ഓരോന്നായി നാവില്‍ വെച്ചു രുചി നോക്കുന്ന പവലീന മുഖമുയര്‍ത്തി നോക്കി.
'ഈസ് ഇറ്റ് ബാലു?''
'പിന്നല്ലാതെ. ലോകത്ത് എവിടെപ്പോയാലും എന്റെ കൂട്ടുകറീടെ സ്വാദ് ഒന്നിനും വരില്ല എന്നാ ബാലേട്ടന്‍ പറയാറുള്ളത്'- സൂചിത്രയുടെ വാക്കുകളില്‍ അഭിമാനം നിറഞ്ഞിരുന്നു
റഷ്യന്‍ വോഡ്കയും പവലീന ഉണ്ടാക്കാറുള്ള ഉരുളക്കിഴങ്ങ് സാന്‍ഡ് വിച്ചുമാണ് ലോകത്തിലെ ഏറ്റവും സ്വാദിഷ്ഠമായ വിഭവങ്ങളെന്ന് പറഞ്ഞ ഒരോ പ്രണയ നിമിഷവും ഓര്‍ത്തെടുത്ത് ബാലചന്ദ്രന്‍ പവലീനയുടെ മുഖത്തേക്ക് ജാള്യതോടെ നോക്കി.
സാമ്പാറിന്റെ എരുവ് നാവില്‍ തട്ടിയപ്പോള്‍ കണ്ണ് നിറഞ്ഞ പവലീന 'സ്'എന്ന് ശബ്ദമുണ്ടാക്കി. പിന്നെ ചിരി വരുത്താന്‍ ശ്രമിച്ചു കൊണ്ട് പറഞ്ഞു.
'ഹൗ സ്വീറ്റ്..'
3
വീട് കാണിക്കാന്‍ സുചിത്ര പവലീനയെ മുകളിലേക്ക് കൊണ്ട് പോവുമ്പോള്‍ തന്നെകുറിച്ച് ഇനി എന്തൊക്കെ സത്യങ്ങളാണ് വിളിച്ചു പറയാന്‍ പോവുന്നതെന്ന് ബാലചന്ദ്രന്‍ പരിഭ്രമത്തോടെ ചിന്തിക്കാതിരുന്നില്ല.
പവലീനയാണെങ്കില്‍ ഭര്‍ത്താവിനെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന സുചിത്രയെ അതിശയത്തോടെ നോക്കുകയായിരുന്നു.
സുചിത്രയുടെ തിളക്കിമില്ലാത്ത മുഖത്തും, കറുത്ത കണ്‍തടങ്ങളിലേക്കും നോക്കി പവലീന ചോദിച്ചു.
'സുചിത്രയെന്താ പരിപാടികള്‍ കാണാന്‍ വരാത്തത്. നൃത്തവും പാട്ടുമൊന്നും ഇഷ്ടമല്ലേ'
സുചിത്രയുടെ ചുണ്ടില്‍ ഒരു നേരിയ വിഷാദം കലര്‍ന്ന ചിരി വിടര്‍ന്നു.
അവള്‍ അലമാര തുറന്നു ഒരു ആല്‍ബമെടുത്തു പവലീനയുടെ മുന്നില്‍ നിവര്‍ത്തി
'ഇതാരാണെന്നറിയോ പവലീനക്ക്'
നൃത്തം ചെയ്യുന്ന സുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ ചൂണ്ടി സുചിത്ര ആവേശത്തോടെ ചോദിച്ചു
പവലീനയുടെ കണ്ണുകള്‍ അത്ഭുതം കൊണ്ട് വിടര്‍ന്നു.
'സുചിത്ര നൃത്തം പഠിച്ചിട്ടുണ്ടോ. ആര്‍ യു എ ഡാന്‍സര്‍'
'കുറേക്കാലം പഠിച്ചിട്ടുണ്ട്. ഭരതനാട്യം. കല്യാണം കഴിഞ്ഞതോടെ അതൊക്കെ നിന്നു'
ഇക്കാര്യം ബാലചന്ദ്രന്‍ തന്നോട് പറഞ്ഞിരുന്നില്ലല്ലോ എന്നാണ് പവലീന അപ്പോള്‍ ചിന്തിച്ചത്. എന്നും ഭാര്യയുടെ കുറവുകള്‍ മാത്രമാണ് അയാള്‍ അവളോട് പറയാറുള്ളത്.
