Malayalam Short Story| ഭ്രമം, ബിന്‍സി സുജിത് എഴുതിയ കഥ
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ബിന്‍സി സുജിത് എഴുതിയ കഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ഓക്കാനം തോന്നിപ്പിയ്ക്കുന്ന രൂക്ഷ ഗന്ധത്തിലേക്കാണയാള്‍ ഉണര്‍ന്നത്. കൂര്‍ത്ത മുനയുള്ള എന്തോ ഒന്ന് കൊണ്ട് കൊളുത്തിവലിയ്ക്കുന്ന നീറ്റലും വേദനയുമാണ് ശരീരമാകെ..
വീങ്ങി വീര്‍ത്ത കണ്ണുകള്‍ ബദ്ധപ്പാടോടെ വലിച്ചു തുറന്നു. രാവിന്റെ ആലസ്യം വിട്ടകലുന്ന വാനത്തിന് കീഴെ അന്നം തേടി പക്ഷികള്‍ പറന്നു തുടങ്ങിയിരുന്നു..
അയാള്‍ക്ക് നിരാശ തോന്നി. മരിച്ചില്ല. മരണവും കയ്യൊഴിഞ്ഞ മഹാപാപി.
മനസ്സില്‍ മരണമല്ലാതെ വേറൊരു ലക്ഷ്യമില്ലായിരുന്നു. അതുകൊണ്ടാണ് ഇരുളിന്റെ മറവിനായി കാത്തിരുന്നത്. വെളിച്ചത്തിന്റെ കാരുണ്യം പോലും അര്‍ഹിക്കുന്നില്ല താന്‍..
ഓര്‍മ്മകള്‍ പഴുത്തില പോലെ അയാളില്‍ നിന്ന് അടരാന്‍ വെമ്പി. പക്ഷേ അവ ചവച്ചു തുപ്പുമ്പോഴുള്ള ചവര്‍പ്പ് കലര്‍ന്ന മധുരവുമായി മാലാഖമാര്‍ അയാള്‍ക്ക് മുന്നില്‍ തെളിഞ്ഞ് വന്നു.
ഓര്‍മ്മവെച്ച നാള്‍ മുതല്‍ കൂട്ട് പട്ടിണിയായിരുന്നു.
തന്തയില്ലാത്തവനെന്ന പേര് കേള്‍ക്കുന്നതിലും അസഹനീയമായത് അമ്മ ഉടുതുണി അഴിച്ചുണ്ടാക്കുന്ന ചോറാണ് തിന്നുന്നതെന്നറിഞ്ഞ അന്നാണ്. ചെറ്റകൊണ്ട് മറച്ച ആ കൂരയില്‍ നിന്നുമിറങ്ങുമ്പോള്‍ മനസ്സില്‍ കറ പുരളാത്ത കാശുണ്ടാക്കണമെന്ന ചിന്തയായിരുന്നു.. പക്ഷേ എന്ത് ചെയ്തീട്ടും ഒരു വര്‍ക്കത്തില്ലായിരുന്നു. ഇതിനിടയില്‍ നാടുകള്‍ പലത് കണ്ടു. ഈ നാട്ടിലെത്തിയിട്ട് പിന്നെ എങ്ങോട്ടും പോയില്ല. കാരണം ഈ നാട് സലോമിയെന്നൊരു മാലാഖയെ തന്നു. റബേക്കയെന്നൊരു കുഞ്ഞു മാലാഖയെ തന്നു. ജീവിതത്തിന് ഒരു അച്ചടക്കമുണ്ടായി. സലോമിയുടെ സ്‌നേഹവും നല്ല വാക്കുകളും പിന്തുണയും അന്യമായിരുന്ന കുടുംബമെന്ന പറുദീസയിലെ സന്തോഷവും സമാധാനവും കാണിച്ചു തന്നു. ആ ജീവിതം മതിയായിരുന്നു. പണത്തിനുണ്ടായ ചെറിയ ബുദ്ധിമുട്ടുകളാണ് എല്ലാം തകര്‍ത്തത്. കുറച്ച് പണം കൂടിയുണ്ടെങ്കില്‍ ഇന്നനുഭവിക്കുന്ന സന്തോഷം ഇരട്ടിയാകുമെന്ന നശിച്ച ചിന്ത ഏത് നേരത്താണ് മനസ്സില്‍ കൂട് കൂട്ടിയതെന്നറിയില്ല. പക്ഷേ അവിടം മുതല്‍ നാശം ആരംഭിയ്ക്കുകയായിരുന്നു.
