സെക്‌സ് എജ്യൂക്കേഷന്‍ , അലീന എഴുതിയ മിനിക്കഥകള്‍
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് അലീന എഴുതിയ മിനിക്കഥകള്‍
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
സെക്‌സ് എജ്യൂക്കേഷന്‍
''ഇപ്പളേ ഇങ്ങനെ തുടങ്ങിയാല്‍ എങ്ങനെയാ മോളേ, 14 വയസ്സായതല്ലേയുള്ളു''
കൗണ്‍സലിംഗ് സെക്ഷനില്‍ തല താഴ്ത്തിയിരുന്ന അവള്‍ക്ക് പേടിയോ സങ്കടമോ എന്തൊക്കെയോ ആയിരുന്നു. പക്ഷേ ഒന്നുറപ്പാണ്, കുറ്റബോധമായിരുന്നില്ല ആ കുഞ്ഞു മനസില്‍. കാര്യങ്ങളൊക്കെ തുറന്ന് പറയാന്‍ ടീച്ചര്‍ പറഞ്ഞ് വിട്ടതാണ്, സ്‌കൂളിലെ ലാസ്റ്റ് ബെല്‍ അടിച്ചതു ഭാഗ്യമായി, മുഖത്ത് നോക്കാതെ, കസേര പിറകിലേക്ക് നിരക്കി എണീറ്റു.
ഇടതുവശത്തെ ഹാഫ് ഡോര്‍ തുറന്നിറങ്ങുമ്പോ എട്ട് ബിയിലെ കുട്ടികള്‍ കൗതുകത്തോടെ നോക്കുന്നു.
ഉറക്കം വരാത്ത പല രാത്രികളിലും തെളിഞ്ഞു വന്നിട്ടുണ്ട്, പഴയൊരു സ്‌കൂള്‍ പകല്‍.
ബാഗ് തോളിലേക്ക് കയറ്റിയിട്ട് നടക്കുന്നതിനിടയിലാണ് ലൈബ്രറി ബുക്ക് കൈയിലുണ്ടെന്ന് ഓര്‍ത്തത്. സൈക്കിള്‍ സ്റ്റാന്റില്‍ വെച്ച് ലൈബ്രറി മുറിയിലേക്ക് ഓടി. മാധവിക്കുട്ടിയുടെ 'എന്റെ കഥ' റാക്കില്‍ വെച്ച് തിരിഞ്ഞപ്പോഴാണ് മലയാളം ടീച്ചര്‍ പുറകില്‍.
''കുട്ടി ഇങ്ങനത്തെ ബുക്ക് ഒക്കെ വായിക്കുന്നോണ്ടാണ് ഇമ്മാതിരി ചിന്തയൊക്കെ, ഇനി എന്തേലും വായിക്കണമെന്നുണ്ടേല്‍ എന്നോട് പറഞ്ഞോളു, ഞാനെടുത്ത് തരാം.'
തല താഴ്ത്തി തന്നെ അവിടുന്നിറങ്ങി ഓടി. കണ്ണീര് ഒഴുകുന്നുണ്ടായിരുന്നു.
എന്താണ് താന്‍ ചെയ്തത്? കുട്ടിക്കാലം മുതല്‍ ഒന്നിച്ച് കളിച്ച് വളര്‍ന്ന സുഹൃത്ത് വീട്ടില്‍ വന്നു, അവന്‍ എഴുതിയ കഥ ബാലരമയില്‍ വന്നത് കാണിക്കാന്‍. മറ്റാരുമുണ്ടായിരുന്നില്ല അപ്പോള്‍ സന്തോഷത്തില്‍ അവനെയൊന്നു കെട്ടിപ്പിടിച്ചുപോയി, അത്രയേ ഉള്ളൂ. അപ്പുറത്തെ വീട്ടിലെ ചേച്ചി അത് കണ്ടിട്ട് അമ്മയോടും അച്ഛനോടും പറഞ്ഞ് കൊടുത്തു. അതിവിടെ വരെ എത്തി. ഇതില്‍ താന്‍ ചെയ്ത തെറ്റെന്താണ്?
