ജൂമ്പ ലാഹിരി എന്തിനാണ് ഇറ്റാലിയന്‍ ഭാഷ പഠിച്ച് അതിലെഴുതുന്നത്?

പുസ്തകപ്പുഴയില്‍ ചില വിവര്‍ത്തന ചിന്തകള്‍. രാഹുല്‍ രാധാകൃഷ്ണന്‍ എഴുതുന്നു
 

chemistry of Translation by Rahul Radhakrishnan

'എനിക്ക് ഒരു ജലാശയത്തെ മുറിച്ചു കടക്കണം. വലിപ്പക്കുറവുള്ള തടാകമാണെങ്കില്‍   കൂടി അക്കരെ എത്താനുള്ള ദൂരം എന്നെ സംബന്ധിച്ചിടത്തോളം വളരെ ദൂരമുള്ളതാണ്. അര്‍ദ്ധദൂരം കഴിഞ്ഞാല്‍ പിന്നെ തടാകത്തിനു ആഴമേറുകയാണ്. നീന്തല്‍ അറിയാമെങ്കിലും ഏകയായി എനിക്ക്  നീന്തിക്കടക്കാന്‍ പ്രയാസമാണ്. ഭയവും' എന്നാണു ജുമ്പ ലാഹിരി ഇറ്റാലിയന്‍ ഭാഷ പഠിച്ചിരുന്ന വിധത്തെ വിവരിച്ചത്. തീവ്രമായ പ്രണയം ഹൃദയത്തിലുണ്ടെങ്കില്‍ ജീവിതം ഹ്രസ്വമാവാന്‍ ഒരാള്‍ ആഗ്രഹിക്കില്ല. പ്രണയവര്‍ണങ്ങളില്‍ ആടിത്തിമിര്‍ത്ത്, ആവേശഭരിതമായ നിറക്കാഴ്ചകളിലൂടെ ജീവിതം മുന്നോട്ട് നീക്കുന്ന അത്തരമൊരവസ്ഥ പോലെയായിരുന്നു ജുമ്പ ഇറ്റാലിയന്‍ ഭാഷ പഠിച്ചത്. ദിവസവും ഓരോ വാക്കുകള്‍ പഠിക്കുമ്പോള്‍, ജീവിതം അനന്തമായാലേ ഒരു ഭാഷയിലെ എല്ലാ വാക്കുകളും പഠിക്കാനാവൂ  എന്ന ലളിതയുക്തിയില്‍ അവര്‍ എത്തുകയായിരുന്നു.

 

chemistry of Translation by Rahul Radhakrishnan

 

ഓരോ ഭാഷയും ഒരു സംസ്‌കാരത്തിന്റെ തുടര്‍ച്ചയാണ്. നൂറ്റാണ്ടുകളായി സമൂഹം പലവിധത്തില്‍  ആര്‍ജിച്ച  വൈജ്ഞാനികസമ്പത്ത് പൂര്‍ണമായും സ്വാംശീകരിച്ചു കൊണ്ട്  കാലാന്തരങ്ങളിലൂടെ കൈമാറുകയാണ് പതിവ്. ഈ പ്രക്രിയയില്‍ കൂട്ടിച്ചേര്‍ക്കലുകളും കൊഴിഞ്ഞുപോക്കുകളും ഉപേക്ഷിക്കപ്പെടലുകളും ഉള്‍പ്പെട്ടിട്ടുണ്ട്. അങ്ങനെ ഒരു ശുദ്ധീകരണത്തിലൂടെയാണ് ഭാഷ വളരുന്നതും നിലനില്‍ക്കുന്നതും എന്ന് പറയാം. അതുകൊണ്ടു തന്നെ ഭാഷ, അത് സംസാരിക്കുന്ന കാലത്തെ മാത്രമല്ല, സംസാരിച്ചു തുടങ്ങിയ കാലം മുതലുള്ള എല്ലാ വിധത്തിലുള്ള  അടയാളങ്ങളേയും വഹിക്കുന്നു. കടന്നുപോയ ജലവിതാനത്തിന്റെ ചെറുകണികകളെ സൂക്ഷിക്കുകയും ഒരു കപ്പല്‍ സഞ്ചരിക്കുന്ന ജലപാതയിലൂടെയൊക്കെയും അവയെ കൊണ്ടുപോവുകയും ചെയ്യുന്നതു പോലെയാണിത്. ഒരു ഭാഷയില്‍ നിന്ന് മറ്റൊന്നിലേക്കുള്ള മൊഴിമാറ്റവും ഇതേ പോലെ പ്രസക്തമാണ്. രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവുമായ വിനിമയങ്ങളില്‍ പരിഭാഷയ്ക്കുള്ള സ്ഥാനം വലുതാണ്.

ചില സംസ്‌കാരങ്ങള്‍  തമ്മിലുള്ള സമാനത ഭാഷകളുടെ പരസ്പരമുള്ള വിനിമയത്തിന് സഹായകമാണ്. അതുകൊണ്ടാണ് ലാറ്റിനമേരിക്കയിലെ  സാഹിത്യം മലയാളത്തില്‍  പ്രചരിക്കുകയും വേരുറയ്ക്കുകയും  ചെയ്തത്. അവിടെ നിന്നുള്ള കൃതികള്‍  കൂടുതല്‍ അഭിമതമാവുന്നത് ചുറ്റുപാടുകള്‍ക്കുള്ള സമാനത കൊണ്ടാണ്. മൂന്നാം ലോകരാഷ്ട്രങ്ങളോട് നമുക്കുണ്ടാകുന്ന ഐക്യദാര്‍ഢ്യത്തിനു രാഷ്ട്രീയ/സാംസ്‌കാരിക/സാമൂഹിക പ്രേരണകളുണ്ട്.  ബ്രിട്ടനിലെയും അമേരിക്കയിലെയും സാഹിത്യകൃതികള്‍ നമ്മിലേക്ക് ഇതുപോലെ കിനിഞ്ഞിറങ്ങാത്തത് അവരുടെ ലോകം 'മറ്റെവിടെയോ' ആയതിനാലാണ് എന്ന് പറയുന്നതില്‍ യുക്തിക്കുറവില്ല. നാം മിത്തുകള്‍ കൊണ്ടും സ്വപന്ങ്ങള്‍ കൊണ്ടും യാഥാര്‍ഥ്യങ്ങളെ മറികടക്കുന്ന ഭാവനകൊണ്ടും സൃഷ്ടിക്കപ്പെട്ട  ജനവിഭാഗമാണ്. നമ്മുടെ ജീനുകളില്‍  യാഥാര്‍ത്ഥ്യങ്ങളെപ്പോലെ മിഥ്യകള്‍ക്കും   തുല്യസ്ഥാനമുണ്ട്. നാം യക്ഷികളെ കണ്ടെന്ന് കരുതുകയല്ല, കാണുക തന്നെയാണ് ചെയ്യുന്നത്. അതേ കണ്ണോടുകൂടിയാണ് നാം നോവലുകളും കഥകളും തുറന്നുതരുന്ന ഇടങ്ങള്‍ കാണുന്നതും.  മറ്റുഭാഷകളിലെ 'അങ്ങനെയുള്ള' ലോകം അവതരിപ്പിക്കുന്നതില്‍ പരിഭാഷകരുടെ ഉത്തരവാദിത്തം എന്തുവലുതാണെന്നു പറയാതെ വയ്യ.

