കാല്‍ച്ചങ്ങലകളിട്ട് ആശുപത്രിക്കിടക്കയില്‍, പ്രമുഖ ഇറാന്‍ ചലച്ചിത്രകാരന്‍ യാത്രയായി

 ഇതിനിടെ കാല്‍ച്ചങ്ങലകളിട്ട് ആശുപത്രിക്കിടക്കയില്‍ കിടന്ന് പുസ്തകം വായിക്കുന്ന അബ്ദിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ചികില്‍സകള്‍ നല്‍കിയെങ്കിലും അബ്ദിന്റെ ജീവന്‍ രക്ഷിക്കാനായില്ലെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സി ഇസ്‌നയാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. 

Baktash Abtin  dissident Iranian poet  dies of Covid

സര്‍ക്കാര്‍ വിരുദ്ധനെന്ന് ആരോപിച്ച് ഇറാന്‍ ഭരണകൂടം കാല്‍ച്ചങ്ങലകളിട്ട് ജയിലിലടച്ച പ്രമുഖ ചലച്ചിത്രകാരനും ലോകപ്രശസ്തനായ കവിയുമായ ബക്താഷ് അബ്ദിന്‍ (48) കൊവിഡ് ബാധിച്ച് മരിച്ച സംഭവത്തിന് ഉത്തരവാദികള്‍ ഭരണകൂടമാണെന്ന് മനുഷ്യാവകാശ സംഘടനകള്‍. കൊവിഡ് മരണം സ്വാഭാവികമാണെന്നും എന്നാല്‍,
 ബക്താഷ് അബ്ദിന്റെ മരണം, സര്‍ക്കാറിന്റെ ക്രൂരമായ  സമീപനം മൂലം സംഭവിച്ചതാണെന്നും പെന്‍ അമേരിക്ക പ്രസ്താവനയില്‍ അറിയിച്ചു. 

ജയിലിലായിരിക്കെ നേരത്തെ കൊവിഡ് ബാധിച്ച് ഭേദമായിരുന്ന ഇദ്ദേഹത്തിന് വീണ്ടും കൊവിഡ് ബാധിക്കുകയായിരുന്നു. ഇദ്ദേഹത്തെ ഉടനടി ആശുപത്രിയിലാക്കണമെന്നാവശ്യപ്പെട്ട് 18 സംഘടനകള്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇക്ക് തുറന്ന കത്തെഴുതിയതിനെ തുടര്‍ന്ന് പരോള്‍ അനുവദിച്ച് സ്വകാര്യ ആശുപത്രിയിലാക്കിയിരുന്നു. ഇതിനിടെ കാല്‍ച്ചങ്ങലകളിട്ട് ആശുപത്രിക്കിടക്കയില്‍ കിടന്ന് പുസ്തകം വായിക്കുന്ന അബ്ദിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ചികില്‍സകള്‍ നല്‍കിയെങ്കിലും അബ്ദിന്റെ ജീവന്‍ രക്ഷിക്കാനായില്ലെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സി ഇസ്‌നയാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. 

 

 

1974-ല്‍ ജനിച്ച അബ്ദിന്‍ എഴുത്തുകാരനെന്ന നിലയിലാണ് ആദ്യം ശ്രദ്ധേയനായത്. ഹൈസ്‌കൂള്‍ കാലത്തു തന്നെ കവിതകള്‍ എഴുതിത്തുടങ്ങിയിരുന്ന അദ്ദേഹം മൂന്ന് കവിതാ സമാഹാരങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ഈ കവിതകള്‍ ഇറാനിയന്‍ സമൂഹത്തിന്റെ സൂക്ഷ്മമായ ഭാവങ്ങള്‍ ഒപ്പിയെടുത്തവയാണ്. ഇറാന്‍ സംസ്‌കാരം, രാഷ്ട്രീയം, ജനാധിപത്യം എന്നീ വിഷയങ്ങളില്‍ നിരന്തരം എഴുതിപ്പോന്നിരുന്ന ഇദ്ദേഹം ശ്രദ്ധേയനായ നിരൂപകനുമായിരുന്നു. 