റബേക്ക വന്നതിന് ശേഷമാണ് കയ്യിലുണ്ടായിരുന്ന കുഞ്ഞു സമ്പാദ്യമെല്ലാം ചേര്‍ത്ത് ഒരു ഓട്ടോറിക്ഷ വാങ്ങുന്നത്. സലോമിയുടെ ആശയമായിരുന്നു അത്. ഇനി പഴയത് പോലെ അല്ല. ഒരു മകള്‍ പിറന്നിരിക്കുന്നു. അവളെ വളര്‍ത്തണം, പഠിപ്പിയ്ക്കണം, നല്ല നിലയില്‍ വിവാഹം ചെയ്തയക്കണം. അപ്പോള്‍ ഇടയ്ക്കിടെ പണിയില്ലാതെ ആകുന്ന ഇപ്പോഴത്തെ വേലയേക്കാള്‍ യാത്രികര്‍ക്ക് പഞ്ഞമില്ലാത്ത ഈ നഗരത്തില്‍ ഒരു ഓട്ടോ എടുക്കുന്നത് ഗുണം ചെയ്യും.
ആവട്ടെ..
അത്യാവശ്യം കുടുംബ യാത്രകള്‍ക്കും ഉപകരിയ്ക്കും. ഭേഷ്!
അങ്ങനെ ഒരു ഓട്ടോ ഡ്രൈവറായി പുതിയ വേഷപകര്‍ച്ച.
തീരുമാനം തെറ്റായിരുന്നില്ലെന്ന് തോന്നിപ്പിയ്ക്കുന്ന നിലയിലേക്ക് തന്നെ കാര്യങ്ങളെത്തി. നാളുകള്‍ കൊണ്ട് ഒരു സ്ഥിര വരുമാന സ്രോതസ്സായി അത് മാറി. അല്ലറ ചില്ലറ ബുദ്ധിമുട്ടുകളൊഴിച്ചാല്‍ ജീവിതം കുറച്ചു കൂടി സുഖകരമായി.
കൃത്യമായി പറഞ്ഞാല്‍. റബേക്കയ്ക്ക് പതിന്നാല് വയസ്സ് തികഞ്ഞതിന്റെ പിറ്റേന്നാണ് അയാളും അവരും തന്റെ ഓട്ടോയില്‍ കയറിയത്. രാത്രി അത്ര വൈകി ഓട്ടം പോകാറില്ല. റബേക്കയുടെ പിറന്നാളുടുപ്പ് കുറച്ച് വലുതായിരുന്നത് തയ്യലിനായി കൊടുത്തിരുന്നത് വാങ്ങുവാന്‍ നില്‍ക്കുമ്പോള്‍ പരിചയക്കാരനൊരാളെ കണ്ട് സമയം വൈകിയതായിരുന്നു. ബസ് സ്റ്റാന്‍ഡിന് മുന്നില്‍ നിന്ന് കൈ കാണിച്ച അയാളോട് ഓട്ടം പോകുന്നില്ലെന്ന് പറഞ്ഞെങ്കിലും നിര്‍ബന്ധം സഹിക്കവയ്യാതെ കയറ്റേണ്ടി വന്നതാണ് ഈ ജീവിതത്തിലൊരിയ്ക്കലും സംഭവിയ്‌ക്കേണ്ടരുതാത്ത അബദ്ധം. അയാളെ പലവുരു കണ്ടിട്ടുണ്ട്. സുഹൃത്തുക്കള്‍ പറഞ്ഞും കേട്ടിട്ടുണ്ട്. ആ നാട്ടിലെ 'വില'യുള്ള അസ്സലൊരു പിമ്പായിരുന്നു അയാള്‍. ഓട്ടം പോകാന്‍ സമ്മതിച്ചപ്പോള്‍ മാറി നിന്നിരുന്ന സ്ത്രീകളെ കൈവീശി കാണിച്ച് വണ്ടിയിലേക്ക് വിളിച്ചപ്പോള്‍ തന്നെ മനസ്സിലായി ഓട്ടം എങ്ങോട്ടായിരിയ്ക്കുമെന്ന്.
