സര്‍പഞ്ചിന്റെ മകള്‍
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ഹരി അരയമ്മാക്കൂല്‍ എഴുതിയ കഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
ഉച്ചയൂണ്‍ കഴിഞ്ഞുള്ള അപരാഹ്നത്തിന്റെ വിരസതയിലേക്കാണ് തുകല്‍ വസ്തുക്കള്‍ വില്‍ക്കുന്ന ഉത്തരേന്ത്യന്‍ പയ്യന്‍ കയറിവന്നത്. തിരക്കൊഴിഞ്ഞ ഉച്ചചൂടില്‍ സിവില്‍ സ്റ്റേഷനിലെ ഉറക്കം തൂങ്ങുന്ന സര്‍ക്കാരാപ്പീസുകളില്‍ കയറിയിറങ്ങി കച്ചവടം നടത്തി ജീവിതം കരുപ്പിടിപ്പിക്കുന്നവര്‍ നിരവധിയാണ്. ഇടതു ചുമലില്‍ നിരയായി തൂക്കിയിട്ട ബെല്‍റ്റുകള്‍. മറുഭാഗത്ത് ഞാന്നുകിടക്കുന്ന വിവിധ രൂപത്തിലുള്ള ലേഡീസ് ബാഗുകള്‍. വിരലുകള്‍ക്കിടയില്‍ ഉയര്‍ത്തിപ്പിടിച്ച പേഴ്‌സുകള്‍ കാട്ടി വില കുറവാണെന്നും, ഒറിജിനല്‍ ലെതര്‍ ആണെന്നുമൊക്കെ പയ്യന്‍ വിളിച്ചുപറയുന്നുണ്ട്. ഇടയ്ക്ക് തുകലിന് നേരെ ലൈറ്റര്‍ കത്തിച്ചുപിടച്ചു ഗുണമേന്മ തെളിയിക്കാന്‍ ശ്രമിക്കുന്നുമുണ്ട്.
പരദേശി വാണിഭക്കാര്‍ വരുമ്പോള്‍ ഹിന്ദിയില്‍ വിലപേശി സാധനങ്ങള്‍ വാങ്ങാന്‍ എല്ലാവര്‍ക്കും ആനന്ദന്റെ സഹായം വേണം. പ്രത്യേകിച്ച് വനിതാജീവനക്കാര്‍ക്ക്. ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ചെയ്യുന്ന പിരിഞ്ഞുവന്ന പട്ടാളക്കാരന്‍ ചേട്ടനെക്കൊണ്ടുള്ള ചെറിയ ചില ഉപകാരങ്ങള്‍. ആനന്ദനാണെങ്കില്‍ തന്റെ ബഹുഭാഷാപാണ്ഡിത്യം തെളിയ്ക്കാനും, തുരുമ്പിക്കുന്ന ഹിന്ദിയ്ക്കു മൂര്‍ച്ചകൂട്ടാനുമുള്ള അപൂര്‍വ്വ അവസരവും.
പയ്യന്‍ സാധങ്ങളിറക്കിവച്ചു. ആവശ്യക്കാര്‍ ചുറ്റും കൂടി പരതിയെടുക്കാന്‍ തുടങ്ങി. ആനന്ദന്‍ തന്റെ ഹിന്ദിപ്രവീണ്‍ പ്രദര്‍ശനത്തിന് തിരികൊളുത്തി .
''ലെതെര്‍ ഫാക്ടറി എവിടെയാ ?''
'' ഏതു മൃഗത്തിന്റെ തോലാണ് ഉപയോഗിക്കുന്നത്?''
വില്പനവസ്തുക്കളെ കുറിച്ചുള്ള ആദ്യവട്ടം ചോദ്യങ്ങള്‍ക്ക് പയ്യന്‍ ഉത്സാഹത്തോടെ മറുപടി നല്‍കി.
''എന്താ നിന്റെ പേര്?
കച്ചവടത്തിരക്കിനിടയില്‍ നിലത്തിരിന്നു പരതുന്നതിനിടയില്‍ പയ്യന്‍ തലയുയര്‍ത്തി , മഞ്ഞപ്പല്ല് കാട്ടി പേര് പറഞ്ഞു.
''നാട് ?''
'' മഥുര, ഡല്‍ഹി പാതയ്ക്കരികിലാണ് എന്റെ ഗ്രാമം.'
മധുരയ്ക്കും ഡല്‍ഹിക്കും ഇടയിലോ? ആനന്ദന്റെ മനസ്സൊന്നു പിടഞ്ഞു. പട്ടാളക്കാരുടെ ഓര്‍മ്മകള്‍ അങ്ങിനെയാണ്. ഒച്ചുകളെപോലെ അവ മനസ്സില്‍ പറ്റിപിടിച്ചുകിടക്കാറൊന്നുമില്ല. അല്ലെങ്കിലും സ്മൃതിപഥങ്ങളില്‍ ജീവിച്ചുരസിക്കുന്ന വികാരജീവികളാകാന്‍ അവര്‍ക്കാവില്ലല്ലോ!. സൈനികര്‍ അധികം തിരിഞ്ഞ് നോക്കാറില്ല. മിലിട്ടറിയില്‍ മറവി അനുഗ്രഹം മാത്രമല്ല; ഒരു അനിവാര്യത കൂടിയാണ്. ഓര്‍മകളില്‍ ഊളിയിട്ടു നഷ്ടക്കണക്കു എടുക്കാന്‍ തുടങ്ങിയാല്‍ പിന്നെ അതിനുമാത്രമേ നേരം കാണൂ. നോട്ടം എപ്പോഴും മുമ്പിലുള്ള ടാര്‍ജെറ്റില്‍ ആയിരിക്കണം. പക്ഷെ ചിലപ്പോള്‍, ഇത്തരം ചില അപൂര്‍വ്വസന്ദര്‍ഭങ്ങളില്‍, അറിയാതെ ഒരു കല്ലിളക്കം മതി, മറവിക്കെട്ട് തകര്‍ന്നു ഓര്‍മച്ചാലുകള്‍ ഓരോന്നായി തെളിഞ്ഞുവരാന്‍.
