വേട്ടാള: അപരിചിതദേശങ്ങള്‍ കൂടുവെച്ചൊരു മലയാളമരം

പുസ്തകപ്പുഴയില്‍ ഇന്ന് ഫര്‍സാന എഴുതിയ വേട്ടാള എന്ന കഥാസമാഹാരത്തിന്റെ വായന. നിസ അഷറഫ് എഴുതുന്നു

Book Review Vettala  a collection Malayalam short stories by Farsana

പറഞ്ഞു പഴകിയ വിഷയങ്ങള്‍ ഇതില്‍ നമുക്കേറെ കണ്ടെടുക്കാനാവില്ല. കണ്ടു മടുത്ത കഥാപാത്രങ്ങളോ ക്ലീഷേ ഡയലോഗുകളോ അധികം തൊട്ടെടുക്കാനാവില്ല. നമുക്കറിയാത്ത കരകള്‍, നമ്മള്‍ ചെന്നു ചേക്കേറാത്ത  അനുഭവക്കൂടുകള്‍, നമ്മുടെ കൈരേഖകളില്‍ ഇടം കിട്ടാത്ത പ്രവചനങ്ങള്‍, സ്വന്തം അനുഭവരാശികളിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ എളുപ്പമല്ലാത്ത ഭിന്ന സാംസ്‌കാരികാനുഭവങ്ങള്‍; 'വേട്ടാള' മലയാളത്തിന് അപരിചിതമായ ലോകങ്ങളെ വായനയിലേക്ക് കൂട്ടിക്കൊണ്ടുവരുന്നു.

 

Book Review Vettala  a collection Malayalam short stories by Farsana

 

രാജ്യങ്ങളും ഭൂഖണ്ഡങ്ങളും മാറുമ്പോഴും, സംസ്‌കാരങ്ങളും അഭിരുചികളും വ്യത്യസ്തമാവുമ്പോഴും, അതിര്‍ത്തികള്‍ ഗൗനിക്കാതെ, അകംപുറം മാറാതെ നില്‍ക്കുന്ന ചിലത് മനുഷ്യ ജീവിതങ്ങളില്‍ പൊതുവായുണ്ട്. കാല-ദേശങ്ങള്‍ ഏതായാലും ഒരേ വഴിയിലുള്ള സഞ്ചാരങ്ങള്‍. അവരവര്‍ ജീവിക്കുന്ന മാനസികലോകങ്ങള്‍, സൂക്ഷ്മ വൈയക്തിക ഭാവങ്ങള്‍, വൈകാരികധാരകള്‍. ഇവയിലെല്ലാം അടിനൂലായി കിടക്കുന്ന ഗാഢമായ സാമ്യതകളും സാദൃശ്യങ്ങളും 

എന്നാല്‍, ഒരേ പോലല്ല മനുഷ്യജീവിതങ്ങളൊന്നും. സമയകാലങ്ങള്‍ക്കനുസരിച്ച്, ഓരോരുത്തരും അവരവരുടേതായ ലോകങ്ങളില്‍ വസിക്കുന്നു. അടിസ്ഥാന വൈകാരിക പരിസരങ്ങള്‍ ഒരേ പോലിരിക്കുമ്പോഴും, രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹ്യ അവസ്ഥകള്‍ മനുഷ്യരെ അടിമുടി വ്യത്യസ്തമായി നിലനിര്‍ത്തുന്നു. സാഹചര്യങ്ങള്‍ ജീവിതത്തിന്റെ ജാതകമെഴുതുന്നു. വൈയക്തികതയുടെ ഗ്രാഫുകള്‍ അത് മാറ്റിവരയ്ക്കുന്നു.

ഇങ്ങനെ, സാമ്യതകള്‍ക്കും വ്യത്യസ്തതകള്‍ക്കുമിടയില്‍ ഉഴറുന്ന മാനുഷികാവസ്ഥകളുടെ കൂട്ടെഴുത്താണ് ഒറ്റവായനയില്‍ ഫര്‍സാന എഴുതിയ 'വേട്ടാള' എന്ന കഥാസമാഹാരം. അനേകം സാംസ്‌കാരികാനുഭവങ്ങളുടെ ചേര്‍ന്നിരിപ്പാണ് ഈ കഥകളിലേറെയും. അതേ സമയം, ഭിന്നജീവിതങ്ങളുടെ മൂശയില്‍ ചുട്ടെടുക്കപ്പെട്ട ജീവിതാവസ്ഥകളുടെ കാലിഡോസ്‌കോപ്പായും അതു മാറുന്നു.

വൈകാരികതയുടെ തുറസ്സുകള്‍

വൈകാരിക സമ്മേളനാലയങ്ങളാണല്ലോ മനുഷ്യമനസ്സുകള്‍. അതില്‍, അവരവരിലേക്ക് തന്നെ തുറന്നിട്ടിരിക്കുന്ന തുരങ്കങ്ങളുണ്ട്. ഭൂതകാലത്തിന്റെ വടുക്കള്‍ വേട്ടയാടുന്ന കാര്‍ലോസിന്റെയും സെബാന്റെയും ജീവിതങ്ങളിലാണ് 'തുരങ്കം' എന്ന കഥയുടെ നില്‍പ്പ്. മനസ്സിന്റെ നിഗൂഢതകളെ പ്രവചിക്കാനോ ഊഹിക്കാനോ കഴിയുക അസാധ്യം. കാര്‍ലോസും സെബാനും തമ്മിലുള്ള ബന്ധത്തിന്റെ പൊരുള്‍, അവര്‍ക്കിടയിലെ മനോവ്യാപാരങ്ങള്‍ -ഇവയറിയാന്‍ ആദ്യാവസാനം സഞ്ചരിക്കേണ്ടതുണ്ട്. വായനയ്ക്കിടെ നമ്മള്‍ സ്വന്തം മനസ്സിലൂടെയൊരു തുരങ്കം വെട്ടിയേക്കാം. ഇരുളടഞ്ഞ ഒരു ചെറിയ ഭാഗമെങ്കിലും പ്രതീക്ഷിക്കുകയും ചെയ്‌തേക്കാം.

'പാവക്കൂത്ത്' എന്ന കഥയുടെ കേന്ദ്രം ഫിലിപ്പിന്റെ ഡയറിക്കുറിപ്പുകളാണ്. അതുവഴിയാണ് അയാളുടെ ജീവിതത്തിലെ പല ഏടുകളും മറിയുന്നത്. മക്കളില്ലാത്ത ലിസിയും ഫിലിപ്പും പരസ്പരം കുഞ്ഞുങ്ങളായി. പരസ്പരം സ്‌നേഹിച്ചു. എങ്കിലും അവര്‍ക്കിടയില്‍ ദുരൂഹമായി തുടര്‍ന്ന ചിലത്, ഫിലിപ്പിന്റെ ദുരൂഹമായ തിരോധാനത്തിന് ശേഷം ലിസി കണ്ടെത്തുകയാണ്. അവയെല്ലാം അവള്‍ സ്വന്തം ജീവിതം കൊണ്ട ആരാഞ്ഞുകൊണ്ടിരുന്ന ചില ഉത്തരങ്ങളായിരുന്നു.