ലോഡ്ജിന് മുന്നില്‍ വണ്ടി നിറുത്തി സ്ത്രീകള്‍ ഇറങ്ങി പോയപ്പോള്‍ അയാള്‍ കയ്യിലേക്ക് വച്ചു തന്ന നോട്ടുകള്‍ കണ്ട് കണ്ണു തള്ളി.. നോട്ട് മാറ്റം കഴിഞ്ഞ് പുറത്തിറങ്ങിയ ചൂട് മാറാത്ത ചാര നിറമുള്ള അഞ്ഞൂറിന്റെ മൂന്ന് നോട്ട്. ചില ദിവസത്തെ തന്റെ ആകെ വരുമാനം ഒരു നൂറ് രൂപാ ഓട്ടത്തിന് പകരം കിട്ടിയിരിക്കുന്നു. ആ നോട്ടുകളിരുന്ന അയാളുടെ കൈകള്‍ വിയര്‍ത്തു.. പോക്കറ്റിലേക്ക് തിരുകാനാഞ്ഞ അയാളിലേക്ക് സലോമിയുടെ വാക്കുകള്‍ അശരീരി പോലെ മുഴങ്ങി,
ഇച്ചായാ നമുക്ക് അര്‍ഹിയ്ക്കാത്തത് നേടാന്‍ തുനിയരുത്.. സത്യമില്ലാത്തതും വാങ്ങരുത്.. അതുകൊണ്ട് വാങ്ങി വെച്ച കഞ്ഞി തൊണ്ട കുഴീന്ന് എറങ്ങത്തില്ല...
പണ്ട് ചെറ്റ പുരയിലുയര്‍ന്ന സീല്‍ക്കാരങ്ങള്‍ക്കിടയില്‍ അടുക്കളപ്പുറത്തിരുന്ന് പ്ലാവിലക്കൈലില്‍ കോരി വായിലേക്കിട്ട കഞ്ഞി അയാള്‍ക്ക് പുളിച്ചു തികട്ടി.
വേണ്ടാ.. ഇത് വേണ്ട...
അകത്തേക്ക് കയറിപ്പോയ ആള്‍ മുറുക്കി ചവച്ച് അരമണിക്കൂറിനുള്ളില്‍ തിരിച്ചിറങ്ങി. അയാളെ കണ്ടപ്പോള്‍ ഓട്ടോയില്‍ നിന്നിറങ്ങി ചെന്നു.
ആഹാ.. താന്‍ പോയില്ലേ..
എനിക്ക് ഇത്രേം കാശ് വേണ്ട. നൂറ് രൂപാ മതി..
കൊള്ളാലോ.. നീയ്.. ഇതിരിയ്ക്കട്ടെ.. കണ്ടോ ഒരൊറ്റ ഓട്ടത്തിനാ കായങ്ങട് മറിഞ്ഞത്.. കൂടണ്ടാ?.. ഞങ്ങടെ കൂടെ.. സേഫാ.. ഒരുത്തനും പിടിയ്ക്കൂല്ലാ.. സി ഐ വരെ.. ദേ.. മ്മടെ ആളാ..
ഏയ്യ്.. അതൊന്നും ശരിയാവൂല്ലാ.. നിങ്ങളിത് പിടിച്ചേ.. നൂറ് രൂപയേ ഞാനെടുക്കുന്നുള്ളൂ.
ആ.. നീയെന്തേലും ചെയ്യ്.. ഇതാ എന്റെ നമ്പറ്. കൂടണോന്ന് തോന്ന്യാ നീ വിളിയ്ക്ക്.
പോക്കറ്റില്‍ നിന്ന് പേരില്ലാതെ നമ്പര്‍ മാത്രം കറുത്ത മഷി കൊണ്ടെഴുതിയ കട്ടി കടലാസ് കഷണം അയാളുടെ പോക്കറ്റിലേക്ക് തിരുകി വച്ചീട്ട് ആ സഹായമനസ്‌ക്കന്‍ അവിടെയിട്ടിരുന്ന കസേരയില്‍ ഒരു കാലും കേറ്റിവച്ച് ഇരുപ്പുറപ്പിച്ച് മടിക്കുത്തില്‍ നിന്നും ഒരു ഫോണെടുത്ത് തോണ്ടാനാരംഭിച്ചു...
തിരിച്ച് വീട്ടിലെത്തിയിട്ടും ആ അഞ്ഞൂറ് രൂപാ നോട്ടുകളുടെ തിളക്കം നഷ്ടപ്പെട്ടിരുന്നില്ല. സലോമിയോട് പറയണമെന്ന് ആഗ്രഹിച്ചെങ്കിലും പറഞ്ഞില്ല.
മാലാഖയും പിശാചും ഇടവും വലവും നിന്ന് അയാളെ ഉപദേശവും പ്രലോഭനങ്ങളും കൊണ്ട് മൂടി. നീണ്ട വാദപ്രതിവാദങ്ങള്‍ നടന്നീട്ടും ഒരു തീരുമാനമെടുക്കാനാവാതെ അയാള്‍ അന്ന് നിദ്രയ്ക്ക് കീഴടങ്ങിയെങ്കിലും പിറ്റേദിവസം തന്നെ പിശാച് അയാള്‍ക്ക് നല്ലൊരു അവസരം കൊടുക്കുക തന്നെ ചെയ്തു.
സലോമി കുളിമുറിയില്‍ തെന്നി വീണ് കൈ ഒടിഞ്ഞു. പ്ലാസ്റ്റര്‍ ഇട്ടാല്‍ സുഖമാകുമെങ്കിലും ഭാവിയില്‍ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ പറഞ്ഞ്, ഡോക്ടര്‍ ഒരു സര്‍ജറിക്ക് നിര്‍ദ്ദേശിച്ചു.. പെട്ടെന്ന് അതിനുള്ള പണം ഒപ്പിയ്ക്കാന്‍ ഇപ്പോള്‍ അയാളുടെ കയ്യില്‍ കറുത്ത മഷികൊണ്ട് കട്ടി കടലാസ്സിലെഴുതിയ നമ്പര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ..
സര്‍ജറി കഴിഞ്ഞ് സലോമിയെ മുറിയിലേക്ക് കൊണ്ട് വരുമ്പോള്‍ അയാള്‍ മാംസകച്ചവടത്തിലെ ആദ്യ പ്രതിഫലം കൈ പറ്റുകയായിരുന്നു. മാലാഖ കണ്ണീര്‍ വാര്‍ത്തു. പിശാച് ആനന്ദ നൃത്തമാടി.
അയാളുടെ കൈകളില്‍ ചാര നിറമുള്ള നോട്ടുകളും മജെന്താ നിറമുള്ള നോട്ടുകളും കുമിയുന്നതിനനുസരിച്ച് ആ നഗരത്തിലെ വിശ്വാസ്തനായ പിമ്പെന്ന സ്ഥാനവും കിട്ടി.
ഓട്ടോ കിടന്നിരുന്ന മുറ്റത്ത് കാറെത്തി, ഒറ്റമുറി വീട് ഓടികളിയ്ക്കാനിടമുള്ള കോണ്‍ക്രീറ്റ് വീടായി, സലോമി ബൈബിള്‍ തുറക്കുന്നതിന്റെ തവണകള്‍ കൂടി.
സലോമിയെ വരവിന്റെ ഉറവിടമറിയിക്കാതിരിയ്ക്കുന്നതിനുള്ള അയാളുടെ ശ്രമങ്ങള്‍ വിജയിച്ചെങ്കിലും വഴി തെറ്റിയ കുഞ്ഞാടിനെ അന്വേഷിച്ചലയുന്ന സ്വപ്നങ്ങള്‍ സലോമിയുടെ ഉറക്കം കെടുത്തി. വഴി തെറ്റിപ്പോയ കുഞ്ഞാടിനെ തിരിച്ചു കൊണ്ട് വരാനുള്ള പ്രാര്‍ത്ഥനകള്‍ ഇടയ്ക്കും മുറയ്ക്കും നടന്നു. റബേക്ക പണകൊഴുപ്പില്‍ യൗവനത്തിലേക്ക് കടക്കാന്‍ തയ്യാറായി..
ഒറ്റമുറി വീട്ടിലെ കഞ്ഞിയുടെ രുചി വിശാലമായ അകത്തളത്തിലെ ഊണ്മേശയില്‍ നിരന്ന വിഭവങ്ങള്‍ക്കുണ്ടായില്ലെങ്കിലും പണമെന്ന മത്തില്‍ അവയിലെല്ലാം അയാള്‍ അതിരുചി അനുഭവിച്ചു.