പരിഭാഷയെ ഒരു ഭാഷയില്‍ നിന്ന് മറ്റൊന്നിലേക്കുള്ള  പദാനുപദതര്‍ജമയായി മാത്രമായി കണക്കാക്കാനാവില്ല. അത്  ഒരു സംസ്‌കാരത്തില്‍ നിന്ന് മറ്റൊന്നിലേക്കുള്ള പറിച്ചു നടലാണ്.ഒരു ഭാഷയില്‍ എഴുതുകയും വായിക്കുകയും ചെയ്യുന്നത്, ആ ഭാഷയുടെ സാംസ്‌കാരിക / സാമൂഹിക പരിസരങ്ങളിലേക്കുള്ള യാത്ര കൂടിയാണ്. ആ ഭാഷയിലെ സ്വകാര്യബിംബങ്ങളും പല തരത്തിലുള്ള ഗന്ധങ്ങളും നിറങ്ങളും പ്രസ്തുതഭാഷ സംസാരിക്കുന്നവരുടെ സ്വത്വബോധവും എല്ലാം ആ ഭാഷയുടെ ജീവനാഡിയാണ്. നിയോപോളിറ്റന്‍ നോവലുകളിലൂടെ തരംഗം സൃഷ്ടിച്ച ഇറ്റലിയിലെ നോവലിസ്റ്റ്് എലെനാ ഫെറന്റെയ്ക്ക് (Elena Ferrante) ഇറ്റലിയുടെ ഭക്ഷണമുദ്രയായ പിറ്റ്സ ഇഷ്ടമല്ല; ഇറ്റലിയിലെ മാഫിയാ സംസ്‌കാരത്തെ വെറുപ്പാണ്.  എന്നാല്‍ അവര്‍ക്ക് ഇറ്റാലിയന്‍ ഭാഷയില്‍ എഴുതാതെയും വായിക്കാതെയും ജീവിക്കാന്‍ സാധ്യമല്ല.  ഭാഷയെ പറ്റിയുള്ള ഫെറാന്റെയുടെ ചില നിരീക്ഷണങ്ങള്‍ പ്രൗഢമാണ്. ചരിത്രത്തിന്റെയും ഭൂമിശാസ്ത്രത്തിന്റെയും ഭൗതികവും  ആത്മീയവുമായ ജീവിതത്തിന്റെയും  സംക്ഷിപ്തരൂപമായിട്ടാണ് അവര്‍  ഭാഷയെ കാണുന്നത്. വാക്കുകളും വ്യാകരണവും വാക്യഘടനയും നമ്മുടെ വിചാരത്തിനു ചിന്തേരിടുന്ന ഉളിയാണെന്നു ഫെറാന്റെ കരുതുന്നു. മാതൃഭാഷയില്‍ എഴുതുന്നത് വഴി സ്വന്തം നാടിന്റെ ഞരമ്പുകളെ തൊട്ടു കൊണ്ട് എഴുതാന്‍ സാധിക്കും എന്ന വസ്തുത ഫെറാന്റെ എല്ലാ അര്‍ത്ഥത്തിലും മനസിലാക്കിയിരുന്നു. അതു കൊണ്ടും തീര്‍ന്നില്ല. ഈ നിലപാടിനെ തന്റെ ദേശീയതയുടെ ലക്ഷണമായിട്ടും ഫെറാന്റെ കണക്കിലെടുക്കുന്നുണ്ട്. എന്തിരുന്നാലും ഫെറാന്റെയുടെ ആശയങ്ങളെയും ലോകത്തെയും അവരുടെ സ്വന്തം ഭാഷയില്‍  വായിച്ചുമനസിലാക്കുന്നത് പരിഭാഷകളിലൂടെയാണ്

വികാരവിക്ഷോഭത്തിനനുസരിച്ച് വാക്കിന്റെ അര്‍ത്ഥതലത്തില്‍ വ്യതിയാനമുണ്ടാവുന്നു എന്നത് എല്ലാ ഭാഷയിലും സംഭവിക്കുന്ന പ്രതിഭാസമാണ്. ശാന്തവും നിശ്ചലവും ആയ പ്രകൃതവും വാക്കുകള്‍ക്കുണ്ട്. ആധുനിക സാങ്കേതികസൗകര്യങ്ങള്‍ ഉപയോഗിച്ച് യാന്ത്രികമായി  പരിഭാഷപ്പെടുത്തുന്നുന്നവര്‍ക്ക് ഇതു ബോധ്യപ്പെടില്ല. സര്‍ഗാത്മകത കൂടെ സഹായത്തിനെത്തിയാലേ പരിഭാഷകര്‍ക്ക് ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ സാധിക്കുകയുള്ളു. പുതിയ ഭാഷ പഠിക്കുക എന്നത് പുതിയ ഒരു ലോകത്തേക്കുള്ള വാതില്‍ തുറക്കുന്നത് പോലെയാണ്. അപരിചിതമായ വാക്കുകളെ, അതു വരെ അപ്രാപ്യമായ സംസ്‌കൃതിയിലേക്കുള്ള താക്കോലുകള്‍ ആയി കരുതുന്നതില്‍ തെറ്റില്ല. പുതിയ ഭാഷയുടെയും  വാക്കുകളുടെയും  ലോകം ഭാവനയുടെ പരിണാമദിശയെ വേറൊരു തലത്തിലെത്തിക്കുന്നു. തീരങ്ങളില്ലാത്ത മഹാസമുദ്രത്തെ പോലെ, അറിയാത്ത ഭാഷയുടെ സൗന്ദര്യവും ചരിത്രവും ദുഷ്‌കരദുര്‍ഗമായി മാറുമ്പോള്‍ അക്ഷരങ്ങളിലൂടെ തുഴഞ്ഞാലേ സുരക്ഷിതമായ ഒരു കരയിലെത്തുകയുള്ളു. അര്‍ത്ഥമറിയാത്ത വാക്കുകളുടെ ചുഴല്‍വഴിച്ചുറ്റില്‍ ഭ്രമണം ചെയ്യുന്നത് പൂര്‍ണമായും  പാഴ്വേലയാണ്

