ജലകണ്‌ഠേശ്വരി, സന്തോഷ് ഗംഗാധരന്‍ എഴുതിയ കഥ
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സന്തോഷ് ഗംഗാധരന്‍ എഴുതിയ കഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
മദ്രാസിലേയ്ക്കുള്ള തീവണ്ടി യാത്ര എപ്പോഴും ആസ്വാദ്യകരം തന്നെ. എത്രയോ പ്രാവശ്യം ഈ യാത്ര നടത്തിയിരിക്കുന്നു. പക്ഷേ, ഒരിക്കലും ഒരു വിരസത അനുഭവപ്പെട്ടിട്ടില്ലെന്നതാണ് വാസ്തവം.
അതുവരെ കാണാത്ത പലരേയും കണ്ടു. വര്‍ത്തമാനം പറഞ്ഞു. ഇനിയൊരിക്കലും കാണുകയില്ല എന്നറിഞ്ഞിട്ടും ഇറങ്ങേണ്ട സ്റ്റേഷനുകളില്‍ എത്തുമ്പോള്‍ 'പിന്നെ കാണാം' എന്ന് മനസ്സില്‍ തട്ടിത്തന്നെ പറഞ്ഞ് അകന്നു.
കഴിയുന്നതും ജനലിനരികെയുള്ള സീറ്റ് കിട്ടത്തക്ക വിധമാണ് ടിക്കറ്റ് റിസര്‍വ്വ് ചെയ്യാറ്. ജനലിനടുത്തെ ഒറ്റ സീറ്റാണെങ്കില്‍ യാത്ര ബഹുകേമം. ആരേയും അലോഹ്യപ്പെടുത്താതെ ഇരുന്ന് വായിക്കാനും പറ്റും. അഥവാ മുകളിലെ ബെര്‍ത്താണെങ്കിലും കയറാനും ഇറങ്ങാനും സൗകര്യം.
അന്നത്തെ യാത്രയില്‍ സൈഡ് സീറ്റ് കിട്ടിയതില്‍ സന്തോഷമായി. ആലുവയില്‍ നിന്നും കയറിയപ്പോള്‍ തന്റെ സീറ്റില്‍ മുഖത്ത് രൗദ്രഭാവം നിറച്ച ഒരു മദ്ധ്യവയസ്‌കനായിരുന്നു ഇരുന്നിരുന്നത്. തന്റേതെന്ന് പറഞ്ഞപ്പോള്‍ അയാള്‍ മനസ്സില്ലാമനസ്സോടെ അതിന് മുന്നിലെ സീറ്റിലേയ്ക്ക് മാറിയിരുന്നു. ഈ യാത്രയില്‍ മുഴുവന്‍ ഇയാളെ സഹിക്കേണ്ടി വരുമല്ലോ എന്നോര്‍ത്തപ്പോള്‍ അല്പം കുണ്ഠിതം തോന്നായ്കയില്ല. എന്ത് ചെയ്യാനാ? ഊര്‍ത്തിപ്പിടിച്ച മുഖഭാവം കണ്ടിട്ട് ഇയാള്‍ക്ക് സംസാരിക്കാന്‍ വലിയ താല്പര്യം കാണാന്‍ വഴിയില്ല. പുസ്തകത്തില്‍ മുഴുകുക തന്നെ. രാജീവന്‍ തോള്‍സഞ്ചിയില്‍ നിന്നും മോഹനചന്ദ്രന്റെ 'കലിക' വെളിയിലെടുത്തു. വര്‍ത്തമാനം പറയാന്‍ ആളില്ലെങ്കില്‍ പിന്നെ പുസ്തകവായന തന്നെ ശരണം.
രസിച്ച് വായിച്ച് പോകാവുന്ന ശൈലിയിലാണ് മോഹനചന്ദ്രന്‍ കഥ പറയുന്നത്. നിഗൂഢത നിറഞ്ഞ നോവല്‍. അയാള്‍ നോവലിന്റെ പകുതിയോളം വായിച്ച് കഴിഞ്ഞിരുന്നു. കലികയെന്ന പ്രഹേളികയെ കൂടുതല്‍ അറിയാനുള്ള ആകാംക്ഷ മനസ്സിലുണ്ടായിട്ടും മുഖത്ത് കാറ്റടിക്കുന്നതിനാല്‍ കണ്ണുകള്‍ അടഞ്ഞ് പോകുന്നു. ''ചായ ചായ കാപ്പി'' എന്നുള്ള വിളികള്‍ കേട്ടപ്പോഴാണ് രാജീവന്‍ ഉണര്‍ന്നത്. ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്തിയിരിക്കുകയാണ്. തൃശ്ശൂര്‍ എത്തിയിരിക്കുന്നു.
''ഇത് പതിനേഴല്ലെ?'' ഒരു മൃദുലനാദം.
പുറത്ത് നോക്കിയിരുന്ന തല തിരിച്ച് രാജീവന്‍ ശബ്ദം കേട്ട ഭാഗത്തേയ്ക്ക് നോക്കി. ഒരു പെണ്‍കുട്ടി. വെറുതെ പെണ്‍കുട്ടിയെന്ന് പറഞ്ഞാല്‍ പോര. നല്ല ഐശ്വര്യമുള്ള മുഖം.
''അല്ല. ഇത് ഇരുപത്തിനാല്. ഇതാണ് പതിനേഴ്.'' രാജീവന്‍ മുന്നിലിരുന്നുറങ്ങുന്ന ആളെ ചൂണ്ടിക്കാണിച്ച് പറഞ്ഞു. മനസ്സില്‍ സന്തോഷം. അയാള്‍ മധുരമായ പ്രതികാരത്തിന്റെ സ്വാദ് നുണഞ്ഞു.
''ഹലോ, സര്‍. ഈ സീറ്റ് ഈ കുട്ടിയുടേതാണ്. ഒന്നെഴുന്നേല്‍ക്കാമോ?'' അയാള്‍ മുമ്പിലിരിക്കുന്ന ആളെ തോണ്ടി വിളിച്ച് ഉരിയാടി.
ആ രൗദ്രഭാവക്കാരന്‍ ഉണര്‍ന്ന് മുന്നില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയെ നോക്കി. ''നിങ്ങളുടെയാണോ ഇത്?''
