Malayalam Short Story : തീക്കാലം, സബ്‌ന മംഗലം എഴുതിയ കഥ
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സബ്‌ന മംഗലം എഴുതിയ കഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
'നന്ദാ, ഒരു ഗ്ലാസ് വെള്ളമിങ്ങെടുത്തേ, ദാഹിച്ചിട്ട് വയ്യ.'
പുറത്തുനിന്നും കയറിവന്ന വിനോദ് ക്ഷീണത്തോടെ ഹാളിലെ സോഫയിലേക്ക് ചാഞ്ഞു.
ഫാന്‍ ഫുള്‍ സ്പീഡില്‍ കറങ്ങിയിട്ടും ശരീരത്തില്‍ ഒരു കുളിര് പോലും അനുഭവപ്പെടുന്നില്ല. ചുട്ടുപൊള്ളുകയാണ് അകവും പുറവും.
അവന്‍ വിയര്‍പ്പില്‍ മുങ്ങിയ ഷര്‍ട്ടൂരി മാറ്റിക്കൊണ്ടിരിക്കുമ്പോഴാണ് മുഷിഞ്ഞ നൈറ്റി അരയിലേക്ക് വലിച്ചു കുത്തിക്കൊണ്ട് നന്ദ ഒരു ചെറിയ ഗ്ലാസ് വെള്ളവുമായി വന്നത്.
'ഒരു വലിയ കപ്പ് വെള്ളമെടുത്തൂടായിരുന്നോ? തൊണ്ട വരണ്ടു പോയിരിക്കുന്നു. എന്തൊരു ചൂടാണീശ്വരാ.'
'ദേ.. കഷ്ടിച്ച് ഇന്നത്തേക്കുള്ള വെള്ളം കൂടിയേയുള്ളൂ, ആ ഷാനുവിനെ വിളിച്ചിട്ട് ഔട്ട് ഓഫ് റേഞ്ചാണ്. അവനിനി എന്നാണീ ഭാഗത്തേക്ക് വെള്ളവുമായി വരികയാവോ.'
എന്താ ചെയ്യാ? എനിക്ക് പേടിയാവുന്നു. ഇങ്ങനെ പോയാല്‍ എങ്ങനെ ജീവിക്കും?നന്ദ വേവലാതിയോടെ പറഞ്ഞുകൊണ്ടിരുന്നു.
ഇനി വൈകീട്ടു പുറത്തു പോകുമ്പോള്‍ വാങ്ങാന്‍ നോക്കാം. കടകളിലും വെള്ളത്തിന്റെ ബോട്ടിലുകള്‍ കിട്ടാനില്ല.
'എന്റെ അലക്കിയ ഒരു മുണ്ടു താ നന്ദ... ഇതൊക്കെയൊന്നു മാറ്റിയിടട്ടെ' വിനോദ് അഴിച്ചെടുത്ത ഷര്‍ട്ട് നന്ദയുടെ കയ്യിലേക്ക് കൊടുത്തു.
അതൊന്നും അലക്കിയില്ലേട്ടാ. വെള്ളമില്ലാതെ ഞാനെന്തു ചെയ്യാനാ? അവളുടെ മുഖവും സ്വരവും നനവില്ലാത്ത വയലു പോലെ വരണ്ടുപോയിരുന്നു.
ആകെ കിണറില്‍ നിന്നും ഊറിവരുന്നത് ഇത്തിരി വെള്ളം, ബാത്‌റൂമുകളില്‍ പിടിച്ചു വെക്കാനും അടുക്കളയിലെ ആവശ്യങ്ങള്‍ക്കും മാത്രമേ അത് തികയുന്നുള്ളൂ.
വിയര്‍ത്തു മുങ്ങി എന്നുപറഞ്ഞു ഡ്രസ്സഴിച്ചു കൂട്ടിയിടേണ്ട, അലക്കാനും കുളിക്കാനുമൊന്നും വെള്ളമില്ലെന്ന് മോനോടും ഞാനിപ്പോ പറഞ്ഞതേയുള്ളൂ.
വിനോദ് നീണ്ടൊരു നെടുവീര്‍പ്പോടെഅഴിച്ചിട്ട മുഷിഞ്ഞ തുണി തന്നെ എടുത്തുടുത്തു.
'അകത്തു കയറിയാല്‍ പുകച്ചിലും പുറത്തിറങ്ങിയാല്‍ പൊള്ളലും, വല്ലാത്തൊരു കാലം.'
ഇത്തിരിയെങ്കിലും തണുപ്പ് കിട്ടിയെങ്കിലോ എന്ന് കരുതി പിറുപിറുത്തുകൊണ്ടയാള്‍ ഹാളിലെ മാര്‍ബിള്‍ വിരിച്ച തറയിലേക്ക് ചിന്താഭാരത്തോടെ മലര്‍ന്നു കിടന്നു.