രണ്ട്
ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളുടെ അവസാനപാദം. ആനന്ദന്‍ ഡല്‍ഹിയില്‍ നിന്നും 50-60 കിലോമീറ്റര്‍ ദൂരെയുള്ള മൊബൈല്‍ ഒബ്‌സര്‍വേഷന്‍ പോസ്റ്റിലേക്കുള്ള യാത്രയിലാണ്. റിപ്പബ്ലിക് പരേഡ് നടക്കുന്നതിനു മുമ്പായി തലസ്ഥാന നഗരത്തിനു വ്യോമകവചം തീര്‍ക്കുന്നതിന്റെ ഭാഗമായി ഇത്തരം പോസ്റ്റുകള്‍ ദില്ലിക്ക് ചുറ്റും സ്ഥാപിക്കും. ഒരു ദിവസം മാത്രം നടക്കുന്ന പരേഡിന് വേണ്ടിയുള്ള കഠിനതയ്യാറെടുപ്പുകള്‍ മാസങ്ങള്‍ക്ക് മുമ്പെ തുടങ്ങുമെന്ന കാര്യം പരേഡ് കാണുന്നവര്‍ പലപ്പോഴും ഓര്‍ക്കാറില്ല..
പൂത്തുനില്‍ക്കുന്ന കടുക് വയലുകള്‍ക്ക് നടുവിലൂടെ പൊടിപറത്തിക്കൊണ്ടു, പടിഞ്ഞാറ് വിളറിതൂങ്ങിനില്‍ക്കുന്ന അസ്തമയസൂര്യനെ ലക്ഷ്യമാക്കി അവരുടെ മിലിട്ടറി 'ജോങ്ക' ഇഴഞ്ഞുനീങ്ങി. ശൈത്യകാലത്തെ തണുത്തുറഞ്ഞു മൂടിക്കെട്ടിയ ആകാശത്തിനു താഴെ വര്‍ണ്ണത്തിളക്കത്തോടെ വിശാലമായി പരന്നുകിടക്കുന്ന കടുക് പാടങ്ങള്‍ മനോഹര കാഴ്ചയാണ്. ഇരുണ്ട ഇലകള്‍ക്ക് മീതെ സ്വര്‍ണനിറം വിതറുന്ന കടുകുപൂക്കള്‍ റാബി കൃഷിക്കാലത്ത് ഉത്തരേന്ത്യന്‍ വിളനിലങ്ങള്‍ക്ക് ഒരു കാല്‍പനികഭാവം നല്‍കും.
ഗ്രാമത്തിന് ഉള്ളിലേക്ക് 'ജോങ്ക' ട്രക്കിനു കടന്നുചെല്ലാന്‍ പറ്റിയ പാതയില്ല. മണ്‍പാതയില്‍ അവരെ ഇറക്കിവിട്ടു ഒരു കടലാമയുടെ ലാഘവത്തോടെ ആ പട്ടാളവാഹനം അടുത്ത പോസ്റ്റ് ലക്ഷ്യമാക്കി നീങ്ങി. പൊടിപിടിച്ചു മങ്ങിയ മഞ്ഞബോര്‍ഡില്‍ ഹിന്ദിയോട് ഏകദേശസാമ്യമുള്ള ലിപിയില്‍ എന്തോ എഴുതിവെച്ചിരിക്കുന്നു. 'വല്ലഭ് ഗാവ്' ഗ്രാമം. കൂടെയുള്ള അശ്വിനികുമാര്‍ വിവര്‍ത്തനം ചെയ്തു. അശ്വിനികുമാര്‍ തദ്ദേശീയനാണ്. ഡ്യൂട്ടിക്കിടയില്‍ ഇടയ്‌ക്കൊക്കെ മുങ്ങി പത്തു മൈലുകള്‍ക്കപ്പുറമുള്ള തന്റെ നാട്ടിലേക്ക് 'ഫര്‍ലോ' പോകാമെന്നുള്ള ഉത്തമവിശ്വാസത്തില്‍ അയാള്‍ ഇരന്നുവാങ്ങിയതാണ് ഈ ഡ്യൂട്ടി. വയസ്സ് ഇരുപത്തഞ്ചില്‍ താഴെയാണെങ്കിലും നാട്ടില്‍ ഭാര്യയും കുട്ടിയുമെല്ലാമുണ്ട് അശ്വനികുമാറിന്. ബെഡ് ഹോള്‍ഡ്റും, ആര്‍. ടി സെറ്റും , ആന്റിനയും താഴെ വച്ചു യുനിഫോര്‍മില്‍ നില്‍ക്കുന്ന പട്ടാളക്കാരെരെക്കണ്ടു ചിലര്‍ അടുത്തേയ്ക്ക് വന്നു, ഫൌജി ഭായിമാര്‍ക്ക് ''റാം-റാം'' പറഞ്ഞു , കുമാറിനോട് കാര്യങ്ങള്‍ തിരക്കി.
''ആര്‍. ഡി പരേഡ് കെ ലിയേ ആയാഹെ'' ചുറ്റും കൂടിയവര്‍ തമ്മില്‍ തമ്മില്‍ പറഞ്ഞു.
'കോയി ബാത് നഹി'. അതിന് വിഷമിക്കേണ്ട' എന്നൊരു അര്‍ത്ഥമുണ്ടെന്ന് ആനന്ദന് അന്നു അറിയില്ലായിരുന്നു.
''ചലോ ട്രാക്ടര്‍ ലാഓ. സര്‍പഞ്ച് കാ ഘര്‍ ജാനഹ് ഹേ'' (ട്രാക്ടര്‍ കൊണ്ട് വരൂ. സര്‍പ്പഞ്ചിന്റെ വീട്ടിലേക്കു പോകണം) ചിലര്‍ വിളിച്ചുപറഞ്ഞു.
ഹിന്ദി കലര്‍ന്ന നാടന്‍ ഭാഷ. എല്ലാ വര്‍ഷവും ഇതേ സമയത്ത്, ഇതേപോലെ പാട്ടാളക്കാര്‍ ഇവിടെ എത്താറുണ്ടെന്നു അവര്‍ക്കെല്ലാമറിയാം. സര്‍പഞ്ചിന്റെ വീട്ടിലാണ് സൈനികര്‍ തങ്ങുക.
