Malayalam Short Story : ചതുരപ്പലകയിലെ ശവം, മനോജ് സന്‍ജീവ് എഴുതിയ കഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  മനോജ് സന്‍ജീവ് എഴുതിയ കഥ

 

 

chilla amalayalam short story by Manoj Sanjeev

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla amalayalam short story by Manoj Sanjeev

 

പൊടിപിടിച്ചു പഴകിയ പുസ്തകത്തിലെ ഓരോ താളുകള്‍ മറിക്കുമ്പോഴും കാലങ്ങള്‍ക്ക് പിന്നിലെ ഒരു കുടുസ്സു മുറിയുടെ ഗന്ധം ഉള്ളിലേക്ക് നിറയുന്ന പോലെ. കീറിയും മുറിച്ചും ഒഴിച്ചും പുകച്ചും രസിച്ചു നടന്ന ആ നാളുകള്‍. പുതിയതെന്തൊക്കെയോ കണ്ടതിന്റെ കൗതുകം. മങ്ങിയ താളുകളില്‍ കറുത്തവരകളാല്‍ കോറിയിട്ട ചിത്രം വല്ലാതെ മിടിക്കുന്ന പോലെ, മരണപ്പെട്ടവന്റെ ഹൃദയതാളം പോലെ. 

അതിനു ചുവട്ടില്‍ ചോരതളം കെട്ടി നില്‍ക്കുന്നു, കൊലപാതകിക്ക്  ചാര്‍ത്തിയ തിലകം പോലെ.


രണ്ട്

തുറന്നിട്ട ജനാലയിലൂടെ ചൂളം വിളിച്ചുകൊണ്ടു ഉള്ളിലേക്ക് കയറിവന്ന കാറ്റിന് വല്ലാത്തൊരു കുളിര്. ശരീരമാകെ കോരിത്തരിക്കുന്നു. കുറെ നേരമായി കൈകാലുകള്‍ അനക്കാതെ വച്ചതുകൊണ്ടാവണം ആകെ ഒരു പെരുപ്പ്. അല്ലെങ്കിലും ഈ തടിപ്പലകയില്‍ ഉള്ള കിടപ്പ് ശീലമില്ലല്ലോ. ചെറിയ കുളിരു പകരുന്ന പുല്‍തകിടിയോ അല്ലെങ്കില്‍ കരിയിലകള്‍ നിറഞ്ഞ പിന്നാംപുറമോ ഒക്കെ ആയിരുന്നെങ്കില്‍ നന്നായേനെ.

എന്തായാലും ഇതുവരെയായി, ഇനി വരുന്നിടത്തു വച്ചു കാണാം, അല്ലാതെന്ത് ചെയ്യാന്‍. ആരൊക്കെയോ  വന്നു നോക്കുന്നുണ്ട്. എന്തൊക്കെയോ കൊണ്ട് നെഞ്ചിലും വയറിലും ഒക്കെ കുത്തിനോക്കുന്നു.

ഇക്കിളിയാകുന്നു.

ആരോടുപറയാന്‍. ഞാന്‍ പറയുന്നതൊന്നും അവര്‍ക്ക് മനസിലാകുന്നില്ല. ഇന്നലെ മുതല്‍ പറയുന്നതാ ഒന്ന് തുറന്നു വിടാന്‍. അലമുറയിട്ടു വിളിച്ചു കൂവിയതിന്റെ വേദന തൊണ്ടയില്‍ പോറലുകള്‍ തീര്‍ത്തതുകൊണ്ടാവണം ഇപ്പോള്‍ ഒച്ചയും പുറത്തേക്ക് വരുന്നില്ല.

കുട്ടികളൊക്കെ ഇപ്പൊ എന്തുചെയ്യുകയാണോ ആവോ. വിശന്നുകരഞ്ഞ കുഞ്ഞുങ്ങളുടെ മുഖം മാത്രമായിരുന്നു മനസുനിറയെ. അവരുടെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ടാണ് കിണറ്റിന്‍ കരയിലേക്ക് ഒന്ന് പോയിവരാം എന്ന് കരുതിയത്.
പിന്നാമ്പുറത്തെ അടുക്കളയില്‍ ഏതെങ്കിലും കാണും എന്ന ഉറപ്പില്‍ തുടങ്ങിയ യാത്ര. പിന്നില്‍ നിന്നും എന്തോ കൊണ്ടടിയേറ്റ പോലെ വേച്ചുപോയി, പിന്നെ ആകെ ഇരുട്ട്.

ഉറക്കെ കരഞ്ഞതാണ് ആരും ഒന്നും കേട്ടില്ല. കരഞ്ഞുകരഞ്ഞു തളര്‍ന്നുറങ്ങിയത് പോലും അറിഞ്ഞില്ല. കണ്ണുതുറക്കുമ്പോള്‍ മുതല്‍ ഈ പലകയില്‍ കിടക്കുകയാണ്. എന്തിനെന്നറിയാതെ.