വാക്കിന്റെ അര്‍ത്ഥതലങ്ങളെ കുറിച്ച് ആഴത്തിലുള്ള അവബോധം പരിഭാഷ ചെയ്യുന്നവര്‍ക്ക്  ആവശ്യമാണ്. നദിയുടെ ഒഴുക്കിന്റെ ഗതിവിഗതികളും അതിലെ  സങ്കീര്‍ണതകളും  നോട്ടം കൊണ്ട് മനസിലാവാത്തത് പോലെയാണ് ഒരു ഭാഷയില്‍ നിന്ന് വേറൊരു ഭാഷയിലേക്കുള്ള വാക്കുകളുടെ പറിച്ചുനടല്‍. ആശയങ്ങള്‍ക്ക് ചോര്‍ച്ചയോ വ്യതിയാനമോ സംഭവിക്കാതെയുള്ള പ്രവര്‍ത്തനം നദിയുടെ അഗാധതയിലൂടെ നീന്തുന്നത് പോലെയാണ്. ഇരുകരകളെയും കൂട്ടിമുട്ടിക്കാനുള്ള  പാലത്തിലൂടെയുള്ള നടത്തം താരതമ്യേന എളുപ്പമാണ്.അത്തരത്തിലുള്ള ഉപരിപ്ലവമായ മൊഴിമാറ്റം സര്‍ഗാത്മകരചനയുടെ ഭംഗിയ്ക്കും  കാതലിനും  അര്‍ത്ഥത്തിനും വിഘാതം സൃഷ്ടിക്കും. ഒരു വിദേശഭാഷയിലെ കൃതിയെ അതിന്റെ എല്ലാ അടരുകളോടും കൂടി സ്വന്തം ഭാഷയിലേക്ക് മാറ്റിയെഴുതുക അങ്ങേയറ്റം ദുഷ്‌കരമാണ്. വിവര്‍ത്തനം ചെയ്യാനായി അന്യഭാഷയിലെ വാക്കുകളിലേക്ക് അടുക്കുന്തോറും അവ നമ്മില്‍ നിന്നും ഓടിയകന്നു കൊണ്ടിരിക്കും. മറ്റൊരു ഭാഷയിലെ ചില കാഴ്ചപ്പാടുകള്‍ വരെ സ്വന്തം ഭാഷയില്‍ ആശയഗരിമയോടെ അവതരിപ്പിക്കാനാവില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ആണ് പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരി ജുമ്പ ലാഹിരിയുടെ (Jhumpa Lahiri) യത്‌നങ്ങളെ നാം വിലയിരുത്തേണ്ടത്. രഹസ്യവഴികളും അദൃശ്യ നെടുവീര്‍പ്പുകളും ആന്തരിക വിനിമയങ്ങളും പൂര്‍ണമായും ബോധ്യപ്പെടാതെയുള്ള വിവര്‍ത്തനത്തെ   പറ്റി അവര്‍ ഉത്കണ്ഠപ്പെടുന്നുണ്ട്. ഒരു ഭാഷയുടെ അലകും പിടിയും സ്വായത്തമാക്കാന്‍ ആ ഭാഷ പഠിച്ച് അതിലെഴുകയാണ് ഏറ്റവും ഉചിതം എന്ന് വിശ്വസിക്കുന്ന എഴുത്തുകാരിയാണ് ജുമ്പ. നദിയെ പാലത്തിലൂടെ മുറിച്ചു കടക്കുന്നത് എളുപ്പവും വെല്ലുവിളികള്‍ ഇല്ലാത്തതും നദിയുടെ ഉള്ളിനെ അനുഭവിപ്പിക്കാത്തതുമാണ്. ജീവിതവും മരണവും തമ്മിലുള്ള ദൂരം ഭൂമി എന്ന പാലത്തിലൂടെ ബന്ധിപ്പിക്കുന്നത് പോലെയാണെന്ന് ജുമ്പ പറയുന്നത് ഈ ഒരു തലത്തില്‍  അര്‍ത്ഥവത്താണ്.     

'എനിക്ക് ഒരു ജലാശയത്തെ മുറിച്ചു കടക്കണം. വലിപ്പക്കുറവുള്ള തടാകമാണെങ്കില്‍   കൂടി അക്കരെ എത്താനുള്ള ദൂരം എന്നെ സംബന്ധിച്ചിടത്തോളം വളരെ ദൂരമുള്ളതാണ്. അര്‍ദ്ധദൂരം കഴിഞ്ഞാല്‍ പിന്നെ തടാകത്തിനു ആഴമേറുകയാണ്. നീന്തല്‍ അറിയാമെങ്കിലും ഏകയായി എനിക്ക്  നീന്തിക്കടക്കാന്‍ പ്രയാസമാണ്. ഭയവും' എന്നാണു ജുമ്പ ലാഹിരി ഇറ്റാലിയന്‍ ഭാഷ പഠിച്ചിരുന്ന വിധത്തെ വിവരിച്ചത്. തീവ്രമായ പ്രണയം ഹൃദയത്തിലുണ്ടെങ്കില്‍ ജീവിതം ഹ്രസ്വമാവാന്‍ ഒരാള്‍ ആഗ്രഹിക്കില്ല. പ്രണയവര്‍ണങ്ങളില്‍ ആടിത്തിമിര്‍ത്ത്, ആവേശഭരിതമായ നിറക്കാഴ്ചകളിലൂടെ ജീവിതം മുന്നോട്ട് നീക്കുന്ന അത്തരമൊരവസ്ഥ പോലെയായിരുന്നു ജുമ്പ ഇറ്റാലിയന്‍ ഭാഷ പഠിച്ചത്. ദിവസവും ഓരോ വാക്കുകള്‍ പഠിക്കുമ്പോള്‍, ജീവിതം അനന്തമായാലേ ഒരു ഭാഷയിലെ എല്ലാ വാക്കുകളും പഠിക്കാനാവൂ  എന്ന ലളിതയുക്തിയില്‍ അവര്‍ എത്തുകയായിരുന്നു.

 ഇംഗ്ലീഷില്‍ എഴുതി ശ്രദ്ധ നേടിയ ജൂമ്പയ്ക്ക് ഇറ്റാലിയന്‍ ഭാഷയില്‍ വിജയം കൈവരിക്കാനാവുമോ എന്നാണ് ഇനി ഉറ്റു നോക്കേണ്ടത്. ഇറ്റാലിയന്‍ ഭാഷ പഠിച്ചതിന്റെ ശ്രമങ്ങളെ വിവരിച്ചിരിക്കുന്ന 'In other words'  എന്ന ഗ്രന്ഥം അവര്‍ ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്നു ആദ്യമായി എഴുതിയത്. പിന്നീട് ആന്‍ ഗോള്‍ഡ്സ്റ്റീന്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുകയായിരുന്നു. ഇതിനിടയില്‍ 'The Boundary' എന്ന കഥ അവര്‍ ഇറ്റാലിയനില്‍ എഴുതി സ്വയം ഇംഗീഷിലേക്ക് വിവര്‍ത്തനം ചെയ്തിരുന്നു. ഒരു  ഭാഷയില്‍  കൃതഹസ്തതയോടെ എഴുതാന്‍ സാധിക്കുന്ന എഴുത്തുകാരന്‍/എഴുത്തുകാരി എന്തിനാണ് ഇത്തരത്തില്‍ ഒരു വെല്ലുവിളി ഏറ്റെടുക്കുന്നത് എന്ന് ചോദിക്കാവുന്നതാണ്. പക്ഷെ വാക്കിന്റെ സര്‍ഗോന്മാദങ്ങളെ അനന്തമായി തേടുന്നവര്‍ക്ക് ഇത്തരം പരീക്ഷണങ്ങള്‍ വെല്ലുവിളി ആണെന്ന് അനുമാനിക്കേണ്ടി വരുന്നു. 'Ties' എന്ന ഡൊമനിക്കോ സ്റ്റാര്‍നോണിന്റെ നോവല്‍ ഇറ്റാലിയനില്‍ നിന്ന് ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്തിരിക്കുന്നതും  ജുമ്പ ലാഹിരിയാണ്. പുസ്തകത്തിന്റെ പുറങ്ങള്‍ മാത്രം മറ്റൊരു ഭാഷയിലേക്ക് മൊഴിമാറ്റം നടത്തുന്ന ജോലി മാത്രമായിത്തീരാതെ എഴുത്തിന്റെ നൈസര്‍ഗികമായ ഭംഗി പരിഭാഷയിലും ഉണ്ടാകണമെന്ന് നിഷ്‌കര്‍ഷ പുലര്‍ത്തണമെന്ന് ഓര്‍മിപ്പിക്കുകയാണ്  ജുമ്പ.

 

chemistry of Translation by Rahul Radhakrishnan

ജുമ്പ ലാഹിരി

 

2

എഴുത്തുകാരെ പോലെ തന്നെ ഉത്തരവാദിത്തവും സര്‍ഗാത്മകബോധവും  വിവര്‍ത്തകര്‍ക്കും  ഉണ്ടാവണമെന്നത് പുതുതായി രൂപപ്പെട്ട ആശയമൊന്നുമല്ല. ഗ്രിഗറി റബാസ്സ , എഡിത്ത് ഗ്രോസ്മാന്‍ തുടങ്ങിയ   വിവര്‍ത്തകര്‍ മൂലകൃതിയുടെ എഴുത്തുകാരുടെ അത്ര തന്നെ പ്രശസ്തരാണെന്ന കാര്യവും മറന്നു കൂടാ. പരിഭാഷ ചെയ്യപ്പെടുന്ന കൃതിക്ക് മേല്‍ പരിഭാഷകന്റെ/ പരിഭാഷകയുടെ   ശൈലിയാണ് കൂടുതല്‍ പതിഞ്ഞിട്ടുണ്ടാവുക എന്ന എഡിത്ത് ഗ്രോസ്മാന്റെ അഭിപ്രായം ശ്രദ്ധേയമാണ്. പരിഭാഷപ്പെടുത്തുക എന്നതില്‍ക്കവിഞ്ഞ് ഒരു പുസ്തകത്തിന്റെ അപരഭാഷയിലേക്കുള്ള സര്‍ഗാത്മകവും ലളിതവും സ്വതന്ത്രവുമായ വ്യാഖ്യാനമാണ് പരിഭാഷയിലൂടെ അനുഷ്ഠിക്കേണ്ടത്. മാത്രമല്ല. അപര ഭാഷയിലെ ചിന്താരീതിയ്ക്ക് അനുസൃതമായി പരിഭാഷകരുടെ  ചിന്തകളെയും സാംസ്‌കാരിക/ചരിത്ര പരിസരങ്ങളെയും സൃഷ്ടിപരമാക്കുക എന്നത് കൂടിയാണ് പരിഭാഷ എന്ന പരിണാമപദ്ധതിയില്‍ സംഭവിക്കേണ്ടത്. സംസ്‌കാരങ്ങള്‍ തമ്മിലുള്ള വിനിമയത്തിന്റെ ഇടനിലക്കാരാവുക എന്ന ചരിത്രദൗത്യമാണ് വിവര്‍ത്തകര്‍ ഏറ്റെടുക്കുന്നത്. അതു പൂര്‍ണമായും വിജയിക്കണമെങ്കില്‍ അന്യഭാഷയുടെയും രാജ്യത്തിന്റെയും ചരിത്ര/രാഷ്ട്രീയ/ഭൂമിശാസ്ത്ര സമവാക്യങ്ങള്‍ അവര്‍ കൃത്യമായി അറിഞ്ഞിരിക്കണം.

ഒരേ കൃതി തന്നെ പലര്‍ പരിഭാഷപ്പെടുത്തുമ്പോള്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണ്. 'ആയിരത്തൊന്നു രാവുകളുടെ' വിവിധ പരിഭാഷകളെ പറ്റി ബോര്‍ഹസ് വിശദമായ ഒരു ലേഖനം തന്നെ എഴുതിയിട്ടുണ്ട്.  ആയിരത്തൊന്നു രാവുകളിലെ കഥകള്‍ ഓരോ പരിഭാഷയിലും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നു ബോര്‍ഹസ് ഉദാഹരണസഹിതം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആയിരത്തൊന്നു രാവുകളിലെ മുന്നൂറ്റി തൊണ്ണൂറ്റിയൊന്നാമത് കഥയെ പറ്റി ബോര്‍ഹസ് എടുത്തു പറയുന്നുണ്ട്. അതില്‍ മുക്കുവന്‍ രാജാവിന് മീന്‍ കൊടുക്കുന്ന രംഗം വിവരിക്കുന്നുണ്ട്. ആദ്യത്തെ പരിഭാഷയില്‍ മീന്‍ ആണോ പെണ്ണോ എന്ന് രാജാവ് ചോദിക്കുന്നതായിട്ടാണ് രേഖപ്പെടുത്തിയത്. എന്നാല്‍ അടുത്ത പരിഭാഷയില്‍ അത്  ഏതു വര്‍ഗ്ഗത്തില്‍ പെട്ട മീന്‍ എന്ന്  രാജാവ് ചോദിച്ചതായി മാറ്റി. ചുരുക്കിപ്പറഞ്ഞാല്‍ ഓരോ വിവര്‍ത്തനവും അപരഭാഷയിലെഴുതിയ കൃതിയെ ഭാഷ കൊണ്ട് നവീകരിക്കുകയോ ഭംഗിപ്പെടുത്തുകയോ ആണ് ചെയ്യേണ്ടത് പ്രധാനമായിട്ടും മൂന്നു പരിഭാഷകരെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. Jean Antoine Galland, Edward Lane, Captain Burton എന്നിവരാണവര്‍. പത്തൊമ്പതാം നൂറ്റാണ്ടിലെ റഷ്യന്‍ ക്ലാസ്സിക്കുകള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത പ്രശസ്തിയാര്ജിച്ച എഴുത്തുകാരിയായിരുന്നു കോണ്‍സ്റ്റന്‍സ് ഗാര്‍നെറ്റ് (Constance Garnett) ടോള്‍സ്റ്റോയിയുടെയും ചെക്കോവിന്റെയും ദസ്‌തെയ്വ്‌സ്‌കിയുടെയും മറ്റും രചനകളെ  ഇംഗ്ലീഷിലേക്ക് മൊഴി മാറ്റിയ ശ്രദ്ധേയയായ വിവര്‍ത്തക ആയിരുന്നു ഗാര്‍നെറ്റ്.  അവരുടെ വിവര്‍ത്തനങ്ങള്‍ക്ക് ധാരാളം വായനക്കാരുണ്ടായിരുന്നു. എന്നാല്‍ എഴുത്തുകാരനായ വ്‌ലാദിമിര്‍ നബോക്കോവ് അവരെ നിശിതമായി വിമര്‍ശിച്ചിരുന്നു. കാലഹരണപ്പെട്ട ശൈലിയും പ്രയോഗങ്ങളും ആയിരുന്നു അവര്‍ക്ക്  എന്ന   വാദമായിരുന്നു അദ്ദേഹം മുന്നോട്ടു വെച്ചത് .

മൗലിക കൃതിയുടെ സാരാംശത്തെ ഹനിക്കാതെ, ആശയത്തിലെ ചില നീക്കുപോക്കുകള്‍ പരിഭാഷയില്‍ അനുവദനീയമാണ്. രണ്ട് ഭാഷകളുടെ ഇടയിലുള്ള വന്ധ്യമായ സമവാക്യമല്ല പരിഭാഷ കൊണ്ട് ലക്ഷ്യം വെക്കുന്നതെന്നു വാള്‍ട്ടര്‍ ബെന്യാമിന്‍ എഴുതിയിട്ടുണ്ട്. ഒരു കവിയുടെ കാവ്യാത്മകമായ വരികള്‍/പടങ്ങള്‍ മറ്റു ഭാഷയിലേക്ക് തര്‍ജമ ചെയ്യുമ്പോള്‍, ആ ഭാഷയിലും സമാന പദപ്രയോഗത്തിന്റെയായ ആവിഷ്‌കരണം നടത്തുകയാണ് വേണ്ടതെന്നു അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. മാര്‍കേസിന്റെ 'ഏകാന്തതയുടെ നൂറു വര്‍ഷങ്ങളു'ടെ ഇംഗ്ലീഷ് പരിഭാഷ പദങ്ങളെ പെറുക്കിയെടുത്തു പ്രതിഷ്ഠിച്ച അജൈവികമായ രീതിയില്‍ അല്ലാത്തത് കൊണ്ടാണ് ലോകമെമ്പാടും അതുവായിക്കുന്നത്. ഗ്രിഗറി റബാസയുടെ പരിഭാഷ മാര്‍കേസിന്റെ എഴുത്തിനോടൊപ്പം തന്നെ വിഖ്യാതമാവുകയും   ചെയ്തു. ഒരു ഭാഷയില്‍ എഴുതിയ കൃതിയെ അപരഭാഷകളില്‍ അവതരിപ്പിക്കുന്നത് ഒരു ദ്വിഭാഷി അത് അപരഭാഷയില്‍ വിളിച്ചു പറയുന്നത് പോലെയാവണം. വികാരവിചാരങ്ങളെയും, സ്വാഭാവികമായ ഒഴുക്കിനെയും, മൂളലുകളെയും ഗദ്ഗദങ്ങളെയും അവതരിപ്പിക്കാന്‍ അയാള്‍ക്ക് സാധിച്ചാലേ പരിഭാഷ എന്ന പ്രവൃത്തിക്ക് അര്‍ത്ഥമുണ്ടാകുകയുള്ളു.

ഗദ്യം പരിഭാഷയ്ക്ക് വഴങ്ങാത്ത വിധത്തില്‍ ക്ലിഷ്ടമാക്കുന്ന സഹ എഴുത്തുകാരെ നോബല്‍ സമ്മാന ജേതാവ് കസുവോ ഇഷിഗുരോ വിമര്‍ശിച്ചിരുന്നു. കുന്ദേരയാകട്ടെ ഒരു പടി കൂടെ കടന്നു മൂലകൃതിയുടെ സൗന്ദര്യത്തെ 'നല്ല'സാഹിത്യത്തിന്റെ ചട്ടക്കൂടില്‍ നിന്നു കൊണ്ടു പരിഭാഷപ്പെടുത്തിയവര്‍ക്കെതിരെ  ആഞ്ഞടിച്ചിരുന്നു. നാട്ടുഭാഷകളുടെ സാരള്യം, ഭാഷയുടെ വാമൊഴിച്ചന്തം  തുടങ്ങിയവ അപരഭാഷയില്‍ എത്തുമ്പോഴേക്കും ചോര്‍ന്നു പോകാറാണ് പതിവ്. വടക്കന്‍ മലബാറില്‍ ഉപയോഗിച്ചു വരുന്ന വാമൊഴിപദമായ 'ഉയ്യന്റപ്പാ'' എന്ന വ്യാക്ഷേപകസ്വരം അപരഭാഷയിലേക്ക് എങ്ങനെ കടത്തി കൊണ്ടു പോകാനാണ്? 'മൈ ഗോഡ്' എന്ന ഇംഗ്ലീഷ് പദം  നാട്ടുവാക്കിനെ ലാളിത്യം  നഷ്ടപ്പെടുത്തുകയെ ഉള്ളു. 'ഗോഡ് ഓഫ് സ്മാള്‍ തിങ്‌സില്‍'  ചില മലയാള വാക്കുകള്‍ അത് പോലെ തന്നെ നില നിര്‍ത്തിയത് ശ്രദ്ധേയമാണ്.

രണ്ടു വാല്യങ്ങളിലായി  1605-ലും 1615-ലും പ്രസിദ്ധീകരിച്ച ഡോണ്‍ ക്വിക്സോട്ടിന് അനവധി ഇംഗ്ലീഷ് പരിഭാഷകളുണ്ടായി.  എന്നാല്‍ എഡിത്ത് ഗ്രോസ്മാന്റെ പരിഭാഷയാണ് അതില്‍ ഏറ്റവും ശ്രദ്ധേയം. ഡോണ്‍ ക്വിക്സോട്ടിന്റെ  ഒരുപാട് പരിഭാഷകള്‍ക്ക് ശേഷം 2003-ല്‍ പുറത്തിറങ്ങിയ ഈ പതിപ്പ് ഉള്ളടക്കത്തിന്റെ ലാളിത്യം കൊണ്ട് വായനക്കാരുടെ പ്രീതി പിടിച്ചു പറ്റി. നേരത്തെ ഉണ്ടായിരുന്ന പരിഭാഷയുടെ ന്യൂനതകള്‍ ഒട്ടൊക്കെ പരിഹരിക്കാന്‍ ഇതിനു  കഴിഞ്ഞിരുന്നു . അങ്ങനെ പരിഭാഷകള്‍ക്കും ഒരു പരിണാമചക്രം ഉണ്ട്.

 

chemistry of Translation by Rahul Radhakrishnan

ഹാവിയര്‍ മരിയാസ്‌
 

3

പരിഭാഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചുള്ള ഫിക്ഷനുകള്‍ പ്രാധാന്യമര്‍ഹിക്കുന്നു. മേല്‍സൂചിപ്പിച്ച സമസ്യകളെ സര്‍ഗാത്മകമായി അവതരിപ്പിക്കാനുള്ള  ശ്രമങ്ങളെ കാണാതെ പോകരുത്. അത്തരം ചില കൃതികളെ പരാമര്‍ശിക്കേണ്ടത് പരിഭാഷയുടെ രസതന്ത്രത്തെ വ്യക്തമാക്കുന്നു. സ്പാനിഷില്‍ എഴുതുന്ന ഹാവിയര്‍ മരിയാസിന്റെ (Javier Marias) മിക്ക നോവലുകളിലെയും കേന്ദ്രകഥാപാത്രങ്ങള്‍ പരിഭാഷകന്‍ ആണ്, ഒരു പരിഭാഷകന്‍ കൂടിയായ മരിയാസിന്റെ കഥാപാത്രങ്ങള്‍ക്ക് അദ്ദേഹത്തിന്റെ പരിഭാഷകജീവിതവുമായി നിശ്ചയമായും ബന്ധമുണ്ട്.  പരിഭാഷയുടെ പാകപ്പിഴകളും ചില വാക്കുകളും വാക്യങ്ങളും വിവര്‍ത്തനം ചെയ്യുമ്പോള്‍ സംഭവിക്കുന്ന അബദ്ധങ്ങളുമൊക്കെ മരിയാസ് നോവലുകളില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 