ബാല്യം മാറിയിട്ടില്ലാത്ത ഒരു പയ്യന്‍ ഒരു പഴഞ്ചന്‍ ട്രാക്ടറിന്റെ തലമാത്രം കുലുക്കി കുലുക്കി കൊണ്ടുവന്നു. എല്ലാവരുംകൂടി പട്ടാളക്കാരുടെ സാധനങ്ങള്‍ പെറുക്കി അതിന്റെ പല ഭാഗങ്ങളിലായി എടുത്തുവെച്ചു. ഡ്രൈവറുടെ പിന്നില്‍ ഒരു ഭാഗത്തായി ആനന്ദന്‍ സ്ഥലം കണ്ടെത്തി. അശ്വനി കുമാറിന് ട്രാക്ടറില്‍ കയറി നല്ല വശമുണ്ട്. ചില കുട്ടികള്‍ അവര്‍ക്ക് അകമ്പടിയായി ട്രാക്ടറിന്റെ പടിയില്‍ തൂങ്ങി നിന്നു. ഇഷ്ടിക പതിച്ച നാട്ടുവഴിയിലൂടെ കുമ്മായം തേക്കാത്ത വീടുകള്‍ക്കിടയിലൂടെ ട്രാക്ടര്‍ തുള്ളിനീങ്ങി. മെലിഞ്ഞുണങ്ങി മുഖം മൂടി നില്‍ക്കുന്ന സ്ത്രീകള്‍ വശങ്ങളില്‍ നിന്ന് പര്‍ദയ്ക്കുള്ളിലൂടെ എത്തിനോക്കി. കൂസലില്ലാതെ വഴിമുടക്കി നില്‍ക്കുന്ന എരുമകള്‍. ചാണകക്കൂമ്പാരം, അങ്ങിങ്ങ് ഉണക്കാന്‍ ഒട്ടിച്ചുവച്ചിരിക്കുന്ന 'ഗോബര്‍' ഉണ്ടകള്‍. വഴിയരുകില്‍ അലസമായികിടന്നു തരിശുചിന്തകള്‍ അയവിറക്കുന്ന ഒട്ടകം. വൈക്കോല്‍ കൂനകള്‍. ചാര്‍പായില്‍ കൂട്ടമായിരുന്നു ഹുക്ക വലിച്ചൂതി തണുപ്പകറ്റിരസിക്കുന്ന തലപ്പാവ് ചുറ്റിയ വൃദ്ധര്‍. അങ്ങിങ്ങായി ബള്‍ബ് എരിഞ്ഞുതൂങ്ങിനില്‍ക്കുന്ന കുടുസ്സന്‍ ഒറ്റമുറി പീടികകള്‍. ദില്ലിയില്‍ നിന്ന് വളരെയധികം ദൂരമില്ലെങ്കിലും വല്ലഭ് ഗാവ് ഒരു കുഗ്രാമം തന്നെ. വീതി കുറഞ്ഞ, ഇഷ്ടിക പാകിയ നാട്ടുവഴി താണ്ടി ട്രാക്ടര്‍ അത്യാവശ്യം വലിപ്പമുള്ള ഒരു കെട്ടിടത്തിനരുകില്‍ വന്നുനിന്നു. വെള്ള പൂശിയിട്ടുണ്ട്. ചുവന്ന നിറമുള്ള വലിയ ഗേറ്റ് പാതി തുറന്നിട്ടിരിക്കുന്നു. ഉള്ളില്‍നിന്ന് കുര്‍ത്ത ധരിച്ച തടിച്ചു പൊക്കം കൂടിയ ഒരാള്‍ ഇറങ്ങി വന്നു.
'ആഓ, ആഓ´ പരുക്കന്‍ ശബ്ദം
സര്‍പഞ്ച് ആണ്. മധ്യവയസ്സിന്റെ ദൃഢതയും മനസ്സുറപ്പും.
ഒരു സഹായി വന്നു അവരുടെ 'ബെഡ്‌ഹോള്‍ഡറുകള്‍' പൊക്കി ഉള്ളിലേക്ക് നടന്നു. മതില്‍ക്കെട്ടിനുള്ളില്‍ ഒരു കുഞ്ഞുനാലുകെട്ടുപോലെ തോന്നുന്ന വീട്. നടുമുറ്റത്ത് ചൂടികട്ടിലുകള്‍ നിരത്തിയിട്ടിരിക്കുന്നു. ഓടിക്കളിക്കുന്ന പശുക്കിടാവ്. അടുക്കി വെച്ച വലിയ അലൂമിനിയം പാല്‍പാത്രങ്ങള്‍. നിരവധി അംഗങ്ങളുണ്ട് രണ്ടു നിലയുള്ള ആ വീടിനുള്ളില്‍. സ്ത്രീകളുടെ അസംഖ്യം കണ്ണുകള്‍ ഉള്ളറകളില്‍നിന്നും ആഗതരെ എത്തിനോക്കുന്നുണ്ട്. സൈഡിലുള്ള വീതി കുറഞ്ഞ സിമന്റ് കോണിയിലൂടെ സഹായി മുകളിലേക്ക് കയറി. പിന്നാലെ അവരും . രണ്ടാം നിലയ്ക്ക് മീതെ ടെറസ്സില്‍ ഉള്ള ഒറ്റ മുറി. രണ്ടറ്റത്തായി രണ്ടു ചര്‍പായികള്‍. വലിപ്പില്ലാത്ത ഒരു ചെറിയ മരമേശ. പുറത്ത് മുറിയോടു ചേര്‍ന്നുള്ള കക്കൂസ് ചെറിയ വെള്ള ടൈലുകള്‍ പാകി വൃത്തിയാക്കി വച്ചിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഒന്നുമില്ലാത്ത ആ ഗ്രാമത്തിലെ ഏറ്റവും ആഡംബരസൌകര്യമാവും അവര്‍ക്ക് ലഭിച്ചതെന്നു ആനന്ദന് തോന്നി. ടെറസ്സിനു മുകളില്‍ നിന്നാല്‍ ഗ്രാമം മുഴുവന്‍ കാണാം. അടുത്തടുത്ത് നിരത്തി വെച്ചിരിക്കുന്നത് പോലെയുള്ള ഒറ്റനില ഇഷ്ടിക വീടുകള്‍. കാലു നീട്ടിവെച്ചാല്‍ ഒരു വീടിന്റെ മുകളില്‍ നിന്നും അപ്പുറത്തേക്ക് കടക്കാവുന്നതെയുള്ളൂ. വീടുകള്‍ക്ക് മുകളില്‍ ഉയരുന്ന പുകച്ചുരുളുകള്‍. ഗ്രാമത്തിന്റെ മധ്യഭാഗത്തായി ഉയരത്തില്‍ പൊങ്ങി നില്‍ക്കുന്ന ഒരു ടി.വി ആന്റിന. പാടത്തുനിന്നും ഇരുട്ടുന്നതിനു മുമ്പായി നിരനിരയായി ഗ്രമത്തിലേക്ക് നടന്നു വരുന്ന കന്നുകാലികള്‍.
