Malayalam Short Story : ജെന്നിഫര്‍, ജിതിന്‍. ആര്‍. പണിക്കര്‍ എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ജിതിന്‍. ആര്‍. പണിക്കര്‍ എഴുതിയ ചെറുകഥ

 

 

chilla amalayalam short story by Jithin R Panikkar

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla amalayalam short story by Jithin R Panikkar


ഇടനെഞ്ചില്‍ വൃത്താകൃതിയില്‍ രൂപപ്പെട്ട തണുപ്പ്. ഒറ്റ മുറിക്കുള്ളിലെ ഏകാന്തദിനങ്ങള്‍. 

ഇവിടെ ഇപ്പോള്‍ മഞ്ഞു കാലമാണ് ഈ ജാലകത്തിലൂടെ എനിക്ക് എല്ലാം വ്യക്തമായി കാണാം. 
മഞ്ഞു വീണ് കിടക്കുന്ന പാതയോരങ്ങള്‍, വിറച്ചു നില്‍ക്കുന്ന മരച്ചില്ലകള്‍. വഴി മുഴുവനും കടലാസ് പൂക്കള്‍ നിറഞ്ഞിരിക്കുന്നു. പാതയോരത്തെ കുഞ്ഞിപ്പൂവുകള്‍ വെയിലിനായ് ദാഹിക്കുന്ന പോലെ. ഇവിടെ നിന്ന് ഒന്ന് എഴുന്നേല്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ആ മഞ്ഞിലൂടെ ഇറങ്ങി ഓടിയേനെ. കൈകള്‍ തമ്മില്‍ ഉരസി ആ പൂവുകള്‍ക്ക് ചൂട് പകര്‍ന്നേനെ.

മെല്ലെ എന്റെ കൈകള്‍ തമ്മില്‍ ഉരസി നോക്കി. ഇല്ല, ചൂട് പിടിക്കണില്ല. ആകെ ഒരു മരവിപ്പ് മാത്രം.

ഒറ്റപെടലുകള്‍ ചില തിരിച്ചറിവുകള്‍ ആണ്. മനുഷ്യന് ഉള്ള ഏറ്റവും വലിയ കഴിവ് ശരിയായ സമയത്ത് ചിരിക്കുവാനും കരയാനും ഉള്ളതാണെന്ന് ഇന്നു ഞാന്‍ മനസിലാക്കുന്നു. എനിക്ക് അതൊക്കെ എന്നേ നഷ്ടമായിരിക്കുന്നു. 

ലൂയിസിന്റെ മരണം!

എന്റെ അലമാരയിലെ പുസ്തകങ്ങള്‍ പലതും ലൂയിസിന്റെയാണ്. വായിക്കുവാനായി കടം വാങ്ങിയതല്ല, നിര്‍ബന്ധപൂര്‍വം വായിക്കണം എന്ന് പറഞ്ഞു അവന്‍ തന്നതാണ്. അതില്‍ ഭൂരിഭാഗവും ഞാന്‍ വായിച്ചത് അവന്റെ മരണശേഷം ആയിരുന്നു.അതിലെ പല ഭാഗങ്ങളും എന്നേ വേദനിപ്പിച്ചു. ഈ പുസ്തകങ്ങളില്‍ ജീവിച്ച ലൂയിസിന്റെ ജീവിതം എത്ര മനോഹരമായിരുന്നിരിക്കണം.

പുസ്തങ്ങളുടെ ലോകത്ത് ഞാന്‍ എത്തിപ്പെടാന്‍ കാരണം ലൂയിസ് ആണ്. ലൂയിസിന്റെ മരണ ദിവസവും എനിക്ക് ഇത് പോലെ ഒരു മരവിപ്പ് ആയിരുന്നു. വിശ്വാസിയല്ലാത്ത അവന്റെ കൈകളില്‍ ആരൊക്കെയോ കുരിശ് പിടിപ്പിച്ചു. എപ്പോഴും കുറ്റി രോമങ്ങളില്‍ സമൃദ്ധമായ അവന്റെ മുഖം ആരൊക്കെയോ ചേര്‍ന്നു ക്ഷൗരം ചെയ്തു.
 
മുഖത്ത് ചായങ്ങള്‍ പുരട്ടി, പൂക്കള്‍ കൊണ്ട് അവന്റെ കല്ലറ അണിയിച്ചു. ജീവിച്ചിരുന്നപ്പോള്‍ ഒരു ചിരി പോലും കൊടുക്കാത്തവര്‍ അവനു വേണ്ടി മുതല കണ്ണീര്‍ ഒഴുക്കി. 

അങ്ങനെ ആറടി മണ്ണില്‍ ഒരു മാര്‍ബിള്‍ കഷ്ണത്തിന്റെ അടിയില്‍ ലൂയിസിന് അന്ത്യ വിശ്രമം. അപ്പോഴും കല്‍വത്തി തെരുവില്‍ നായ്ക്കള്‍ നിര്‍ത്താതെ കുരക്കുന്നുണ്ടായിരുന്നു. ലൂയിസിന്റെ യഥാത്ഥ അവകാശികള്‍ അവര്‍ ആയിരുന്നല്ലോ. അവര്‍ക്കായിരുന്നല്ലോ യഥാര്‍ത്ഥ നഷ്ടം.

ആദ്യമായാണ് ഞാന്‍ സെമിത്തേരിയില്‍ വരുന്നത്.

വലുതും ചെറുതുമായ കല്ലറകള്‍. ജീവിച്ചിരിക്കുന്നവരേക്കാള്‍ മരിച്ചവര്‍. ജീവിച്ചരിക്കുന്നവര്‍ക്ക് മരിച്ചവര്‍ വായ്ക്കരി ഇടുന്ന പോലെ തോന്നി. എന്തൊക്കെ നേടിയാലും നഷ്ടപ്പെട്ടാലും എത്തിപ്പെടുക ഇവിടെ തന്നെ ആകുമല്ലോ. ആ യൂക്കാലി മരത്തിന്റെ തണലില്‍ ഒരു ആറടി കിട്ടിയിരുന്നെങ്കില്‍ ഈ നിമിഷം ഞാന്‍ മരിച്ചേനെ. അങ്ങനെ എങ്കില്‍ അതിന് തൊട്ടടുത്തുള്ള കല്ലറയില്‍ ഉള്ള ആളാകുമല്ലോ എന്റെ അടുത്ത ചങ്ങാതി. ആ കുഴിമാടത്തിലേക്ക് എന്റെ കണ്ണുകള്‍ നീണ്ടു.
 
വളരെ ചെറിയ കുഴിമാടം മാഞ്ഞു തുടങ്ങുന്ന അക്ഷരങ്ങള്‍ ഞാന്‍ പതിയെ വായിച്ചു.
 
ജെന്നിഫര്‍ മേരി!

ജനനം 4:12:1989. 
മരണം 11:11:1993

പാവം! നാല് വര്‍ഷങ്ങള്‍ മാത്രം ഭൂമിയില്‍ ജീവിച്ചു മടങ്ങിയവള്‍. അവളുടെ കുഴിമാടത്തിന്റെ കുരിശിനു താഴെ ഒരു നീല കണ്ണുകള്‍ ഉള്ള ഒരു പാവ. ഒരു പക്ഷെ അത് അവളുടെ ആയിരിക്കണം. ആ നീല കണ്ണുകള്‍ എന്നെ ചൂഴ്‌ന്നെടുക്കുന്ന പോലെ.

ലൂയിസ് ഒരു കാര്‍മേഘമായ് എന്നിലേക്കു പെയ്തിറങ്ങിയത് അന്ന് രാത്രിയില്‍ ആയിരുന്നു. കരഞ്ഞു കരഞ്ഞു ഉറങ്ങിയത് എപ്പോള്‍ ആണെന്ന് അറിഞ്ഞില്ല. രാത്രിയുടെ രണ്ടാം യാമത്തില്‍ ഒരു സ്വപ്നം എന്റെ ഉറക്കവും നശിപ്പിച്ചു.

ജെന്നിഫറിന്റെ കുഴിമാടത്തില്‍ കണ്ട പാവ. അതിന്റെ ഒരു നീലക്കണ്ണ് അടര്‍ന്നു പോയിരിക്കുന്നു. ഒറ്റ കണ്ണുകള്‍ കൊണ്ട് രൂക്ഷമായി അത് എന്നേ നോക്കുന്നു. 

അതൊരു സ്വപ്നമായിരുന്നോ? 

ജെന്നിഫര്‍ നിനക്ക് എന്നോട് എന്തെങ്കിലും പറയാന്‍ ഉണ്ടായിരുന്നോ? 