 

Book Review Vettala  a collection Malayalam short stories by Farsana

 

പെണ്‍മയുടെ ആഴക്കലക്കങ്ങള്‍

ആസന്ന മരണത്തിന്റെ മണം പിടിക്കാനായുന്ന ഇഫ്‌രീത്തെന്ന പെണ്‍ജിന്നിലെ നായികയും, ഒരു വേട്ടാളന്‍ കൂട് വെയ്ക്കുന്നതുപോലെ പ്രണയ സാക്ഷാത്കാരത്തിന് സ്വയം പരുവപ്പെടുത്തുന്ന സുസ്‌നയും, ബുദ്ധിയുറക്കാത്ത മകള്‍ക്ക് പ്രാര്‍ത്ഥനയിലൂടെ ഫലം കിട്ടുമെന്നോര്‍ത്ത് ആകാശവണ്ടിയേറി മക്കയിലേക്ക് പോയ ഹൈറുമ്മയും ഭര്‍ത്താവിന്റെ അപ്രതീക്ഷിത തിരോധാനത്തിനു പിന്നിലെ കാരണമന്വേഷിച്ചു പോയ ലിസിയും പെണ്‍മയുടെ ആഴക്കലക്കങ്ങള്‍ സ്വയം കൊണ്ടുനടക്കുന്ന കഥാപാത്രങ്ങളാണ്.

വിശ്വാസം ഒരു പാലമാണ്. ജീവിതത്തിന്റെ ദുര്‍ഘട നേരങ്ങളെ മറികടക്കാന്‍ മനുഷ്യര്‍ ഏറ്റവും സ്വാഭാവികമായി ചെന്നു കയറുന്ന പാലം. അത്തരം ഒരു പാലമായിരുന്നു ഹൈറുമ്മായ്ക്ക് 'ആകാശവണ്ടി.' ഹൈറുമ്മായുടെ ആദ്യ വിമാനയാത്ര. അതും വിശുദ്ധഗേഹമായ മക്കയിലേക്ക്. വിശ്വാസത്തിന്റെ പാരമ്യത്തിലായിട്ടും അതിന്റെ ഫലം ഹൈറുമ്മയുടെ ബുദ്ധിയുറയ്ക്കാത്ത മകള്‍ക്ക് കിട്ടാതെ പോയത് എന്തുകൊണ്ടാണ്? യുക്തിക്കും വിശ്വാസത്തിനും ഇടയില്‍ വര്‍ത്തിക്കുന്ന ബലതന്ത്രങ്ങള്‍ എന്തൊക്കെയാണ്?
ഈ കഥ സന്ദേഹത്തിന്റെ പാലമേറുന്നത് ഈ വഴിക്കാണ്.

'വേട്ടാള' എന്ന കഥയില്‍ പ്രണയമൊരു വെളിപാടാണ്. ഒരു വേട്ടാളന്‍ കൂടു വയ്ക്കുന്നതുപോലാണ് സുസ്ന തന്റെ പ്രണയസാക്ഷാത്ക്കാരത്തിന് സ്വയം പരുവപ്പെടുത്തിയത് ലോകം അവരവരിലേക്ക് ചുരുങ്ങിപ്പോയ കോവിഡ് കാലത്ത് മനസ്സുകള്‍ തമ്മിലുള്ള അടുപ്പമില്ലാതാക്കാന്‍ അതൊന്നും ഒരു കാരണമായില്ല. സാഹചര്യങ്ങള്‍ക്കനുസരിച്ചു അലകുംപിടിയും മാറുന്ന മനുഷ്യരുടെ വൈകാരിക സംഘര്‍ഷങ്ങള്‍ ആഴത്തില്‍ കൊത്തിവെച്ചിട്ടുണ്ട് ഈ കഥയില്‍. വേട്ടാളനെന്ന പുല്ലിംഗത്തിന് വേട്ടാള എന്ന സ്ത്രീനാമം കൊടുത്തിരിക്കുന്നത് മറ്റൊരു കൗതുകമാണ്.

 

Also Read: എല്‍മയുടെ സ്‌നേഹത്തെ, പ്രണയത്തെ ഇങ്ങനെയല്ലാതെ മറ്റെങ്ങനെയാണ് അടയാളപ്പെടുത്തുക?

