ഇരുട്ടിലെ ചിത്രങ്ങള്‍

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  മാജിദ നൗഷാദ് എഴുതിയ കഥ
 

chilla amalayalam short story by Majida Noushad

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.


chilla amalayalam short story by Majida Noushad

 

അന്നും തുള്ളിമുറിയാതെ മഴ പെയ്തു. ആ ഇരുമ്പു കട്ടിലിലെ വഴുവഴുപ്പില്‍ അനിര്‍വചനീയമായ മുഖഭാവത്തോടെ കിടന്ന് കിതയ്ക്കുമ്പോള്‍ അവള്‍ക്കു ചുറ്റും കൂടിയ തൂവെള്ള വസ്ത്രധരികളായ മലാഖമാരും വല്ലാതെ കിതച്ചു. പ്രാണവായു അടക്കിപ്പിടിച്ച ശ്രമങ്ങള്‍ക്കൊടുവില്‍ മഴയുടെ ആരവങ്ങളെ കീറിമുറിച്ച് അവന്‍ കരഞ്ഞു. അവന്റെ കുഞ്ഞു നെറ്റിയില്‍ ആദ്യ ചുംബനം നല്‍കുമ്പോള്‍ അവള്‍ പതുക്കെ വിളിച്ചു


'ഉണ്ണീ.....'

അപ്പോഴും അവള്‍ വാഴത്തണ്ടു പോലെ തളര്‍ന്നു കിടന്നു. ഇടക്കിടെ അടിവയറ്റിലെ അഗാധതയില്‍ നിന്നും ചൂടുറവകള്‍ വമിച്ചു കൊണ്ടിരുന്നു.

അക്ഷമയുടെ ഏതോ നിമിഷത്തില്‍ അവള്‍ താന്‍ കിടക്കുന്ന കട്ടിലില്‍ കൈയോടിച്ചു. ആ വിരിപ്പാകെ നനഞ്ഞു കുതിര്‍ന്നിരിക്കുന്നു. അവള്‍ ഒരു ഞെട്ടലോടെ കണ്ണുകള്‍ തുറന്നു.

ഇല്ല, തനിക്കു ചുറ്റുമുണ്ടായിരുന്ന മാലാഖമാരില്ല. വഴുക്കുന്ന ദ്രാവകമില്ല. ചൂടുറവകളില്ല. ഉണ്ണിയുടെ കരച്ചിലും നിശ്വാസങ്ങളുമില്ല. അത്യഗാധമായ ഇരുട്ടും അതിലേക്ക് തേങ്ങലോടെ അലിഞ്ഞുചേരുന്ന മഴയും മാത്രം.

എങ്കിലും തേങ്ങലോടെ, വിഫലമാണെന്ന് അറിഞ്ഞിട്ടു കൂടി അവള്‍ ഉറക്കെ വിളിച്ചു.

'ഉണ്ണ്യേ...' 

ആ ക്ഷീണിച്ച ശബ്ദശകലങ്ങള്‍ മഴയോടൊപ്പം ഇരുട്ടിലെവിടെയോ അലിഞ്ഞില്ലാതായി. അവള്‍ ആ ഇരുട്ടിലേക്ക് തുറിച്ചു നോക്കി. ആദ്യമാദ്യം അവള്‍ക്ക് അതിനെ ഭയമായിരുന്നു. കാണുമ്പോള്‍ കണ്ണുകള്‍ ഇറുക്കിയടക്കുമായിരുന്നു. പിന്നീടെപ്പോഴോ ഏകാന്തതയുടെ ഏതോ ഒരു ബിന്ദുവില്‍ വെച്ച് അവളാ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു. താന്‍ കണ്ണുകളടച്ചാലും തുറന്നാലും ആ ഇരുട്ട് തന്നെ ഒരു ദയയുമില്ലാതെ ഇങ്ങനെ തുറിച്ചു നോക്കിക്കൊണ്ടിരിക്കും. തിരിച്ചും തുറിച്ചു നോക്കുക തന്നെ.. ഈ തുറിച്ച നോട്ടങ്ങള്‍ പലപ്പോഴും ഇരുട്ടിനെ വലിയൊരു കാന്‍വാസാക്കി മാറ്റി. മനസിലെ മായ്ക്കപ്പെടാത്ത ചിത്രങ്ങള്‍ അതില്‍ വരയ്ക്കപ്പെട്ടു. ചിലപ്പോഴൊക്കെ ഭാവിയും.