ആ രാത്രി എനിക്ക് ഉറങ്ങുവാന്‍ കഴിഞ്ഞില്ല.

രാവിലെ നേരെ പോയത് ജെന്നിഫറിന്റെ കുഴിമാടത്തിന്റെ അടുത്തേക്കാണ്. അതെ, പാവയുടെ നീലക്കണ്ണുകളില്‍ ഒന്ന് എവിടെയോ പോയിരിക്കുന്നു.

ജെന്നി, നിനക്ക് ഒരു പുതിയ പാവ വേണമോ? അതിനാണോ ഇന്നലെ രാത്രി നീ എന്നേ തേടി എത്തിയത്? അതോ നിന്റെ അയല്‍ക്കാരനാകാന്‍ ഞാന്‍ ആഗ്രഹിച്ചതുകൊണ്ടോ?

കുറച്ച് നേരം ഞാന്‍ ജെന്നിഫറിന്റെ കുഴിമാടത്തില്‍ നോക്കിയിരുന്നു. 

എങ്ങനെ ആയിരിക്കും ഇവള്‍ മരിച്ചത? എവിടെയാണ് ഇവളുടെ വീട്? ഉത്തരമില്ലാത്ത എത്ര ചോദ്യങ്ങള്‍.

ലൂക്കോച്ചന്റെ കടയിലെ കാപ്പികുടിക്കിടയില്‍ ആ നാട്ടിലെ സര്‍വ്വ വിഞ്ജാന കോശമായ അയാളോട് ഞാന്‍ ജെന്നിഫെറെ പറ്റി തിരക്കി.

പുച്ഛത്തോടെ അയാള്‍ പറഞ്ഞു ഡാ. ആ കൊച്ച് എന്നാ മരിച്ചത് 1993 നവംബര്‍ 11-നാണ്. ഇത് ഏതാ വര്‍ഷം? 

2013.

ചായ കുടിച്ചിട്ട് പോകാന്‍ നോക്ക്. 20 വര്‍ഷം മുന്നേ ഞാന്‍ ആരായിരുന്നെന്ന് നിനക്ക് അറിയോ. തുറമുഖത്തെ പോര്‍ട്ടര്‍ ആയിരുന്നു. സായിപ്പുമായിട്ടുള്ള കച്ചോടം തീര്‍ന്നപ്പോള്‍ കല്‍വത്തിയിലെ ചെമ്മാനും ചെരുപ്പ് കുത്തിക്കുമെല്ലാം ചായ അടിച്ചു ജീവിക്കുന്നു.
 
അല്ല ലൂക്കോച്ചാ. എനിക്ക് ആ കൊച്ചിനെ പറ്റി എന്തെകിലും അറിയണം. 

നിര്‍ബന്ധമാണോ? 

അതെ.
 
എടാ ഈ മരിച്ചവരെ തേടിയുള്ള യാത്ര അപകടമാണ്.
 
എന്നാലും സാരമില്ല.

നീ അതിന്റെ വീട്ടുപേര് നോക്കിയിട്ട് വാ, ഞാന്‍ അന്വേഷിക്കാം.

ജെന്നിഫര്‍ മേരി, റോസ് വില്ല.

റോസ് വില്ല! 

ഹാ...എനിക്കറിയാം, മേരി ടീച്ചറിന്റെ മകള്‍ ജെന്നിഫര്‍.
 
'ഞാന്‍ ഓര്‍ക്കുന്നു.' ലൂക്കോച്ചന്‍ ഓര്‍മയുടെ ഭാണ്ഡകെട്ടുകള്‍ അഴിച്ചു. 

കൊച്ചിയില്‍ സ്രാങ്ക് ആയിരുന്ന ഉലഹനനന്റെയും മേരിയുടെയും വിവാഹം മുതല്‍ ഓരോന്ന് ഓര്‍ക്കുന്നു.

ലുക്കോച്ചാ, ആ കൊച്ച് എങ്ങനെയാ മരിച്ചേ? 

വിശാലതയില്ലേക്ക് നോക്കി ഒരു സിഗരറ്റ് കത്തിച്ചു കൊണ്ട് ലൂക്കോച്ചന്‍ പറഞ്ഞു, എനിക്ക് ഓര്‍മയില്ല. 