ഏട്ടന്‍ എന്താണീ കാട്ടണേ? രണ്ടുമൂന്നു ദിവസമായി തറയൊക്കെ തുടച്ചിട്ട്, അപ്പടി പൊടിയുണ്ടാകും. എല്ലാറ്റിനും വെള്ളം തന്നെ വേണ്ടേ?'- നന്ദ പിറുപിറുത്തപ്പോള്‍ വിനോദ് കൊട്ടാരംപോലുള്ള വീടിനുള്‍വശത്തേക്കൊക്കെ ഒന്ന് കണ്ണോടിച്ചു.
എത്ര ലിറ്റര്‍ വെള്ളം വേണ്ടിവരും ഈ വീടു മുഴുവന്‍ വൃത്തിയാക്കണമെങ്കില്‍-അവന്‍ ഒരു നിമിഷം ചിന്തിച്ചുപോയി.
'ഈ വീട് നിനക്ക് വലിപ്പം പോരായിരുന്നല്ലോ നന്ദ, ഇപ്പോള്‍ നിനക്കതില്‍ പരിഭവമുണ്ടോ?' വിനോദ് തെല്ലു പുച്ഛത്തോടെ ഭാര്യയുടെ മുഖത്തേക്ക് നോക്കി.
വീര്‍ത്തുകെട്ടിയ മുഖത്തോടെ അവള്‍ അടുക്കളയിലേക്ക് തന്നെ പോയി.
'ഇത്തിരി വെള്ളം കൂടെ താടീ, ദാഹം തീരണില്ല. ശരീരം തളരുന്നപോലെ',അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു കൊണ്ടയാള്‍ ഉണങ്ങി പോകുന്ന ചൊടികളെ നാവുകൊണ്ട് നനച്ചു കൊടുത്തു.
'ഇനി കുറച്ചു കഴിയട്ടെ 'എന്നിട്ടു കുടിക്കാം, അല്ലേല്‍ വെള്ളം തികയില്ല.' അടുക്കളയില്‍ നിന്നും മറുപടി ഉയര്‍ന്നു.
ആ സമയം കറന്റ് പോയി ഫാന്‍ നിശ്ചലമായി.
'ഒടുക്കത്തെ ചൂടും ഇടക്കിടെ പവര്‍കട്ടും, മനുഷ്യന്റെ ജീവനെടുക്കും.'
വിനോദ് അസ്വസ്ഥതയോടെ തറയില്‍ നിന്നുമെഴുന്നേറ്റു പുറത്തേക്ക് നടന്നു.
ഒരിത്തിരി കാറ്റ് പുറത്തുനിന്നെങ്കിലും കടന്നുവന്നിരുന്നെങ്കില്‍!
അവന്‍ സിറ്റൗട്ടില്‍ നിന്നും പുറത്തേക്ക് നോക്കി.
കത്തി ജ്വലിക്കുകയാണ് സൂര്യന്‍. നരച്ചു തുടങ്ങിയ തുണി പോലെ ഉണങ്ങി വരണ്ട് നില്‍ക്കുന്ന തൊടി.
ലക്ഷങ്ങള്‍ മുടക്കിയുണ്ടാക്കിയ മുറ്റത്തെ പുല്‍ത്തകിടികള്‍ ഉണങ്ങിക്കരിഞ്ഞിരിക്കുന്നു. നിരനിരയായിരിക്കുന്ന ചട്ടികളിലെ അലങ്കാര ചെടികള്‍, ഇലകളെല്ലാം കൊഴിഞ്ഞു പൂക്കളെല്ലാം കരിഞ്ഞു ഒരായുസ്സിന്റെ വേദനയും പേറി വാടി നില്‍ക്കുകയാണ്.
മുറ്റത്തെ സ്വിമ്മിങ് പൂളിലൂടെ വെള്ളം തുള്ളി തുടിച്ചിട്ടെത്ര നാളായാവോ!
മരങ്ങള്‍ തിങ്ങി നിറഞ്ഞ മനോഹരമായൊരു സ്ഥലമായിരുന്നു താനിത് വാങ്ങുമ്പോള്‍. വീടുവയ്ക്കുന്നതിനായാണ് ഇതിലെ പകുതിയിലേറെ മരങ്ങള്‍ മുറിച്ചു മാറ്റിയത്. ഒടുവില്‍ പറമ്പില്‍ കൊട്ടാരസമാനമായ വീട് മാത്രം ബാക്കിയായി.
കൂട്ടുകാരുടെ വീടുകളെല്ലാം ഇതിലും വലുതാണ്. നമ്മുടെ വീട് ചെറുതായിപ്പോയി എന്നും പറഞ്ഞ് അന്ന് നന്ദ കുറെ മുഖം വീര്‍പ്പിച്ച് നടന്നതാണ്.
ഇനി നീട്ടാന്‍ പറമ്പില്‍ സ്ഥലമില്ല എന്ന സത്യം ബോധ്യപ്പെടുത്തിയപ്പോഴാണ് അവളടങ്ങിയത്.
ഒന്നും വേണ്ടായിരുന്നു, ചെറിയൊരു വീട് മതിയായിരുന്നു. എങ്കില്‍ വീടിന് തണലേകാന്‍ കുറച്ചു മരങ്ങളെങ്കിലും ബാക്കിയുണ്ടായേനെ.
വീടുണ്ടാക്കി കഴിഞ്ഞപ്പോള്‍ ആകെ ബാക്കി വന്നത് മുറ്റത്തൊരു മാവ് മാത്രമാണ്.
വീട്ടില്‍ താമസമാക്കി തുടങ്ങിയത് മുതല്‍ അതില്‍ നിന്നും കൊഴിഞ്ഞു വീഴുന്ന ഇലകള്‍ നന്ദക്ക് തലവേദനയായി.
ഇന്റര്‍ലോക്ക് ചെയ്ത മുറ്റത്തേയും പച്ചപ്പുല്ല് പതിച്ചു ഭംഗിയാക്കിയ ലോണിനെയും അത് വൃത്തികേടാക്കുന്നു എന്ന പരാതി സൈ്വര്യം കെടുത്തിയപ്പോള്‍ അതും മുറിച്ചുമാറ്റേണ്ടി വന്നു. ഇന്നിപ്പോള്‍, ആ മാവിന്റെ തണലെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് മനസ്സ് കൊതിച്ചു പോകുകയാണ്.
തെറ്റുകാരന്‍ താന്‍ തന്നെയാണ്. നഷ്ടപ്പെടുത്തുന്നത് എന്താണെന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടിയിരുന്നു. തങ്ങളുടെ നിലനില്‍പ്പിനെ തന്നെയാണ് ഇല്ലായ്മ ചെയ്യുന്നതെന്ന ബോധം തനിക്കെങ്കിലും വേണമായിരുന്നു.
തനിക്കും ഭാര്യക്കും മോനും താമസിക്കാന്‍ ഒരു വീട് മതിയായിരുന്നു. ഒരു ലോകം തന്നെ വേണ്ടിയിരുന്നില്ല.
മറ്റുള്ളവര്‍ക്കു മുമ്പില്‍ പൊങ്ങച്ചം കാട്ടാന്‍ കടം വാങ്ങിയും ലോണെടുത്തും വലിയ ബംഗ്ലാവ് കെട്ടിപ്പൊക്കിയിട്ട് താനെന്ത് നേടി? വിനോദ് വീര്‍പ്പുമുട്ടലോടെ ചിന്തിച്ചുപോയി.
ഉമ്മറത്തിരുന്ന് നഷ്ടങ്ങളുടെ കണക്കുകളെടുക്കുമ്പോള്‍ എന്തോ ഒന്ന് വീഴുന്ന ശബ്ദം കേട്ട് അവന്‍ എഴുന്നേറ്റു നോക്കി.
മുറ്റത്ത് കിടന്ന് എന്തോ പിടയുന്നത് പോലെ തോന്നിയപ്പോള്‍ അവന്‍ ചുട്ടു പൊള്ളുന്ന വെയിലിനെ വകവെക്കാതെ പുറത്തേക്കിറങ്ങി നോക്കി. ചെരുപ്പിട്ടിട്ടും ലോക്ക് ചെയ്ത മുറ്റം തീപോലെ പൊള്ളുന്നു.
അതു കൊണ്ടായിരിക്കണം തളര്‍ന്നുവീണ കുഞ്ഞിക്കിളി വീണ്ടും ചിറകടിച്ചു പിടഞ്ഞത്.
വിനോദ് ഓടിച്ചെന്ന് അതിനെ കയ്യിലെടുത്തു.
അതു കൊക്ക് പിളര്‍ത്തി അവനെ ദയനീയമായി നോക്കി. കനത്ത ചൂട് കൊണ്ട് വിനോദിന്റെ നെറ്റിയിലൂടെ വിയര്‍പ്പു ചാലുകള്‍ ഒഴുകിയിറങ്ങിക്കൊണ്ടിരുന്നു.
ആ ഇറ്റുവീഴുന്ന വിയര്‍പ്പു തുള്ളികളെ അവന്‍ അല്‍പാല്‍പമായി അതിന്റെ വായിലേക്കിറ്റിച്ചു കൊടുത്തു. അത് ആര്‍ത്തിയോടെ കൊക്ക് പിളര്‍ത്തി.
പെട്ടെന്ന് ശരീരത്തില്‍ തിളച്ച വെള്ളം വീണത് പോലെ അയാളൊന്ന് പിടഞ്ഞു.
സൂര്യാഘാതം!
കയ്യും കഴുത്തും പൊള്ളി കുമിളച്ചുരുകിപ്പോയ വിനോദും ആ കുരുവിയോട് കൂടെ താഴേക്ക് വീണു.
അപ്പോഴും അവനതിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു.
അവന്റെ ശരീരത്തില്‍ നിന്നും ഒഴുകിയിറങ്ങുന്ന വിയര്‍പ്പു തുള്ളികള്‍ക്കായി അത് ആര്‍ത്തിയോടെ വീണ്ടും കൊക്ക് പിളര്‍ത്തിക്കൊണ്ടിരുന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...