അയാളുടെ രാത്രിയോട്ടങ്ങള്‍ അന്നും സര്‍വ്വ സൗഭാഗ്യങ്ങളും നല്‍കിയ ഓട്ടോയില്‍ തന്നെയായിരുന്നു.. അര്‍ഹിയ്ക്കാത്തത് ഇന്നല്ലെങ്കില്‍ നാളെ ഇല്ലാതാകുമെന്ന വിശ്വാസത്തില്‍ സലോമിയുടെ യാത്രകളും ആ ഓട്ടോയില്‍ തന്നെ തുടര്‍ന്നു.
അന്ന് ഒരു ഞായറാഴ്ച ആയിരുന്നു. പതിവില്ലാത്ത വിധം സലോമി അയാളുടെ അടുത്തെത്തി.. കാലങ്ങളായി ഇല്ലാതിരുന്ന ഒരു യാത്ര അവള്‍ ആവശ്യപ്പെട്ടു. ഇല്ലായ്മകളില്‍ ഓരോ വാരാന്ത്യവും മുടക്കാതിരുന്ന ബീച്ചിലേക്കുള്ള യാത്രകള്‍. അപ്പനും അമ്മയും മകളുമായി.
എന്നാല്‍ അന്ന് അയാള്‍ എതിര്‍ത്തെങ്കിലും അവള്‍ വിട്ടുകൊടുത്തില്ല. തരമില്ലാതെ പുറത്തിറങ്ങി അയാള്‍ കാര്‍ തുറക്കുമ്പോള്‍ സലോമിയും റബേക്കയും ഓട്ടോയില്‍ കയറി ഇരുന്നിരുന്നു.
അയാള്‍ക്കുള്ളില്‍ ഒരു വെള്ളിടി വെട്ടി.
അന്തി മയങ്ങുന്ന നേരത്ത് സ്ത്രീകള്‍ ഈ ഓട്ടോയില്‍.
അതും തന്റെ മാലാഖാമാര്‍.
ഇല്ല...
എന്തായിത്, കാറില്‍ കയറ്...
ഇല്ല.. ഇച്ചായന്‍ ഞങ്ങളെ ഓട്ടോയില്‍ കൊണ്ടുപോയാല്‍ മതി...
മറുപടി പറയാന്‍ അയാള്‍ അശക്തനായിരുന്നു.
ബീച്ചിലെത്തി അസ്തമയം കഴിഞ്ഞും അയാളുടെ വാക്കുകള്‍ ധിക്കരിച്ച് അമ്മയും മകളും അവിടെ ചിലവിട്ടു. അയാളുടെ ഫോണില്‍ തുരുതുരാ വന്ന കാളുകള്‍ക്ക് മറുപടി പറയാന്‍ ബുദ്ധിമുട്ടുന്നത് ഇരുട്ട് വിഴുങ്ങുന്ന കടലിലേക്ക് നീര്‍മിഴികളുമായി നോക്കിയിരുന്നിരുന്ന അമ്മയും മകളും അറിയുന്നുണ്ടായിരുന്നു.
എന്തൊക്കെ നുണകള്‍ പറഞ്ഞു വിശ്വസിപ്പിയ്ക്കാന്‍ ശ്രമിച്ചാലും, എല്ലാ നുണകള്‍ക്കും മീതെ സത്യത്തിന്റെ കയ്യൊപ്പ് പതിയുന്നൊരു നേരമുണ്ടാകും. ആ നേരത്താണ് അയാളുടെ ഫോണില്‍ വന്നൊരു കാള്‍ സലോമി എടുത്തത്. ഏതൊക്കെ വഴിയിലൂടെ നടന്നാലും ഈ ഒരു വഴി അയാള്‍ തിരഞ്ഞെടുക്കില്ലെന്നുള്ള സലോമിയുടെ ഉറപ്പിന് മേല്‍ കിട്ടിയ പ്രഹരമായിരുന്നു ഫോണിന്റെ അങ്ങേത്തലയ്ക്കല്‍ നിന്ന് കേട്ടത്.