അതെയെന്നവള്‍ തലയാട്ടി.
അതോടെ അയാള്‍ അവിടെ നിന്ന് എഴുന്നേറ്റ് മുമ്പിലേയ്ക്ക് നടന്നുപോയി. ആ സുന്ദരിക്കുട്ടി രാജീവനഭിമുഖമായി ഇരുപ്പുറപ്പിച്ചു. അവള്‍ രാജീവനെ നോക്കിയൊന്ന് പുഞ്ചിരിച്ചിട്ട് പുറത്തേയ്ക്ക് നോക്കിയിരിപ്പായി. സംസാരിയ്ക്കാന്‍ പ്രത്യേകിച്ച് വിഷയമൊന്നും കിട്ടാത്തതിനാല്‍ രാജീവന്‍ പുസ്തകവായന തുടര്‍ന്നു. വണ്ടി സ്റ്റേഷന്‍ വിട്ടു.
അയാള്‍ ഇടയ്ക്ക് ഒളികണ്ണിട്ട് ആ പെണ്‍കുട്ടിയെ നോക്കി. ജനല്‍പ്പടിയില്‍ കൈകള്‍ മടക്കിവച്ച് അതിന് മീതെ തല വച്ചുറങ്ങുന്നു. ഉറങ്ങാന്‍ വേണ്ടി തീവണ്ടിയില്‍ കയറിയ ജന്മമോ! വാചകമടിക്കാനുള്ള സാദ്ധ്യത തീരെയില്ല. അയാള്‍ കലികയില്‍ ശ്രദ്ധ പിടിച്ച് നിര്‍ത്താന്‍ ശ്രമിച്ചു.
താമസിയാതെ ട്രെയിന്‍ പാലക്കാടെത്തി. രാത്രിയൂണിന് നിര്‍ത്തുന്ന സ്ഥലമാണ്. താലിമീല്‍സ് ബോഗിയില്‍ കയറ്റുന്നതിന്റെ തിരക്കായിരുന്നു, റെയില്‍വേ കേറ്ററിംഗ് തൊഴിലാളികള്‍ക്ക്. കൂട്ടത്തില്‍ കുറേ പേര്‍ വേറെ പല ഭക്ഷണസാധനങ്ങളും വിളിച്ച് പറഞ്ഞുകൊണ്ട് നടക്കുന്നുണ്ട്. രാജീവന്‍ എഴുന്നേറ്റു. മുന്നിലിരിക്കുന്ന പെണ്‍കുട്ടിയും ഉണര്‍ന്നിട്ടുണ്ട്.
അവള്‍ രാജീവനെ നോക്കി ''പോവാണോ?'' എന്ന് ചോദിച്ചു.
''നിങ്ങള്‍ കഴിച്ചോളു. ഞാന്‍ വെളിയില്‍ നിന്നും വാങ്ങിക്കഴിച്ചോളാം.'' അയാള്‍ മറുപടി പറഞ്ഞു.
''അതല്ല. എനിയ്ക്ക് കൂടി എന്തെങ്കിലും വാങ്ങാമോ?''
എന്നിട്ടാണ് ഇത്ര ബലം പിടിച്ചിരുന്നിരുന്നത്. കൊള്ളാം. ''എന്താ വേണ്ടത്?''
''എന്തായാലും മതി. നിങ്ങള്‍ വാങ്ങുന്നത് ഒരെണ്ണം കൂടുതല്‍ വാങ്ങിയാല്‍ മതിയല്ലോ.'
''ഞാന്‍ സാധാരണ ഇവിടെനിന്നും ഏത്തപ്പഴത്തിനുള്ളില്‍ ചെറുപയറും ശര്‍ക്കരയും വച്ച് പുഴുങ്ങിയ ഏത്തയ്ക്കാ റോസ്റ്റാണ് കഴിക്കാറ്. ഒന്ന് കഴിച്ചാല്‍ വയറ് നിറയും. അത് മതിയോ?''
അവള്‍ മതിയെന്ന് തലയാട്ടി.
അവിടന്നങ്ങോട്ട് രാജീവനും കോകിലയും, അതായിരുന്നു അവളുടെ പേര്, വലിയ കൂട്ടുകാരായി മാറി. കോകിലയുടെ അച്ഛന്‍ തൃശ്ശൂര്‍ക്കാരനും അമ്മ മദ്രാസുകാരിയും. അവള്‍ വെല്ലൂര്‍ ഹോസ്പിറ്റലിലെ റീഹാബിലിറ്റേഷന്‍ സെന്ററിലാണ് ജോലി ചെയ്യുന്നത്. അവിടെ തന്നെ നേഴ്‌സുമാരുടെ ക്വാര്‍ട്ടേഴ്‌സില്‍ താമസം. കൂടെ വേറൊരു മലയാളിയും കൂടിയുണ്ട്. പേര് റോസ്.
രാജീവന്‍ എഞ്ചിനീയറിംഗ് കഴിഞ്ഞ് മദ്രാസിലെ എഗ്മൂറിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന കാര്യമൊക്കെ വിശദീകരിച്ചു. സംസാരിക്കാന്‍ ഒരാളെ കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു അയാള്‍.
കോകില - സാധാരണ കേള്‍ക്കാത്ത ഒരു പേര്. അല്ല, കേട്ടിട്ടുണ്ട്. ബാലു മഹേന്ദ്രയുടെ ഒരു സിനിമയില്‍ ശോഭയുടെ കഥാപാത്രത്തിന്റെ പേര് കോകില എന്നായിരുന്നു. ആ കഥയുടെ അവസാനം എന്തായിരുന്നെന്നൊന്നും അയാള്‍ക്ക് ഓര്‍മ്മ വന്നില്ല.
അവള്‍ ഘാട്പാടിയില്‍ ഇറങ്ങും. അവിടെ നിന്നും ധാരാളം ബസുകള്‍ വെല്ലൂര്‍ക്കുണ്ട്. വെളിച്ചമാവാന്‍ കാത്ത് നില്‍ക്കണമെന്ന് മാത്രം. ഘാട്പാടി ജംഗ്ഷനായതിനാല്‍ എപ്പോഴും നല്ല തിരക്കായിരിക്കും. ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴും ഭയപ്പെടേണ്ട കാര്യമില്ല. അല്ലെങ്കിലും തമിഴ് നാട്ടില്‍ സ്ത്രീകള്‍ക്ക് പേടിക്കാതെ സഞ്ചരിക്കാം. വളരെ അപൂര്‍വ്വമായേ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുള്ളു.
