യക്ഷി
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സനുജ കല്ലെപുരക്കല്‍ എഴുതിയ കഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
തലേന്നു പെയ്ത മഴയില്‍ മണ്‍പാതകള്‍ വെള്ളക്കെട്ടുകളായി മാറിയിരുന്നു. നല്ലേടം തറവാട് ലക്ഷ്യമാക്കി മോഹനന്‍ ആഞ്ഞുനടന്നു. ഏറിയാല്‍ അര മണിക്കൂര്‍ കൂടി നടക്കണം. ഇരുട്ടു കനത്തുവരികയാണ്. വഴിയോരത്തെ ചെറുകടകള്‍ അടച്ചിരിക്കുന്നു.
ഹോ!.. കുറച്ചു നേരത്തെ പുറപ്പെടേണ്ടതായിരുന്നു. ഓപ്പോളെ വേളി കഴിപ്പിച്ചു വിട്ടത് നല്ലേടത്തേക്കാണ്. അവിടുത്തെ വല്യേട്ടന്റെ കുട്ടീടെ വേളിയാണ് നാളെ. വിജനമായ ഈ പാതയിലൂടെയുള്ള നടത്തം എപ്പോഴും മനസ്സില്‍ ഒരു ഭീതിയുണ്ടാക്കാറുണ്ട്. മോഹനന് വഴിയരികിലെവിടെയെങ്കിലും ഒന്നിരുന്നാല്‍ കൊള്ളാമെന്നു തോന്നി.
നെല്‍പ്പാടങ്ങള്‍ക്കിടയിലൂടെ ഒരു ചൂട്ടിന്റെ വെളിച്ചം അടുത്തുവരുന്നത് മോഹനന്‍ കണ്ടു.
ഹോ.. ഒരു മനുഷ്യജീവിയെ കാണാന്‍ പറ്റിയല്ലോ.. ആശ്വാസം! മോഹനന്‍ നടത്തമൊന്നു പതുക്കെയാക്കി
ആ ചൂട്ടുവെളിച്ചം മോഹനനോടടുത്തു വന്നു. തവിട്ടു നിറത്തിലുള്ള വസ്ത്രം ധരിച്ച്, കൈകള്‍ ആട്ടിക്കൊണ്ട് വളരെ വേഗത്തിലുള്ള നടത്തം.
മോഹനന്‍ ആ മനുഷ്യനെ സൂക്ഷിച്ചുനോക്കി.
കത്തനാര്‍!
'ദേവീ ആശ്വാസമായി..' മോഹനന്റെ മനസ്സിലെ ഭയം ഒന്നു ശമിച്ചു.
ഏതെങ്കിലും യക്ഷിയെ തളച്ചിട്ടുള്ള വരവായിരിക്കും. എന്തായാലും ഇനി ഈ ഭൂമിയില്‍ എനിക്ക് ഒന്നിനെയും പേടിക്കണ്ട കത്തനാരല്ലേ കൂടെ.
'അച്ചോ? ഞാനാ മോഹനന്‍.. നല്ലേടത്തേയ്ക്കാണ്. അച്ചനു വിരോധമില്ലെങ്കില്‍ ഒന്നിച്ചാവാം നടത്തം.'
കത്തനാര്‍ ഒന്നു മൂളുക മാത്രം ചെയ്തു. മോഹനന്‍ കത്തനാരുടെ പിറകെ നടന്നുതുടങ്ങി.
നെല്‍പ്പാടങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ ഇടുങ്ങിയ ഒരു ഇടവഴിയിലൂടെയാണ് യാത്ര. അതുകഴിഞ്ഞ് ഒരു തേക്കിന്‍ കൂപ്പാണ്. അതും താണ്ടി വലത്തോട്ടുള്ള വഴിയേ ചെന്നാല്‍ പള്ളിയിമേടയിലെത്തും. നേരെ ചെന്നാല്‍ നല്ലേടം തറവാട്ടിലും.
'മോഹനന്റെയുള്ളില്‍ ചെറിയൊരു ഭയമുണ്ടല്ലേ?..'