2005-ല്‍ സൂര്യ ഗ്രഹണം എന്ന രാഷ്ട്രീയ ഡോക്യുമെന്ററിയിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് പ്രവേശിച്ചത്. തുടര്‍ന്ന് ആറ് സിനിമകള്‍ സംവിധാനം ചെയ്തു. ചില സിനിമകള്‍ക്ക് തിരക്കഥയുമെഴുതി. ദ് സാന്‍ഡ് ജാര്‍, ദ് സ്‌ലീപ് പെനട്രേഷന്‍, മില്‍ക്ക, ദ് നിയര്‍ ഡ്രീം, പാര്‍ക്ക് മാര്‍ക്ക്, മോറി വാന്റ്‌സ് എ വൈഫ് എന്നീ സിനിമകളാണ് അദ്ദേഹത്ത ശ്രദ്ധേയനാക്കിയത്. ഇറാനിയന്‍ റൈറ്റേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ആയിരുന്ന അബ്ദിന്‍ പിന്നീട്, സാമൂഹ്യ രംഗത്തും സജീവമായിരുന്നു.  ഇറാന്‍ ഭരണകൂടത്തിനാല്‍ വധിക്കപ്പെട്ട എഴുത്തുകാരുടെ ഓര്‍മ്മദിനാചരണത്തിനെ തുടര്‍ന്നാണ് ഇദ്ദേഹം അറസ്റ്റിലായത്. രാഷ്ട്രത്തിനെതിരെ പ്രചാരണം നടത്തുന്നു, സര്‍ക്കാര്‍ വിരുദ്ധ പ്രചാരണം നടത്തുന്നു എന്നിങ്ങനെ കുറ്റങ്ങളാണ് അബ്ദിനെതിരെ ചുമത്തിയത്. തെഹ്‌റാനിലെ ഒരു കോടതി തുടര്‍ന്ന് 2019-ല്‍ ഇദ്ദേഹത്തെ ആറു വര്‍ഷം തടവിനു ശിക്ഷിച്ചു. 

 

Baktash Abtin  dissident Iranian poet  dies of Covid

 

നേരാംവണ്ണം വിചാരണ നടത്താതെയാണ്, സാംസ്‌കാരിക പ്രവര്‍ത്തകരെ ഇറാന്‍ ഭരണകൂടം ജയിലിലടക്കുന്നതെന്ന് ആരോപണം നിലവിലുണ്ട്.  നീതിപൂര്‍വ്വമായ വിചാരണ ആവശ്യപ്പെട്ട് ജയിലില്‍ വര്‍ഷത്തിലേറെ നിരാഹാരം കിടന്നിരുന്ന ദില്‍ കിയാന്‍പോര്‍ എന്ന എഴുത്തുകാരന്‍ മരിച്ചതിന് തൊട്ടുപിന്നാലെയാണ്, അബ്ദിന്റെയും മരണം. ജയിലില്‍ അതിക്രൂരമായാണ് അബ്ദിനെ കൈകാര്യം ചെയ്യുന്നതെന്ന് മനുഷ്യാവകാശ സംഘടനകള്‍ നേരത്തെ ആരോപിച്ചിരുന്നു. 

കൊവിഡ് ബാധിച്ചിട്ടും ആശുപത്രിയില്‍ കൊണ്ടുപോവാത്ത അധികൃതരുടെ നടപടിക്കെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു. രണ്ടാം തവണ കൊവിഡ് ബാധിതനായതിനെ തുടര്‍ന്ന് ഒന്നര മാസത്തോളം ജയിലില്‍ തന്നെ കഴിഞ്ഞ അബ്ദിന്റെ നില മോശമായതായി കുടുംബം ആരോപിച്ചിരുന്നു. തുടര്‍ന്ന്, പെന്‍ അമേരിക്ക അടക്കം 18 സംഘടനകള്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇക്ക് തുറന്ന കത്തെഴുതിയിരുന്നു. അതിനെ തുടര്‍ന്നാണ് ഡിസംബര്‍ അവസാനം തെഹ്‌റാനിലെ ഒരാശുപത്രിയിലേക്ക് ഇദ്ദേഹത്തെ മാറ്റിയത്. എന്നാല്‍, അധികം വൈകാതെ ഇദ്ദേഹം കോമയിലായി. തുടര്‍ന്നായിരുന്നു അന്ത്യം. 

ഇറാന്‍ ജയില്‍ അധികൃതരുടെ ക്രൂരമായ നടപടികളും വേണ്ട സമയത്ത് ചികില്‍സ നല്‍കാത്തതുമാണ് അബ്ദിെന്റെ മരണത്തിന് കാരണമായെതന്ന്് മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചു. എന്നാല്‍, ഈ ആരോപണങ്ങള്‍ ഇറാന്‍ സര്‍ക്കാര്‍ നിഷേധിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios