പച്ചവെളിച്ചം
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് വി. കെ റീന എഴുതിയ കഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
ജാലകപ്പഴുതിലൂടെ അവള്‍ പുറത്തേക്ക് നോക്കി. വല്ലാത്തൊരു ഹൂങ്കോടെ തകര്‍ത്തു പെയ്യുകയാണ് മഴ. കുന്നിറങ്ങി, താഴേക്ക് കുതിക്കുന്ന വെള്ളച്ചാലിനു ചെഞ്ചോരനിറം. ഒറ്റക്കരിമ്പനയുടെ ഭീമാകാരമായ ഇലത്തുമ്പിലൂടെ മഴ തന്റെ വലിയതുള്ളികളെ നിലത്തേക്ക് പതിപ്പിക്കുന്നു. പനയുടെ കൂര്‍ത്ത ഇലകളേക്കാള്‍ മൂര്‍ച്ചയോടെ മനസ്സില്‍ ആഴ്‌നിറങ്ങിയ അന്ധവിശ്വാസത്തിന്റെ മുറിവില്‍ അവളൊന്ന് പിടഞ്ഞു.മരിച്ചുപോയ മുത്തശ്ശി പറയാറുണ്ടായിരുന്ന, കരിമ്പനച്ചുവട്ടില്‍ യക്ഷിയോടൊത്തു ആദ്യസമാഗമം നടത്തി, അപ്രത്യക്ഷരായ ചെറുപ്പക്കാരുടെ കഥകള്‍ അവള്‍ക്കോര്‍മ്മ വന്നു.
താഴിട്ട് പൂട്ടിയ ലോകത്തിന് മുമ്പില്‍ കാല്പനികതയുടേയും ഗൃഹാതുരത്വത്തിന്റേയും ചിഹ്നമായി കൊടുംമഴയിലും ആ വൃക്ഷം തലയുയര്‍ത്തി നിന്നു.
ഇരുട്ടില്‍ അതിന്റെ പട്ടകള്‍ തലയാട്ടി.
പെണ്‍കുട്ടി ജനാല അടച്ചില്ല. അവള്‍ മൊബൈലില്‍ അയാളുടെ നമ്പറിന് നേരേ പച്ചവെളിച്ചം തെളിയുന്നുണ്ടോ എന്ന് പരതിക്കൊണ്ടിരുന്നു. അവള്‍ക്ക് എന്നത്തേയും പോലെ അയാളോട് സംസാരിക്കണമായിരുന്നു.
അയാള്‍ സംസാരിക്കുമ്പോള്‍ സ്നേഹത്തിന്റേയും പ്രണയത്തിന്റേയും നൈര്‍മ്മല്യത്തിലേക്ക് അവള്‍ സ്വയം ഊര്‍ന്നുപോകും. സൂര്യനു കീഴിലുള്ള സകല ചരാചരങ്ങളെക്കുറിച്ചും കഴിഞ്ഞ അഞ്ചു വര്‍ഷമായി അവര്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു.
എന്നിട്ടും അവര്‍ക്ക് പറയാന്‍ ഒരുപാട് കാര്യങ്ങള്‍ ബാക്കിയുണ്ടായിരുന്നു. ആമസോണ്‍ പ്രൈമില്‍ കണ്ട ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമയെക്കുറിച്ചു,, മരിച്ചുപോയ അമ്മയുടെ സ്വത്തു വിറ്റുകിട്ടിയ മുഴുവന്‍ തുകയുമെടുത്തു അച്ഛനും അവരുടെ ഭാര്യയും അവളറിയാതെ ചെലവാക്കിയതിനെക്കുറിച്ച്, ശങ്കരമ്മാമന്‍ കൊണ്ടുവന്ന ചോക്കോബാര്‍ അവളുടെ കുഞ്ഞനിയത്തിക്ക് മാത്രം കൊടുത്തതിനെക്കുറിച്ച്, അയാള്‍ രാത്രികളില്‍ നല്‍കിയ ചുംബനഇമോജികളെല്ലാം അവള്‍ ഡിലീറ്റ് ചെയ്തതിനെക്കുറിച്ച്, കോവിഡ് വന്നു മരിച്ച ബന്ധുക്കളെക്കുറിച്ച്, അവളുടെ പുതിയ കവിതക്ക് സമ്മാനം ലഭിച്ചതിനെക്കുറിച്ചു, ഒക്കെ അയാളോട് പറയാന്‍ അവള്‍ക്ക് തിടുക്കമായി.
ഒരു മാളിലെ നീല വെളിച്ചത്തിലെ തിരക്കിനിടയില്‍ വെച്ചാണ് ആദ്യം അയാളെ കണ്ടത്. അമ്മയുടെ ഒരു ശിഷ്യനാണ് എന്നു പറഞ്ഞു പരിചയപ്പെടുത്തിയത് അച്ഛനാണ്. അമ്മ മരിച്ച ദിവസം മുഴുവന്‍ അയാള്‍ അവിടെയുണ്ടായിരുന്നുവെന്ന് അച്ഛന്‍ ഓര്‍മ്മിച്ചു പറഞ്ഞു. കന്യാമറിയത്തിന്റ രൂപമായിരുന്നു അമ്മയ്ക്ക്. ആശുപത്രിയില്‍ നിന്ന് ആംബുലന്‍സില്‍ വീട്ടിലെത്തിയ അമ്മയെ ഓടിച്ചെന്നുകെട്ടിപിടിച്ചപ്പോള്‍ ശരീരത്തില്‍ പടര്‍ന്ന തണുപ്പ് ഇപ്പോഴും വിട്ടുമാറിയിട്ടല്ലെന്നു അവള്‍ക്കപ്പോള്‍ തോന്നി. അച്ഛനോടൊപ്പമുള്ള സ്ത്രീയേയും കുഞ്ഞിനേയും നോക്കി അയാള്‍ അത്ഭുതപ്പെട്ടു. ഞാനറിഞ്ഞിരുന്നില്ല എന്ന് നിഷ്‌കളങ്കമായി ചിരിച്ചു.
'ഫുഡ് സെക്ഷന്‍ തേര്‍ഡ് ഫ്‌ളോറിലാണ് അങ്ങോട്ട് പോകാം.'
അച്ഛന്‍ ക്ഷണിച്ചപ്പോള്‍ അയാള്‍ തിരക്കുണ്ടെന്ന് പറഞ്ഞൊഴിഞ്ഞു. എസ്‌കോലൈറ്ററില്‍ കയറാന്‍ മടിച്ചു നിന്ന അവളെ ഗൗനിക്കാതെ ആ സ്ത്രീ കുഞ്ഞിനോടൊപ്പം അതില്‍ കയറി.
'അപ്പുറത്ത് കോമണ്‍ സ്റ്റേര്‍കേസുണ്ട് അതിലൂടെ കയറിവരൂ എന്നുപറഞ്ഞു അച്ഛനും അവരോടൊപ്പം കൂടി.
താഴെ പകച്ചുനിന്ന അവളോട് അയാള്‍ സ്‌നേഹത്തോടെ പറഞ്ഞു.
'വരൂ, ഞാന്‍ കൂടെവന്നു കാണിച്ചു തരാം.'
പിന്നെ പലതവണ അയാള്‍ അവളുടെ രക്ഷകനായി.
അയാളുടെ കൈ മുറുകെപിടിച്ചു മൂവിങ് സ്റ്റേര്‍കേസ് കയറുന്ന വിദ്യ അവള്‍ പഠിച്ചു.
പറമ്പില്‍, കാലത്തോളം മുളച്ചു പൊന്തിയ വേരുകള്‍ മണ്ണിലാണ്ട ഒറ്റക്കരിമ്പന അത്ഭുതത്തോടെ നോക്കിയിട്ട് അയാള്‍ പറഞ്ഞു 'ഇതിപ്പോ നാട്ടിലൊന്നും കാണാനില്ല. കഥകളിലല്ലാതെ '
അന്നുരാത്രി അവള്‍ക്ക് വാട്‌സാപ്പില്‍ അയാളൊരു സന്ദേശമയച്ചു. അത് കരിമ്പനയെക്കുറിച്ച്, ഖസാക്കിന്റ ഇതിഹാസത്തില്‍ ഒ വി വിജയന്‍ കുറിച്ചിട്ട വരികളായിരുന്നു.
'പണ്ട്, പറന്നു പറന്ന് ചിറകുകടയുന്ന നാഗത്താന്മാര്‍ പനക്കുരലില്‍ മാണിക്യമിറക്കിവെച്ചു ക്ഷീണം തീര്‍ക്കാറുണ്ടായിരുന്നു നാഗത്താന്മാര്‍ക്കായി പണകേറ്റക്കാരന്‍ കള്ള് നേര്‍ന്നുവെച്ചു പനഞ്ചോട്ടിലാകട്ടെ അവന്‍ കുലദൈവങ്ങള്‍ക്ക് തെച്ചിപ്പൂ നേര്‍ന്നിട്ടു ദൈവങ്ങളേയും പിതൃക്കളേയും ഷെയ്ഖ് തമ്പുരാനേയും സ്മരിച്ചേ പന കേറുകയുള്ളൂ. കാരണം പിടിനിലയില്ലാത്ത ആകാശത്തിലേക്കാണ് കേറിപോകുന്നത് പനമ്പട്ടകളില്‍ ഇടിമിന്നലും കാറ്റുമുണ്ട്. പനയുടെ കൂര്‍ത്ത ചിതമ്പലുകളിലാണെങ്കില്‍ തേളുകളുണ്ട് ആ ചിതമ്പലുകളിലുരഞ്ഞു പനകേറ്റക്കാരന്റെ കൈയും മാറും തഴമ്പു കെട്ടും.
ആ തഴമ്പുകള്‍ കണ്ടാണ് പെണ്ണുങ്ങള്‍ ആണിനെയറിഞ്ഞത്'
അവള്‍ മറുപടി എഴുതിയില്ല.
'കരിമ്പനക്ക് എല്ലാം കാണാന്‍ കഴിയുംപോലും എല്ലാം അറിയുംപോലും'-അവന്‍ വീണ്ടും എഴുതി.
അതെന്തിനാണ് ഇവിടെ എഴുതിയതെന്ന് അവള്‍ തിരിച്ചു മെസേജ് അയച്ചു
'നമ്മള്‍ തമ്മില്‍ പ്രണയമാണെന്ന് നിന്റെ ജനാലക്കപ്പുറത്തെ ഒറ്റപ്പന പറഞ്ഞു തരും'
അത്രയുമെഴുതി അന്നവന്‍ പച്ചവെളിച്ചം മായ്ച്ചുകളഞ്ഞു.
ക്രമേണ അയാളുടെ സ്‌നിഗ്ധവും നിഷ്‌കളങ്കവുമായ പ്രണയം, കരിമ്പനയുടെ വേരുകള്‍ മണ്ണിലെന്നപോലെ അവളുടെ മനസ്സില്‍ ആഴ്ന്നു നിന്നു.
അയാളുടെ കൂടെ എസ്‌കോലൈറ്ററില്‍ മാളിലെ തേര്‍ഡ് ഫ്‌ളോറില്‍ ഭയമില്ലാതെ കയറാനും, പിസയും, ബര്‍ഗ്ഗറും ഫിഷ്ബിരിയാണിയും ഐസ്‌ക്രീമും രുചിയോടെ നുണയാനും അവള്‍ ശീലിച്ചു.
കോവിഡ് ലോകക്രമം തെറ്റിച്ചത് മുതലാണ് അയാളുടെ വീട്ടിലേക്കുള്ള വരവുനിലച്ചത്. എന്നാലും ഒരൊറ്റ ദിവസം പോലും അവര്‍ സംസാരിക്കാതിരുന്നിട്ടില്ല.
മൂന്നുനാള്‍ തുടര്‍ച്ചയായി മെസേജുകളൊന്നും വരാതിരുന്നപ്പോള്‍ അവള്‍ വല്ലാതെ പരിഭ്രമിച്ചു. വിഷാദം ഒരു വിഷസര്‍പ്പത്തെപോലെ പൊതിഞ്ഞു പിടിക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ തളര്‍ന്നു തുടങ്ങി.
അച്ഛന്റെയും അവരുടെ ഭാര്യയുടെയും ലോകത്ത് നിന്ന്, ഋഷിമൂകപര്‍വ്വതത്തിലെ മാതംഗമഹര്‍ഷിയുടെ ആശ്രമത്തില്‍ കയറാന്‍ മടിക്കുന്ന ബാലിയെപോലെ അവള്‍ ഒഴിഞ്ഞുമാറി നിന്നു.
ഓരോരുത്തര്‍ക്കും അവരുടേതായ ഒരു ലോകം ഉണ്ടെന്നും അവഗണിക്കപ്പെടുമെന്ന തോന്നലുണ്ടാകുന്നിടത്ത്, ഒരിക്കലും ഇടിച്ചുകയറി ഇടം ഒരുക്കരുതെന്നും അവള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. തനിക്ക് ചുറ്റും സുരക്ഷിതവലയം ഒരുക്കുന്ന ഒരജ്ഞാതശക്തിയായി അയാളുടെ രൂപം അവളുടെ മനസ്സിന്റെ ആഴങ്ങളില്‍ പതിച്ചിട്ടും മൂന്നുനാള്‍ അയാള്‍ വിളിക്കാതിരുന്നപ്പോള്‍ തിരിച്ചുവിളിക്കാന്‍ ഒരുങ്ങാതിരുന്നതും അതുകൊണ്ടാണ്.
ഒരാഴ്ച്ചയിലധികം നിശ്ശബ്ദനായിരിക്കാന്‍ അയാള്‍ക്കാവില്ലെന്ന് അവള്‍ക്ക് തീര്‍ച്ചയുണ്ടായിരുന്നു.
എന്നിട്ടും എല്ലാറ്റിനോടും വിരസത അനുഭവപ്പെട്ട ഒരു ഉച്ച നേരത്ത്, അവള്‍ അയാളുടെ മൊബൈലില്‍ വിളിച്ചുനോക്കി. അത് സ്വിച്ചോഫ് ചെയ്യപ്പെട്ട നിലയിലായിരുന്നു.
എത്ര പെട്ടെന്നാണ് ഒരു മനുഷ്യന്‍ തന്റെ ചിന്തകളെ അപ്പാടെ അപഹരിച്ചു കളഞ്ഞതെന്ന് അവള്‍ അത്ഭുതത്തോടെ ഓര്‍ത്തു. പ്രതീക്ഷയോടെ കാത്തിരുന്നു.
അഞ്ചാം നാള്‍ മുഖപുസ്തകം തുറന്നപ്പോള്‍, കോവിഡ് കൂട്ടികൊണ്ടുപോയ ചെറുപ്പക്കാരുടെ കൂട്ടത്തില്‍, ചെമന്ന റോസാപ്പൂവുകള്‍ക്കും ആദരാഞ്ജലികള്‍ക്കും ഇടയില്‍ അവന്റെ പുഞ്ചിരിക്കുന്ന പടവും ഉണ്ടായിരുന്നു.
എന്നും രാത്രിയില്‍, പച്ചവട്ടത്തിനരികില്‍ തെളിഞ്ഞു നില്‍ക്കുന്ന മുഖം. പക്ഷേ എന്തുകൊണ്ടോ അത് ഉള്‍ക്കൊള്ളാന്‍ അവള്‍ക്ക് കഴിഞ്ഞില്ല.
കാലംതെറ്റി പെയ്യുന്ന രാഗവും താളവുമില്ലാത്ത രാത്രിമഴയില്‍, ഇരുട്ടിലാടുന്ന, കാറ്റുപിടിച്ച കരിമ്പനപ്പട്ടകള്‍ നോക്കി അവളിരുന്നു.
ഒരു ശ്വാസത്തിനായി പിടയുന്ന അനേകം ആത്മാക്കള്‍ കൂര്‍ത്തചിതമ്പലുകളില്‍ പതിയിരിക്കുന്നതായി അപ്പോഴവള്‍ക്കു തോന്നി. അന്നേരമവളുടെ മനസ്സില്‍ അവന്‍ വാട്‌സാപ്പില്‍ കോറിയിട്ട പനകേറ്റക്കാരന്റെ ഇതിഹാസവും കാറ്റുപിടിച്ച കരിമ്പട്ടകളിലെ ഇടിയും മിന്നലുമായിരുന്നു
പനയുടെ കൂര്‍ത്ത ചിതമ്പലുകളിലെ തേളുകള്‍ പതുക്കെ അവളുടെ ശരീരമാകെ ഇഴഞ്ഞുനടക്കാന്‍ തുടങ്ങി.