സെക്‌സ് എജ്യൂക്കേഷന്‍ ക്ലാസ് എടുത്ത് തിരിച്ചു വന്ന് തന്റെ ടേബിളില്‍ ഇരുന്ന 28 -കാരി കൗണ്‍സിലര്‍ക്ക് ഇന്നും പഴയ കൗണ്‍സലിങും, മലയാളം ടീച്ചറും, എട്ട് ബിയിലെ കുട്ടികളുടെ നോട്ടവുമൊക്കെ ഓര്‍ക്കുമ്പോള്‍ വീര്‍പ്പുമുട്ടല്‍ തന്നെയാണ്. പഴയ കഥാനായകന്റെ പുതിയ ബുക്കിന്റെ പ്രകാശനത്തിന് ക്ഷണിച്ചു കൊണ്ടുള്ള മെയില്‍ നോട്ടിഫിക്കേഷന്‍ വായിച്ചപ്പോള്‍ വാശി നിറഞ്ഞ ഒരു സന്തോഷം.
ഹോമോസെക്ഷ്വലായ താന്‍ ഒരാണ്‍കുട്ടിയെ കെട്ടിപ്പിടിച്ചപ്പോള്‍ ഉടഞ്ഞുപോയ പലരുടെയും സദാചാര മൂല്യങ്ങളെ ഓര്‍ത്തപ്പോള്‍ അവളുടെ കണ്ണില്‍ പുച്ഛമോ സഹതാപമോ.
അത് എന്താണെന്ന് കൃത്യമായി അവളെ എഴുതിക്കൊണ്ടിരിക്കുന്ന എഴുത്തുകാരിയായ എനിക്ക് പോലും വ്യക്തമായില്ല.
സ്വന്തമായൊരു മുറി!
ഫോട്ടോസ്റ്റാറ്റ് എടുത്ത് പേര് നോക്കി 'A room of one's own'-വിര്‍ജീനിയ വുള്‍ഫ്.
അപ്പടി എണ്ണമയമാണ്. അവിടിവിടെ മഞ്ഞള്‍ കറയും. വിരല്‍ വെച്ച് എണ്ണപ്പാടില്‍ ഒന്ന് അമര്‍ത്തി തുടച്ചു നോക്കി. ഇല്ല... പാഴ്ശ്രമമാണ്. അക്ഷരം കൂടെ മാഞ്ഞു പോകുന്നു, അടുക്കളയിലോട്ട് ബുക്കും ഫോട്ടോസ്റ്റാറ്റും കൊണ്ടു വരുമ്പഴേ ഓര്‍ക്കണമാരുന്നു.
ഓര്‍ത്തിട്ടും വല്യ കാര്യമൊന്നുമില്ല. ആകെ കുറച്ച് നേരം ഇരിക്കാനുള്ള ഇടം അടുക്കള തന്നെയാണ്. പ്രഷര്‍ കുക്കറിന്റെ വിസില്‍ കേള്‍ക്കാനും മീന്‍ വറുത്തതിന്റെ മറുവശം മൂക്കാനുള്ള കാത്തിരിപ്പും വായിക്കാനുള്ള സമയം ആയി ഇപ്പോ മാറി. ഒന്നാലോചിച്ചാല്‍ തമാശയാണ്. വിര്‍ജീനിയ വുള്‍ഫ് 1929ല്‍ സ്ത്രീക്ക് സ്വന്തമായൊരു മുറി ഉണ്ടാകേണ്ടതിനെപ്പറ്റി സംസാരിക്കുമ്പോള്‍ ഒരു നൂറ്റാണ്ടിനിപ്പുറം അടുക്കളയിലിരുന്ന് താനാ ബുക്ക് വായിക്കുന്നു.