അവര്‍ക്കിടയിലെ മൗനത്തിനു വിരാമമിട്ടുകൊണ്ട് കത്തനാര്‍ ചോദിച്ചു.
മോഹനന്‍ മറുപടിയൊന്നും നല്‍കാതെ ഒരു ഇളിഭ്യച്ചിരി ചിരിച്ചു.
'ഈ പ്രേതം,പിശാശ് എന്നു പറയുന്നത് ഒക്കെ മനുഷ്യന്മാരെ ആശ്രയിച്ചു ജീവിക്കുന്ന സാധുക്കളാണ്', കത്തനാര്‍ തുടര്‍ന്നു.
പ്രേത പിശാചുക്കളെക്കുറിച്ചു സംസാരിക്കാന്‍ താത്പര്യമല്ലായിരുന്നെങ്കിലും കത്തനാരെ മുഷിപ്പിക്കേണ്ടന്നു കരുതി അതെയതെ എന്ന് മോഹനന്‍ പറഞ്ഞു.
'ഓരോ ആത്മാക്കള്‍ക്കും ഓരോ കഥകളുണ്ട്. ഭൂമിയെ സ്‌നേഹിച്ചവരാണ് ആത്മാക്കളായി ഇവിടെ തുടരുന്നവര്‍.. പരലോകത്തേക്ക് പോകാന്‍ ഇഷ്ടമില്ലാത്തവര്‍'.
'എന്തായാലും അവര്‍ രക്തദാഹികളാണ്'. മോഹനന്‍ കൂട്ടിച്ചേര്‍ത്തു.
കത്തനാരാവട്ടെ ഒന്നു ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.
നെല്‍പ്പാടം കടന്ന് അവര്‍ ഇടവഴിയിലേക്കു കയറി. അന്തരീക്ഷത്തില്‍ മുല്ലപ്പൂവിന്റെ സുഗന്ധം തങ്ങിനില്‍ക്കുന്നു.
'അച്ചോ.. മുല്ലപ്പൂവിന്റെ ഗന്ധം വരുന്നില്ലേ?..'
കത്തനാര്‍ നടത്തമൊന്നു നിര്‍ത്തി തിരിഞ്ഞുനിന്ന് തന്റെ കൈകള്‍ മോഹനനു നേരെ നീട്ടി. അതില്‍ വാടാത്ത ഒരുപിടി മുല്ലപ്പൂക്കള്‍.
'ഇതെവിടുന്നാണച്ചോ മുല്ലപ്പൂവ്?' മോഹനന്‍ തെല്ലൊരു ഭയത്തോടെ ചോദിച്ചു.
'ഇതൊരു വടയക്ഷിയെ പിടിച്ചുകെട്ടാനുള്ള ഉച്ചാടനത്തിനുശേഷം അവിടെ അവശേഷിച്ച കുറച്ചു മുല്ലപ്പൂക്കള്‍ ആണ്.. ഇത്ര നേരമായിട്ടും വാടിയിട്ടില്ല അല്ലെ.'
ചെറിയൊരു ചിരിയോടെ കത്തനാര്‍ അതു മണത്തുനോക്കി.
മോഹനന് മഴ ചാറാന്‍ തുടങ്ങിയതുപോലെ തോന്നി. അല്ല അതു മഴയല്ല, മഞ്ഞാണ്.
മകരമാസത്തിലെന്നപോലെ മഞ്ഞ് ഈ കര്‍ക്കടകത്തിലും! മനസ്സില്‍ വീണ്ടുമൊരു ഭയം മുളപൊട്ടുന്നപോലെ. ഇനി കത്തനാരുടെ വേഷത്തില്‍ തനിക്കൊപ്പം നില്‍ക്കുന്നത് ഒരു യക്ഷിയാണോ?
കത്തനാരച്ചന്‍ വീണ്ടും നടന്നുതുടങ്ങി. മനസ്സില്‍ ഇരച്ചുകയറുന്ന ഭയത്തോടെ മോഹനന്‍ പിന്നില്‍ നടന്നു.
