Malayalam Short Story : ഉരുള്‍, ലേഖ ഉണ്ണി എഴുതിയ ചെറുകഥ
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ലേഖ ഉണ്ണി എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
കിഴക്കേ ചക്രവാളത്തിലേക്ക് നോക്കിയാല്‍ തോല്‍പ്പാറക്കുന്നിന്റെ ഉച്ചി കാണാം. മഞ്ഞും മഴയും പെയ്തിറങ്ങുന്ന കുന്നിന്റെ ഉച്ചിയില്‍ നിന്ന് നോക്കിയാല്‍ ആകാശത്തിന്റെ അറ്റം കാണാമെന്ന് കെലുമ്പി എപ്പോഴും പറയുമായിരുന്നു. താഴ്വാര ഗ്രാമമായ നരിയന്‍കുണ്ടിലേക്ക്, മഴയും മഞ്ഞും മാത്രമല്ല കുന്നിറങ്ങി വന്നത്. സത്യമോ മിഥ്യയോ എന്നറിയാത്ത കഥകളുടെ രസക്കൂട്ടുകള്‍ കൂടിയായിരുന്നു.
പണ്ട് പണ്ട് നരിയന്‍കുണ്ടും തോല്‍പ്പാറക്കുന്നിന്റെ ഭാഗമായിരുന്നത്രേ. ഒരു രാത്രി മഴ പെയ്തുതോര്‍ന്നപ്പോള്‍ കുന്നിന്റെ പടിഞ്ഞാറേ ഭാഗം നീണ്ടു പരന്നു കുഴിഞ്ഞുപോയി. കുന്നിനപ്പുറം കാടായിരുന്നു. ചേലോറുകാട്. ചേലോറുകാട്ടിലെ നരികളൊത്തിരി ചത്തും ചാവാതെയും ആ കുഴിയില്‍ അങ്ങിങ്ങായി കിടന്നിരുന്നു. അങ്ങനെയാണ് ആ കുഴിക്ക് നരിയന്‍കുണ്ടെന്ന് പേര് വന്നത്. കുണ്ടിന്റെ തെക്കുമാറി മുട്ടനൊരു പാറയുണ്ടായിരുന്നു. പുലിയിറങ്ങാപ്പാറ. കുന്നിന്റെ ഒരു ഭാഗം പാറയിരുന്നിടത്തേക്ക് ഉരുണ്ടുമാറിയപ്പോഴാണത്രേ നരിയന്‍കുണ്ട് ഉണ്ടായത്. പാറയ്ക്കുമപ്പുറം അടികാണാ കൊക്കയായതുകൊണ്ട് ആ വഴിക്ക് പുലിയിറങ്ങാതായി. അങ്ങനെയാണത്രേ പുലിയിറങ്ങാപ്പാറയെന്ന് പേര് വന്നത്.
'കള്ളം ... കെലുമ്പി വാ തുറന്നാ വെടിയേ പറയത്തൊള്ളൂ. ഒരു രാത്രി ഇരുട്ടി വെളുക്കുമ്പം കുഴിയുണ്ടാവാ... അതിലങ്ങനെ നരി മെത്തിനടക്കാ... കള്ളം പറഞ്ഞാ തല പൊട്ടിത്തെറിച്ചു പോവൂന്ന് ഞങ്ങടെ വല്യമ്മച്ചി പറഞ്ഞല്ലോ.'
'കളാവുകാണി. മാരിയമ്മനാണെ നേരാഞ്ചു.' (കള്ളമല്ല. മാരിയമ്മനാണെ സത്യം.)
മുറുക്കിച്ചുവപ്പിച്ച വായ തുറന്ന് കെലുമ്പി വെളുക്കനെ ചിരിച്ചു.
കെലുമ്പി ഞങ്ങളുടെ വീട്ടിലെ പണിക്കാരിപ്പെണ്ണായിരുന്നു. നരവീണുതുടങ്ങിയ നീളം കുറഞ്ഞ ചുരുളന്‍മുടിയും പതിഞ്ഞ മൂക്കും ഇടുങ്ങിയകണ്ണുകളുമുള്ള മെലിഞ്ഞുകുറുകി ഇരുണ്ട ഒരു പണിച്ചിപ്പെണ്ണ്. അവളുടെ കണ്ണുകള്‍ക്ക് വല്ലാത്തൊരു തിളക്കമായിരുന്നു. കാടിന്റെ വന്യതയും കാട്ടുചോലയുടെ തിമിര്‍പ്പും ആ തിളക്കത്തില്‍ ആവാഹിക്കപ്പെട്ടിരുന്നു.