'അമ്മ എന്തോന്നാലോചിച്ച് ചിരിച്ചോണ്ടിരിക്കുവാ, കഞ്ഞി തിളച്ച് ഗ്യാസിലെല്ലാം വീഴുന്നു'
ഒന്നും മിണ്ടിയില്ല് ലോകത്തെ മാറ്റി മറിക്കുന്ന പുസ്തകങ്ങളെപ്പറ്റി മോനോട് പറഞ്ഞിട്ട് കാര്യമില്ല.
പൊട്ടിച്ചിരിക്കാന്‍ തോന്നി, അപ്പുറത്തു ചെന്ന് കൈക്കലത്തുണിയെടുത്ത് ഗ്യാസില്‍ നിന്നും കലം റൈസ് കുക്കറിലേക്ക് വെച്ചു. ഒന്നും ചിന്തിക്കണ്ട, സാഹിത്യത്തിലെ സ്ത്രീ അമ്മയാണ്, ദേവിയാണ്, പരിത്യാഗിയാണ്...ഓ എനിക്കതു മതി.
അടുപ്പേല് വെച്ച മീന്‍ കറിയുടെ ചട്ടി കഴുകാനെടുത്തപ്പോള്‍ കൈയിലാകെ കരി ആയി. ചിരിക്ക് മുകളിലേക്ക് അത് പടര്‍ന്നു.
ഡിപ്രഷന്‍
'സര്‍, അതേ എനിക്ക് സുഖമില്ല, ഇവിടെ നെറ്റും കിട്ടുന്നില്ല' വെപ്രാളപ്പെട്ടു ഫോണ്‍ വെച്ചു.
ഇന്നും അവധിയെടുത്താല്‍ ജോലി സംശയത്തിലാകും.
ടി.വിയില്‍ വാര്‍ത്താ അവതാരകയുടെ ശബ്ദം 'കോവിഡ് മരണം ഇന്നലെ 200 കടന്നു' ലാപ്‌റ്റോപ്പ് ഓണാക്കി. സ്‌ക്രീനില്‍ കോവിഡ് എന്ന മൂന്നക്ഷരം സൂം ആയി വന്നുകൊണ്ടിരുന്നു, അത് നീണ്ട് കഴുത്തിലേക്ക് ചുറ്റിപ്പിണഞ്ഞു. കുറച്ചു നേരത്തെ ഞരക്കം...എല്ലാം ശാന്തമായി. അടുത്ത ദിവസം അകന്ന് നിന്ന പി.പി.ഇ കിറ്റുകള്‍ പിറുപിറുത്തു. ഡിപ്രഷനായിരുന്നത്രേ.
സമയം
നിരത്തില്‍ നല്ല തിരക്ക്, 5 മിനിറ്റു കൂടെയേയുള്ളു മെട്രോ സ്റ്റേഷനിലെത്താന്‍. വൈകിയാല്‍ അവസാന ട്രെയിന്‍ പോകും.
ഫുട്പാത്തിലൂടെ ഓടുന്നതിന്റെ ഇടയ്ക്ക് തോളിലൂടെ ഊര്‍ന്നിറങ്ങിയ ബാഗിന്റെ വള്ളി തിരിച്ചിട്ടപ്പോഴാണ് കണ്ടത് ഇടത്തേ അറ്റം മുകളിലായി കീറിയിട്ടുണ്ട്. ഓഫീസിന്റെ ഡോറിന്റെ അറ്റത്ത് ഒരാണി ഇന്നലേം കണ്ടതാണ്. അവിടൊന്ന് ഉടക്കിയിരുന്നു.
എന്തൊക്കെയോ ആലോചിച്ച് തുടങ്ങിയപ്പോഴേക്കും സ്റ്റേഷനെത്തി.
'ഒരു പാലാരിവട്ടം.'
ടിക്കറ്റ് സൈ്വപ്പ് ചെയ്ത് പ്ലാറ്റ്‌ഫോമിലേക്കുള്ള എസ്‌കലേറ്ററില്‍ നിക്കുമ്പോഴാണ് ചിന്തിച്ചത്, ഈയിടെയായി മനസില്‍ എന്തെങ്കിലും ആലോചിച്ച് തുടങ്ങമ്പഴേക്കും സമയം അവസാനിക്കുന്നത് പോലെ. ഒന്നുകില്‍ ഓഫീസിലെ തിരക്ക്, വീട്ടിലെ ജോലി...