'ബാലുവിന് അറിയാമോ ഇത്'
'ഞാന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. ബാലേട്ടന്‍ മറന്നതാവും'
'പക്ഷെ സുചിത്രയോ. എന്ത് കൊണ്ടാണ് സുചിത്ര നൃത്തം അവസാനിപ്പിച്ചത്.'
'ബാലേട്ടന്‍ ഒരിക്കലും നാട്ടിലുണ്ടാവില്ല. ഞാനാണെങ്കില്‍ ഇവിടെ ഒറ്റക്ക്, കുട്ടികളുടെ കാര്യങ്ങള്‍, വീട്ട് ജോലികള്‍. പലപ്പോഴും ഞാന്‍ എന്നെ തന്നെ മറന്നു പോവാറുണ്ട് പവലീന. പിന്നെ ബാലേട്ടനു ഇതിലൊന്നും താല്പര്യമില്ല'-സുചിത്ര നെടുവീര്‍പ്പിട്ടു
'ഇടക്കൊക്കെ സ്വന്തം ഇഷ്ടങ്ങള്‍ക്കു വേണ്ടിയും ജീവിക്കണം സുചിത്ര'
പെട്ടന്ന് സുചിത്രയുടെ കണ്ണുകള്‍ ഈറനണിയുന്നത് കണ്ടപ്പോള്‍ പവലീന അടുത്തേക്ക് ചെന്നു.
'എന്താ സുചിത്ര വീണ്ടും ഉള്ളിയരിഞ്ഞോ'
ചിരിച്ചു കൊണ്ട് പവലീന സുചിത്രയുടെ കൈകള്‍ തന്റെ കൈകളിലേക്ക് ചേര്‍ത്ത് പിടിച്ചു.
'സുചിത്ര ബാലുവിനെ ഒരുപാട് സ്‌നേഹിക്കുന്നുണ്ടല്ലേ....യു ലവ് ഹിം സോ മച്ച്...ഞാനൊന്ന് ചോദിക്കട്ടെ. ബാലു എന്നും വിദേശത്ത് ഒറ്റക്ക്... ബാലുവിനെ നഷ്ടപ്പെടുമോ എന്നോര്‍ത്ത് സുചിത്രക്ക് പേടി തോന്നാറില്ലേ'
സുചിത്ര പവലീനയുടെ മനോഹരമായ നീല കണ്ണുകളുടെ ആഴത്തിലേക്ക് നോക്കി.
പവലീന അസ്വസ്ഥതയുടെ ആ നോട്ടത്തില്‍ നിന്നും മിഴികള്‍ താഴ്ത്തി.
'പവലീന തെയ്യത്തെ കണ്ടില്ലേ...ഓരോ ഒറ്റക്കോലവും കനലില്‍ ചാടി പൊള്ളിയമരുന്നത് ഈ നാട്ടുകാര്‍ക്ക് വേണ്ടിയാണ്. ഞങ്ങളുടെ വേദനകളും വിഷമങ്ങളും അകറ്റാനാണ് അവര്‍ ദൈവങ്ങളായി മാറുന്നത് അവരോട് ഒന്ന് മനസ്സുരുകി പ്രാര്‍ത്ഥിക്കുകയെ വേണ്ടൂ. ഒരാള്‍ക്കും എന്റെ ബാലേട്ടനെ തൊടാന്‍ കഴിയില്ല'
പൊള്ളലേറ്റത് പോലെ പവലീന കൈകള്‍ പിന്‍വലിച്ചു.
'തെറ്റുകള്‍ ചെയ്യുന്നവരോട് നിങ്ങളുടെ തെയ്യങ്ങള്‍ ക്ഷമിക്കുമോ'
പവലീനയുടെ ചോദ്യം കേട്ട് സുചിത്ര ചിരിച്ചു.
'അതിന് പവലീന തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ'
4
'ദീനം സങ്കടം മഹാവ്യാധിയിലിട്ട് കളയാതെ ഭാഗ്യത്തെ പൊലിയിച്ച് കാത്ത് രക്ഷിച്ചോള് ന്ന് ണ്ട്. മതിച്ചവന്റെ മതിയും കൊതിച്ചവന്റെ കൊതിയും ഞാന്‍ തീര്‍ത്ത് തരുന്നുണ്ട്.'
മേലേരിയിലേക്ക് നൂറ്റൊന്നാവര്‍ത്തി ചാടി കരിവാളിച്ചു വാടിയ ഒറ്റക്കോലം പവലീനയെ തീക്ഷ്ണമായി നോക്കി . നോക്കുന്തോറും തെയ്യത്തിന്റെ മുഖം മാറിവരുന്നു. ഇപ്പോള്‍ തെയ്യത്തിന് സുചിത്രയുടെ മുഖമാണ്.