പിന്നെയുള്ള അവളുടെ പ്രാര്‍ത്ഥനകള്‍ അയാള്‍ക്ക് വേണ്ടിയായിരുന്നില്ല. തല്ലിക്കൊഴിയ്ക്കപ്പെട്ട പൂക്കള്‍ക്ക് വേണ്ടിയായിരുന്നു.
നന്നേ ഇരുട്ടി കഴിഞ്ഞ് ഓട്ടോയിലേക്ക് തിരികെയെത്തി സലോമി അയാളോട് ഒരു പൊതി നിലക്കടല ആവശ്യപ്പെട്ടു. അയാളുടെ ക്ഷമ അറ്റ് തുടങ്ങിയിരുന്നെങ്കിലും ഒന്നും മിണ്ടാതെ നിലക്കടല അന്വേഷിച്ചിറങ്ങി.
തിരിച്ചെത്തുമ്പോള്‍ ഓട്ടോ ശൂന്യമായിരുന്നു. ഒരു വെള്ളാരം കല്ല് എടുത്ത് വച്ച അരികുകള്‍ കാറ്റില്‍ ഉലയുന്നൊരു കടലാസ് മാത്രം അയാളെയും കാത്തിരുപ്പുണ്ടായിരുന്നു.
'ഈ രാത്രിയിലെ ഇച്ചായന്റെ കസ്റ്റമേഴ്‌സിന്റെ അതിഥികള്‍ ഞങ്ങളാകട്ടെ. ഇച്ചായന്റെ മേല് പറ്റിയ പാപക്കറ ഇല്ലാതാകട്ടെ.. മാതാവിങ്കല്‍ ചൊല്ലിയ ജപമാലകള്‍ വെറുതെയാകില്ല... തിരിച്ചു വിളിയ്ക്കാനിറങ്ങരുത്. പതിവ് പോലെ രാവിലെ എന്നെ പള്ളിയിലാക്കിയിട്ട് ഇച്ചായന്‍ അവരെ തിരിച്ചെടുക്കാന്‍ പോകുന്ന നേരത്ത് മാത്രം വരിക. കാത്തിരിയ്ക്കും..
അയാള്‍ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. പറയാനും. പക്ഷേ ഭയമുണ്ടായിരുന്നു, സലോമിയെന്ന പെണ്ണിനെ..
ജീവനറ്റ് പോകുന്നതല്ല മരണമെന്നയാള്‍ തിരിച്ചറിഞ്ഞ മണിക്കൂറുകള്‍ക്ക് ശേഷം ആ വീടിന്റെ വാതില്‍ തുറക്കപ്പെടുമ്പോള്‍ മൂന്ന് കഴുകന്മാര്‍ വിശപ്പൊടുങ്ങി കിടക്കുകയായിരുന്നു.
പറഞ്ഞതിന്റെ ഇരട്ടിയാണ് നിനക്കിന്ന്. എവിടെ ഒളിപ്പിച്ചു വച്ചേക്കുകയായിരുന്നു... ഹോ...
ഒരു കഴുകന്‍ തല കുടഞ്ഞു.
പിന്നേ. ഒരെണ്ണം തീര്‍ന്ന്. മൂത്തത്... അതവളുടെ അഹങ്കാരം. കറിക്കരിയുന്ന കത്തിയുമായി വന്നേക്കുന്നു... പ്ഫൂ... അതാ അങ്ങ് തീര്‍ത്തത്... ഇരുട്ടാവുമ്പോള്‍ ആ പാലത്തിനടിയിലേക്ക് തട്ടിയേക്ക്. കിള്ന്ത് രണ്ട് ദെവസം ഇവടെ കെടക്കട്ടെ...
ആത്മാവ് മുറിഞ്ഞവന്റെ ആക്രമണം നേരിടാന്‍ കെല്‍പ്പില്ലാതെ കഴുകന്മാര്‍ ചിറകറ്റ് വീണു.
മുറിയിലേക്ക് എത്തുമ്പോള്‍ കണ്ടു, ഒരു ചോരത്തുണ്ടായി തന്റെ മാലാഖ. അയാളുടെ മനസ്സിന്റെ അലര്‍ച്ച തൊണ്ടക്കുഴിയില്‍ നിന്നും ശബ്ദമായി പുറത്ത് വരാനാകാതെ വീര്‍പ്പുമുട്ടി.
അയാള്‍ താഴെ വീണു.