ഞങ്ങളുടെ ഗ്രാമത്തിനും താഴെ തോല്‍പ്പാറക്കുന്നിന്റെ മറപറ്റിക്കിടന്നിരുന്ന നരിയന്‍കുണ്ടിലായിരുന്നു അവളുടെ കൂര. കുന്നിന്റെ താഴെയുള്ള ആ 'ഠ' വട്ടത്തിലൊതുങ്ങിയ അഞ്ചുപത്തു പണിയക്കുടികളിലൊന്ന് അവളുടേതായിരുന്നു. സ്വന്തമെന്ന് പറയാന്‍ പ്രത്യേകിച്ച് ആരുമില്ലാതിരുന്നതുകൊണ്ട് മിക്ക രാത്രികളിലും ഞങ്ങളുടെ വീടിനടുത്ത് കെട്ടിപ്പൊക്കിയ ചാളയിലാണ് തങ്ങിയിരുന്നത്.
പരന്നമുറ്റത്ത് നക്ഷത്രങ്ങള്‍ എത്തിനോക്കാന്‍ തുടങ്ങുമ്പോള്‍ തിണ്ണയുടെ അരികില്‍ കാലുനീട്ടിയിരുന്ന് അവള്‍ കഥ പറയാന്‍ തുടങ്ങും. അതുകേട്ടുകൊണ്ട് ഞങ്ങള്‍ കുട്ടികള്‍ ഇറയത്ത് തലങ്ങും വിലങ്ങും കിടക്കും.
ഞങ്ങളെന്ന് വെച്ചാല്‍, ഞാനും എന്റെ അനിയത്തി ആനിയും ചേട്ടന്‍ ജോണും ചേച്ചി മരിയയും പിന്നെ തൊട്ടപ്പുറത്തുള്ള എളേപ്പന്റെ അഞ്ചു പൊടിപ്പിള്ളേരും. വീട്ടില്‍ ഞങ്ങളെക്കൂടാതെ അപ്പനും അമ്മച്ചിയും വല്യമ്മച്ചിയും ഉണ്ടായിരുന്നു.
മരിച്ചുപോയ വല്യപ്പച്ചന്റെ കാലത്താണ് കോട്ടയത്തുനിന്ന് ഞങ്ങളുടെ കുടുംബം കൂടരഞ്ഞിയില്‍ വാസമുറപ്പിച്ചത്. ഒരിക്കല്‍ കൂടരഞ്ഞിപ്പുഴ ഉന്മാദിനിയായി ഞങ്ങളുടെ വീടിനകത്തേക്കും ഇരച്ചുകയറുകയുണ്ടായി. അന്ന് വീടിനൊപ്പം വല്യപ്പച്ചനും പോയി.
അതിനുശേഷമാണ് മേടപ്പാറയിലേക്ക് ഞങ്ങള്‍ പാര്‍പ്പുമാറ്റിയതും പുതിയ കൃഷിസ്ഥലങ്ങളിലേക്ക് പണിയന്മാര്‍ എത്തിയതും. കിട്ട്ണനും ചോമനും തോണ്ടാത്തിയും ഒടുക്കനും പൊക്കത്തിയും ഓണനുമെല്ലാം അവരില്‍ ഉണ്ടായിരുന്നു. ആദ്യമൊക്കെ അവരുടെ ഭാഷ വശമില്ലായിരുന്നു. കെലുമ്പിയുടെ കഥകളിലൂടെയാണ് ഞങ്ങളത് പഠിച്ചെടുത്തത്.
മേടപ്പാറയ്ക്കു കീഴെ കടലും നഗരവും കണ്ണെത്താദൂരത്തോളം നീണ്ടുകിടന്നു. അതിനുമുകളില്‍ സര്‍വ്വതും ആവരണം ചെയ്തുകൊണ്ട് കോടയിറങ്ങി. ശാന്തമായൊഴുകി താഴെ ശൂന്യതയിലേക്ക് ചാടുന്ന ഉറുമിയുടെ നേര്‍ത്ത വെള്ളിച്ചാലുകള്‍ മഞ്ഞിനുള്ളില്‍ മാഞ്ഞുപോയി. നട്ടുച്ചനേരത്തും കോടയിറങ്ങുന്ന മേടപ്പാറയ്ക്കു മുകളില്‍ നിന്നാല്‍ താഴെ നരിയന്‍കുണ്ടും പുലിയിറങ്ങാപ്പാറയും അവ്യക്തമായി കാണാമായിരുന്നു. അടിവാരത്തെ നായാടുംപൊയിലങ്ങാടിയില്‍ നിന്ന് പാറക്കെട്ടുകള്‍ നിറഞ്ഞ പാതയിലൂടെ ഗ്രാമത്തിലേക്കുള്ള അവശ്യസാധനങ്ങളുടെ തലച്ചുമടുമായി മുകളിലേക്ക് കയറുന്ന പണിയന്മാര്‍ അരിമണി ചുമക്കുന്ന ഉറുമ്പുകളെ ഓര്‍മ്മപ്പെടുത്തി. പാതയോരത്തെ പള്ളിമണിയുടെ മുഴക്കം ഇങ്ങ് മേടപ്പാറയുടെ മുകളിലെ മേഘത്തുണ്ടുകളെ കോള്‍മയിര്‍ കൊള്ളിച്ചു.