ദ്വിഭാഷിയായി ജോലി ചെയ്തിരുന്ന ഹുവാന്‍ മുഖ്യകഥാപാത്രമായ 'എ ഹാര്‍ട്ട് സൊ വൈറ്റ്' (A Heart So White) അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട നോവലുകളിലൊന്നാണ്. പരിഭാഷകര്‍ എഴുതുന്ന നോവലുകളില്‍ കൂടുതലും പരിഭാഷയ്ക്കിടയില്‍ അവര്‍ കടന്നു പോയിട്ടുള്ള സര്‍ഗാത്മക വെല്ലുവിളികളുടെ സൂചനകള്‍ കാണാനാവും. പരിഭാഷ തന്നെ പ്രമേയമായി കേന്ദ്രീകരിച്ച പ്ലോട്ടുകളോ അല്ലെങ്കില്‍ മുഖ്യകഥാപാത്രത്തിന്റെ പരിഭാഷാസംബന്ധമായ അനുഭവങ്ങളോ അനുഭവങ്ങളോ ആയിരുന്നു മരിയാസ് നോവലുകളിലൂടെ പ്രശ്‌നവത്കരിച്ചിരുന്നത്. തീര്‍ത്തും സ്വകാര്യമായ ഓര്‍മകളെ സങ്കല്‍പ്പത്തിന്റെ കണ്ണാടിയിലൂടെ നോക്കിക്കാണാനാണ് മരിയാസ് ശ്രമിക്കുന്നത്. സ്വകീയമായ ചിന്തകളെ ഫിക്ഷന്‍ രൂപത്തില്‍ ഉരുവപ്പെടുത്തുമ്പോള്‍, പരിഭാഷ എന്ന പ്രവൃത്തിയില്‍ താന്‍ നേരിട്ടിരുന്ന വെല്ലുവിളികളെ അദ്ദേഹം ശ്രദ്ധയില്‍ കൊണ്ടുവരാറുണ്ട്. പരിഭാഷകന്‍ ആയതു കൊണ്ട് തന്നെ മറ്റൊരു എഴുത്തുകാരന്‍ ഒരു പ്രത്യേക സന്ദര്‍ഭത്തെ എങ്ങനെയാണ് മനനം ചെയ്തിട്ടുള്ളതെന്നു ബോധ്യമുള്ളയാളാണ് മരിയാസ്. പരിഭാഷ എന്ന ക്രിയയ്ക്കിടയില്‍, പരിഭാഷ ചെയ്യുന്ന കൃതിയിലെ കഥാപാത്രങ്ങളുടെ മാനസിക/സാംസ്‌കാരിക ബോധമണ്ഡലത്തെ കൂടുതല്‍ സ്വാംശീകരിക്കാന്‍ മരിയാസിനെ പോലെയുള്ള ഒരു പരിഭാഷകന് സാധിച്ചിട്ടുണ്ട് എന്നതിന് അദ്ദേഹത്തിന്റെ സ്വന്തം നോവലുകള്‍ തെളിവ് തരുന്നു.  ദാമ്പത്യത്തിലെ വിശ്വാസവും വിശ്വാസതകര്‍ച്ചകളും മരിയാസിന്റെ ഇഷ്ടപ്പെട്ട വിഷയമാണ്.  'എ ഹാര്‍ട്ട് സൊ വൈറ്റ്' എന്ന നോവലില്‍ ആണ് മരിയാസ് ദമ്പതികള്‍ക്കിടയിലെ അസ്വാരസ്യങ്ങളും സംശയങ്ങളും വ്യക്തമായി അവതരിപ്പിച്ചിട്ടുള്ളത്. കേന്ദ്ര കഥാപാത്രമായ ഹുവാന്‍ വിവാഹ ദിവസം പിതാവായ റാന്‍സുമായിട്ടുള്ള സംഭാഷണ മദ്ധ്യേ അദ്ദേഹത്തിന്റെ ദാമ്പത്യബന്ധങ്ങളുടെ പരാജയങ്ങളെ കുറിച്ച് കേള്‍ക്കുന്ന രംഗത്തോടെയായിരുന്നു നോവല്‍ ആരംഭിച്ചിരിക്കുന്നത്. ദാമ്പത്യത്തിലെ താളപ്പിഴകള്‍ക്ക് ചില നേരിയ സ്വരഭേദങ്ങള്‍ മതി. അതു പോലെയാണ് പരിഭാഷയും. പരോക്ഷമായ / അപ്രധാനമായ അര്‍ത്ഥവ്യത്യാസങ്ങള്‍ വരെ മൂലഗ്രന്ഥത്തിന്റെ ഭംഗിയും താളവും ഇല്ലാതാക്കാറുണ്ട്.