ജെന്നിഫര്‍ മേരി. മേരി ടീച്ചര്‍!
 
അനേഷണത്തില്‍ നിന്നും പനയപള്ളിയിലെ സാന്താക്രൂസ് സ്‌കൂളില്‍ ആയിരുന്നു മേരി ടീച്ചര്‍ പഠിപ്പിച്ചിരുന്നത് എന്നും 
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പേ വളണ്ടറി റിട്ടയര്‍മെന്റ് എടുത്തു പോയി എന്നും അറിയാന്‍ കഴിഞ്ഞു. കപ്പലണ്ടി മുക്കില്‍ എവിടെയോ ആണ് അവരുടെ വീട് എന്നും അറിഞ്ഞു.

ജെന്നിഫര്‍ എങ്ങനെയാണ് മരിച്ചത്?
 
അതിന് ഉത്തരം കണ്ടെത്തിയിരിക്കണം. 

എന്തിനാണ് ജെന്നി നീ തിരഞ്ഞു വന്നത്? നിനക്ക് ഇനിയും ഈ ലോകത്തോട് എന്തെങ്കിലും പറയാന്‍ ഉണ്ടോ? 
എന്തായാലും നീ എന്നെ തിരഞ്ഞു വന്നത് എന്തിനാണെന്ന് എനിക്ക് അറിഞ്ഞേ മതിയാകു?

ജെന്നി, ഞാന്‍ നിന്റെ വീട് വരെ ഒന്ന് പോകട്ടെ. നിന്റെ അമ്മയെ ഒന്ന് കാണട്ടെ. 

യൂക്കാലി മരം രൂക്ഷമായ ഗന്ധം പുറപ്പെടുവിച്ചു. വിരസമായ വൈകുന്നേരങ്ങള്‍ ചിലവഴിക്കുക ഫോര്‍ട്ട് കൊച്ചിയിലെ ബീച്ചിലെ ബെഞ്ചുകളില്‍ ആണ്. ഒറ്റക്ക് ഇരിക്കുമ്പോള്‍ എല്ലാം ആ നീലക്കണ്ണുകള്‍ എന്നെ വേട്ടയാടി.
 
കപ്പലണ്ടി മുക്കില്‍ എനിക്ക് ഒരു സുഹൃത്ത് ഉണ്ട്, നെല്‍സണ്‍. അവനെ ഒന്ന് കോണ്‍ടാക്ട് ചെയ്ത് നോക്കാം. പഴയ ഡയറിയില്‍ നിന്ന് നെല്‍സന്റെ നമ്പര്‍ കണ്ട് പിടിച്ചു വിളിച്ചു. അപ്പോഴാണ് ഞാന്‍ അറിയുന്നത് ആറു മാസങ്ങള്‍ക്കു മുന്നേ അവന്‍ വിദേശത്തേക്കു പോയി.
 
ജെന്നി, നീ എന്നില്‍ നിന്നും അകന്നു പോവുകയാണല്ലോ? 

അന്ന് രാത്രി എനിക്ക് കഠിനമായ പനി ഉണ്ടായി. പനിയെ തുടര്‍ന്ന് ഞാന്‍ ജനറല്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടു. തണുത്ത എന്തോ ഒന്ന് നെറ്റിയില്‍ പതിച്ചപ്പോളാണ് ഞാന്‍ കണ്ണ് തുറന്നത്. മാര്‍ഗിന അമ്മായി. അപ്പന്റെ മൂത്ത പെങ്ങളാണ്. പഴയ നേഴ്‌സ് ആണ്. അവരര്‍ നെറ്റിയില്‍ വെള്ളി കുരിശ് വെച്ചു പ്രാര്‍ത്ഥിച്ചു.

എന്താ മോനെ പെട്ടെന്നൊരു പനി? 

ഞാന്‍ ഉത്തരം പറഞ്ഞില്ല .

കുറേ നേരം അമ്മായി ഹോസ്പിറ്റലിനെ കുറിച്ചും മരുന്നുകളെ കുറിച്ചും വാചാലയായി.
 
പോകാന്‍ ഒരുങ്ങുമ്പോള്‍ ഞാന്‍ അമ്മായിയോട് മേരി ടീച്ചറെ കുറിച്ച് ചോദിച്ചു.