കുട്ടികള്‍ എന്തെങ്കിലും കഴിച്ചിട്ടുണ്ടാവുമോ? 

അവരെ ഇനി കാണാന്‍ പറ്റുമോ?

ഒരുപാടാവലാതികള്‍ ഒരുമിച്ചു ഉള്ളിലേക്ക് കടന്നു വന്നു.

ചിന്തകളില്‍ മുഴുകിയിരിക്കവേ എവിടെനിന്നോ ഒരു ഞെരക്കം കേട്ടപോലെ. പതിയെ തല ചെരിച്ചു നോക്കി. സ്പടികഗോളങ്ങള്‍ക്കും കുഴലുകള്‍ക്കും അപ്പുറം തന്നെപ്പോലൊരുവന്‍ ഒരു തടിപ്പലകമേല്‍ നീണ്ടുനിവര്‍ന്നു കിടക്കുന്നു.

ഒറ്റക്കല്ല, ആ ആശ്വാസത്തില്‍ അവനിലേക്ക് കാഴ്ചകള്‍ തിരിച്ചു വച്ചു.

തിരിഞ്ഞു കിടക്കാന്‍ പറ്റുന്നില്ല കൈകളില്‍ എന്തോ ആഴത്തില്‍ കുത്തിവച്ചിരിക്കുകയാണെന്നു മനസിലായി. നീണ്ട മുടിയുള്ള കണ്ണടവെച്ച ഒരു കുട്ടി അവനരികിലേക്കു വന്നു. ആ വിരിഞ്ഞ നെഞ്ചില്‍ എന്തോ കൊണ്ട് ഉരസുന്നു. അവനു ഇക്കിളിയായിട്ടാവണം ഒന്ന് പിടഞ്ഞ പോലെ. വളരെ സൂക്ഷ്മതയോടെ അവന്റെ മാറ് പിളര്‍ന്നു പലകയുടെ വശങ്ങളിലേക്ക് വലിച്ചു തറക്കുന്ന ആ കാഴ്ചയുടെ ഭീകരത മുന്നില്‍ നിറഞ്ഞതു കൊണ്ടാവണം കൈകാലുകള്‍ അനക്കാന്‍ നോക്കിയത്. 

പെരുപ്പ് മാറി വേദന അരിച്ചിറങ്ങുന്നു. മുള്ളുകൊണ്ടപോലെ ചെറിയ ഒരു നീറ്റല്‍ ഉള്ളംകൈയില്‍ നിന്നും നെഞ്ചിലേക്ക് പടര്‍ന്നു കയറുന്നു. സ്ഫടികഗോളങ്ങള്‍ക്കപ്പുറം തുറന്നുവച്ച അവന്റെ നെഞ്ചിനു ചുറ്റും അനേകം തലകള്‍ ദൃശ്യമായി. മിടിക്കുന്ന അവന്റെ കുഞ്ഞു ഹൃദയത്തിലേക്ക് നോക്കി കലപില കൂട്ടുന്ന അവര്‍ പെട്ടെന്ന് നിശബ്ദരായി. ചുറ്റും അവന്റെ മിടിപ്പിന്റെയും നാഴികമണിയുടെയും ശബ്ദം മാത്രം. അവന്റെ കണ്ണുകളില്‍ വികാരങ്ങളൊന്നും ഇല്ലാ. കണ്‍കോണില്‍ തുളുമ്പറായ വൈര മുത്തിന്റെ തിളക്കം മാത്രം

പതിയെ ആ ആള്‍ക്കൂട്ടം എനിക്കരികിലേക്കു നീങ്ങിവരുന്നത് ഒരുള്‍ക്കിടിലത്തോടെ നോക്കിയിരിക്കാനെ കഴിഞ്ഞുള്ളു. കൈകാലുകള്‍ നിവര്‍ത്തി ഒന്നാഞ്ഞു  ചാടി ആ ജനാലക്കപ്പുറത്തേക്കു പോകണം എന്ന് ഞാന്‍ വല്ലാതെ കൊതിച്ചു. അതിലുപരി കരഞ്ഞുതളര്‍ന്ന കുഞ്ഞുങ്ങളുടെ മുഖം ഒന്നുകൂടി കാണണം എന്ന ചിന്തയും. ഉള്ളില്‍ നിറഞ്ഞ മുഴുവന്‍ ശക്തിയും എടുത്ത് ഒന്നാഞ്ഞു ശ്രമിച്ചു. ആ മുള്ളുകള്‍ ആഴ്ന്നിറങ്ങിയ കൈകാലുകള്‍ സ്വതന്ത്രമാക്കി ആള്‍ക്കൂട്ടത്തിനിടയിലൂടെ ജനാലപ്പടിക്കലേക്കു ഉയര്‍ന്നുചാടി. കലപില ശബ്ദങ്ങള്‍ക്കിടയിലൂടെ ആ സ്ഫടികഗോളങ്ങളില്‍ ചിലതു നിലത്തുവീണുടയുകയും ചെയ്തു. ആള്‍ക്കൂട്ടത്തിന്റെ ശ്രദ്ധ മുഴുവന്‍ അങ്ങോട്ട് മാറിയപ്പോള്‍ മിന്നായം പോലെ ജനാലക്കപ്പുറത്തേക്ക് ഓടിയൊളിച്ചു.

നടക്കാന്‍ തീരെ കഴിയുന്നില്ല ആഴത്തിലുള്ള മുറിവിന്റെ വേദന വല്ലാതെ കൂടുന്നു. എങ്കിലും പതിയെ ജാലകങ്ങള്‍ക്കിടയിലൂടെ ഒന്നുകൂടി അവനെ നോക്കി. അവന്റെ ഹൃദയം അപ്പോഴും മിടിക്കുന്നുണ്ടായിരുന്നു. 

പലകക്കു മേല്‍ കൈകാലുകള്‍ ബന്ധിച്ച നെഞ്ചകം തുറന്നു അവനങ്ങനെ കിടക്കുന്നു. ആ ഹൃദയത്തിന്റെ മിടിപ്പിന്റെ താളം ആ മുറിയിലാകെ നിറയുന്നു. 

ഞാന്‍ കിടന്ന പലകക്കു ചുറ്റും ഉണ്ടായിരുന്ന ആള്‍ക്കൂട്ടം പതിയെ മാറിയിരിക്കുന്നു. ഇരുണ്ട മുറിയിലെ ദൂരകാഴ്ചകളില്‍ മറ്റൊരു പലകക്കു മേല്‍ അതാ വീണ്ടും തന്നെപ്പോലൊരുവന്‍. അവന്റെ നെഞ്ചിലേക്ക് എന്തോ കൊണ്ട്  വരയുന്ന ചുരുളന്‍ മുടിക്കാരി. സൂക്ഷ്മതയോടെ ആ നെഞ്ചിനെയും അവര്‍ പിളര്‍ന്നു മാറ്റിവച്ചു. 

അപ്പോഴും അവന്റെ ഹൃദയം മിടിച്ചുകൊണ്ട് ഇരുന്നു. എന്തിനെന്നറിയാതെ നെഞ്ചകം പിളര്‍ന്നു ചാവുന്ന ഒരുതലമുറയുടെ അടയാളമായി ആ ജനലപ്പടിക്കല്‍ നിന്നു കണ്ണീര്‍ വാര്‍ക്കാനേ എനിക്ക് കഴിയുമായിരുന്നുള്ളൂ.

മൂന്ന്


ഈയിടെ റൂം വൃത്തിയാക്കുന്നതിനിടയില്‍ കണ്ട ജന്തുശാസ്ത്ര റെക്കോര്‍ഡ് നോക്കി അന്തംവിട്ടിരിക്കുമ്പോള്‍ ഒരു ചിന്ത ചുമ്മാ ഓടിക്കേറി  വന്നപോലെ. 

വേണ്ട.

ഞാനും ചിന്തകളും ചേര്‍ന്ന് പോകാറില്ല എന്ന് കരുതി വിട്ടുകളയാന്‍ പോയതാണ്. അറിയില്ല ആ മനം മടുപ്പിക്കുന്ന മണമുള്ള നാലുചുവരുകളും സ്ഫടികഗ്ലാസുകളും ഉള്ളില്‍ നിറച്ച കൗതുകവും പേറി ഞാനലഞ്ഞ രണ്ടുവര്‍ഷങ്ങള്‍. അതിനു വേണ്ടി ജീവത്യാഗം ചെയ്ത തവളകളും പാറ്റകളും. അവരുടെ ജീവിതം ആരു കാണാന്‍. ആര് ശ്രദ്ധിക്കാന്‍...

പൊടിപിടിച്ച അലമാരകളില്‍ റെക്കോര്‍ഡ് ബുക്കുകളില്‍ വരച്ചിട്ട കറുത്തനിറമുള്ള വരകളല്ല ഹൃദയം എന്ന് മനസിലാക്കിയ നാളുകളിലെ മിടിപ്പുകള്‍ക്ക് സലാം പറഞ്ഞുകൊണ്ട്, അതിനു ചുവട്ടില്‍ വരഞ്ഞിട്ട  ചുവപ്പ് മഷിയുടെ കുതിച്ചുചാട്ടങ്ങള്‍ക്കപ്പുറം, അറിയാത്ത വിങ്ങലുകള്‍ക്ക്, മരിച്ചിട്ടും മരിക്കാത്ത തുടിപ്പുകള്‍ക്ക്  മുന്നില്‍, വൃത്തിയുള്ള പലകയില്‍ മൂര്‍ച്ചയുള്ള ആണികളുമായി ഞാന്‍ വീണ്ടും.

 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Latest Videos
Follow Us:
Download App:
  • android
  • ios