നനഞ്ഞു കുതിര്‍ന്ന വിരിപ്പില്‍ നിന്ന്  തണുപ്പിന്റെ നേര്‍ത്ത സൂചികള്‍ അവളുടെ ചുളിവു വീണ ശരീരത്തെ കുത്തിനോവിച്ചു കൊണ്ടിരുന്നു. പടിഞ്ഞാറു നിന്നും ഈര്‍പ്പം വഹിച്ചു കൊണ്ടു വന്ന ഒരു കാറ്റ് പുണരുക കൂടി ചെയ്തപ്പോള്‍ അവള്‍ വിറച്ചു പോയി. ഇത്തിരി നീങ്ങിക്കിടക്കണമെന്നുണ്ടായിരുന്നു. പക്ഷെ മനസ്സ് ആഗ്രഹിക്കുന്നിടത്തേക്ക് തനിക്കുമെത്തണമെന്നത് ശരീരത്തിന്റെ അത്യാഗ്രഹമാണെന്ന് തോന്നിക്കും വിധം ബലഹീനയായിരിക്കുന്നു. അവളുടെ കണ്ണുകള്‍ നിറഞ്ഞു. ആ കണ്ണുകളില്‍ നിന്നും പൊഴിഞ്ഞു ചുടുനീര്‍ തുള്ളികളും വിരിപ്പിലെ നനവിന്റെ വ്യാസം വര്‍ദ്ധിപ്പിച്ചു.

അവള്‍ ഇഴഞ്ഞിഴഞ്ഞ് ദുര്‍ഗന്ധം നിറഞ്ഞ ആ നനവില്‍ നിന്നും നീങ്ങിക്കിടക്കാന്‍ ഒന്നു കൂടി ശ്രമിച്ചു.

'അയ്യേ, പായി പാത്തീ...'' ഇരുട്ടിന്റെ മറവില്‍ നിന്നും പ്രതിധ്വനിക്കുന്ന കൂവലുകള്‍.

'ആരാത് ...?'

ഇരുട്ടിന്റെ വിസ്തൃതമായ കാന്‍വാസില്‍ നിറഞ്ഞ കണ്ണുകളും ചുവന്ന മുഖവുമായി തന്റെ ഉണ്ണി . അപമാനിതനായി അവന്‍ തന്റെ പിറകില്‍ അഭയം തേടി.

'അതിനെന്താ! അമേരിക്കന്‍ പ്രസിഡണ്ട് റൂസ് വെല്‍റ്റ് വരെ കിടക്കേല് പാത്താറുണ്ടായിരുന്നു ! അതൊക്കെ കഴിവുള്ളോര്‌ടെ ലക്ഷണാ ...'

കൂവലുകളുടെ കനം കുറഞ്ഞു. നാണം കലര്‍ന്ന അഭിമാനത്തോടെ അവന്‍ കണ്ണുകള്‍ തുടച്ചു.

അവള്‍, അവന്‍ മൂത്രമൊഴിച്ച വെള്ളയില്‍ ചുവന്ന പൂക്കളുള്ള ആ വിരിപ്പ് സാബൂന്‍ തേച്ച് പതപ്പിച്ചു. വല്ലാത്ത ദുര്‍ഗന്ധം. അതു പോട്ടെ.

'ഹൊ! എന്തൊരു നാറ്റാ ഇത്'-' മൂക്കുപൊത്തി തല പിറകിലേക്ക് ചെരിച്ച് അത് പറയുമ്പോള്‍ ഉണ്ണിയുടെ ശബ്ദത്തിന് വല്ലാത്ത കനം. അവന്റെ കരച്ചിലൊക്കെ മാറിയോ? അപമാനവും, നാണം കലര്‍ന്ന അഭിമാനവുമൊന്നും കണ്ണടക്കുള്ളിലൂടെ കാണാന്‍ പറ്റാഞ്ഞിട്ടാണോ?

'എനിക്കിത് സഹിക്കാന്‍ വയ്യ... ഡയപ്പര്‍ കെട്ടാനും സമ്മതിക്കില്ലാ..'


അവള്‍ക്ക് വിഷമം തോന്നിയില്ല. അവന്‍ ആ കട്ടിലും കോസടിയും ചായ്പിലേക്ക് മാറ്റുമ്പോഴും അവള്‍ വെള്ളയില്‍ ചുവപ്പു പൂക്കളുള്ള വിരിപ്പ് വീണ്ടും വീണ്ടും പതപ്പിച്ചു കൊണ്ടിരുന്നു. ഉണങ്ങിക്കഴിഞ്ഞ് അത് വിരിച്ചപ്പോള്‍ അതിന് നല്ല അത്തറിന്റെ മണം. അവനാ മണം വലിച്ചെടുത്ത് ആസ്വദിച്ചു.