തോല്‍പ്പാറക്കുന്നിന്റെ ഉച്ചിയില്‍ ഇരുളിറങ്ങുന്ന നേരത്ത് നക്ഷത്രങ്ങള്‍ ദേവതമാരായി താഴേക്കു പൊഴിഞ്ഞിറങ്ങുമെന്നും ചേലോറുകാട്ടിലെ നരികള്‍ കാടിന്റെ ദേവതയുടെ ദൂതന്മാരാണെന്നും അവര്‍ക്ക് വരാന്‍പോകുന്ന ഭാവിയെക്കുറിച്ചറിയാമെന്നുമെല്ലാം കെലുമ്പി കഥകള്‍ മെനഞ്ഞു. താടിയില്‍ കൈകളൂന്നിക്കൊണ്ട് കമിഴ്ന്നു കിടന്ന് അത്ഭുതം കൂറുന്ന മിഴികളും ഒപ്പം വായയും തുറന്ന് വച്ച് മണ്ണെണ്ണ വിളക്കിന്റെ ഇത്തിരി വെട്ടത്തില്‍ ഞങ്ങളതിന് കാതുകൂര്‍പ്പിച്ചു. കഥകള്‍ക്കൊടുവില്‍ അതെല്ലാം കള്ളമെന്ന് പ്രസ്താവിച്ച് മിടുക്കന്മാരെന്ന് ഭാവിച്ചു. അപ്പോഴും മനസ്സ് നേരിനും നുണയ്ക്കുമിടയില്‍ ട്രപ്പീസ് കളിക്കുകയായിരുന്നു.
പകല്‍ സമയങ്ങളില്‍ ഞങ്ങള്‍ തെരുവപ്പുല്ലറുക്കുന്ന കെലുമ്പിയുടെ പിന്നാലെകൂടി വീണ്ടും വീണ്ടും കഥകള്‍ പറയിപ്പിക്കാന്‍ ശ്രമിച്ചു.
'പണിയെട്പ്പ പുള്ളേ, മോന്തിയാവേന്‍ ...' (പണിയെടുക്കുകയാണ്, രാത്രിയാവട്ടെ കുഞ്ഞേ...)
കാലില്‍ ചോരയൂറ്റിക്കൊണ്ടിരുന്ന പോത്തട്ടയെ പറിച്ചു ദൂരെക്കളഞ്ഞുകൊണ്ട് അവള്‍ പറയും.
' എങ്കിലിന്ന് രാത്രി കൊല്ലിമലയിലെ കഥകള്‍ പറഞ്ഞുതരാവോ? ' ഞങ്ങള്‍ ചോദിക്കും.
'മാരി ചൊടിക്കവേന്‍ പുള്ളേ ..' (ദൈവം കോപിക്കും.)
ചുണ്ടില്‍ വിരല്‍ ചേര്‍ത്ത് കണ്ണുകള്‍ ഉരുട്ടിക്കൊണ്ടാകും ചിരുതയുടെ മറുപടി.
'എങ്കില്‍പ്പിന്നെ കെലുമ്പിയുടെ വീടിനെപ്പറ്റി പറയാവോ... വീട്ടിലെന്നാ ആരുമില്ലാത്തെ? അപ്പനും അമ്മയും വല്യമ്മച്ചിയും ആരുമില്ലായോ? ഞങ്ങളെപ്പോലെ കുട്ടികളും ഇല്ലായോ? ഞങ്ങടെ വല്യപ്പച്ചനെ കൊണ്ടുപോയ പോലെ കൂടരഞ്ഞിപ്പുഴ കൊണ്ടുപോയതാന്നോ?'
ജാതിത്തോട്ടത്തിനുള്ളില്‍ അവള്‍ക്കുപിന്നാലെ വരിതെറ്റാതെ നടക്കുമ്പോള്‍ ഞങ്ങള്‍ ചോദ്യങ്ങളുടെ കെട്ടഴിക്കും.