തേക്കിന്‍കൂപ്പെത്തി, നടത്തത്തിനിടെ കത്തനാര്‍ എന്തോ പുലമ്പിയതുപോലെ.
'അച്ചോ.. അച്ചനെന്താ പറ്റിയത്?..'
കത്തനാര്‍ തിരിഞ്ഞുനിന്ന് കയ്യിലെ വെള്ളിക്കുരിശ് മോഹനനു നേരെ നീട്ടി. വിറയാര്‍ന്ന കൈകളോടെ മോഹനന്‍ അതുവാങ്ങി.
കത്തനാരുടെ മുഖത്ത് നിര്‍വികാരത പടര്‍ന്നു.
''കഴിഞ്ഞ ആവാഹനത്തിലെ ആത്മാവ് മരിച്ചത് ഈ തേക്കുംകൂപ്പില്‍ വെച്ചാണ്, രുഗ്മിണി. ഒരു ഇരുപത്തേഴുകാരി. പ്രായം പോലെ തന്നെ ശക്ത. ഞാന്‍ നേരിട്ട മറ്റ് ആത്മാക്കളില്‍ നിന്നും വ്യത്യസ്തയായിരുന്നു അവള്‍. കാരണം അവളുടെ ശരീരം ഒരു ആണിന്റേതായിരുന്നു. എന്നാല്‍ ഒരു പെണ്ണിന്റെ മനസും, പ്രവര്‍ത്തിയും, വസ്ത്രങ്ങളും ധരിച്ചവള്‍.
'പെണ്‍ആത്മാക്കള്‍ക്ക് വേണ്ടിയുള്ള ആവാഹനം അവസാനിക്കുന്ന നിമിഷത്തിലാണ് അവള്‍ ആ സത്യം തുറന്നു പറയുന്നത്. ഈ തേക്കിന്‍ കൂപ്പില്‍ വെച്ചാണ് അവളെ നല്ലേടത്തെ കാരണവര്‍ വിളക്കുകോല്‍ കൊണ്ടു കുത്തിക്കൊന്നതെന്ന സത്യം'
ഇതെല്ലാം കേട്ട് നാലുപാടും നോക്കി ഭയത്തോടെ നില്‍ക്കുകയാണ് മോഹനന്‍
കത്തനാര്‍ തുടര്‍ന്നു: 'ആണ്‍ശരീരത്തില്‍ പെണ്ണെന്നു പറയാന്‍ ഒരു ആത്മാവിനു പോലും ധൈര്യം ഇല്ലേ?'
ഉറക്കെപ്പറയുന്നതിനിടെ കത്തനാരുടെ ശബ്ദം നേര്‍ത്ത് ഒരു സ്ത്രീശബ്ദമായി മാറിയതായി തോന്നി.
മുല്ലപ്പൂവിന്റെ ആലസ്യമുണ്ടാക്കുന്ന ഗന്ധം ചുറ്റും പരക്കുന്നതായി മോഹനനു തോന്നി.
കത്തനാര്‍ കൈകള്‍ കൊണ്ട് മാറ് മറച്ചുകൊണ്ട് കരയാന്‍ തുടങ്ങി.
'ഞാന്‍ ആണല്ല വല്ല്യേട്ടാ.. എന്റെ പേര് യദു എന്നല്ല. ഞാന്‍ രുഗ്മിണിയാണ്. ഞാന്‍ ആര്‍ക്കും മാനക്കേട് വരുത്തില്ല വല്യേട്ടാ എന്നെ കൊല്ലരുത്'
കത്തനാര്‍ പൊട്ടിക്കരഞ്ഞ് മോഹനന്റെ കാല്‍ക്കല്‍ വീണു.
മോഹനന്‍ കാണുന്നത് സത്യമോ മിഥ്യയോ എന്നു മനസ്സിലാക്കാനാകാതെ അടിമുടി വിറച്ചു നില്‍ക്കുകയാണ്. ദേവ്യേ.. എന്നുറക്കെ വിളിക്കാന്‍ മോഹനന്‍ ആഗ്രഹിച്ചു.. എന്നാല്‍ വരണ്ട തൊണ്ടയില്‍ നിന്നു ശബ്ദമൊന്നും പുറത്തു വരുന്നില്ല.