''ഖാന ഹമാര സാഥ് ഖായെഗി, ഫൌജിലോക് ഇഥര്‍ മേഹ് മാന്‍ ഹോത്താ ഹേ''' (ഭക്ഷണം ഇവിടെ കഴിക്കാം. പട്ടാളക്കാര്‍ ഈ വീട്ടില്‍ അതിഥികളാണ്). കോണി കയറി വന്ന സര്‍പഞ്ച് അശ്വനികുമാറിനോടു സംസാരിക്കുന്നത് കേട്ട് ആനന്ദന്‍ തിരിഞ്ഞുനോക്കി.
''മദ്രാസി?'' ഗൌരവമേറിയ ശബ്ദം നേര്‍പ്പിച്ചു സര്‍പ്പഞ്ച് ലോഗ്യം ചോദിച്ചപ്പോള്‍ അയാള്‍ തല കുലുക്കി.
''എന്തെങ്കിലും കമ്മി' ഉണ്ടെങ്കില്‍ പറയണം'' ആനന്ദനുംകൂടി മനസ്സിലാകാന്‍ വേണ്ടിയാണെന്ന് തോന്നുന്നു അയാള്‍ ഹിന്ദിയില്‍ പതുക്കെ പരത്തിപറഞ്ഞു.
'ഇവിടെ എല്ലാം സുരക്ഷിതമാണ്'. മുറിയിലുള്ള മിലട്ടറി കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ കണ്ട് അയാള്‍ ഉറപ്പു നല്‍കി.
പരേഡിന് ഇനിയും ആഴ്ചകളുണ്ട്. ആകാശസുരക്ഷ ഉറപ്പുവരുത്തേണ്ടത് പരേഡിനോടടുത്ത ദിവസങ്ങളിലാണ്. പിറ്റേന്ന് രാവിലെതന്നെ അശ്വിനികുമാര്‍ കുമാര്‍ കുളിയും കഴിഞ്ഞു സ്ഥലം വിട്ടു.
'ഒന്നോ രണ്ടോ ദിവസം കഴിഞ്ഞു വരാം'.
ആനന്ദന്‍ ഒറ്റെക്കായി. പരേഡും, പി.ടി.യും, ഇല്ലാതെ, ശാസനകളും ഉത്തരവുകളും മുഴങ്ങാതെ പൊള്ളയായ ദിവസങ്ങള്‍; ഏതോ വിദൂരതുരുത്തില്‍ പെട്ടുപോയത് പോലെ. സമയാസമയങ്ങളില്‍ കണ്ട്രോള്‍ സെന്ററില്‍ ബന്ധപ്പെട്ടു 'സ്‌കൈ ബ്ലൂ'' റിപ്പോര്‍ട്ട് ചെയ്യലാണ് പ്രധാനജോലി. മൊബൈല്‍ഫോണും, സാമൂഹ്യ മാധ്യമങ്ങളും ഇല്ലാക്കാലം. ചില പുസ്തകങ്ങളൊക്കെ കരുതിയിട്ടുണ്ട്. പിന്നെ വെയില്‍ ചൂടാകുമ്പോള്‍ ടെറസ്സിലേക്ക് ചെന്ന് ഗ്രാമക്കാഴ്ചകള്‍ കാണും. ശൈത്യകാലത്തെ വെയില്‍ കാച്ചിലിന് നല്ല രസമാണ്. കാലത്ത് തന്നെ അങ്ങ് ദൂരെ പാടങ്ങളില്‍ ആളനക്കം കാണാം. കൃഷിയിടങ്ങള്‍ നേരത്തെതന്നെ സജീവമാകും. ഗ്രാമത്തിനു സമീപമുള്ള കുറ്റിക്കാട്ടിലേക്ക് നിത്യകര്‍മങ്ങള്‍ ചെയ്യാന്‍ കുപ്പിവെള്ളവുമായി കൂട്ടമായി നടന്നനീങ്ങുന്ന സ്ത്രീകളടക്കമുള്ള ഗ്രാമീണരുടെ മടുപ്പിക്കുന്ന ദൃശ്യങ്ങളില്‍ നിന്ന് കണ്ണ് തിരിക്കും.
വെയില്‍ മൂത്ത് ചൂടേറുമ്പോള്‍ മുറിക്കുള്ളിലേക്ക് പോകും. ചാര്‍പായില്‍ കിടന്നു വായന തുടങ്ങും. കൃത്യ സമയത്ത് ഭക്ഷണം താഴെ നിന്ന് പരിചാരകന്‍ എത്തിക്കും. ഒരു വലിയ ഗ്ലാസ് നിറയെ എരുമപാല്‍. റൊട്ടി എന്ന് വിളിക്കുന്ന തടിച്ച ചപ്പാത്തി. പുരട്ടാന്‍ 'ദേശീ ഘീ'. പെരിംജീരകം മണക്കുന്ന വെള്ളം കുറവുള്ള സബ്ജി. കൂടെ സവാള അരിഞ്ഞതും.
പിറ്റേന്ന് ഉച്ചയ്ക്ക് 'ഖാന' യുമായി വന്നത് ഒരു യുവതിയാണ്. ഇരുപത് വയസ്സോളം കാണും. നല്ല ഒത്ത ശരീരം. ടെറസ്സിലേക്ക് തുറന്നിട്ടിരുന്ന വാതിലിലൂടെ അവള്‍ പെട്ടെന്ന് മുറിയിലേക്ക് കയറിവന്നപ്പോള്‍ ആനന്ദന്‍ പരുങ്ങി.
'ഭയ്യ, മാര്‍കറ്റില്‍ പോയിരിക്കുകയാണ്'. ശുദ്ധമായ കലര്‍പ്പില്ലാത്ത ഹിന്ദിയില്‍ അവള്‍ ഭക്ഷണവുമായി വരാനുള്ള കാരണം വ്യക്തമാക്കി.
ഭക്ഷണം മേശപ്പുറത്തു വെച്ച് അവള്‍ അലക്ഷ്യമായി അടുത്ത ചാര്‍പായില്‍ ഇരുന്നു. കാലുകള്‍ അകത്തിവച്ചുള്ള തനി നാടന്‍ ഇരുത്തം. തലയില്‍ തട്ടമിട്ടു മുഖം മൂടാത്ത, പ്രായപൂര്‍ത്തിയായ ഒരു പെണ്ണിനെ ആ ഗ്രാമത്തിലെത്തിയ ശേഷം അയാള്‍ ആദ്യമായി കാണുകയാണ്.
'ഞാന്‍ സര്‍പഞ്ചിന്റെ മകളാണ്'. അയാളുടെ അങ്കലാപ്പ് കണ്ടിട്ടാണെന്ന് തോന്നുന്നു അവള്‍ പറഞ്ഞു.