ആ മേരി. അവളെ എനിക്ക് അറിയാം. സ്‌കൂളില്‍ എന്റെ ജൂനിയര്‍ ആയിരുന്നു. ആംഗ്ലോ ഇന്ത്യന്‍ ഫാമിലിയില്‍ പെട്ട ഒരു സ്രാങ്ക് ആണ് അവളെ വിവാഹം ചെയ്തത്. 

അവരുടെ മക്കള്‍? 

ഒരു മകന്‍ ഉണ്ട്, ഇപ്പോള്‍ പത്തു പതിനെട്ടു വയസായി കാണണം.

അമ്മായി, അവര്‍ക്ക് ഒരു മകള്‍ ഉണ്ടായിരുന്നില്ലേ?
 
ജെന്നിഫര്‍. വെള്ളി കുരിശ്ശില്‍ മുത്തമിട്ടു കൊണ്ട് അമ്മായി പറഞ്ഞു 

ജെന്നിഫറിനെ പറ്റി നിന്നോട് ആര് പറഞ്ഞു?

ഞാന്‍ കേട്ടിട്ടുണ്ട്, അത് കൊണ്ടാണ് ചോദിച്ചത്.

ജെന്നിഫര്‍ ഒരു മാലാഖയെ പോലെ സുന്ദരിയായിരുന്നു. നീളന്‍ മുടിയുള്ള, എപ്പോഴും ശാന്ത രൂപത്തില്‍ ഉള്ള ഒരു പാവം കുട്ടി.
 
അവള്‍ക്ക് എന്താണ് പറ്റിയത്? 

അത് എനിക്ക് അറിഞ്ഞു കൂടല്ലോ മോനെ, ഞാന്‍ അന്ന് ആലപ്പുഴയില്‍ ആയിരുന്നു ജോലി. പിന്നീട് പലപ്പോഴും ഞാന്‍ മേരിയെ കണ്ടിട്ടുണ്ട്.

ഉം...

ഇത് വല്ലാത്ത കഷ്ടം തന്നെ, ജെന്നി.  എല്ലാവര്‍ക്കും നിന്നെ അറിയാം, പക്ഷെ നിനക്ക് എന്താണ് പറ്റിയത് എന്ന് ആര്‍ക്കും അറിയില്ല.

അന്ന് രാത്രിയും ആ നീലക്കണ്ണുകള്‍ എന്റെ ഉറക്കം കെടുത്തി. 

നാളെ അവള്‍ക്ക് ഒരു പാവയെ വാങ്ങി നല്‍കണം. ജെന്നി, ഞാന്‍ ഒരു പാവയെ തന്നാല്‍ നിനക്ക് അതിനെ ഇഷ്ടമാകുമോ? 

പിറ്റേന്ന് വാങ്ങിയ ഒരു പാവയുമായി ഞാന്‍ ജെന്നിയെ തേടിയെത്തി. 

അവളുടെ കുഴിമാടത്തില്‍ 2 വെളുത്ത റോസാ പൂക്കള്‍ വെച്ച് ഒരാള്‍ പ്രാര്‍ത്ഥിക്കുന്നു. കുഴിഞ്ഞു പോയ അയാളുടെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു. 

ജെന്നി ഇത് ആരാണ്? നിന്റെ അച്ഛന്‍ ആണോ? ഇയാള്‍ ആണോ നിനക്ക് ഈ പാവയെ വാങ്ങി നല്‍കിയത്?

വേച്ചു വേച്ചു നടന്നു നീങ്ങുന്ന ആ മനുഷ്യനെ ഞാന്‍ പിന്‍ തുടര്‍ന്നു. കാപ്പിരി മുക്കിനു അടുത്തുള്ള ഒഴിഞ്ഞ മൈതാനത്തിലെ ചാരുബെഞ്ചില്‍ ഇരുന്നു അയാള്‍ ഒരു സിഗരറ്റ് കത്തിച്ചു.

ജെന്നി എനിക്ക് നിന്നെ പറ്റി അറിഞ്ഞേ മതിയാകൂ...

സര്‍, ലൈറ്റര്‍ ഒന്ന് തരാമോ?
 
യെസ് പ്ലീസ്

അയാള്‍ എനിക്ക് നേരെ ലൈറ്റര്‍ നീട്ടി. 

പുകമറകള്‍ക്ക് ഇടയിലൂടെ ഞാന്‍ അയാളുടെ മുഖത്തേക്ക് നോക്കി. 

