ലോകത്തിലെ ഏറ്റവും സന്തോഷമുള്ള 20 രാജ്യങ്ങളിതാ... സന്തോഷത്തിന്‍റെ രഹസ്യമെന്ത്? ഇന്ത്യ എന്തുകൊണ്ട് പിന്നിൽ?
സന്തോഷമുള്ള രാജ്യങ്ങളെ കണ്ടെത്തുന്നത് എങ്ങനെ? എന്താണ് പട്ടികയുടെ മാനദണ്ഡം? ചില രാജ്യങ്ങളുടെ സന്തോഷത്തിന്‍റെ രഹസ്യമെന്ത്?
ജീവിതത്തില്‍ സന്തോഷം ആഗ്രഹിക്കാത്ത ആരാണുള്ളത്? എന്നാല്‍ ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിലെ ഇന്ത്യയുടെ സ്ഥാനം അത്ര സന്തോഷം തരുന്നതല്ല. 2023ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് അനുസരിച്ച്, മുന്‍ വര്‍ഷങ്ങളിലെ പോലെ ഫിന്‍ലാന്‍ഡ് ആണ് ഒന്നാമത്. 146 രാജ്യങ്ങളുടെ പട്ടികയില്‍ 126 ആണ് ഇന്ത്യയുടെ സ്ഥാനം.
ലോകത്തിലെ ഏറ്റവും സന്തോഷമുള്ള 20 രാജ്യങ്ങൾ ഇതാ
1 ഫിൻലാൻഡ്- 7.804 (ഹാപ്പിനെസ് സ്കോര്‍)
2 ഡെന്മാർക്ക്- 7.586
3 ഐസ്ലാൻഡ്- 7.530
4 ഇസ്രയേൽ- 7.473
5 നെതർലാൻഡ്സ്- 7.403
6 സ്വീഡൻ- 7.395
7 നോർവേ- 7.315
8 സ്വിറ്റ്സർലൻഡ്- 7.240
9 ലക്സംബർഗ്- 7.228
10 ന്യൂസിലാൻഡ്- 7.123
11 ഓസ്ട്രിയ- 7.097
12 ഓസ്ട്രേലിയ- 7.095
13 കാനഡ- 6.961
14 അയർലൻഡ്- 6.911
15 യുണൈറ്റഡ് സ്റ്റേറ്റ്സ്- 6.894
16 ജർമ്മനി- 6.892
17 ബെൽജിയം- 6.859
18 ചെക്കിയ- 6.845
19 യുകെ- 6.796
20 ലിത്വാനിയ- 6.763
സന്തോഷ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം
വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് അനുസരിച്ച് 146 രാജ്യങ്ങളിൽ ഇന്ത്യ നിലവിൽ 126 ആം സ്ഥാനത്താണ്. അയല്‍രാജ്യങ്ങളായ നേപ്പാൾ, ബംഗ്ലാദേശ്, ചൈന എന്നിവയേക്കാള്‍ താഴെയാണ് ഇന്ത്യയുടെ സ്ഥാനം. കോവിഡ് മഹാമാരിക്കു ശേഷം ഇന്ത്യക്കാരില്‍ മാനസിക സംഘര്‍ഷങ്ങള്‍ വര്‍ധിച്ചു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
സന്തോഷ പട്ടികയുടെ മാനദണ്ഡമെന്ത്?