ആനന്ദന് ശ്വാസം നേരെവീണു.
'സൗത്തില്‍' എവിടെയാണ് വീട്?' പെണ്ണ് വിടാനുള്ള ഭാവമില്ല.
''കേരള''.
''കേരല്‍'. അവള്‍ ആവര്‍ത്തിച്ചു.
''കല്യാണം കഴിഞ്ഞ ആളാണോ?''
അടുത്ത ചോദ്യം കേട്ടപ്പോള്‍ ആനന്ദന്‍ ശരിയ്ക്കും അമ്പരന്നുപോയി. ഇതെന്തു പരിചെയപ്പെടല്‍!
''അല്ല''.
''തെക്ക് എല്ലാവരും വൈകിയാണ് വിവാഹം ചെയ്യക, അല്ലേ?''.
അവന്‍ തലയാട്ടി.
''എന്റെ പിതാവ് എന്നെ കെട്ടിച്ചു വിടാന്‍ ധൃതി പിടിക്കുകയാണ്. ഈ നാട്ടില്‍ പെണ്‍കുട്ടികളെ പതിനഞ്ചു കഴിയുമ്പോള്‍ കല്യാണം കഴിപ്പിക്കും. എനിയ്ക്കും അച്ഛനുമിടയില്‍ കലഹം പതിവാണ്. ഞാന്‍ ദൂരെ 'പല്‍വല്‍' കോളേജില്‍ പഠിക്കാന്‍ പോന്നത് അച്ഛന് തീരെയിഷ്ടമില്ല''.
''പട്ടാളത്തില്‍ പെണ്‍കുട്ടികളെ എടുക്കാറുണ്ടോ?'' പെണ്ണിന് എന്തൊക്കെയാണ് അറിയേണ്ടത്.
'ഇല്ല'
അവന്‍ ഒറ്റവാക്ക് മറുപടിയില്‍ കാര്യങ്ങള്‍ ഒതുക്കുന്നത് കൊണ്ടായിരിക്കാം പിന്നെ അധികംനേരം അവള്‍ അവിടെ നിന്നില്ല.
'പാത്രങ്ങള്‍ പിന്നീട് എടുത്തോളാം.''
കുറച്ചു നിമിഷങ്ങള്‍ തന്നെയെടുത്തു ആനന്ദന് സ്ഥലകാലബോധം തിരിച്ചുകിട്ടാന്‍.
സന്ധ്യ മയങ്ങുമ്പോള്‍ ചിലപ്പോള്‍ സര്‍പഞ്ച് കയറിവരും. ചെറുതായി മദ്യപിച്ചിട്ടുണ്ടാവും. അശ്വനികുമാര്‍ ഉള്ളപ്പോള്‍ രണ്ടുപേരും കൂടി നാടന്‍ഭാഷയില്‍ 'ഗപ്പ്' അടിച്ചിരിക്കും.(ചുമ്മാ വര്‍ത്തമാനം പറയുക). പ്രധാന വിഷയങ്ങള്‍ കൃഷിയും, സര്‍പഞ്ചിന്റെ ജോലിഭാരവും, അടുത്ത് നടക്കാന്‍ പോകുന്ന ഇലക്ഷനുമൊക്കെ തന്നെ. ഇയാള്‍ രണ്ടാം തലമുറ സര്‍പഞ്ചാണ്. അച്ഛന്‍ മരിച്ചപ്പോള്‍ മകന്‍ സ്ഥാനം ഏറ്റെടുത്തു. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ഗ്രാമം ഭരിക്കുന്നു. സംസാരത്തിനിടയില്‍ ചിലപ്പോള്‍ മകളെ പറ്റിയും പറയും.
മകളെക്കൊണ്ട് ഒരു രക്ഷയുമില്ല.
'ബദ് മാസ്' ആണ. താന്തോന്നി.
''ഡിഗ്രിക്ക് പഠിക്കുന്നു. കലക്ടര്‍ ആകാമെന്നാണ് വിചാരം''.
''കഴിഞ്ഞ വര്‍ഷം സഹികെട്ട് അനുജത്തിയെ കെട്ടിച്ചയച്ചു''.
''ഇനി രണ്ടെണ്ണം കൂടെ പ്രായമായി നില്‍ക്കുന്നു.''
''കുടുംബത്തിന്റെ പേര് നശിപ്പിച്ചു.''
''ചിലപ്പോള്‍ വെടിവെച്ചു കൊന്നാലോ എന്നടക്കം തോന്നിയിട്ടുണ്ട്''.
അത്യാവശ്യം സൗന്ദര്യവും വെച്ച് പൊട്ടിത്തെറിച്ച് നടക്കുന്ന പെണ്ണിന്റെ കഥ കേള്‍ക്കുമ്പോള്‍, കയ്യിലുള്ള പുസ്തകം അടച്ചുവെച്ചു ആനന്ദന്‍ കാത് കൂര്‍പ്പിക്കും.
അവന്‍ അവരുടെ സംഭാഷണം ശ്രദ്ധിക്കുന്നത് കണ്ട് സര്‍പഞ്ചിന് കേള്‍വിക്കാര്‍ കൂടിയ സന്തോഷം. ഒച്ച കൂട്ടി പറയാന്‍ തുടങ്ങിയപ്പോള്‍ മുറിയില്‍ ലഹരിയുടെ ഗന്ധം പടര്‍ന്നു.
''തെക്ക് എവിടെയാണ് വീട്?''
''രാമേശ്വരത്തിന് അടുത്താണോ?''
''ഇത്തിരി ദൂരം ഉണ്ട്''.
''ക്ഷത്രിയനാണോ? അതോ ബ്രാഹ്മണനോ?''
രണ്ടുമല്ലാത്ത അയാള്‍ ആദ്യമൊന്നു കുഴങ്ങി. പിന്നെ പറഞ്ഞു,
'ബ്രാഹ്മണന്‍'
''തെക്കുള്ള ബ്രാഹ്മണര്‍ കറുത്തവരാണ് അല്ലേ?''
ആനന്ദന്റെ നിറം നോക്കി അയാള്‍ അല്പം സഹതാപത്തോടെ ചോദിച്ചു. 'ഞാന്‍ ഓര്‍ക്കുന്നു. രാമേശ്വരം ക്ഷേത്രത്തിലെ പൂജാരിയും കറുത്ത ആളായിരുന്നു.'