'നിന്റെ മൂത്രത്തിനെയ് നല്ല മണാ ....'

അവര്‍ തളര്‍ച്ചയോടെയാണെങ്കിലും ആ മണം വലിച്ചെടുത്തു.

അതെ, വല്ലാത്ത നാറ്റം. അപകര്‍ഷതാ ബോധം ആ നാറ്റത്തിന്റെ ആവൃത്തി വര്‍ദ്ധിപ്പിച്ചു.

'എനിക്കിതു സഹിക്കാന്‍ വയ്യാ ...' ഉണ്ണിയുടെ പരുഷസ്വരം വീണ്ടും അവിടെയാകെ അലയടിച്ചു.

കണ്ണടക്കുള്ളിലൂടെയുള്ള ആ തുറിച്ചു നോട്ടവും അവിടെ വരയക്കപ്പെട്ടു.

പക്ഷെ ഇരുട്ടിന്റെയും ഉണ്ണിയുടെയും തുറിച്ചു നോട്ടങ്ങള്‍ക്കു പുറമെ, ഇരുട്ടിന്റെ കറുത്ത കാന്‍വാസില്‍ രണ്ട് കൂര്‍ത്ത കണ്ണുകള്‍ കൂടി തെളിഞ്ഞു വരുന്നു.

അവ തനിക്ക് ചിരപരിചിതമാണെന്ന് തോന്നി. അതുകൊണ്ട് അവളുടെ ധൈര്യം കൂടിക്കൂടി വന്നു.

അവളൊന്നു കൂടി ആ കണ്ണുകളെ സൂക്ഷ്മമായി നിരീക്ഷിച്ചു. അവയില്‍ നിറഞ്ഞിരിക്കുന്ന ഭാവമെന്താണ്? സഹാനുഭൂതി. ഒരു തരം തന്‍മയീ ഭാവം. 'ഓ.. ഇപ്പൊ മനസ്സിലായി'- അവള്‍ ഒരു നെടു വീര്‍പ്പിട്ടു.

ജനനം മുതല്‍ ആ ദൃഷ്ടി തനിക്കൊപ്പമുണ്ട്. ഓരോ നിമിഷാര്‍ദ്ധങ്ങളിലും അത് ഒപ്പം സഞ്ചരിച്ചു.  അതിനെ തിരിഞ്ഞു നോക്കാതിരുന്നത് മോശമായിപ്പോയോ?

'പായീ പാത്ത്യേ' വീണ്ടും ഇരുട്ടില്‍ നിന്ന് കൂവലിന്റെ അലയൊലികള്‍.

ആ മാറ്റൊലികളില്‍ പകച്ച് അപമാനിതരായി മുഖം കുനിച്ചു നില്‍ക്കുന്ന രൂപങ്ങള്‍.

റൂസ് വെല്‍റ്റ്, ഉണ്ണി, താന്‍, പിന്നെയും...വാര്‍ദ്ധക്യത്തിന്റെ ചന്നിയുമായി അനേകം അമ്മമാര്‍. അച്ഛന്‍മാര്‍. അവയ്ക്കിടയില്‍ നരച്ച മുടിയിഴകളും ചുളിവു പറ്റിയ വരണ്ട ശരീരവുമായി വീണ്ടും. ഉണ്ണിയുടെ മുഖം.

അവന്റെ തിമിരം പിടിച്ച കണ്ണുകളില്‍ കുറ്റബോധത്തിന്റെ അലകള്‍. അവള്‍ വത്സല്യത്തോടെ അവനെയും നോക്കി നിന്നു .

സഹാനുഭൂതി നിറഞ്ഞ കണ്ണുകളുമായി ആ രൂപം അപ്പോഴും അന്ധകാരത്തിന്റെ കാന്‍വാസില്‍ നിന്ന് അവളെ നോക്കുകയായിരുന്നു.. അടുത്ത നിമിഷം അത് ഇരുട്ടില്‍ നിന്ന് ഇറങ്ങി വന്നു.

പതുക്കെ, വളരെ പതുക്കെ അത് അവളെ അവളില്‍ നിന്നും വേര്‍പെടുത്തി. അവളുടെ കൈ പിടിച്ചു.

അവള്‍ ഒരു തൂവലു പോലെ ഭാരമില്ലാതെ ആ രൂപത്തിനൊപ്പം ഒഴുകി. ഒഴുകിയൊഴുകി ആ ഇരുട്ടിന്റെ അഗാധതയിലേക്ക് അനശ്വരമായ ഒന്നുമില്ലായ്മയിലേക്ക് ഊളിയിട്ടു.

Latest Videos
Follow Us:
Download App:
  • android
  • ios