ഐക്യരാഷ്ട്രസഭയുടെ ആഗോള സംരംഭമായ സസ്റ്റെയിനബിള്‍ ഡവലപ്മെന്‍റ് സൊല്യൂഷൻസ് നെറ്റ്‌വർക്കാണ് എല്ലാ വര്‍ഷവും പട്ടിക പ്രസിദ്ധീകരിക്കാറുള്ളത്. ഗാലപ്പ് ഇൻക് എന്ന കമ്പനി ആഗോള സർവേ നടത്തിയാണ് റാങ്കിടാറുള്ളത്. ജീവിതത്തെ ഒരു ഗോവണിയായി കരുതി 0 മുതല്‍ 10 വരെയുള്ള പടവുകളില്‍ എവിടെയാണ് സ്വന്തം ജീവിതമെന്ന് മാര്‍ക്ക് ചെയ്യാന്‍ വ്യക്തികളോട് ആവശ്യപ്പെടുന്നു. തൊഴിലില്ലായ്മയും അസമത്വവും പോലെയുള്ള ചില ഘടകങ്ങള്‍ താരതമ്യം സാധ്യമല്ലാത്തതിനാല്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സാമ്പത്തിക ശാസ്ത്രം, മനഃശാസ്ത്രം, സർവേ വിശകലനം, ദേശീയ സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങിയ മേഖലകളിലെ വിദഗ്ധരാണ് സര്‍വേയിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ വിശകലനം ചെയ്ത് പട്ടിക തയ്യാറാക്കുന്നത്.
എന്തുകൊണ്ടാണ് ചില രാജ്യങ്ങള്‍ എന്നും മുന്നില്‍? സന്തോഷത്തിന്‍റെ രഹസ്യമെന്ത്?
ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങൾക്ക് ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസ മേഖല, തൊഴിലില്ലായ്മ ആനുകൂല്യങ്ങൾ എന്നിങ്ങനെ ശക്തമായ സോഷ്യല്‍ സപ്പോര്‍ട്ട് സംവിധാനമുണ്ട്. അതുകൊണ്ട് പൗരന്മാർക്ക് ജീവിതത്തിലെ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടാൻ കഴിയുന്നു
അനുഭവിക്കുന്ന സ്വാതന്ത്ര്യവും സര്‍ക്കാരിലും സഹജീവികളിലുമുള്ള വിശ്വാസവും വ്യക്തികള്‍ക്ക് സുരക്ഷിതത്വവും ക്ഷേമവും നല്‍കുന്നു
ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളിൽ ഭൂരിഭാഗവും തൊഴിൽ - ജീവിത സന്തുലിതാവസ്ഥയ്ക്ക് മുൻഗണന നൽകുന്നു. ദൈര്‍ഘ്യമില്ലാത്ത ജോലി സമയം, ദൈർഘ്യമേറിയ ശമ്പളത്തോടെയുള്ള അവധികൾ, കുടുംബ സൗഹൃദ നയങ്ങൾ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു
മനോഹരമായ പ്രകൃതിയും പ്രകൃതി ദൃശ്യങ്ങളും അത്തരം അന്തരീക്ഷത്തില്‍ സമയം ചെലവഴിക്കുന്നതും സന്തോഷം നല്‍കുന്നു.
കുറഞ്ഞ വരുമാന അസമത്വവും കൂടിയ സാമൂഹ്യ സമത്വവും വ്യക്തികള്‍ക്ക് സന്തോഷം നല്‍കുന്നു
കോംഗോ, സിംബാബ്‌വെ, സീറ ലിയോൺ, ലെബനൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളാണ് ഏറ്റവും പിന്നില്‍. ദീർഘകാല സംഘർഷങ്ങൾ, ആഭ്യന്തര യുദ്ധങ്ങൾ, രാഷ്ട്രീയ അസ്ഥിരത എന്നിവയാൽ വലയുന്ന രാജ്യങ്ങളാണിവ. ഇത് ജനങ്ങളില്‍ ഭയം, അരക്ഷിതാവസ്ഥ, അനിശ്ചിതത്വം എന്നിവയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നു. രാഷ്ട്രീയ അസ്ഥിരതയ്‌ക്കൊപ്പം സാമ്പത്തിക ബുദ്ധിമുട്ടുകളും ഈ രാജ്യങ്ങള്‍ നേരിടുന്നു. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ പരിമിതികളും വ്യക്തികളുടെ സന്തോഷത്തെ ബാധിക്കുന്നുവെന്ന് ഹാപ്പിനെസ് റിപ്പോര്‍ട്ട് പറയുന്നു.