ട്രെയിന്‍ വരാന്‍ സമയമുണ്ടായിരുന്നു. രണ്ട് മിനിറ്റ്. ഇല്ല അളന്ന് മുറിച്ച് ചിന്തിക്കാന്‍ ബുദ്ധിമുട്ടാണ്. ട്രെയിന്‍ വരുന്നുണ്ട്. സാമാന്യത്തിലധികം ആളുകളുമുണ്ട്. വണ്ടിയില്‍ കയറി സീറ്റില്ല, ബാഗിന്റെ കീറല്‍ കാണാതിരിക്കാനായി, കക്ഷത്തിനിടയില്‍ ഒളിപ്പിച്ചു. വെറുതേ ഇടത്തോട്ട് നോക്കി, കണ്ണ് വെട്ടിച്ച് ഒന്നുടെ നോക്കി, സ്വയം വിശ്വസിക്കാനാകാത്തതുപോലെ അവളുടെ കൃഷ്ണമണികള്‍ വികസിച്ചിരുന്നു. അവിടെ ഇരിക്കുന്ന പെണ്‍കുട്ടിക്ക് തന്റെ അതേ ഛായ! കണ്ണിലേക്ക് വീണു കിടക്കുന്ന മുടിച്ചുരുളുകള്‍ പോലും കൃത്യം, പക്ഷേ തന്നേക്കാള്‍ ചെറുപ്പമാണ് ഇരുപതികളിലെവിടെയോ പ്രായം, അവളുടെ കൈയില്‍ ഒരു പുസ്തകമുണ്ട്, മറ്റേ കൈയില്‍ ഫോണും താന്‍ കോളേജില്‍ പഠിക്കുമ്പോള്‍ ചെയ്തിരുന്നതു പോലെ, ഫോണില്‍ ഘടിപ്പിച്ചിരിക്കുന്ന ഇയര്‍ഫോണ്‍ ചെവിയില്‍ തിരുകി തുറന്നു വെച്ച ബുക്കിലേക്ക് നോക്കാതെ മറ്റെന്തോ ചിന്തിക്കുകയാണ്.
ഇതുപോലൊരു ബുക്കിന്റെ പുറംചട്ടയില്‍ തന്റെ പേരും ഫോട്ടോയും വരുന്നത് ഒരു പാട് സ്വപ്നം കണ്ടിട്ടുണ്ട്.
'പാലാരിവട്ടം'- മെട്രോയില്‍ മുഴങ്ങി. പെട്ടെന്ന് ഞെട്ടി ട്രെയിനില്‍ നിന്ന് വെളിയിലേക്കിറങ്ങി അവളെ കാണാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഏതോ മായിക ലോകത്തെന്ന പോലെ നടന്നു. അവള്‍, ആ പെണ്‍കുട്ടി താന്‍ തന്നെയായിരുന്നോ. അല്പം വ്യത്യാസമുണ്ട് അവള്‍ നന്നേ ചെറുപ്പമാണ്. അവളുടെ കണ്ണുകളില്‍ സ്വപ്നത്തിന്റെ തിളക്കമുണ്ട്. ലിഫ്റ്റിന്റെ വശത്തേ കണ്ണാടിയിലേക്ക് നോക്കി. തന്റെ കണ്ണുകളില്‍ ആ തിളക്കം എന്നോ നഷ്ടപ്പെട്ടിരിക്കുന്നു. കുഴിയിലായ കണ്ണുകളും താഴെയുള്ള നേര്‍ത്ത വരകളും അരികിലെത്തിയ വാര്‍ധക്യത്തെ ഓര്‍മിപ്പിക്കുന്നത് പോലെ.
പെട്ടെന്ന് നോട്ടം പിന്‍വലിച്ച് താഴേക്ക് നോക്കി ഇല്ല, ഇനിയും സമയമുണ്ട്, ജീവിക്കാന്‍!