മറുപടി തരാതെ അവള്‍ നിറഞ്ഞു ചിരിക്കും. അന്നേരം അവളുടെ കണ്ണുകള്‍ കൂടുതല്‍ തിളങ്ങും. അത് നീര്‍മുത്തുകളുടെ തിളക്കമായിരുന്നെന്ന് ഞങ്ങള്‍ കുട്ടികള്‍ അറിഞ്ഞില്ല. പക്ഷേ ഈ ചോദ്യങ്ങള്‍ കേട്ട് തൊട്ടപ്പുറത്ത് കായ്ഫലം പരിശോധിക്കുന്ന അപ്പന്‍ കെറുവിക്കും.
' എന്നതാടാ മക്കളെ. ചുമ്മാ ഇരിക്കാന്‍ മേലെ. എല്ലാരും പോകിനെടാ.'
അങ്ങനെയൊരുനാള്‍ വല്യമ്മച്ചിയാണ്, കൊല്ലിമലയില്‍ പണ്ടൊരിക്കല്‍ ഉരുള് പൊട്ടിയെന്നും അതില്‍പ്പെട്ട് കെലുമ്പിയുടെ ഭര്‍ത്താവും മക്കളും മരിച്ചുപോയെന്നും പറഞ്ഞത്. അവശേഷിച്ചവര്‍ തോല്‍പ്പാറക്കുന്നിലേക്ക് താമസം മാറ്റുകയായിരുന്നു. അവരില്‍ ചിലര്‍ കുടിയേറ്റക്കാരുടെ തോട്ടങ്ങളില്‍ ഉപജീവനം തേടി. ചിലര്‍ കൊല്ലിമലയുടെ ഉള്ളറകളില്‍ പ്രകൃതി കാത്തുവച്ചിട്ടുള്ള വിഭവങ്ങള്‍ക്കായി തോല്‍പ്പാറക്കുന്ന് കയറിയിറങ്ങി. കുന്നിനപ്പുറമുള്ള പുല്‍മേട് കടന്നാല്‍ കൊല്ലിമലയായി. ഇരുണ്ടു നിഗൂഢമായി പര്‍വതാകാരം പൂണ്ട രാക്ഷസിയെപ്പോലെ അതവിടെ നിലകൊണ്ടു.
കൊല്ലിമലയുടെ മുകളില്‍ വീണ്ടും വീണ്ടും മേഘങ്ങള്‍ കനത്തുരുണ്ടുമൂടുകയും കൂടരഞ്ഞിപ്പുഴ പലതവണ നിറഞ്ഞുകവിയുകയും ചെയ്തു. ഇക്കാലത്തിനുള്ളില്‍ മേടപ്പാറയില്‍ വൈദ്യുതവിളക്കുകള്‍ വന്നു. വല്യമ്മച്ചി ഞങ്ങളെ വിട്ടുപോയി. വല്യപ്പച്ചന്റെ സ്ഥാനം അപ്പന്‍ ഏറ്റെടുത്തു. അപ്പന്റെ സ്ഥാനം ഞാനും. മരിയയുടെ വിവാഹം കഴിഞ്ഞു. ആനി പഠനത്തിനായി ഡല്‍ഹിയിലേക്ക് പോയി. ജോണ്‍ ജീവിതം ആസ്ട്രേലിയയിലേക്ക് പറിച്ചുനട്ടു. ഞങ്ങള്‍ക്ക് വീണ്ടും താമസം മാറേണ്ടിവന്നു... ഇക്കുറി അത് ദുരിതാശ്വാസ ക്യാമ്പിലേക്കായിരുന്നു.
'കെലുമ്പി, നീയും വരുന്നില്ലേ ഞങ്ങളുടെ കൂടെ? റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.' ഞാനവളോട് ചോദിച്ചു.
ആയിടെ പുതുക്കിപ്പണിത വീടിന്റെ ഉമ്മറത്തെ തൂണില്‍ ചാരിയിരുന്നുകൊണ്ട് കെലുമ്പി എന്നെ നോക്കി. അവളുടെ കണ്ണിലെ തിളക്കം മാഞ്ഞിരുന്നു. മുഖത്ത് നിറയെ ചുളിവുകള്‍. പല്ലുകള്‍ കൊഴിഞ്ഞ് കവിളുകള്‍ ഉള്ളിലേക്ക് ആണ്ടുപോയിരുന്നു. കണ്ണുകളില്‍ പ്രായം പാട കെട്ടിയതോ കണ്ണീരുറഞ്ഞതോ എന്നെനിക്ക് തിരിച്ചറിയാനായില്ല. അരയില്‍ കെട്ടിയ ചുവന്ന പട്ടയുടെ തുമ്പില്‍ തെരുപ്പിടിച്ചുകൊണ്ട് കുന്നിന്റെ ഉച്ചിയിലേക്ക് നോക്കി അവളെന്തോ പിറുപിറുത്തു.