ഘാട്പാടിയില്‍ ഇറങ്ങുന്നതിന് മുമ്പ് കോകില ഒരു കാര്യം കൂടി രാജീവനോട് പറഞ്ഞു. സ്റ്റേഷനില്‍ നിന്നും ആറ് കിലോമീറ്ററേ വെല്ലൂരാസ്പത്രിയിലേയ്ക്കുള്ളു. അവിടെ നിന്നും രണ്ട് കിലോമീറ്ററിനുള്ളില്‍ പരമശിവന്റെ ഒരു അമ്പലമുണ്ട്. വളരെ പ്രസിദ്ധമാണ്. ജലകണ്‌ഠേശ്വരക്ഷേത്രം.
വിജയനഗരസാമ്രാജ്യത്തിന്റെ കാലം മുതല്‍ക്കുള്ള ഈ ക്ഷേത്രം വെല്ലൂര്‍ കോട്ടയ്ക്കുള്ളിലാണ്. അതിനകത്ത് ഈ അമ്പലം കൂടാതെ സെയിന്റ് ജോണ്‍സ് പള്ളി, ടിപു മഹല്‍, ഹൈദര്‍ മഹല്‍, കാണ്ടി മഹല്‍, ബാദുഷ മഹല്‍, ബീഗം മഹല്‍ ഇങ്ങനെ പലതും കാണാനുണ്ട്.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അവിടെ ഒരു ചിതല്‍പുറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളു. മഴ പെയ്ത് അതിന് ചുറ്റും വെള്ളം കെട്ടിനില്‍ക്കാന്‍ തുടങ്ങി. പിന്നെപ്പോഴോ ആ ചിതല്‍പ്പുറ്റില്‍ ഒരു ശിവലിംഗം കാണായി. സ്വയംഭൂവാണോ ആരെങ്കിലും കൊണ്ടുവച്ചതോ, ആര്‍ക്കും നിശ്ചയമില്ല. അല്ലെങ്കിലും ഒരു ബിംബത്തിന്റെ ഉല്പത്തിയറിഞ്ഞിട്ടെന്ത് കാര്യം! മനുഷ്യന് ആശ്വസിക്കാന്‍ അത്യാവശ്യം ഏതെങ്കിലും ഒരു വിശ്വാസം.
ജലത്തിന് നടുവില്‍ കണ്ട ശിവലിംഗമായതിനാല്‍ അത് ജലകണ്‌ഠേശ്വര്‍ എന്നറിയപ്പെട്ടു. അവിടെ തന്നെ അഖിലാണ്ടേശ്വരിയുടെ ഒരു പ്രതിഷ്ഠയുമുണ്ട്. പക്ഷേ, കോകില പറഞ്ഞുവന്നത് ആ അമ്പലത്തിലെ കിണറിന്റെ കാര്യമാണ്. അതിലേയ്ക്ക് ഒരു നാണയം എറിഞ്ഞ് എന്ത് ആഗ്രഹിക്കുന്നുവോ അത് സാധിച്ചുകിട്ടും.
കോകിലയുടെ വിശദീകരണം കേള്‍ക്കാന്‍ നല്ല രസമായിരുന്നു. അവള്‍ സംസാരിക്കുമ്പോള്‍ രാജീവന് ആ അമ്പലവും വിഗ്രഹവുമെല്ലാം കണ്‍മുന്നില്‍ തെളിഞ്ഞ് വന്നു. ഇതിന് മുന്നെ കാണാത്ത കിണറും അതിന്റെ അടിത്തട്ടില്‍ കിടക്കുന്ന നാണയങ്ങളും എത്ര വ്യക്തമായി കാണാന്‍ കഴിയുന്നു. കഥയാണെങ്കിലും പറഞ്ഞ് ഫലിപ്പിക്കാന്‍ കഴിവുള്ള പെണ്‍കുട്ടി. രാജീവന് അവളെ വളരെയധികം ഇഷ്ടപ്പെട്ടു. കൂടുതല്‍ അടുത്തറിയണമെന്ന് ആഗ്രഹമായി.
ഫോണ്‍ നമ്പരും അഡ്രസ്സും എങ്ങനെ ചോദിക്കുമെന്ന് ആലോചിക്കുമ്പോഴേയ്ക്കും വണ്ടി ഘാട്പാടിയില്‍ എത്തി. കോകില പെട്ടിയുമെടുത്ത് പുറത്തേയ്ക്കിറങ്ങി. രാജീവനും അവളുടെ കൂടെ പുറത്തിറങ്ങി നിന്നു. ജംഗ്ഷനായതിനാല്‍ പത്ത് മിനിറ്റ് കഴിഞ്ഞേ പോകുകയുള്ളു. അതിലെ വന്ന ഒരു കാപ്പിക്കാരനെ പിടിച്ച് നിര്‍ത്തി രണ്ടുപേരും ഓരോ കാപ്പി വാങ്ങി മൊത്തിക്കൊണ്ടിരുന്നു.
പറയാന്‍ വാക്കുകളില്ലാതെ കാപ്പി ഗ്ലാസ്സിനകത്തേയ്ക്കും സ്റ്റേഷനില്‍ നിന്ന് പുറത്തേയ്ക്ക് പോകുന്ന കവാടത്തിലേയ്ക്കും മാറി മാറി നോക്കി. സെക്കന്റുകള്‍ ടിക്ക് ടിക്ക് അടിച്ച് പോയിക്കൊണ്ടിരുന്നു. ഒടുവില്‍ രണ്ടും കല്പിച്ച് രാജീവന്‍ അഡ്രസ്സ് ചോദിക്കാന്‍ തന്നെ തീരുമാനിച്ചു. ''അതേയ് കോകില. തന്റെ ...'' ബാക്കിയുള്ളത് തീവണ്ടിയുടെ കൂവലില്‍ മുങ്ങിപ്പോയി. രാജീവന് തന്നെ കേള്‍ക്കാന്‍ സാധിച്ചില്ല.
