Malayalam Short Story : നീലവെളിച്ചം, മുംതാസ് അക്ബര്‍ അലി എഴുതിയ കഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  മുംതാസ് അക്ബര്‍ അലി എഴുതിയ കഥ

chilla amalayalam short story by Mumthaz Akbar Ali

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla amalayalam short story by Mumthaz Akbar Ali

 

പുലര്‍ച്ചെ തെളിയുന്ന നിലവിളക്കാണ് ഇവിടത്തെ ഐശ്വര്യം എന്നയാള്‍ക്കെപ്പോഴും തോന്നാറുണ്ട്. ഏഴുതിരിയിട്ട് കത്തുന്ന സ്വര്‍ണ്ണവിളക്കിന്റെ പ്രകാശത്തിലാണ് ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും.

ഒരു ദിവസം അടക്കിപെറുക്കി വെയ്ക്കുമ്പോള്‍ കടയിലെ മേശക്കടിയില്‍ നിന്നും അയാള്‍ക്കൊരു കരിപിടിച്ച വിളക്കു കിട്ടി. വലിച്ചെറിയാനുള്ള കൂട്ടത്തില്‍ വെയ്ക്കാനൊരുങ്ങുമ്പോള്‍ വിരല്‍പ്പാടു പതിഞ്ഞയിടത്തൊരു നീലനിറം. അതൊരു കുപ്പിവിളക്കാണെന്നു അയാള്‍ക്കപ്പോഴാണ് മനസ്സിലായത്. വെളിച്ചത്തിനു നേരെ പിടിച്ചപ്പോള്‍ പ്രകാശം കയറി കാണപ്പെട്ട ആ നീലച്ചില്ലിനോട് അയാള്‍ക്കൊരു കൗതുകവും ഇഷ്ടവും തോന്നി. അതൊന്നു തുടച്ചു മിനുക്കി വെച്ചാല് നല്ലതാവുമെന്നു തോന്നി.  വെറുതെ പൊടിതുടച്ച് അയാളത് ജനലിനടുത്ത് വെച്ചു. കഴുകിയെടുത്താല് നല്ല തിളക്കമാവുമെന്നും ഒരു അലങ്കാരമാവുമെന്നും മനസ്സില് കരുതി. 

ജനലിലൂടെ കടന്നു വരുന്ന പ്രകാശം ആ നീലച്ചില്ലില് തട്ടി പ്രതിഫലിക്കുന്നത് കണ്ടു. ആ ചില്ലില് ഒരു സ്ത്രീയുടെ രൂപം കൊത്തിയിട്ടുണ്ടെന്ന് അത്ഭുതത്തോടെയാണ് അയാളറിഞ്ഞത്. 

അന്നു മുഴുവന് അയാളുടെ നോട്ടം ഇടക്കിടെ കുപ്പിവിളക്കിലായിരുന്നു. അന്നു കച്ചവടത്തിനിടയിലും കണക്കുകൂട്ടലിനിടയിലുമെല്ലാം ചിന്ത ആ രൂപത്തിന്റെ മുഖത്തെ ഭാവത്തെക്കുറിച്ചായിരുന്നു. എന്നോ മറന്നു പോയൊരു കവിതയിലെ വരികളൊക്കെ അയാളുടെ മനസ്സിലേക്കോടി വന്നു. കാവ്യത്മകമായ രൂപമെന്നൊക്കെ വെറുതെ അതിനൊരു പേരുമിട്ടു. 

സന്ധ്യവെളിച്ചത്തിലും ഇരുട്ടിലും നീലച്ചില്ല് ഇരുണ്ടു തിളങ്ങി. കച്ചവടക്കണക്കുകള്‍ക്കിടയിലെന്നോ നഷ്ടപ്പെട്ട എഴുത്തിനെക്കുറിച്ചയാള്‍ ഓര്‍ത്തു. നീലവെളിച്ചത്തിലെ സ്ത്രീയെക്കുറിച്ചൊരു കവിതയാവാമെന്നും കരുതി, അയാളിലൊരു പ്രണയത്തിന്റെ തീപ്പൊരി വീണു. അന്ന് കടയടക്കും വരെ അയാള്‍ നിലവിളക്കിനെ ഗൗനിച്ചില്ല. അതിന്റെ പ്രകാശത്തെക്കുറിച്ച് ഓര്‍ത്തതേയില്ല. പക്ഷേ മുറിയിലെ വെളിച്ചങ്ങള്‍ ഓരോന്നായി കെടുത്തിയപ്പോള്‍ നിലവിളക്കിന്റെ പ്രഭാവെട്ടവും നീലവെളിച്ചവും ബാക്കിയായി. 

പരസ്പരം ചേരാത്ത രണ്ടു വെളിച്ചങ്ങള്‍ അന്ന് അയാളുടെ ഉറക്കം കെടുത്തി. ഉറക്കത്തിലും അതിനിടയിലെ ഉണര്‍ച്ചയിലും നീലവെളിച്ചത്തോട് തനിക്ക് വല്ലാത്തൊരിഷ്ടമുണ്ടെന്ന് അയാള്‍ക്ക് തിരിച്ചറിവുണ്ടായി. പ്രജ്ഞയെ അത് സ്വാധീനിക്കുന്നതായുള്ള തോന്നലിലാണ് ഉറക്കമുണര്‍ന്നെണീറ്റത്. സൗമ്യവും ദീപ്തവുമായ തന്റെ നിലവിളക്കിന്റെ പ്രകാശത്തെ കവച്ചുവെക്കാന്‍ മറ്റൊന്നിനുമാവില്ല എന്ന് സ്വയം പറഞ്ഞയാള്‍ വിശ്വസിപ്പിച്ചു.

ബോധമനസ്സിനെ സ്വാധീനിക്കാന്‍ നീലവെളിച്ചത്തില്‍ അഭൌമികശക്തിയൊന്നുമില്ല, വെറുതെ വിഡ്ഢിത്തം , കണക്കിനിടയിലാണ് കവിതയെഴുത്ത്, ആ പ്രായമൊക്കെ എന്നേ പോയി, വെറുതെ ഒരു പാട്ടവിളക്കു കാണുമ്പോഴേക്കും ഒരോന്നൊക്കെ ചിന്തിച്ച്...എന്നൊക്കെ സ്വയം ശകാരിച്ചാണ് കട തുറന്നത് തന്നെ.

മുറിക്കുള്ളിലേക്ക് അരിച്ചിറങ്ങുന്ന പ്രകാശത്തില്‍ നിലവിളക്കു തിളങ്ങി. ചില്ലുകഷ്ണത്തില്‍ വെയിലരിച്ചിറങ്ങുന്നത് അയാള്‍ കണ്ടില്ലെന്നു നടിച്ചു. വെളിച്ചം കടക്കാത്ത മൂലയിലേക്ക് അതിനെ തള്ളിവെച്ചാലോ എന്നു ചിന്തിച്ചു. മനസ്സിലാ വെളിച്ചം ചലനമുണ്ടാക്കിയ സ്ഥിതിക്ക് അതിനി ഇവിടെയുണ്ടാവുന്നത് ദോഷം ചെയ്യുമെന്ന് അയാളിലെ പക്വമതി ഉപദേശിച്ചു. 

അന്നാദ്യമായാണ് ആക്രിക്കച്ചവടക്കാരന്റെ വിളി അയാളില്‍ പ്രതികരണമുണ്ടാക്കിയത്. നീലച്ചില്ലില്‍വരച്ച രൂപത്തെ ഒന്നുകൂടെ നോക്കിക്കൊണ്ട് കുപ്പിവിളക്ക് ആക്രിക്കാരനു നല്‍കി. എന്റെ ജീവിതത്തില് ഇനി തിരുത്തലും കൂട്ടിചേര്‍ക്കലും വേണ്ട, ഒരു നിമിഷത്തെ പ്രലോഭനം, ഞാനതിലൊന്നും വീഴില്ല, അതു വെറുമൊരു നീലച്ചില്ലു മാത്രം എന്നു പറഞ്ഞു മനസ്സിനെ അടക്കി നിറുത്തി.  

നിലവിളക്ക് അയാളുടെ ചലനങ്ങളെയെല്ലാം സസൂക്ഷ്മം വീക്ഷിക്കുന്നതായി വെറുതെ അയാള്‍ക്ക് തോന്നി.  

ഉള്ളിലെവിടെയോ നീലച്ചില്ലില്‍ കൊത്തിവെച്ച ഒരു രൂപം ശേഷിക്കുന്നത് അറിയാത്ത ഭാവം നടിച്ചു. അല്‍പം കഴിയുമ്പോള്‍  മാറിക്കോളും, അയാളിലെ ഗൗരവക്കാരന്‍ ഉണര്ന്നു. നിലവിളക്കിന്റെ പ്രകാശം കടക്കാത്ത മനസ്സിലെ ഇരുട്ടുമൂലയിലേക്ക് നീലച്ചില്ലിനെ തള്ളിമാറ്റി അയാള്‍ കണക്കു പുസ്തകത്തിലേക്ക് തലതാഴ്ത്തി. 

Latest Videos
Follow Us:
Download App:
  • android
  • ios