സര്‍പഞ്ചിന്റെ മകള്‍ ഒരു മാസത്തിലേറെക്കാലം ആനന്ദനെ മത്തു പിടിപ്പിച്ചുകൊണ്ടേയിരുന്നു. യുവത്വത്തിന്റെ സാധാരണ ചാപല്യം മാത്രമായിരുന്നില്ല അത്. സൗന്ദര്യത്തെക്കാള്‍ ഏറെയുള്ള ആ കൂസലില്ലായ്മ; ഉദാസീനത; ഭയമില്ലാത്ത, സങ്കോചമില്ലാത്ത, ലജ്ജ തൊട്ടുതീണ്ടിയില്ലാത്ത ഇടപെടല്‍; അവളുടെ വശ്യതയ്ക്ക് വ്യാഖ്യാനം എളുപ്പമല്ല. ഇടക്ക് അയാള്‍ വെയില്‍ കായുമ്പോള്‍ അവള്‍ ടെറസ്സിലേക്ക് കയറിവരും. ഗ്രാമക്കാഴ്ചകള്‍ നോക്കി ഓരോന്നും വിവരിച്ചുകൊടുക്കും.
''മുമ്പ് സ്ത്രീകളെക്കൊണ്ട് ഇവിടെ കലപ്പ വലിപ്പിക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നു. ഞാനാണ് അത് നിര്‍ത്തിച്ചത്. ഞാന്‍ അച്ചനു അന്ത്യശാസനം കൊടുത്തു. ഇലക്ഷനില്‍ ഈ ഗാവിലെ ഒറ്റ പെണ്ണും വോട്ട് ചെയ്യില്ലെന്ന് പറഞ്ഞു പേടിപ്പിച്ചു. അച്ചന്‍ ആദ്യം എന്നെ ഞെട്ടിച്ചുനോക്കി. ഞാന്‍ വിട്ടുകൊടുത്തില്ല. പിന്നീട് അച്ഛന്‍ തന്നെ കൃഷിക്കാര്‍ക്ക് ട്രാക്ടര്‍ വാങ്ങാന്‍ ബാങ്കില്‍നിന്ന് ലോണ്‍ ശരിയാക്കി കൊടുത്തു. ഇപ്പോള്‍ ഞാന്‍ ഇവിടുത്തെ പെണ്‍കുട്ടികളെ ട്രാക്ടര്‍ ഓട്ടാന്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പക്ഷെ അവരുടെ വീട്ടില്‍നിന്ന് വിടുന്നില്ല. ഞങ്ങള്‍ മൂന്ന് പെണ്‍കുട്ടികള്‍ ഈ ഗ്രാമത്തില്‍ നിന്ന് കോളേജില്‍ പോകുന്നുണ്ട്. രാത്രിയില്‍ ഞങ്ങള്‍ പ്രായം ചെന്ന ഗ്രാമീണസ്ത്രീകളെ എഴുത്ത് പഠിപ്പിക്കും. ഇനി ഇവര്‍ക്ക് വേണ്ടത് വീടിനടുത്ത് ഓരോ കക്കൂസ് ആണ്. ഇതാ ഇതേ പോലുള്ളത്. അവള്‍ ടെറസ്സിനു മുകളിലുള്ള കക്കൂസ് ചൂണ്ടിക്കാട്ടി പറഞ്ഞു. പാടത്ത് പോയിരിക്കുന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വലിയ ബുദ്ധിമുട്ടാണ്''.
ആനന്ദന്റെ ദിവസങ്ങള്‍ക്കു വേഗത കൂടി. ഒറ്റയാനിരിപ്പിനുള്ള മടുപ്പ് ക്രമേണ ഇല്ലാതായിരിക്കുന്നു. രാവിലെതന്നെ കുളി കഴിഞ്ഞു റെഡിയാകും. ആരെയോ കാത്തിരിക്കുന്ന മാതിരി. അവന്റെ ചുറുചുറുക്ക് അശ്വനികുമാറിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. വീട്ടില്‍ നിന്ന് വരുമ്പോള്‍ അയാള്‍ തമാശയായി ചോദിക്കും.
''ഞാന്‍ വീട്ടില്‍ പോകാനാണ് നീ ആഗ്രഹിക്കുന്നത് എന്ന് തോന്നുന്നു.''
''ആ പെണ്ണിന് ഭ്രാന്താണ്. സൂക്ഷിച്ചോളൂ, തലയില്‍ വീഴാതെ''.
വീട്ടില്‍ നിന്നു വരുമ്പോള്‍ കൊണ്ടുവന്ന നാടന്‍നെയ്യില്‍ കുറുക്കി ഉണ്ടാക്കിയ 'ബര്‍ഫി' നുണയാന്‍ കൊടുത്തിട്ട് പറയും.
''പിന്നെ വല്ല കുഴപ്പവും കാണിക്കുകയാണെങ്കില്‍ ആ സര്‍പഞ്ചിന്റെ കയ്യില്‍ തോക്ക് ഒന്നല്ല, രണ്ടെണ്ണമാണ് ഉള്ളതെന്ന് ഓര്‍ത്തോളൂ.'
മറ്റൊരു റിപ്പബ്ലിക് പരേഡും കൂടി ഭംഗിയായി കഴിഞ്ഞു. ഗ്രാമീണര്‍ ടി.വി. ക്ക് മുമ്പില്‍ ഒത്തുകൂടി ദൂരദര്‍ശനില്‍ കണ്ട വിശേഷങ്ങള്‍ പങ്കുവെച്ചു അഭിമാനിച്ചു. പട്ടാളക്കാര്‍ക്ക് തിരിച്ചു പോകാനുള്ള ദിവസമായി. കണ്‍ട്രോള്‍ സെന്ററില്‍ നിന്നും ആന്റിന അഴിച്ചുമാറ്റി ഉപകരണങ്ങള്‍ എല്ലാ പെട്ടിക്കുള്ളിലാക്കാനുള്ള നിര്‍ദേശം ലഭിച്ചു. ആഴ്ചകള്‍ക്ക് മുമ്പെ അവരെ ഉപേക്ഷിച്ചുപോയ ആ ഇരുണ്ട കടലാമവണ്ടി തിരിച്ചെത്താന്‍ പോകുന്നു. യൂനിറ്റിലേക്കുള്ള തിരിച്ചുപോക്ക് ആഘോഷിക്കേണ്ട സമയമാണ്.
''ആ ... എന്ത് പറ്റി? എന്താണ് ഒരു മന്ദത?''
അശ്വിനികുമാര്‍ ആനന്ദന്റെ മുഖത്ത് നോക്കി കണ്ണിറുക്കി ചോദിച്ചു. ചിന്തകള്‍ ഒറ്റിക്കൊടുത്തോ, അതോ അശ്വനികുമാര്‍ വെറുതെ ഒന്ന് തട്ടിനോക്കിയതാണോ?