പവലീന ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു..
5
'ഇതെന്താ പെട്ടെന്ന് ഇങ്ങിനെയൊരു തീരുമാനം. ലീവ് കഴിഞ്ഞു തിരിച്ചു പോവുമ്പോള്‍ എന്റെ കൂടെ മടങ്ങാമെന്നല്ലേ പറഞ്ഞത്?'
'എനിക്ക് മടങ്ങണം ബാലു. എത്തിയിട്ട് കുറച്ചു തിരക്കുണ്ട് '
പവലീന കള്ളം പറയുകയാണെന്ന് ബാലചന്ദ്രന് ബോധ്യമുണ്ടായിരുന്നു. പെട്ടെന്നുള്ള മനംമാറ്റത്തിന്റെ കാര്യമാണ് മനസിലാവാത്തത്.
ഇനി സുചിത്ര എന്തെങ്കിലും..
6
എയര്‍പോര്‍ട്ടില്‍ വെച്ച് ട്രോളിയില്‍ നിന്നും ബാഗ് എടുത്തു താഴെ വെക്കുമ്പോള്‍ ബാലചന്ദ്രന്‍ പറഞ്ഞു.
'ഞാന്‍ അടുത്താഴ്ച തന്നെ ലീവ് ക്യാന്‍സല്‍ ചെയ്തു മടങ്ങാം. എനിക്കും ഇവിടെ മടുത്തു തുടങ്ങിയിരിക്കുന്നു.'
പവലീന അയാളുടെ മുഖത്തേക്ക് നോക്കി.
'നിങ്ങള്‍ ഇന്ത്യക്കാര്‍ വിദേശത്തെ ഭാഷയും സംസ്‌കാരവും പഠിക്കാന്‍ എത്ര മിടുക്കന്മാരാണ്. സ്വന്തം ഭാര്യയെ കുറിച്ച് പഠിക്കാന്‍ നിങ്ങളെന്താണ് ശ്രമിക്കാത്തത്?'
ബാലചന്ദ്രന്‍ അമ്പരപ്പപ്പോടെ പവലീനയുടെ മുഖത്തേക്ക് നോക്കി.
'കുടുംബബന്ധങ്ങള്‍ക്ക് അത്രയൊന്നും വിലകല്‍പ്പിക്കാത്ത നാടാണ് എന്റേത്. അത് കൊണ്ട് തന്നെയാവും ഞാന്‍ ചെയ്യുന്നത് തെറ്റാണെന്ന് എനിക്ക് തോന്നാതിരുന്നതും പക്ഷെ ഇവിടെ വന്നു സുചിത്രയേ കണ്ടപ്പോള്‍..സ്വന്തം ഇഷ്ടങ്ങളൊക്കെ ഉള്ളിലൊതുക്കി വേദനകള്‍ പുറത്തു കാട്ടാതെ ബാലുവിന് വേണ്ടി എരിഞ്ഞു തീരുകയാണ് ആ പാവം. ഒറ്റക്കോലം പോലെ ..'
അയാളൊന്നും മിണ്ടിയില്ല.
'ബാലുവിന്റെ ഒരോ ചെറിയ ഇഷ്ടങ്ങള്‍ പോലും സുചിത്ര എത്ര ഓര്‍ത്തെടുത്തു മനസ്സില്‍ സൂക്ഷിക്കുന്നു. പക്ഷെ ബാലുവിന് സുചിത്രയെ കുറിച്ച് ഒന്നുമറിയില്ല. അവള്‍ നിങ്ങളെ എത്ര മാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് പോലും'
വീണ്ടും നിശ്ശബ്ദത.
'എനിക്ക് ബാലുവിനോട് തോന്നിയത് ഒരിക്കലും പ്രണയമായിരുന്നില്ല. ബാലുവിന് എന്നോടും'
പവലീനയുടെ ശബ്ദമിടറുന്നുണ്ടായിരുന്നു.
ബാലചന്ദ്രന് ശ്വാസം നിലച്ചു പോവുന്നത് പോലെ തോന്നി.
'ഗുഡ്‌ബൈ ബാലു.. നമ്മളിനി ഒരിക്കലും കണ്ടുമുട്ടില്ല'
ട്രോളിയുന്തി പവലീന നടന്നു പോവുന്നത് ബാലചന്ദ്രന്‍ നോക്കി നിന്നു