Book Review Vettala  a collection Malayalam short stories by Farsana

 

പ്രണയത്തിന്റെ തീര്‍പ്പുകള്‍, സന്ദേഹങ്ങള്‍

പ്രണയത്തിന്റെ ഭിന്ന ഭാവങ്ങള്‍ ഈ സമാഹാരത്തിലെ കഥകളില്‍, സായാഹ്‌ന വെയില്‍പോലെ വീണുകിടക്കുന്നുണ്ട്. പ്രണയാനന്ദങ്ങള്‍, സംഘര്‍ഷങ്ങള്‍, മുറിവുകള്‍, നോവുകള്‍, തിരസ്‌കാരങ്ങള്‍, പ്രണയപരിത്യാഗങ്ങള്‍...

രാജ്യസ്‌നേഹത്തിനും പ്രണയത്തിനും ഇടയില്‍ പെട്ടുപോകുന്ന ഒരാളാണ് 'ചെന്താരകമെന്ന' കഥയിലെ മുത്തച്ഛന്‍. തന്റെ പ്രണയനഷ്ടത്തില്‍ അദ്ദേഹം ഒരായുഷ്‌കാലം ഉരുകിത്തീരുന്നു. വിപ്ലവത്തിനും പ്രണയത്തിനുമിടയില്‍ വീതംവെയ്ക്കപ്പെടുന്ന ഒരു പുരുഷന്റെ നിസ്സഹായത! പ്രണയിനിയുടെ ജീവന്‍ നഷ്ടമായിട്ടും അവളിടങ്ങളിലേക്ക് അയാള്‍ മടങ്ങുന്നു.

ഒരു തീനാളത്തില്‍ നിന്ന് രണ്ടായി പിരിഞ്ഞ് ഒടുക്കം ഒന്നായി മാറി പരസ്പരം പടര്‍ന്നുപിടിക്കുന്നവരാണ് 'ഇരട്ടനാളങ്ങള്‍' എന്ന കഥയില്‍. 'അത് വെറും അഗ്‌നിനാളങ്ങളല്ല, ആത്മാവിന്റെ മറുപാതി തന്നെയാണ്.' ഞാനും നീയും തമ്മിലലിഞ്ഞ് നാമാകുന്ന നിമിഷങ്ങള്‍. പറയാതെയും കേള്‍ക്കാതെയും പരസ്പരം അറിയാനാകുമെന്ന സാക്ഷ്യം. പ്രണയ ഭാഷ്യങ്ങളുടെ ഹൃദ്യത.

അതീതലോകങ്ങളിലേക്കുള്ള വാതിലാണ് 'ഇഫ്രീത്തെന്ന പെണ്‍ജിന്ന്' എന്ന കഥ. സ്വന്തം തോന്നലുകളില്‍ അഭിരമിക്കാതെ, കാല്‍പനികതയുടെ വര്‍ണ്ണനദിയില്‍ മുങ്ങിനിവരാതെ ഒരു സ്ത്രീക്കും പ്രണയത്തില്‍ അഴിഞ്ഞുലയാനാവില്ല. ഇഫ്‌രീത്തെന്നെ പെണ്‍ജിന്നിന്റെ കഥ ഊന്നുന്നത് ഈ ആംഗിളിലാണ്. അമ്മാമ്മയുടെ മരണശേഷം വീട്ടിലേക്ക് വന്ന അപ്പാപ്പന്‍, ഒരു ഇന്ദ്രജാലക്കാരനെ പോലെ സമ്മാനിയ്ക്കുന്ന സിദ്ധികളാണ് അവളെ മാറ്റിമറിക്കുന്നത്. ആ പ്രക്രിയ അവളുടെ ജീവിതത്തെ ഉടച്ചുവാര്‍ക്കുന്നു. ആസന്ന മരണത്തിന്റെ ഗന്ധം തിരിച്ചറിയാനുള്ള സവിശേഷത അവളെ പലപ്പോഴും സംഘര്‍ഷങ്ങളിലേക്ക് നാടുകടത്തുന്നു. പ്രണയത്തില്‍പ്പോലും അതവളെ വന്ന് കൊത്തുന്നു.