അന്തരീക്ഷം മാറി മറിഞ്ഞു.
തേക്കിന്‍ പൂക്കള്‍ കൊണ്ട് നിലം നിറഞ്ഞു.
എന്നാല്‍ അവയക്കെല്ലാം മുല്ലപ്പൂവിന്റെ ഗന്ധമായിരുന്നു.
കത്തനാരച്ചന്‍ തലയുയര്‍ത്തി. ദൈന്യയാര്‍ന്ന നോട്ടം.
എന്റെ തലയില്‍ ആ വെള്ളിക്കുരിശു വെച്ച് ബൈബിളില്‍ നിന്ന് ഏതെങ്കിലും ഒരു വാചകം ചൊല്ലി ഈ ആത്മാവില്‍ നിന്നും എന്നെ മോചിപ്പിക്കണേ. കത്തനാരച്ഛന്‍ മോഹനനോട് കേണപേക്ഷിക്കുകയാണ്.
ഒന്നു പിന്നോട്ടാഞ്ഞ മോഹനന്‍ പിന്നെ നല്ലേടത്തു തറവാട് ലക്ഷ്യമാക്കി ഓടി.
തേക്കിന്‍കൂപ്പും കഴിഞ്ഞ് മനയുടെ പടിപ്പുര താണ്ടിയിട്ടും മോഹനന്‍ തിരിഞ്ഞുനോക്കിയതേയില്ല. കണ്ട കാഴ്ചകളും നിര്‍ത്താതെയുള്ള ഓട്ടവും വല്ലാതെ തളര്‍ത്തിയിരിക്കുന്നു. അപ്പോഴും മുല്ലപ്പൂവിന്റെ ഗന്ധം മൂക്കില്‍ നിന്നും പോയിരുന്നില്ല.
കയ്യില്‍ പിടിച്ചിരിക്കുന്ന വെള്ളിക്കുരിശിനെക്കുറിച്ചോര്‍ത്ത് അതിലേക്കു നോക്കിയപ്പോള്‍ അത് കൈയ്യില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. പകരം ഒരു പിടി മുല്ലപ്പൂക്കള്‍. ഒരു നിലവിളിയോടെ അയാള്‍ അവ വലിച്ചെറിഞ്ഞു.
തറവാട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്നുതന്ന ഓപ്പോളുടെ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാതെ വിറച്ചുകൊണ്ട് മോഹനന്‍ നേരെ മച്ചിലേക്കു പോയി. കട്ടിലില്‍ കിടന്നു കണ്ണുകള്‍ മുറുകെയടച്ചു. ഭീതിപ്പെടുത്തുന്ന കാഴ്ചകള്‍ മനസ്സിലേക്ക് ഇരച്ചുകയറുന്നു. ഒരു ബോധക്ഷയം വരുന്ന പോലെ.
നേരം വെളുത്തിട്ടും മോഹനനെ കാണാതായതോടെ വല്ല്യേട്ടന്‍ മച്ചില്‍ ചെന്നു നോക്കി. മുറിയടച്ചിരിക്കുന്നു. തട്ടിവിളിച്ചിട്ടും വാതില്‍ തുറക്കുന്നില്ല. എന്തോ പന്തികേട് തോന്നി അയാള്‍ ആ വാതില്‍ തള്ളിത്തുറന്നു.
മച്ചിനകത്തെ കാഴ്ച്ച കണ്ട് വല്യേട്ടന്‍ നടുങ്ങി.
മുണ്ട് കേറ്റി ഉടുത്ത്, കയ്യില്‍ ഒരു പിടി മുല്ലപ്പൂവും മണത്ത്, കണ്ണില്‍ കണ്മഷി പുരട്ടിക്കൊണ്ടിരിക്കുന്ന മോഹനന്‍..
അല്ല.
രുഗ്മിണി.. രുഗ്മിണി!