നിങ്ങളെ ഞാന്‍ കണ്ടിട്ടില്ലാല്ലോ, എവിടത്തുകാരന്‍ ആണ്?

അയാളെ പതിയെ എന്നേ നോക്കി.
  
'ആലുവ'-അയാള്‍ കനമുള്ള ശബ്ദത്തില്‍ പറഞ്ഞു.

എന്താ ഇവിടെ? 

എനിക്ക് വേണ്ടപ്പെട്ട ഒരാള്‍ ഇവിടെ ഉണ്ട് കാണാന്‍ വന്നതാ? 

എന്താ സാറിന്റെ പേര്?

അലക്‌സ് പോള്‍.

അല്ല, എല്ലാ വര്‍ഷവും ഇവിടെ വരാറുണ്ടോ? 

നീരസത്തോടെ അയാള്‍ എന്നേ നോക്കി.

തനിക്ക് എന്തൊക്കെ അറിയണം?

ശബ്ദം താഴ്ത്തി കൊണ്ട് ഞാന്‍ പറഞ്ഞു, ക്ഷമിക്കണം. തങ്ങളെ കണ്ടപ്പോള്‍ ഒരു പരിചയം തോന്നി. അത് കൊണ്ട് ചോദിച്ചതാണ്. മുഷിച്ചില്‍ ഉണ്ടാക്കിയെങ്കില്‍ ക്ഷമിക്കുക.
 
ഞാന്‍ പതിയെ എഴുന്നേറ്റു പോകാന്‍ ഒരുങ്ങി.

എടോ താന്‍ താന്‍ എന്നെ കണ്ടു കാണും ഞാന്‍ ഒരു ഡോക്ടര്‍ ആണ്.. ഡോ. അലക്‌സ് പോള്‍.

ഓഹ്, ഞാന്‍ കേട്ടിട്ടുണ്ട്.
 
ഉം, ശരി.

തിരിച്ചു നടക്കുമ്പോള്‍ ഇടക്ക് ഞാന്‍ ഒന്ന് തിരഞ്ഞു നോക്കി .

ഇല്ല ജെന്നി എനിക്ക് അറിഞ്ഞേ മതിയാകൂ.
 
സര്‍, നിങ്ങള്‍ക് ജെന്നിഫറിനെ എങ്ങനെ അറിയാം?

ജെ...ന്നിഫെര്‍...? ഏത് ജെന്നിഫര്‍?


ഞാന്‍ അയാളുടെ കണ്ണുകളിലേക്ക് കടുപ്പിച്ചു നോക്കി.

നുണ പറയണ്ട, ജെന്നിയെ അറിയില്ലെങ്കില്‍ എന്തിനാണ് നിങ്ങള്‍ അവളുടെ കല്ലറയില്‍ പൂക്കള്‍ വെച്ചത്?
 
എനിക്ക് പോകണം, അയാള്‍ അവിടെ നിന്നു പോകാന്‍ ആരംഭിച്ചു.
 
ഇതിന് ഉത്തരം നല്‍കാതെ നിങ്ങളെ ഞാന്‍ ഇവിടെ നിന്നു വിടില്ല.
 
അയാളുടെ കോളറില്‍ ഞാന്‍ കുത്തി പിടിച്ചു.
 
ദയനീയമായ മിഴികളോടെ വിറക്കുന്ന ശബ്ദത്തില്‍ അയാള്‍ ചോദിച്ചു, നിങ്ങള്‍ ആരാണ്? നിങ്ങള്‍ ജെന്നിഫറിന്റെ സഹോദരന്‍ ആണോ? 

ഞാന്‍ അതെ എന്ന അര്‍ത്ഥത്തില്‍ തലയാട്ടി.

അടുത്ത നിമിഷം അയാള്‍ എന്റെ കാലിലേക്ക് വീണ് കരയുവാന്‍ തുടങ്ങി.

മാപ്പ് തരൂ എനിക്ക് മാപ്പ് തരു.

പയ്യെ ഞാന്‍ അയാളെ പിടിച്ചു ബെഞ്ചില്‍ ഇരുത്തി കുടിക്കാന്‍ വെള്ളം കൊടുത്തു.

പറയു എന്തിനാണ് നിങ്ങള്‍ എന്റെ ജെന്നിയെ കൊന്നത്?