ഭരണകൂടത്തിന്റെ ചെയ്തികളെ വിമര്‍ശിച്ചു കൊണ്ട് മഹാദേവ് ഓത്ധ എഴുതിയ പുസ്തകമായ 'വൊ സൊ നഹി രഹെ ഥേ' പരിഭാഷ ചെയ്യാനൊരുങ്ങിയ ഒരു പരിഭാഷകന്റെ അനുഭവങ്ങളാണ് ഇ പി ശ്രീകുമാറിന്റെ 'അക്ഷര' എന്ന കഥയുടെ പ്രമേയം. പരിഭാഷകനെയും ഭാര്യയെയും ഭരണകൂടം അക്ഷരാര്‍ത്ഥത്തില്‍ ഭയപ്പെടുത്തുന്ന കാഴ്ചയായിരുന്നു ഈ കഥയിലൂടെ അവതരിപ്പിച്ചത്. അധികൃതരുടെ കരിമ്പട്ടികയില്‍ സ്ഥാനം പിടിച്ച ഓത്ധയുടെ പുസ്തകം കഥയിലെ നായകനായ പരിഭാഷകന്‍ പരിഭാഷ ചെയ്തിരുന്നു. പരിഭാഷകന്റെ വീട്ടില്‍ ഈ പുസ്തകം തേടി വന്ന അധികാരവര്‍ഗ്ഗത്തിന്റെ ഭൃത്യന്‍മാര്‍ വീട്ടുകാരെ ഇക്കാരണം പറഞ്ഞു കൊണ്ട് വേട്ടയാടി. 'നീതി' പാലിക്കാന്‍ ബാധ്യസ്ഥരായവര്‍ അയാള്‍ക്ക് തുടര്‍ന്ന് എഴുതാന്‍ വിലക്കും കല്‍പ്പിച്ചു. ഈ സാഹചര്യത്തില്‍ പരിഭാഷകന്റെ കാഴ്ചശക്തി കുറഞ്ഞ അക്ഷര എന്ന മകള്‍ ഒട്ടും ഭയം കാണിക്കാതെ 'രാജാവ് നഗ്‌നനാണെന്ന് പറഞ്ഞതാരാണ്? എന്റെ ഡാഡിയാണോ?' എന്ന് ചോദിച്ചു കൊണ്ട് ഏവരെയും സ്തബ്ധരാക്കി. അധികാരഭ്രാന്ത് തലയ്ക്ക് പിടിച്ച ഭരണകൂടം തങ്ങളുടെ അധീശത്വം കാത്തു സൂക്ഷിക്കാന്‍ ഏതറ്റം വരെ പോകുമെന്ന് ഈ കഥ ബോധ്യപ്പെടുത്തുന്നു. പരിഭാഷ ചെയ്ത പുസ്തകം നിരോധിക്കാനുള്ള ഉത്തരവിട്ട ഭരണകൂടം അസഹിഷ്ണുതയുടെയും ഫാസിസത്തിന്റെയും പ്രതീകമായി മാറി. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ ഒരംശവും അംഗീകരിക്കാന്‍ കൂട്ടാക്കാഞ്ഞ ഭരണകൂടം പരിഭാഷകന് അറിയാവുന്ന എല്ലാ ലിപികളും നിരോധിച്ചു. കണ്ണും കാതും വിവേകവും ബുദ്ധിയുമുള്ള 'പ്രജകള്‍' വരെ ഭരണകൂടത്തിന്റെ അക്രമങ്ങള്‍ക്കെതിരെ പ്രതിരോധിക്കാന്‍ കഴിയാതെ തളരുന്ന അവസ്ഥയായിരുന്നു ഇത്. കാഴ്ചശക്തി കുറഞ്ഞ അക്ഷര ഭരണകൂടത്തിനെതിരെ പൊരുതാന്‍ വേണ്ടി ഒരു   പ്രൊഫഷണല്‍ ഷൂട്ടര്‍ ആവാന്‍ തയ്യാറായി കൊണ്ടിരിക്കുന്ന രംഗമായിരുന്നു കഥയില്‍ പിന്നീട് ഉണ്ടായിരുന്നത്. ഏതു ഭാഷയിലായാലും അക്ഷരങ്ങള്‍ വഴിയുള്ള സൃഷ്ടികള്‍ അവസാനിക്കുകയില്ലെന്നും അതിലൂടെ വികസിക്കുന്ന ആശയലോകത്തിന്റെ ഭാവി പ്രതീക്ഷ നിറഞ്ഞതുമാണെന്നും സുവ്യക്തമാണ്. കാലുഷ്യം നിറഞ്ഞ കാലത്തിന്റെ അധ്യായങ്ങളെ എഴുത്തിലൂടെ/ അക്ഷരങ്ങളിലൂടെ പ്രതിനിധാനം ചെയ്യുന്ന എഴുത്തുകാരെന്നും ഭരണകൂടത്തിന്റെ കണ്ണിലെ പ്രശ്‌നങ്ങളാണ്.  അങ്ങനെയുള്ള ഒരു ചുറ്റുപാടില്‍, ജീവിതത്തിന്റെ ദിശ നഷ്ടപ്പെട്ട അനേകരില്‍ ഒരാളായി മാറുകയാണ് ഈ കഥയിലെ പരിഭാഷകന്‍. വാക്കുകളുടെ കരുത്തിനെ പ്രതിരോധഭിത്തിയുടെ ശിലകളായി കണ്ടിരുന്ന വിറളി പിടിച്ച ഭരണകൂടം സെന്‍സറിങ്ങും നിരോധനവും കൊണ്ട് അവയെ തടയാന്‍ ശ്രമിക്കുകയാണ്. ഭാഷകള്‍ക്ക് അതീതമായി ഒരു പുസ്തകം ചര്‍ച്ച ചെയ്യുന്ന വിഷയത്തിന്റെ ഗരിമ പരിഭാഷയില്‍ ചോരാതെ അതിന്റെ കര്‍ത്തവ്യം പാലിച്ച ദൃശ്യമായിരുന്നു 'അക്ഷരയില്‍' അവതരിപ്പിച്ചിട്ടുള്ളത്.

പരിഭാഷ എന്ന പ്രക്രിയയ്ക്കിടയില്‍ സംഭവിക്കുന്ന സൂക്ഷ്മമായ ചില അനുഭവങ്ങളുടെ ആവിഷ്‌കാരമാണ് അനിത ദേശായിയുടെ നോവെല്ലയായ 'Translator Translated'-ല്‍ വിശദീകരിച്ചിരിക്കുന്നത്. പ്രേമ എന്ന അദ്ധ്യാപിക പരിഭാഷക  ആയി മാറിയതിന്റെ കഥയാണ് അനിത ദേശായി പറയുന്നത്. സുവര്‍ണാദേവി എന്ന ആരാധ്യയായ ഒറിയ എഴുത്തുകാരിയുടെ പുസ്തകം പരിഭാഷ ചെയ്യാനുള്ള അവസരം കൈവന്നതില്‍ പ്രേമ അതിയായി സന്തോഷിച്ചിരുന്നു. വിവര്‍ത്തനശ്രമത്തിനിടയില്‍ സുവര്‍ണാദേവിയുടെ ജീവിതവുമായി താദാത്മ്യം പ്രാപിക്കുന്ന അവസ്ഥയില്‍ പ്രേമ എത്തിച്ചേര്‍ന്നിരുന്നു. ആരാധനയോടെ മാത്രം സുവര്‍ണാദേവിയുടെ കൃതികളെ വായിച്ചിരുന്ന വായനക്കാരി ആയിരുന്നു പ്രേമ. എന്നാല്‍ അവ പരിഭാഷ ചെയ്യാന്‍ ആരംഭിച്ചതോടെ, വിമര്‍ശനാത്മകമായി എഴുത്തുകാരിയുടെ വാക്യങ്ങളെയും ആശയങ്ങളെയും പ്രേമ  വിശകലനം ചെയ്യാന്‍ തുടങ്ങി, വായനക്കാരിയില്‍  നിന്നും വിവര്‍ത്തകയായി പരിണാമം സംഭവിച്ച പ്രേമയുടെ വിചാരങ്ങളില്‍ സമൂലമായ പരിവര്‍ത്തനം ഉണ്ടായി. പരിഭാഷപ്പെടുത്തിയപ്പോള്‍ കൂടുതല്‍ ഉചിതമായ പദപ്രയോഗങ്ങള്‍ ചേര്‍ക്കുകയും, അനാവശ്യമായത് വെട്ടിക്കളയുകയും ചെയ്തു കൊണ്ട് എഡിറ്ററുടെ വേഷം ഏറ്റെടുക്കാനും പ്രേമ തയ്യാറായി. പക്ഷെ അതു വിപരീതഫലമായിരുന്നു ചെയ്തത്. ചില വാക്കുകളെ മാറ്റിയും ചിലത് ഒഴിവാക്കിയും ആയിരുന്നു പ്രേമ പരിഭാഷ നിര്‍വഹിച്ചത്, ഉദാഹരണത്തിന് ചുകപ്പിനെ കടുംചുകപ്പായും ദേഷ്യത്തെ ക്രോധമാക്കിയും ആണ് അവര്‍ ഉപയോഗിച്ചത്. ഇത് ചില എതിര്‍പ്പുകളെ ക്ഷണിച്ചു വരുത്തുകയും ചെയ്തു 