കൈകാലുകളിട്ടടിച്ചു. തല തല്ലി. സലോമിയ്ക്കരുകിലേക്ക് നിരങ്ങി നീങ്ങി.
രക്തം കട്ട പിടിച്ച ആ മുഖത്തപ്പോഴും ചിരിയായിരുന്നു. അയാളെ തോല്‍പ്പിച്ച ചിരി.
അയാളെ ഭയപ്പെടുത്തിക്കളഞ്ഞു ആ ചിരി.
അയാള്‍ വേച്ചെഴുന്നേറ്റ് തിരിഞ്ഞോടി.
റബേക്കയെ തിരഞ്ഞു.
തൊട്ടടുത്ത മുറിയില്‍ അവളുണ്ടായിരുന്നു. കഴുകന്മാര്‍ പിച്ചിക്കീറി അര പ്രാണനാക്കിയ അയാളുടെ കൊച്ചു മാലാഖ.
അയാള്‍ കണ്ണുകള്‍ പൊത്തി അവളുടെ കാല്‍ക്കലിരുന്നു. നേരം കുറേ കഴിഞ്ഞപ്പോള്‍ ചാടിയെഴുന്നേറ്റു. റബേക്കയെ തട്ടി വിളിച്ചു. ഒരു ഞരക്കം മാത്രം. കുറച്ച് നേരം അവളെ നോക്കി നിന്നു. പിന്നെ കുനിഞ്ഞ് നെറ്റിയിലമര്‍ത്തി ചുംബിച്ചു, നിങ്ങള്‍ക്ക് പെണ്‍കുട്ടിയാണെന്ന് പറഞ്ഞ് നഴ്സ് അവളെ കയ്യിലേക്ക് വച്ചു തന്ന നിമിഷം ആ നെറ്റിയില്‍ നല്‍കിയ അതേ സ്‌നേഹ ചുംബനം.
അടുത്ത നിമിഷം അവിടെ കിടന്ന തലയിണ എടുത്ത് അവളുടെ മുഖത്തമര്‍ത്തി.
അവശയായിരുന്നെങ്കിലും പ്രാണന് വേണ്ടിയുള്ള അവസാന പിടപ്പ് ശക്തമായിരുന്നു.
ഇപ്പോള്‍ എല്ലാം നിശ്ചലം. നിശബ്ദം. അയാളുടെ നെഞ്ചിടിപ്പ് മാത്രമേ ബാക്കിയുള്ളൂ. ഇരുളട്ടെ. നന്നായി ഇരുളട്ടെ. അതിനും തീരുമാനമുണ്ടാക്കാം.
ഇരുട്ട് കനത്തപ്പോള്‍ മാലാഖമാരെ ഉപേക്ഷിച്ച് അയാളിറങ്ങി നടന്നു. വിചാരിച്ച സ്ഥലമെത്തിയപ്പോള്‍ ഒരു അവസരത്തിനായി അയാള്‍ ഒളിച്ചു നിന്നു. എന്ത് സംഭവിച്ചാലും ആരുടേയും ദയ തന്നെ തേടിയെത്തരുത്.
ചീറിപ്പാഞ്ഞു പോകുന്ന ഒരു ചരക്ക് ലോറി. അതായിരുന്നു ലക്ഷ്യം.
ലക്ഷ്യത്തിന്റെ മുരള്‍ച്ച കേള്‍ക്കവേ അയാള്‍ തയ്യാറായി. നിമിഷങ്ങളേ വേണ്ടി വന്നുള്ളൂ. ഒരു പഞ്ഞിക്കെട്ടായി തെറിച്ചു വീഴുവാന്‍. എന്നാല്‍ അയാള്‍ തോറ്റു. മാലിന്യക്കൂമ്പാരത്തിലേക്ക് തെറിച്ചു വീണ് കിടന്ന അയാളെ മാലിന്യമിറക്കാന്‍ വന്ന ജോലിക്കാര്‍ ധൃതിയില്‍ ആശുപത്രിയിലേക്കെടുത്തു.
പ്രജ്ഞ നശിച്ചവനപ്പോഴും തന്നെ നോക്കി ചിരിയ്ക്കുന്ന മാലാഖാമാര്‍ക്കൊപ്പമെത്താന്‍ വെമ്പല്‍ കൊണ്ടു.