അയാള്‍ തിരിച്ച് ബോഗിയിലേയ്ക്ക് കയറി. അവളെ നോക്കി കൈ വീശി. അപ്പോള്‍ അവള്‍ അപ്രതീക്ഷിതമായി ഒരു കടലാസ് കക്ഷണം അയാളുടെ കൈയില്‍ പിടിപ്പിച്ചു. അത്ഭുതത്തോടെ കൈയിലെ കടലാസ് മുറുക്കി പിടിച്ച് അവളെ നോക്കുമ്പോള്‍ അവളും കൈ വീശുകയായിരുന്നു.
ട്രെയിന്‍ ദൂരെയെത്തുന്നതുവരെ കോകില കൈ വീശിക്കൊണ്ട് നില്‍ക്കുന്നത് രാജീവന്‍ കണ്ടു. അയാള്‍ കൈ തുറക്കാന്‍ ധൈര്യപ്പെട്ടില്ല. കാറ്റത്ത് ആ കടലാസ് പറന്നു പോയാലോ? അയാള്‍ തന്റെ സീറ്റില്‍ തിരിച്ച് വന്നിരുന്നു. സീറ്റില്‍ വച്ചിരുന്ന കലികയെടുത്ത് മടിയില്‍ വച്ചു. കലികയും കോകിലയും. ഒരു നിഗൂഢസുന്ദരിയും തുറന്ന മനസ്സുള്ള ഒരു പെണ്‍കൊടിയും. ഒന്ന് മിഥ്യ, ഒന്ന് യാഥാര്‍ത്ഥ്യം!
അയാള്‍ മിടിക്കുന്ന ഹൃദയത്തോടെ മുഷ്ടി തുറന്ന് അവള്‍ കൊടുത്ത കടലാസ് നോക്കി. ഒന്നും എഴുതാത്ത ഒരു തുണ്ട് കടലാസ്. അയാള്‍ക്ക് നിരാശയും അരിശവും ഒപ്പം വന്നു. പക്ഷേ, ഒരേയൊരു നിമിഷത്തേയ്ക്ക് മാത്രം. അയാള്‍ അത് തിരിച്ച് നോക്കി. ഒരു ഫോണ്‍ നമ്പര്‍ എഴുതിയിട്ടുണ്ട്. പിന്നെ ഒരു വീട്ട് നമ്പറും. അവള്‍ താമസിക്കുന്ന വീട്ടിലെ ഫോണ്‍ ആയിരിക്കണം. അയാള്‍ ശ്രദ്ധാപൂര്‍വ്വം ആ കടലാസ് തന്റെ പേഴ്‌സില്‍ ഭദ്രമായി തിരുകി വച്ചു.
അയാള്‍ കോകില ഇരുന്നിരുന്ന സീറ്റിലേയ്ക്ക് നോക്കി. ഉടനെ തന്നെ നോട്ടം പിന്‍വലിക്കുകയും ചെയ്തു. ആ രൗദ്രഭാവക്കാരന്‍ എവിടെന്നോ വീണ്ടും അവിടെ വന്നിരുപ്പുറപ്പിച്ചിരിക്കുന്നു. അയാളെ സഹിക്കാനുള്ള ശേഷിയില്ലെന്ന് തോന്നിയതിനാല്‍ രാജീവന്‍ കണ്ണുകള്‍ അടച്ച് ഉറങ്ങാന്‍ തെയ്യാറായി. പാലക്കാട് മുതല്‍ ഘാട്പാടി വരെ ഉറങ്ങിയിട്ടേയില്ല. കോകിലയുമായുള്ള നര്‍മ്മ സല്ലാപത്തിന്റെ മധുരം നുണഞ്ഞുകൊണ്ട് അയാള്‍ മെല്ലെ ഉറക്കത്തിലേയ്ക്ക് വഴുതിയിറങ്ങി.
മദ്രാസ് സെന്‍ട്രലില്‍ എത്തിയപ്പോഴാണ് പിന്നെ രാജീവന്‍ എഴുന്നേറ്റത്. നേരെ താമസസ്ഥലത്തേയ്ക്ക് പോയി. താമസവും എഗ്മൂര്‍ തന്നെ ആയതുകൊണ്ട് ഓഫീസിലേയ്ക്ക് നടക്കാവുന്നതേയുള്ളു. അയാള്‍ വീട്ടിലെത്തിയപ്പോഴേയ്ക്കും കൂടെ താമസിക്കുന്ന ഹരിയും രമേശും കുഞ്ചുവും ജോലിയ്ക്ക് പോയിക്കഴിഞ്ഞിരുന്നു. പാചകക്കാരന്‍ രാജു അവിടെയുണ്ട്.
പിന്നെയുള്ള അഞ്ച് ദിവസങ്ങള്‍ ജോലിത്തിരക്ക് തന്നെയായിരുന്നു. അല്ലെങ്കിലും ചെറിയൊരു ലീവിന് പോയാല്‍ പോലും തിരിച്ചെത്തിയാല്‍ പിടിപ്പത് പണിയായിരിക്കും. അതൊരു പ്രകൃതിനിയമം ആയിരിക്കണം. അതിനെ പറ്റിയും മര്‍ഫിയ്ക്ക് എന്തെങ്കിലും പറയാന്‍ ഉണ്ടാകും.
വെള്ളിയാഴ്ച ആയപ്പോഴേയ്ക്കും കൂടെയുള്ളവര്‍ വാരാന്ത്യത്തിനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ തുടങ്ങി.
ഹരി പുതിയ ഒരു ബിസിനസ് തുടങ്ങാനായി അയാളുടെ ഒരു കൂട്ടുകാരനെ കാണാന്‍ നെയ്വേലിയ്ക്ക് പോകുന്നു. കുഞ്ചു രണ്ട് ദിവസം ആര്‍ക്കോണത്തുള്ള അയാളുടെ അമ്മാവന്റെ വീട്ടിലായിരിക്കും. അയാള്‍ക്കല്ലെങ്കിലും അമ്മാവന്റെ മോളുമായി ഒരു ലൈനുള്ളതാണ്. ആ ലൈന്‍ ഷോര്‍ട്ടാകാതെ സൂക്ഷിക്കേണ്ടത് അയാളുടെ മാത്രം ആവശ്യം. രമേശിന് ഒരാഴ്ചയിലെ കഠിനാദ്ധ്വാനത്തിന്റെ ക്ഷീണം തീര്‍ക്കാന്‍ രണ്ട് ദിവസം മുഴുവന്‍ ഉറങ്ങണം.
അപ്പോള്‍പിന്നെ രാജീവന്‍ ഒറ്റയ്ക്കായി. എന്ത് ചെയ്യണം രണ്ട് ദിവസം എന്നാലോചിച്ചപ്പോഴാണ് മനസ്സിന്റെ അറകളിലെവിടേയോ മറന്ന് കിടന്നിരുന്ന കോകിലത്തിന്റെ നേര്‍ത്ത കൂവല്‍ അയാള്‍ കേട്ടത്. താനെന്തൊരു ദുഷ്ടന്‍! ആ സുന്ദരിക്കുട്ടിയെ കുറിച്ച് ഒരു തവണ പോലും ചിന്തിക്കുകയുണ്ടായില്ല. ജോലിത്തിരക്കെന്ന് ഒരു ഒഴികഴിവ് പറയാമെന്ന് മാത്രം.
എന്താണ് കോകിലയെ പറ്റി ഓര്‍ക്കാഞ്ഞത്? അപ്പോള്‍ അയാളുടെ മനസ്സില്‍ കലികയും തെളിഞ്ഞു. ഈ ദിവസങ്ങളില്‍ മോഹനചന്ദ്രനെ വായിക്കാനെ സാധിച്ചില്ല. തീവണ്ടിയില്‍ നിന്നിറങ്ങിയ ശേഷം കലികയുമില്ല കോകിലയുമില്ല. എന്നാല്‍ പിന്നെ വെല്ലൂര്‍ വരെ ഒരു ബസ് യാത്ര നടത്തിയാലോ? യാത്രയില്‍ കലിക വായിക്കുകയും ചെയ്യാം, യാത്രാന്ത്യത്തില്‍ കോകിലയെ കാണുകയും ചെയ്യാം.
രാജീവന്‍ ഉടനെ തന്നെ രണ്ട് ഒറ്റരൂപ തുട്ടുകളുമായി വീട്ടില്‍ നിന്നിറങ്ങി. മെയിന്‍ റോഡിലെ പലചരക്ക് കടയില്‍ ഒരു ഫോണുണ്ട്. പേഴ്‌സില്‍ നിന്ന് കോകില തന്ന കടലാസെടുത്ത് ഫോണ്‍ നമ്പര്‍ ഹൃദിസ്ഥമാക്കി. പിന്നെ കടയില്‍ ചെന്ന് ആ നമ്പറിലേയ്ക്ക് വിളിച്ചു. അപ്പുറത്ത് കേട്ട സ്ത്രീശബ്ദം കോകിലയുടേതായിരുന്നില്ല. അത് റോസായിരിക്കുമെന്ന് അയാള്‍ തീരുമാനിച്ചു. കോകില പുറത്തെവിടെയോ ആണ്. രാജീവന്‍ വിളിക്കുമെന്നും ശനിയാഴ്ച പതിനൊന്ന് മണിയ്ക്ക് ജലകണ്‌ഠേശ്വര്‍ ക്ഷേത്രത്തിന്റെ മുന്നില്‍ കാണാമെന്നും പറഞ്ഞേല്പിച്ചിട്ടാണ് അവള്‍ പുറത്തേയ്ക്ക് പോയത്. പിറ്റേന്ന് പറഞ്ഞപോലെ തന്നെ കോകിലയെ കാണാമെന്ന് രാജീവന്‍ ആ ശബ്ദത്തിന്റെ ഉടമയ്ക്ക് ഉറപ്പ് കൊടുത്തു.
തിരിച്ച് വീട്ടിലേയ്ക്ക് നടക്കുമ്പോള്‍ രാജീവന്റെ ചുണ്ടത്ത് ഇതിന് മുമ്പൊരിക്കലും മുളയ്ക്കാത്ത ഒരു മൂളിപ്പാട്ട് തത്തിക്കളിച്ചിരുന്നു. അയാള്‍ മറന്നെങ്കിലും അവള്‍ക്ക് നിശ്ചയമായിരുന്നു അയാള്‍ വിളിക്കുമെന്ന്. അവള്‍ തന്നെ കാത്തിരിക്കുന്നു എന്നുള്ള അറിവ് അയാളുടെ ചിന്താമണ്ഡലത്തില്‍ നക്ഷത്രങ്ങള്‍ തെളിയിച്ചു. അതിനിടയില്‍ കാണുന്ന പ്രകാശപൂരിതമായ വൃത്തത്തില്‍ കോകിലയുടെ അഴകാര്‍ന്ന മുഖം!
അന്ന് വൈകുന്നേരം കൂട്ടുകാരുടെ കൂടെയുള്ള ആഹാരം കഴിക്കലും വര്‍ത്തമാനം പറച്ചിലുമെല്ലാം യാന്ത്രികമായി കഴിച്ചുകൂട്ടി. അയാളുടെ മനസ്സ് വെല്ലൂരിലെത്തിക്കഴിഞ്ഞിരുന്നു.
പിറ്റേന്ന് പതിനൊന്ന് മണിയ്ക്ക് മുന്നേ രാജീവന്‍ വെല്ലൂര്‍ കോട്ടയുടെ വാതില്‍ക്കല്‍ എത്തിയിരുന്നു. നൂറ്റിനാല്പതോളം കിലോമീറ്റര്‍ മൂന്നര മണിക്കൂര്‍ കൊണ്ട് ബസ് പിന്നിട്ടു. പറഞ്ഞ സമയം തെറ്റാതിരിക്കാന്‍ അയാള്‍ ഏഴ് മണിയുടെ ബസില്‍ തന്നെ യാത്ര തിരിച്ചിരുന്നു. ബസിലിരുന്ന് വായിക്കാന്‍ കലിക എടുക്കണമെന്ന് വിചാരിച്ചിരുന്നതാണെങ്കിലും അതയാള്‍ മറന്നു. കലികയ്ക്ക് അവസാനം എന്ത് പറ്റിയെന്നറിയാനുള്ള ആകാംക്ഷ കോകിലയെ കാണാനുള്ള ഉത്സാഹമാക്കി മാറ്റി.
വെല്ലൂരെത്തി ഒരു റസ്റ്റോറന്റില്‍ കയറി മുഖമൊക്കെ കഴുകി ഉന്മേഷവാനാകാനും ആഹാരം കഴിക്കാനും സാധിച്ചു. ഇനി എത്ര നേരം വേണമെങ്കിലും കോകിലയുടെ കൂടെ ചുറ്റാന്‍ അയാള്‍ തെയ്യാറായിരുന്നു.
കോകിലയെ കാണുമ്പോള്‍ എന്തെല്ലാം പറയണമെന്ന് മനസ്സില്‍ ആലോചിച്ചെടുക്കുകയായിരുന്നു രാജീവന്‍. എന്തിന് വേണ്ടിയുള്ള കാത്ത് നില്പായാലും അക്ഷമനാവാതിരിക്കാന്‍ മനസ്സിനെ എന്തെങ്കിലും കര്‍ത്തവ്യങ്ങളില്‍ വ്യാപൃതമാക്കുന്നത് അയാളുടെ പതിവായിരുന്നു.
''എന്താണ് കോട്ടയുടെ മുമ്പില്‍ നിന്ന് സ്വപ്നം കാണുകയാണോ? വെല്ലൂര്‍ രാജകുമാരി മുന്നിലെത്തിയതൊന്നും അറിഞ്ഞില്ലെന്ന് തോന്നുന്നു.''
ആ പരിചിത ശബ്ദം അയാളെ ചിന്തയില്‍ നിന്നുണര്‍ത്തി. ഒരു രാത്രി മുഴുവന്‍ ഉറങ്ങാതെ കേട്ട് ആസ്വദിച്ച ആ സ്വരമാധുരി. കോകില!
''കാത്ത് നിന്നപ്പോള്‍ തീവണ്ടിയില്‍ നടന്നത് സ്വപ്നമായിരുന്നോ എന്ന് സംശയമായിപ്പോയി. ക്ഷമിക്കു രാജകുമാരി!'' അയാളും അവളുടെ അതേ സ്വരരാഗത്തില്‍ മറുപടി പറഞ്ഞു.
''നമുക്ക് അകത്തേയ്ക്ക് പോകാം. ജലകണ്‌ഠേശ്വരനെ കാണേണ്ടേ?'' അതു പറഞ്ഞ് അവള്‍ അയാളുടെ കൈ പിടിച്ച് വലിച്ച് അകത്തേയ്ക്ക് നടന്നു.
പിന്നെയുള്ള രണ്ട് മണിക്കൂറുകള്‍ കടന്ന് പോയത് രാജീവന്‍ അറിഞ്ഞതേയില്ല. കോകില ഒരു ഇരുത്തം വന്ന ഗൈഡിനെ പോലെ അയാളെ ആ കോട്ടയ്ക്കകം മുഴുവന്‍ ചുറ്റിക്കാണിച്ചു.
അമ്പലത്തിന്റെ ഗോപുരത്തിന്റെ കൊത്തുപണി തന്നെ കണ്ടാല്‍ മതിവരാത്ത വിധം മനോഹരമാണ്. നൂറ് അടിയോളം പൊക്കത്തില്‍ പടുത്തുയര്‍ത്തിയ ഗോപുരം കടക്കുന്നതോടെ ഒരു നിര്‍മ്മാണചാതുര്യത്തിന്റെ മികവിലേയ്ക്കാണ് നമ്മള്‍ നടന്ന് കയറുന്നത്. അത് കൂടാതെ തൂണുകളും ശില്പങ്ങളും. ക്ഷേത്രം ഒരു കുളത്തിന് നടുവിലാണ് പണിതിരിക്കുന്നത്. ഭംഗിയായി കെട്ടിപ്പടുത്ത കുളം. രാജീവന് പറവൂരെ മൂകാംബികക്ഷേത്രമാണ് അത് കണ്ടപ്പോള്‍ ഓര്‍മ്മ വന്നത്.
നിരവധി കല്‍ത്തൂണുകളില്‍ താങ്ങിനിര്‍ത്തിയിരിക്കുന്ന മണ്ഡപം. ആ തൂണുകളില്‍ പലവിധത്തിലുള്ള വ്യാളീമുഖങ്ങളും കുതിരകളും സര്‍പ്പങ്ങളും കൂടാതെ മറ്റനേകം ജീവികളേയും കൊത്തിയെടുത്തിട്ടുണ്ട്. അന്നത്തെ കല്ലാശാരികളുടെ കരവിരുത് വ്യക്തമാക്കുന്ന ശില്പങ്ങള്‍.
നന്ദിയുടെ ബിംബത്തിന് പുറകില്‍ കാണുന്ന മണ്‍വിളക്കില്‍ കൈ വച്ചാല്‍ അത് വട്ടത്തില്‍ കറങ്ങുന്നതായി അനുഭവപ്പെടുമെന്ന് പറയപ്പെടുന്നു. ആ സമയത്ത് എന്താഗ്രഹിച്ചാലും അത് നടന്നു കിട്ടുമെന്ന് അവിടത്തുകാരുടെ വിശ്വാസം. പക്ഷേ, വിളക്ക് കറങ്ങിയാല്‍ മാത്രമേ ദൈവം പ്രസാദിച്ചതായി കണക്കാക്കാന്‍ സാധിക്കു.
''എന്താണ് രാജീവാ, എന്തെങ്കിലും സാധിക്കാനുണ്ടോ? വേണമെങ്കില്‍ വിളക്കില്‍ തൊട്ടോളു.'' കോകില ഒരു പുഞ്ചിരിയോടെ രാജീവനെ നോക്കി.
അയാള്‍ വേണ്ടെന്ന അര്‍ത്ഥത്തില്‍ തലയാട്ടി. തന്റെ കാര്യസിദ്ധികള്‍ക്കായി ദൈവത്തിനെ ഉപദ്രവിക്കുന്നതില്‍ രാജീവന് പണ്ടേ താല്പര്യമില്ല.