മാംസനിബദ്ധമല്ലാത്ത രാഗത്തെ തേടുന്നതാണ് 'ഒപ്പീസ്' എന്ന കഥ. ജോസഫിന്റെയും മീനമ്മയുടെയും ജീവിതമാണത്. പ്രണയ സാക്ഷാത്ക്കാരം ഉണ്ടായെങ്കിലും വിധി അവര്‍ക്ക് പ്രതികൂലമായിരുന്നു. മീനമ്മയുടെ അന്ത്യയാത്രയില്‍ ഒപ്പീസ് ചൊല്ലി പിരിയാന്‍ നേരമുള്ള ജോസഫിന്റെ മനസ്സ് പ്രണയം ഉഴുതുമറിച്ച പാടമല്ലാതെ മറ്റൊന്നുമല്ല.

ചൈനീസ് തെരുവുകള്‍, ഇരുള്‍ വഴികള്‍

സമാഹാരത്തിലെ ചില കഥകളുടെ ആകാശം ചൈനയാണ്. അവിടുത്തെ മനുഷ്യരും സംസ്‌കാരവും പൈതൃകവും ജീവിതരീതികളും കഥയുടെ പശ്ചാത്തലവും ജീവനുമായി തൂവിക്കിടക്കുന്നുണ്ട്. 'ച്യേ' യും, 'ചൈനീസ് ബാര്‍ബിക്യു'വും 'ഒരു ചൈനീസ് തെരുവു'മൊക്കെ അപരിചിത ദേശങ്ങളുടെ അസാധാരണ വഴികള്‍ തുറന്നിടുന്നു.

'ഒരു ചൈനീസ് തെരുവ്' എന്ന കഥയില്‍, ഭ്രമാത്മകമാണ് പ്രണയം. കഥയുടെ കാഴ്ചക്കൂട്ടൊരുക്കുന്നതില്‍, പ്രകൃതിയെയും ചുറ്റുപാടുകളെയും കഥയിലേക്ക് സന്നിവേശിപ്പിക്കുന്നതില്‍ അസാധാരണമായ കൈത്തഴക്കം കാണിക്കുന്നുണ്ട് എഴുത്തുകാരി. ദൃശ്യപരതയാണ് ഇതിന്റെ ശക്തി. വിധവയായ ചെങ്ഷിയുടെ മനോവ്യാപാരങ്ങളെ അതിസൂക്ഷ്മമായി അത് പിന്തുടരുന്നു. ജിയാലിങ്ങുമായുള്ള അവളുടെ പ്രണയത്തിന്റെ പരിസമാപ്തിയിലേക്ക് വായനക്കാരെ അതു കൂട്ടിക്കൊണ്ടുപോവുന്നു. ആ തിടുക്കത്തിനൊടുവില്‍, യാതൊരു മുന്‍സൂചനകളുമില്ലാതെ, അവളുടെ പ്രണയത്തിന്റെ, കാത്തിരിപ്പിന്റെ, ആസക്തികളുടെ ഉടയാടകള്‍ അഴിഞ്ഞു വീണുപോകുന്നു.