'നാട്ടാരേം കൂട്ടരേം പിരിഞ്ചിട്ടെ ഏണത്തെ വരുവേന്‍ തമ്പിരാ ... ശര്‍ക്കാരു ബൂമി തരുവേഞ്ചു എത്തിനെ കാലമാഞ്ചു പറയ്‌ഞ്ചേ. തന്തിരുകാണി.'
(നാട്ടുകാരെയും ബന്ധുക്കളെയും പിരിഞ്ഞിട്ട് എങ്ങോട്ട് വരാനാണ് തമ്പ്രാ... സര്‍ക്കാര് ഭൂമി തരുമെന്ന് എത്ര കാലമായി പറയുന്നു. തന്നില്ല.)
കാലത്തിന്റെ മാറ്റത്തിനൊത്ത് അടിവാരത്ത് നിന്നുള്ള റോഡില്‍നിന്നും നരിയന്‍കുണ്ടിലേക്കും ചെമ്മണ്‍പാതകള്‍ പടര്‍ന്നുകയറിയിരുന്നു. മുകളില്‍ മേടപ്പാറയിലേക്കുള്ള പാറക്കെട്ടുകള്‍ നിറഞ്ഞ നിരപ്പില്ലാത്ത പാതയ്ക്ക് മാത്രം മാറ്റമുണ്ടായില്ല. അങ്ങുതാഴെ ക്വാറിയില്‍ കല്ലുകള്‍ കയറ്റിയ ലോറികള്‍ മലയിറങ്ങുന്നതിന്റെ വിദൂരദൃശ്യം എനിക്ക് കാണാമായിരുന്നു. അപ്പോഴും
നരിയന്‍കുണ്ടില്‍ മൃതപ്രായരായവരുടെ കുറച്ചു പണിയക്കുടികള്‍ അങ്ങിങ്ങായി കിടന്നിരുന്നു. അതിന് തെക്കുള്ള പുലിയിറങ്ങാപ്പാറയില്‍ യന്ത്രങ്ങള്‍ പണിയെടുക്കുന്നതും കല്ലുകള്‍ ലോറിയില്‍ കയറ്റി കൊണ്ടുപോകുന്നതും ഞാന്‍ മനക്കണ്ണാലെ കണ്ടു.
കെലുമ്പി അന്നുതന്നെ കുടിയിലേക്ക് മടങ്ങി. ഞാനും കുടുംബവും ക്യാമ്പിലേക്കും പുറപ്പെട്ടു. അവിടെ അനേകം മനുഷ്യരില്‍ ഒരാളായി, എന്റെ കുഞ്ഞുങ്ങളെ പൊതിഞ്ഞുപിടിച്ച് രാത്രിയില്‍ ഉറക്കം കാത്തുകിടക്കുമ്പോള്‍ ഞാന്‍ കെലുമ്പിയെ ഓര്‍ത്തു. തനിച്ചു വിട്ടതില്‍ ഖേദിച്ചു.
പുറത്ത് മഴ തിമിര്‍ത്ത് പെയ്യുന്നുണ്ടായിരുന്നു.
അന്നേരം തോല്‍പ്പാറക്കുന്ന് ഉഗ്രശബ്ദത്തോടെ പൊട്ടിയൊലിക്കുകയായിരുന്നു. മണ്ണും മഴയും കൂടിക്കലര്‍ന്ന് ചെളിയായി ഉരുകിയൊലിച്ച് നരിയന്‍കുണ്ടിനെ മൂടി. അതിനടിയില്‍ ചത്തും ചാവാതെയും പണിയര്‍ അങ്ങിങ്ങായി കിടന്നു. കുന്ന് ഇടിഞ്ഞു താഴ്ന്ന് പാറകളാല്‍ മൂടപ്പെട്ടു. പുലിയിറങ്ങാപ്പാറയുടെ മടകളില്‍ മണ്ണും മരങ്ങളും വന്നുമൂടി. താഴേക്ക് പൊഴിഞ്ഞിറങ്ങാന്‍ വഴികാണാതെ നിന്ന നക്ഷത്രദേവതമാരെ മേഘപാളികള്‍ക്കുള്ളിലേക്ക് തള്ളിയകറ്റി മഴ കനത്തു പെയ്തുകൊണ്ടിരുന്നു.