ഫ്രഡറിക്ക് എള്‍റിച്ച് എന്ന എഴുത്തുകാരന്റെ കഥകള്‍ തര്‍ജമ ചെയ്ത ഒരു പരിഭാഷകനെ കുറിച്ചാണ് പ്രകാശ് മാരാഹിയുടെ 'പരിഭാഷ' എന്ന കഥ. ആഖ്യാതാവ് നടത്തിയിരുന്ന പുസ്തകശാലയിലെ സന്ദര്‍ശകനായിരുന്ന പരിഭാഷകന്റെ  പേരു തന്നെ ആഖ്യാതാവ് മറന്നിരുന്നു. എഴുത്തുകാരനാണെന്നോ നല്ലൊരു വായനക്കാരനാണെന്നോ അവകാശവാദമില്ലാത്ത ഒരാളായിരുന്നു ഈ കഥയിലെ വിവര്‍ത്തകന്‍.  മലയാളത്തിന് പരിചിതരല്ലാത്ത നല്ല ചില എഴുത്തുകാരുടെ കൃതികള്‍ തേടിപ്പിടിച്ചു വായിക്കുകയും അവയില്‍ ചിലത് മലയാളത്തില്‍ അവതരിപ്പിക്കുകയും ചെയ്യുക എന്നതിലായിരുന്നു അയാളുടെ താല്പര്യം, ഒരു പരിഭാഷകനെ ആരും എഴുത്തുകാരനായി അംഗീകരിക്കുന്നില്ല  എന്ന പൊതുവെയുള്ള പരാതി അയാള്‍ക്കുമുണ്ടായിരുന്നു. പരിഭാഷ ചെയ്യുന്ന പുസ്തകത്തിന്റെ ഗുണവും പരിഭാഷയുടെ വസ്തുനിഷ്ഠതയും ഭംഗിയും അര്‍ത്ഥവിന്യാസവും കൃത്യമായ രാഷ്ട്രീയവും ചരിത്ര/ഭൂമിശാസ്ത്ര ബന്ധങ്ങളും ഒക്കെ ഇതിന്റെ ഘടകങ്ങളാണ്. എള്‍റിച്ച് എന്ന സാങ്കല്‍പ്പിക എഴുത്തുകാരന്റെ ലോകം ഇരുണ്ടതും മ്ലാനമായതും ആയിരുന്നു. അതു പോലെ തന്നെ ഒരു സാഹചര്യമായിരുന്നു പരിഭാഷകനും. എഴുത്തുകാരനും പരിഭാഷകനും തമ്മിലുള്ള ചിന്തകളുടെയും വിചാരങ്ങളുടെയും സാജാത്യത്തിനു സമാനമായ ജീവിതസാഹചര്യങ്ങളും അടിസ്ഥാനമാണ്. അതിപ്രശസ്തരായ എഴുത്തുകാരുടെ സമകാലികനായിരുന്ന എള്‍റിച്ച് കഴിവ് തെളിയിച്ചിട്ടും  അംഗീകരിക്കപ്പെട്ടിരുന്നില്ല. അത്തരമൊരു സര്‍ഗാത്മകപ്രതിഭയെ മലയാളത്തില്‍ പരിചയപ്പെടുത്തിയ പരിഭാഷകനെയും ആരുമറിഞ്ഞില്ല. എന്നാല്‍ പിന്നീട്, എള്‍റിച്ചിനെ  കുറിച്ചുള്ള വിവരങ്ങള്‍ സാഹിത്യകാരന്മാരെ പറ്റിയുള്ള നിഘണ്ടുവിലും മറ്റും പരതിയ ആഖ്യാതാവ് പരാജയപ്പെടുക്കുകയാണുണ്ടായത്. എള്‍റിച്ചിനെ പോലെ തന്നെ പരിഭാഷകനെ  സംബന്ധിച്ചും വിവരമൊന്നും ഇല്ലാതാവുകയായിരുന്നു.   എഴുത്തുകാരന്റെ രചനാലോകവുമായി പരിഭാഷകന്    ആത്മബന്ധം സ്ഥാപിക്കാന്‍ സാധിച്ചാലേ വിവര്‍ത്തനത്തിനു പൂര്‍ണത കിട്ടുകയുള്ളു. ഇങ്ങനെയൊരു ബന്ധം ഇവിടെ എള്‍റിച്ചുമായി വിവര്‍ത്തകനുണ്ടായിരുന്നു. 

 സാഹിത്യം എഴുത്തും വായനയും ആസ്വാദനവും മാത്രം അടങ്ങിയ വ്യവഹാരം ആണെന്ന് ശാഠ്യം പിടിക്കാന്‍ പറ്റില്ല. ആഗോളവത്കരണത്തിനു ശേഷമുള്ള ലോകത്തില്‍ പ്രാദേശിക ഭാഷകള്‍ക്ക് കൈവന്നിട്ടുള്ള പ്രാധാനം പ്രസക്തമാണ്. എന്നാല്‍ കൃത്യതയും ഭംഗിയുമുള്ള പരിഭാഷ കൊണ്ടേ അത്തരം ഭാഷകളില്‍ വരുന്ന കൃതികള്‍ക്ക് കൂടുതല്‍ പ്രചാരമുണ്ടാകുകയുള്ളൂ.  ഭാഷയുടെയും അനുഭവത്തിന്റെയും തലത്തില്‍  സൂക്ഷ്മമായ സംവേദനം നടന്നാലേ ഓരോ എഴുത്തും ഹൃദയത്തില്‍ സൂക്ഷിക്കാനാവൂ. പരിചിതമല്ലാത്ത ഭാഷയും സംസ്‌കാരവും തന്നിടം പോലെ സ്വന്തമാവണമെങ്കില്‍ പരിഭാഷയ്ക്ക് ലാവണ്യബോധം നിര്‍ബന്ധമാണ്. മൗലികമായ എഴുത്തിന്റെ സ്വാഭാവികത  പരിഭാഷയിലും പ്രത്യക്ഷമായാലേ ഭാഷാന്തരത്തിന്റെ ഉദ്ദേശ്യം സഫലമാവുകയുള്ളു എന്നത് തീര്‍ച്ചയാണ്.

ഭാഷയെ/ വാക്കുകളെ സ്‌നേഹിച്ചിരുന്ന 'ആലാഹയുടെ പെണ്മക്കളിലെ' ആനി വളര്‍ന്നു വലുതാവുന്നത് സാറാ ജോസഫിനെ പോലെയായിരിക്കും  എന്നു എന്ന ചിന്ത ഉരുവപ്പെടുന്നത് സ്വാഭാവികമാണ്.  അരുന്ധതി റോയിയുടെ റാഹേലും 'ഒരെഴുത്തുകാരി ആയി തന്നെയാകും വളരുക' എന്നു പറയുന്നത് പോലെ തന്നെയാണിത്. ചുരുക്കത്തില്‍, വാക്കുകള്‍ വാതായനങ്ങളാക്കി ലോകത്തെ അഭിസംബോധന ചെയ്യാന്‍ ഭാഷയുടെ തെളിച്ചമുള്ള ആത്മപ്രകാശനങ്ങള്‍ അനിവാര്യമാണ്

 

References:

1.  A Heart So White: Javier Marias: Published by Vintage International.

2.  In Other Words-Jhumpa Lahiri: Bloomsbury Publishing

3.  The artist of disappearance -Anita Desai-Random House India

4.  അക്ഷര- അധ്വാനവേട്ട എന്ന കഥാസമാഹാരം  -ഇ പി ശ്രീകുമാര്‍ -ഡി സി ബുക്ക്‌സ്

5.  പരിഭാഷ-പ്രകാശ് മാരാഹി-കലാകൗമുദി  2017 ഡിസംബര്‍ 31-2018 ജനുവരി 7 ലക്കം

Latest Videos
Follow Us:
Download App:
  • android
  • ios