അവര്‍ മുന്നോട്ട് നീങ്ങി. കോകില തീവണ്ടി യാത്രയ്ക്കിടയില്‍ വിവരിച്ച കിണര്‍ കാണാനായിരുന്നു രാജീവന് ഔത്സുക്യം. അയാള്‍ അതിനെ പറ്റി അവളോട് ചോദിച്ചു. കുറച്ചു കൂടി ക്ഷമിക്കാന്‍ അവള്‍ ആംഗ്യം കാട്ടി.
പിന്നീട് ആ പുണ്യപുരാതന തീര്‍ത്ഥക്കിണറിന്റെ അരികിലേയ്ക്ക് അവള്‍ അയാളെ കൂട്ടിക്കൊണ്ട് പോയി. ആ ഗംഗാ ഗൗരി തീര്‍ത്ഥക്കിണറ്റിലെ വെള്ളമാണ് ജലകണ്‌ഠേശ്വരന്റെ അഭിഷേകത്തിനായി ഉപയോഗിക്കുന്നത്.
രാജീവന്‍ ആ കിണറിനകത്തേയ്ക്ക് എത്തി നോക്കി. വളരെയധികം താഴ്ചയുണ്ട് കിണറിന്. പക്ഷേ, സ്ഫടികം പോലെ തെളിഞ്ഞ വെള്ളം. അതിന്റെ അഗാധതയില്‍ കിടക്കുന്ന നാണയത്തുട്ടുകള്‍ അയാള്‍ക്ക് കാണാമായിരുന്നു. എത്ര പേരുടെ ആശകളും ആകാംക്ഷകളുമാണ് അവിടെ കിടക്കുന്നത്. അവരുടെയെല്ലാം ഉറച്ച വിശ്വാസം അവരുടെ ജീവിതങ്ങള്‍ തളിരിടാനും അതില്‍ പൂവണിയാനും അവരെ പ്രാപ്തരാക്കിയിട്ടുണ്ടാകണം. അവരുടെ ജീവിതത്തിലുണ്ടായിട്ടുള്ള അഭിവൃദ്ധി ജലകണ്‌ഠേശ്വരന്റെ തീര്‍ത്ഥക്കിണറ്റില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റതാണെന്ന് അവര്‍ വിശ്വസിച്ചിരുന്നിരിക്കണം. അവര്‍ ഇവിടെ വീണ്ടും വരാന്‍ അത് പ്രേരകഹേതുവായിരുന്നിരിക്കണം.
രാജീവന്‍ തല പൊക്കിയപ്പോള്‍ അയാളെ തന്നെ കൗതുകത്തോടെ നോക്കി നില്‍ക്കുന്ന കോകിലയെയാണ് കണ്ടത്. അവളുടെ ഇളം പുഞ്ചിരി അവള്‍ തന്റെ മനസ്സിനെ വായിച്ചെടുത്തെന്ന് അയാളെ അറിയിച്ചു.
'ഇനിയെന്താ ഭാവം' എന്ന് ചോദിക്കുന്ന മട്ടില്‍ അവള്‍ പുരികമുയര്‍ത്തി.
അയാള്‍ പോക്കറ്റില്‍ നിന്നും ഒരു ഒറ്റരൂപ തുട്ടെടുത്തു. വലത് കൈപടത്തില്‍ അത് വച്ചിട്ട് അയാള്‍ കൈ കോകിലയുടെ നേരെ നീട്ടി. അവള്‍ വലത് കരം രാജീവന്റെ കൈയില്‍ കമഴ്ത്തിപ്പിടിച്ചു. അവര്‍ ഒരുമിച്ച് കൈകള്‍ തീര്‍ത്ഥക്കിണറ്റിലേയ്ക്ക് നീട്ടി.
രണ്ട് പേരും ഒന്നും ഉരിയാടിയില്ലെങ്കിലും അവരുടെ ഹൃദയങ്ങള്‍ ഒരേ ഭാഷയില്‍ സംസാരിക്കുന്നത് അവരുടെ കണ്ണുകളില്‍ തെളിഞ്ഞു. ഒരേ സമയം കൈകള്‍ തുറന്നപ്പോള്‍ ആ നാണയം കിണറ്റിലേയ്ക്ക് വീണു. ജലനിരപ്പില്‍ ചെറിയ ഓളങ്ങള്‍ സൃഷ്ടിച്ച് അത് അഗാധതയിലേയ്ക്ക് ഇറങ്ങിപ്പോകുന്നത് അവര്‍ നോക്കി നിന്നു.
നാണയം താഴെ തട്ടില്‍ ചെന്ന് ഇരിപ്പിടം ഉറപ്പിച്ചപ്പോള്‍ അവര്‍ അന്യോന്യം നോക്കി. ''ഇനി പോകാമല്ലേ?'' കോകില ചോദിച്ചു.
അവര്‍ പുറത്തേയ്ക്ക് നടന്നു. അമ്പലത്തില്‍ നല്ല തിരക്ക്. ആളുകളുടെയിടയിലൂടെ തിക്കിത്തെരക്കി നടക്കുന്നതിനിടയില്‍ എപ്പോഴോ രാജീവന്റെ കണ്‍വെട്ടത്ത് നിന്ന് കോകില അപ്രത്യക്ഷയായി. അയാള്‍ അവളെ തെരഞ്ഞ് അവിടെയെല്ലാം നടന്നു. പക്ഷേ, അവളുടെ ലാഞ്ഛനപോലും ലഭിച്ചില്ല. ആ തിരക്കിനിടയില്‍ ഒരാളെ കണ്ടുപിടിക്കുന്നത് അത്ര എളുപ്പമായിരുന്നില്ല.
അയാള്‍ ഇനിയെന്ത് വേണമെന്ന് ചിന്തിച്ച് നിന്നു. അവര്‍ രാവിലെ കണ്ടുമുട്ടിയ സ്ഥലത്തേയ്ക്ക് അയാള്‍ നടന്നു. കുറച്ച് നേരം അവിടെ കാത്ത് നില്‍ക്കാന്‍ അയാള്‍ തീരുമാനിച്ചു. അമ്പലത്തിനകത്ത് അയാളെ കാണാതാകുമ്പോള്‍ അവള്‍ അയാളെ അന്വേഷിച്ച് അവിടെ വരാതിരിക്കില്ലെന്ന് അയാള്‍ അനുമാനിച്ചു.