ചൈനീസ് സംസ്‌കാരത്തിന്റ ഇരുണ്ട വഴികളിലൂടെയാണ് 'ച്യേ' എന്ന കഥ സഞ്ചരിക്കുന്നത്. കൊച്ചു വാങ് ലങിന് തന്റെ അമ്മയുടെ ചില നേരത്തെ അവഗണനകള്‍ താങ്ങാനാവുന്നതായിരുന്നില്ല. ഒന്നിടവിട്ട മാസങ്ങളില്‍ മുപ്പത് ദിവസങ്ങള്‍ അങ്കിള്‍ സൂവിനൊപ്പം ഔട്ട്ഹൗസില്‍ താമസിക്കുമ്പോള്‍ അവന്‍ തീര്‍ത്തും അനാഥനാകും. ആ സമയങ്ങളില്‍ അമ്മ അവനെ ഒട്ടും ഗൗനിക്കില്ല. ചിങ് രാജവാഴ്ച കാലത്ത് ചക്രവര്‍ത്തിമാരെ സന്തോഷിപ്പിക്കാന്‍ വിധിക്കപ്പെട്ട അതീവ സുന്ദരികളായിരുന്നു 'ച്യേ'കള്‍. അമ്മയും അങ്ങനെയൊരു 'ച്യേ' ആയിരുന്നു എന്നറിഞ്ഞപ്പോള്‍ അത് ആ പന്ത്രണ്ടുകാരന് താങ്ങാന്‍ കഴിയുമായിരുന്നില്ല. നമ്മുടെ നാട്ടിലെ 'ദേവദാസി' സമ്പ്രദായത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ കഥ.

 

Book Review Vettala  a collection Malayalam short stories by Farsana

അറിയാത്ത കരകള്‍, ചേക്കേറാത്ത കൂടുകള്‍

പറഞ്ഞു പഴകിയ വിഷയങ്ങള്‍ ഇതില്‍ നമുക്കേറെ കണ്ടെടുക്കാനാവില്ല. കണ്ടു മടുത്ത കഥാപാത്രങ്ങളോ ക്ലീഷേ ഡയലോഗുകളോ അധികം തൊട്ടെടുക്കാനാവില്ല. നമുക്കറിയാത്ത കരകള്‍, നമ്മള്‍ ചെന്നു ചേക്കേറാത്ത  അനുഭവക്കൂടുകള്‍, നമ്മുടെ കൈരേഖകളില്‍ ഇടം കിട്ടാത്ത പ്രവചനങ്ങള്‍, സ്വന്തം അനുഭവരാശികളിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ എളുപ്പമല്ലാത്ത ഭിന്ന സാംസ്‌കാരികാനുഭവങ്ങള്‍; 'വേട്ടാള' മലയാളത്തിന് അപരിചിതമായ ലോകങ്ങളെ വായനയിലേക്ക് കൂട്ടിക്കൊണ്ടുവരുന്നു. പല ദേശങ്ങള്‍, പല സംസ്‌കാരങ്ങള്‍, വ്യത്യസ്ത ജീവിതരീതികള്‍- ഇവയെല്ലാം മനോഹരമായി വിതാനിച്ചിരിക്കുന്നു ഈ കഥകളില്‍.

ഭാഷയിലും ക്രാഫ്റ്റിലും കാണിക്കുന്ന സൂക്ഷ്മതയാണ് ഈ സമാഹാരത്തില്‍ എഴുന്നുനില്‍ക്കുന്ന ഭാവം. അതില്‍, സ്വയം പുതുക്കാന്‍ സദാ കണ്‍തുറന്നിരിക്കുന്ന ഒരെഴുത്തുകാരിയുടെ നിതാന്ത ജാഗ്രതയുണ്ട്. അനാവശ്യമായ ഒരു വാക്കുപോലുമില്ലാതാക്കാന്‍ പുലര്‍ത്തുന്ന സൂക്ഷ്മപരിചരണ രീതികളുണ്ട്. ഉള്ളില്‍ ആഞ്ഞുതറയ്ക്കുംവിധം ആറ്റിക്കുറുക്കിയെടുത്ത ഭാഷയുടെ മാന്ത്രികതയുണ്ട്. കഥാപാത്രങ്ങളെ മാത്രമെടുത്താല്‍ മനസ്സിലാവും അത്. അവരുടെ മനസ്സാഴങ്ങളില്‍, സദാ ഒരു സൈക്കോ അനലിസ്റ്റിനെപ്പോലെ ഇറങ്ങിച്ചെല്ലുന്നുണ്ട്, എഴുത്തുകാരി.

 

Latest Videos
Follow Us:
Download App:
  • android
  • ios