'സത്യം പറഞ്ഞാല്‍ കുറച്ചു ദിവസം കൂടെ ഇവിടെ തങ്ങിയാലും കുഴപ്പമില്ല എന്നൊരു തോന്നല്‍'. ആനന്ദനും വിട്ടുകൊടുത്തില്ല.
''സാരമില്ല. ഇടയ്ക്ക് ഞാന്‍ ലീവില്‍ വരുമ്പോള്‍ എന്റെ കൂടെ വന്നാല്‍ മതി. നമുക്ക് ഇങ്ങോട്ടൊക്കെ ഒരു സന്ദര്‍ശനമാകാം''.
അവര്‍ സാധനങ്ങള്‍ ഓരോന്നായി താഴെനിലയിലേക്ക് ഇറക്കിവെക്കാന്‍ തുടങ്ങി. സര്‍പഞ്ച് രാഷ്ട്രീയകാര്യത്തിനായി എങ്ങോട്ടോ പോയിരിക്കുകയാണ്. പെട്ടെന്ന് നീലനിറത്തില്‍ തിളങ്ങുന്ന ഒരു പുത്തന്‍ ട്രാക്ടര്‍ ഗേറ്റിനുമുമ്പില്‍ വന്നു നിന്നു.
'ഭയ്യാ, സാധനങ്ങള്‍ എല്ലാം ഇതിലേക്കെടുത്ത് വയ്ക്കൂ'
ട്രാക്ടറുമായി വന്നിരിക്കുകയാണ് സര്‍പഞ്ചിന്റെ മകള്‍. അശ്വനികുമാറിന് തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നുള്ളത് ആ നില്‍പ്പില്‍ നിന്നും മനസ്സിലാക്കാം. എന്തുചെയ്യണമെന്നറിയാതെ അവന്‍ നിന്നനില്‍പ്പില്‍ ചുറ്റുപാടും നോക്കുകയാണ്. സമീപത്തെ ഒറ്റമുറിപീടികയില്‍ കൂടിനിന്നവരും കൗതുകത്തോടെ പട്ടാളക്കാരെയും പെണ്ണിനേയും മാറിമാറി നോക്കുന്നുണ്ട്. എഞ്ചിന്‍ ഓഫാക്കാതെ വിറയ്ക്കുന്ന ട്രാക്ടറിന് മുകളില്‍ അവള്‍ ഇരുന്ന് ആകെ കുലുങ്ങുകയാണ്.
''എന്താണ് ചിന്തിച്ചുനില്‍ക്കുന്നത്? കയറിയിരിക്കൂ. ഞാന്‍ നിങ്ങളെ ജംഗ്ഷനില്‍ വിടാം.''
അശ്വനികുമാര്‍ വണ്ടിയില്‍ കയറി.
അവരെ രണ്ടു പേരെയും പിന്‍സീറ്റില്‍ ഇരുത്തി അവള്‍ ഇഷ്ടികപ്പാതയിലൂടെ ട്രാക്ടര്‍ നീക്കി.
വിറളി പിടിച്ച പെണ്ണിനെ കണ്ടിട്ട് വഴിയിലുള്ളവര്‍ ചിരിക്കുന്നത് പോലെ ആനന്ദന് തോന്നി. കാറ്റില്‍ പിന്നോട്ട് പറക്കുന്ന അവളുടെ ദുപ്പട്ടയുടെ അറ്റം അവന്റെ മുഖം മറച്ചപ്പോള്‍ അവനതു മെല്ലെ പിടിച്ചു മാറ്റി. റോഡില്‍ കടലാമ വണ്ടി അവരെ കാത്തു കിടപ്പുണ്ടായിരുന്നു. അവര്‍ വണ്ടിയുടെ പിന്നില്‍ കയറി വശങ്ങളിലുള്ള സീറ്റിലിരുന്നു. വണ്ടി ഇളകിത്തുടങ്ങി. അവള്‍ കൈ വീശി യാത്ര പറഞ്ഞു. ഒഴുക്കില്ലാത്ത അവളുടെ കണ്ണുകളില്‍ പൊടുന്നനെ നിഴലിച്ച ഭാവമാറ്റങ്ങള്‍ മറയ്ക്കാനെന്നപോലെ കവിളുകളില്‍ ചിരിയുടെ നേരിയ പാളികള്‍ തെളിഞ്ഞു. കടുകുപാടത്തിനു നടുവിലുള്ള മണ്ണുറോഡിലൂടെ 'പട്ടാളജോങ്ക' നിസ്സംഗമായി ഇളകി നീങ്ങിയിട്ടും തിരിച്ചുപോകാതെ ഒരു ദൂരക്കാഴ്ചയായി അവള്‍ ട്രാക്ടറിനരുകില്‍ നില്‍പ്പുണ്ടായിരുന്നു.
പിന്നീട് പലപ്പോഴും ഡല്‍ഹി, മഥുര റൂട്ടില്‍ ട്രെയിനില്‍ പോയപ്പോഴൊക്കെ സര്‍പഞ്ചിന്റെ മകള്‍ ആനന്ദന്റെ ഓര്‍മയില്‍ എത്തിയിട്ടുണ്ട്. വഴിയിലിറങ്ങി കടുക് പൂക്കുന്ന ''വല്ലഭ് ഗാവ്'' ഗ്രാമത്തിലേക്ക് ഒരു യാത്ര പോയാലോ എന്ന് അയാള്‍ പലവട്ടം ആലോചിച്ചുപോയിട്ടുണ്ട്. അവള്‍ ഇപ്പോള്‍, എവിടെ, എങ്ങിനെയുണ്ടാവും എന്നൊക്കെ ചുമ്മാ ചിന്തിച്ചുപോയിട്ടുണ്ട്. പക്ഷെ പോയില്ല; കണ്ടില്ല.
** **
'ചേട്ടനിന്നെന്തു പറ്റി? വിലപേശലൊന്നും ശരിയായില്ലല്ലോ?'' അടുത്ത സീറ്റിലെ സൂസന്‍ ചോദിച്ചപ്പോള്‍ മറ്റുള്ളവര്‍ സപ്പോര്‍ട്ട് ചെയ്തു.
വില്‍പന കഴിഞ്ഞു പുറത്ത് വലിച്ചിട്ട സാധനങ്ങളെല്ലാം തന്റെ വലിയ ബാഗിലേക്കു തിരുകി, ബെല്‍റ്റുകള്‍ വീണ്ടും ചുമലിലിട്ടു പയ്യന്‍ വരാന്തയിലേക്കിറങ്ങി.