അര മണിക്കൂറോളം അവിടെ നിന്നിട്ടും അവളെ കണ്ടില്ല. അതിനടുത്ത് കണ്ട ഫോണ്‍ ബൂത്തില്‍ കയറി രാജീവന്‍ കോകിലയുടെ വീട്ടിലെ നമ്പറില്‍ വിളിച്ചു. ആരും ഫോണ്‍ എടുക്കുന്നില്ല. ഇനിയിപ്പോള്‍ അവളുടെ വീട്ടിലേയ്ക്ക് ചെന്ന് അവിടെ കാത്ത് നില്‍ക്കാമെന്ന് കരുതി അയാള്‍ അടുത്ത് കണ്ട ഒരു ഓട്ടോയില്‍ കയറി. നേഴ്‌സുമാരുടെ വീടെന്ന് പറഞ്ഞപ്പോള്‍ ഓട്ടോക്കാരന്‍ തല കുലുക്കി.
ആശുപത്രി വളപ്പിനകത്ത് കയറി കുറച്ചൊന്ന് ചുറ്റേണ്ടി വന്നു കോകിലയുടെ വീടിന് മുമ്പിലെത്താന്‍. ഓട്ടോക്കാരന്‍ കാശ് വാങ്ങി സ്ഥലം കാലിയാക്കി.
രാജീവന്‍ ആ വീട്ടുവളപ്പിലേയ്ക്ക് കയറി. വീടിന്റെ മുമ്പിലുള്ള കാളിംഗ് ബെല്ലടിച്ചു. പക്ഷേ, ആരും വാതില്‍ തുറക്കാന്‍ വന്നില്ല. അയാള്‍ വീടിന് പുറത്തിറങ്ങി ഗേറ്റിനരികെ നിന്നു. കോകിലയോ റോസോ വരാതിരിക്കില്ല. അവരെ കാത്ത് നില്‍ക്കാം. അവളോട് യാത്ര ചോദിക്കാതെ തിരിച്ച് പോകുന്നതെങ്ങനെയാ?
എത്ര നേരം അവിടെയങ്ങനെ നിന്നുവെന്ന് രാജീവന് ഓര്‍മ്മയില്ല. അയാളുടെ മനസ്സ് കോകിലയ്ക്ക് വേണ്ടി കേഴുകയായിരുന്നു. അവള്‍ക്കെന്ത് പറ്റിയാവോ?
''നിങ്ങള്‍ രാജീവനാണോ?'' ആ ചോദ്യം കേട്ട് അയാള്‍ തല നിവര്‍ത്തി നോക്കി. മുന്നില്‍ ഒരു പെണ്‍കുട്ടി. ആ കുട്ടി അവിടെയെത്തിയതൊന്നും അയാള്‍ കണ്ടിരുന്നില്ല. ശബ്ദം കേട്ടിട്ട് അത് റോസായിരിക്കുമെന്ന് അയാള്‍ അനുമാനിച്ചു.
അതെയന്നര്‍ത്ഥത്തില്‍ അയാള്‍ തലയാട്ടി.
''അപ്പോള്‍ രാജീവനൊന്നും അറിഞ്ഞില്ലേ?''
''എന്തറിഞ്ഞില്ലേയെന്ന്?'' അയാളുടെ ഹൃദയം ധൃതഗതിയില്‍ മിടിക്കാന്‍ തുടങ്ങി. കോകിലയ്‌ക്കെന്തോ സംഭവിച്ചുവെന്ന് അയാള്‍ ശങ്കിച്ചു. 'എന്റെ കോകില!' അയാളുടെ മനസ്സ് മന്ത്രിച്ചു.
''കോകില ... അവള്‍ പോയി.'' റോസ് ഏങ്ങലടിച്ചുകൊണ്ട് പറഞ്ഞൊപ്പിച്ചു.
''വെറുതെ അനാവശ്യം പറയാതെ.'' അയാള്‍ക്ക് ദേഷ്യം വന്നു. ''എന്ത് പറ്റീന്ന് പറയ്.' അയാള്‍ റോസിന്റെ രണ്ട് തോളത്തും പിടിച്ച് ശക്തമായി കുലുക്കി.
''നിങ്ങളെ കാണാനായി രാവിലെ ഇവിടെ നിന്ന് പോയതാണ്. ഫോര്‍ട്ടിനടുത്ത് വച്ച് ഒരു ആക്‌സിഡന്റ്. പാഞ്ഞ് വന്നൊരു കാറാണ് ഇടിച്ചത്. ആശുപത്രിയില്‍ എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു.''
അയാള്‍ക്ക് അയാളുടെ കാതുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. തന്റെ കൂടെയുണ്ടായിരുന്നതല്ലെ കോകില! അത്ര പെട്ടെന്ന് ഇല്ലാതാവുകയോ? അസംഭവ്യം.
''എപ്പോഴായിരുന്നു സംഭവിച്ചത്?'' അയാള്‍ ഒരുവിധം വാക്കുകള്‍ തപ്പിയെടുത്ത് ചോദിച്ചു.
''നാലഞ്ച് മണിക്കൂറുകള്‍ക്ക് മുമ്പാണ് ആക്‌സിഡന്റ് നടന്നത്. എന്റെ പാവം കോകില. നിങ്ങളെ കാണാനുള്ള ഉത്സാഹത്തിലായിരുന്നു അവള്‍. തീര്‍ത്ഥക്കിണറ്റില്‍ ഒരുമിച്ച് നാണയം ഇടുന്ന കാര്യവും പറഞ്ഞിരുന്നു, ഇവിടെ നിന്ന് ഇറങ്ങുമ്പോള്‍.''
രാജീവന്‍ അറിയാതെ കൈയിലെ വാച്ചില്‍ സമയം നോക്കി.
അയാള്‍ സ്തബ്ധനായി റോഡില്‍ ഇരുന്നു. എന്തോ പറയാന്‍ വന്നത് അയാളുടെ തൊണ്ടയില്‍ കുരുങ്ങി നിന്നു.