നോ നെവര്‍, യൂ നോ അയാം എ ഡോക്ടര്‍.

അന്ന് മഞ്ഞപിത്തം ബാധിച്ച ജെന്നിയെ ചികിസിച്ചത് ഞാന്‍ ആണ്. ചികിസയുടെ മൂന്നാം ദിവസം എനിക്ക് ബാംഗ്ലൂര്‍ ഉള്ള എന്റെ ബന്ധുവിന്റെ വിവാഹത്തിന് പോകേണ്ടി വന്നു. എല്ലാം എന്റെ ജൂനിയര്‍ ഡോക്ടറെ ഏല്പിച്ചിട്ടാണ് പോയത് പക്ഷെ...
 
''ഒരു പക്ഷെ ഞാന്‍ പോയില്ലായിരുന്നു എങ്കില്‍ ഒരു പക്ഷെ നിങ്ങള്‍ക്ക് നിങ്ങടെ സഹോദരിയെ, അയാളുടെ വാക്കുകള്‍ മുറിഞ്ഞു.
 
''അതില്‍ പിന്നെ ഒറ്റ രാത്രി ഞാന്‍ ഉറങ്ങിയിട്ടില്ല. എനിക്ക് മാപ്പ് തരു ആ കൈ കൊണ്ട് എന്നേ ഒന്ന് അടിക്കു. ജെന്നിയുടെ അമ്മയോട് എനിക്ക് മാപ്പ് ചോദിക്കണം.''

ഇല്ല. നിങ്ങളോട് എനിക്ക് ദേഷ്യമില്ല നിങ്ങള്‍ പൊയ്‌ക്കോളുക.. 

വിതുമ്പി കൊണ്ട് ആ മനുഷ്യന്‍ നടന്നകന്നു.

ജീവിതം ഒരു മഹാ സാഗരമാണ്. ഗര്‍ത്തങ്ങളും ചുഴികളുമുള്ള മഹാ സാഗരം. സ്വര്‍ണമീനുകള്‍ക്ക് ഉള്ളില്‍ അടിഞ്ഞു കൂടിയ ഒരു അംബര്‍ഗ്രീസ് ആണ് ജെന്നി നീ. നിന്നെ കുറിച്ച് എനിക്ക് കേട്ടറിവ് മാത്രമേ ഉള്ളു.

വെള്ളി കണ്ണുകള്‍ ഉള്ള പാവയെ ജെന്നിഫെറിന്റെ കുഴിമാടത്തിനു മുകളില്‍ വെച്ച് ഞാന്‍ പ്രാര്‍ത്ഥിച്ചു.

തിരിച്ചു പോരുമ്പോള്‍ ആ കണ്ണുകള്‍ എന്നേ നോക്കി നിറയുന്ന പോലെ തോന്നി. അവിടെ ആകെ യൂക്കാലി ഗന്ധം പടര്‍ന്നു. ജെന്നി ഇനിയും സ്വപ്നങ്ങളില്‍ നീ എന്നേ തേടി വരാമോ? 

മടങ്ങുന്ന വഴികളില്‍ ഒരു കല്ലറക്കു മുന്നില്‍ ഞാന്‍ തരിച്ചു നിന്നു.
 
ഡോ. അലക്‌സ് പോള്‍.

ജനനം : 7:6:1962
മരണം : 18:11:1993

അതായത്, ജെന്നിഫര്‍ മരിച്ചതിന്റെ ഏഴാം നാള്‍!

അടുത്ത നിമിഷം എന്റെ ബോധം മറിയുന്ന പോലെ തോന്നി. ഉള്ളിലേക്കു അതിക്രമിച്ചു കയറുന്ന യൂക്കാലി ഗന്ധം. 

നെഞ്ചില്‍ വൃത്താകൃതിയില്‍ രൂപപ്പെട്ട തണുപ്പ്. 

അപ്പോഴും തെരുവില്‍ നായകള്‍ കുരക്കുന്നുണ്ടായിരുന്നു. 

ജെന്നി ആ തണലില്‍ നിനക്ക് കൂട്ടായി ഇനി ഞാനും ഉണ്ടല്ലോ. എന്നെങ്കിലും ഒരിക്കല്‍ ഞാന്‍ നിന്നെ കാണുക തന്നെ ചെയ്യും. 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 


 

Latest Videos
Follow Us:
Download App:
  • android
  • ios