ആനന്ദന്‍ ധൃതിയില്‍ എഴുനേറ്റ് അവന്റെ പിന്നാലെ ചെന്ന് വിളിച്ചു നിര്‍ത്തി.
'നിനക്ക് വല്ലഭ് ഗാവിനെക്കുറിച്ച് അറിവുണ്ടോ?'
'ജി; ഞാന്‍ അവിടുത്തുകാരനാണ് .
''നീ അവിടുത്തുകാരനോ!''
അയാള്‍ പഴയ സര്‍പഞ്ചിനെപറ്റി പയ്യനോട് ചോദിച്ചു. അവന്‍ വായപൊളിച്ചു നോക്കുകയാണ്. ആനന്ദന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ആ ഗ്രാമത്തില്‍ കുറെദിവസം താമിച്ചിരുന്നു എന്നറിഞ്ഞപ്പോള്‍ അവന് അത്ഭുതം. പിന്നെ സര്‍പഞ്ചിന്റെ മകളെക്കുറിച്ച് തിരക്കി.
നിങ്ങള്‍ സര്‍പഞ്ചിന്റെ മന്ത്രവാദിനിയായ മകളെക്കുറിച്ചണോ ചോദിക്കുന്നത്?
മന്ത്രവാദിനിയോ? നീയെന്താണ് പറയുന്നത്?
അതെ, അദ്ദേഹത്തിന്റെ മൂത്ത മകള്‍ മന്ത്രവാദിനി ആയിരുന്നു. ഞാന്‍ അവരെ കണ്ടിട്ടില്ല. ഞാന്‍ ജനിക്കുന്നതിനുമുമ്പേ അവര്‍ മരിച്ചുപോയിരുന്നു.
പയ്യന്‍ പോകാന്‍ ധൃതി കൂട്ടുകയാണ്.
''നീ തെളിച്ചുപറയൂ. എനിക്കൊന്നും മനസ്സിലാകുന്നില്ല''.
''അതെ, അങ്ങിനെയൊക്കെയാണ് കേട്ടത്. അവര്‍ ഗ്രാമീണ യുവതികളെ വഴി തെറ്റിക്കുമായിരുന്നത്രേ! വീടിനു പുറത്തിറങ്ങുന്ന ചെറുപ്പക്കാരികളെ അവള്‍ വശീകരിച്ചു വേണ്ടാതീനം ചെയ്യിക്കുമായിരുന്നുപോലും. രാത്രിയില്‍ അവര്‍ ഗ്രാമത്തിനു മുകളിലൂടെ ഒരു വവ്വാലിനെ രൂപത്തില്‍ പറന്നുപോകുമായിരുന്നു എന്നൊക്കെ ഗ്രാമീണര്‍ക്കിടയില്‍ കഥകളുണ്ട്. ആര്‍ക്കറിയാം സത്യമെന്താണെന്ന്! അവരുടെ വൃദ്ധനായ അച്ഛന്‍ ഇപ്പോഴും സര്‍പഞ്ച് തന്നെയാണ്. ഗ്രാമത്തില്‍ പാടത്തിനടുത്ത് അവരുടെ ശവദാഹം ചെയ്തിടത്ത് നാട്ടിലെ സ്ത്രീകള്‍ രഹസ്യമായി പൂജ നടത്താറുണ്ട്. ആട്ടെ സാര്‍, താങ്കള്‍ക്കെന്താണ് ഇതില്‍ ഇത്ര താല്‍പര്യം?''
പയ്യന്‍ വീണ്ടും മഞ്ഞപ്പല്ല് കാട്ടി ചിരിച്ചുകൊണ്ട് വരാന്തയിലൂടെ നടക്കാന്‍ തുടങ്ങി. അവന്‍ അടുത്ത ഓഫീസിന്റെ ഉള്ളിലേക്ക് കടക്കാനുള്ള പുറപ്പാടാണ്.
''ഞാന്‍ അവരെ പറ്റി കേട്ടിട്ടേയുള്ളൂ. അവര്‍ ഒരിക്കല്‍ അര്‍ദ്ധരാത്രിയില്‍ റെയിലിന് കുറുകെ പറന്നപ്പോള്‍ ട്രെയിന്‍ തട്ടി മരണപ്പെട്ടു എന്നാണ് പഴമക്കാര്‍ പറയുന്നത്.
''എന്താണീപ്പറയുന്നത്? നീ ഈ പറയുന്ന കഥകള്‍ക്കെല്ലാം മുപ്പതു വര്‍ഷത്തെ പഴക്കമേയുള്ളൂ എന്നറിയാമല്ലോ!''
''എന്റെ അമ്മ അവരെ നേരിട്ട് കണ്ടിട്ടുണ്ട്. അമ്മ ഒരിക്കല്‍ പറഞ്ഞത് അതെല്ലാം കള്ളക്കഥയാണെന്നാണ്.'' പയ്യന്‍ നിക്ഷ്പക്ഷ റിപ്പോര്‍ട്ടിംഗ് തുടര്‍ന്നു.
''ഞാന്‍ പോകട്ടെ സാര്‍. അഞ്ച് മണിയാകുമ്പോള്‍ ഓഫീസുകള്‍ അടച്ചുപോകും. അവന്‍ തിടുക്കത്തില്‍ പറഞ്ഞൊഴിഞ്ഞു
നീലനിലാവ് അരിച്ചിറങ്ങുന്ന ശിശിരകാലരാത്രിയിലെ വിജനതയില്‍, മഞ്ഞു പെയ്യുന്ന കടുക് പാടങ്ങള്‍ക്ക് മുകളിലൂടെ സര്‍പ്പഞ്ചിന്റെ മകള്‍ ഒരു വവ്വാലായി, വലിയ ചിറകുകള്‍ വീശിയടിച്ചു പറന്നകന്നു; താഴെ ഉറക്കത്തിലാണ്ട ഉത്തരേന്ത്യന്‍ ഗ്രാമങ്ങള്‍ക്കിടയിലെ അതിരുകള്‍ ലംഘിച്ചുകൊണ്ട്.
ആളൊഴിഞ്ഞ വാരാന്തയില്‍, കാല്‍ ഉറയ്ക്കാതെ ആനന്ദന്‍ ചുവരില്‍ പിടിച്ചുനിന്നു. എഞ്ചിന്‍ ഓഫാക്കാതെ വിറയ്കുന്ന ട്രാക്ടറിന്റെ മുകളില്‍ നില്‍ക്കുന്നത് പോലെ.