'ജോലിയില്ല, അതുകൊണ്ട് വണ്‍സൈഡ് പ്രേമം വിജയിക്കില്ല';ഉപമുഖ്യമന്ത്രിക്ക് യുവതിയുടെ കത്ത്
ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യദവിന് എന്ന പേരില്‍ ഒരു യുവതി എഴുതിയിരിക്കുന്ന കത്ത് ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. തനിക്ക് ജോലിയില്ലാത്തതിനാല്‍ ഏറെ കാലമായിട്ടുള്ള തന്‍റെ 'വണ്‍ സൈഡ്' പ്രേമം ഇനിയും വിജയിക്കുന്നില്ല- അതിനാല്‍ ഇക്കുറിയും വൈലന്‍റൈന്‍സ് ഡേയ്ക്ക് താൻ 'സിംഗിള്‍' ആണെന്നും ഉടനെ തനിക്കൊരു ജോലി ശരിയാക്കി തരാൻ സഹായിക്കണമെന്നുമാണ് കത്തിന്‍റെ രത്നച്ചുരുക്കം.
വാലന്‍റൈന്‍ഡ് ഡേ ഇങ്ങെത്തിയതോടെ സോഷ്യല്‍ മീഡിയയിലും മറ്റും ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം പ്രണയമായി മാറിയിരിക്കുകയാണ്. എല്ലാക്കാലത്തും പ്രണയമെന്നത് നിത്യഹരിത വിഷയം തന്നെയാണ്. എങ്കില്‍ക്കൂടിയും വാലന്‍റൈന്‍സ് ഡേ ആകുമ്പോള്‍ പ്രണയച്ചര്‍ച്ചകള്‍ക്ക് ആക്കം കൂടും.
പങ്കാളിയുള്ളവര്‍ എങ്ങനെ അവര്‍ക്കൊപ്പം ആഘോഷിക്കണമെന്നത് പദ്ധതിയിടുമ്പോള്‍ 'സിംഗിള്‍' ആയവര്‍ അതിന്‍റെ ദുഖം പങ്കിടുകയും അത്തരത്തിലുള്ള ട്രോളുകളും മീമുകളും പങ്കിടുകയും ചെയ്യുന്നതാണ് സോഷ്യല്‍ മീഡിയയിലെ സ്ഥിരം വാലന്‍റൈന്ർസ് ഡേ കാഴ്ച.
ഇപ്പോഴിതാ ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യദവിന് എന്ന പേരില്‍ ഒരു യുവതി എഴുതിയിരിക്കുന്ന കത്ത് ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. തനിക്ക് ജോലിയില്ലാത്തതിനാല്‍ ഏറെ കാലമായിട്ടുള്ള തന്‍റെ 'വണ്‍ സൈഡ്' പ്രേമം ഇനിയും വിജയിക്കുന്നില്ല- അതിനാല്‍ ഇക്കുറിയും വൈലന്‍റൈന്‍സ് ഡേയ്ക്ക് താൻ 'സിംഗിള്‍' ആണെന്നും ഉടനെ തനിക്കൊരു ജോലി ശരിയാക്കി തരാൻ സഹായിക്കണമെന്നുമാണ് കത്തിന്‍റെ രത്നച്ചുരുക്കം.
പിങ്കി എന്ന പേരിലാണ് യുവതിയുടെ കത്ത്. പറ്റ്ന സ്വദേശിയാണ് താൻ എന്നാണ് ഇവര്‍ കത്തില്‍ പറയുന്നത്.പ്രമുഖ തിരക്കഥാകൃത്തായ പ്രഭാത് ബാന്ധുല്യയെ താൻ നാല് വര്‍ഷമായി പ്രണയിക്കുന്നു. എന്നാല്‍ ജോലിയില്ലാത്തതിനാല്‍ ഇനിയും അദ്ദേഹത്തോട് പ്രണയം പറയാൻ സാധിച്ചില്ല. എന്ന് തുടങ്ങി രസകരമായാണ് കത്ത് പുരോഗമിക്കുന്നത്.
'ഞാൻ ഭയങ്കര ടെൻഷനിലാണ്. നിങ്ങളുടേത് ലവ് മാര്യേജ് ആയിരുന്നല്ലോ. പക്ഷേ എന്‍റെ വിവാഹത്തിന് ഒരു തടസമുണ്ട്. എനിക്ക് ജോലിയില്ല. പ്രഭാത് ബാന്ധുല്യയുമായി ഞാൻ നാല് വര്‍ഷമായി വണ്‍ സൈഡ് പ്രേമത്തിലാണ്. പ്രേമിച്ചുനടക്കേണ്ട ഈ പ്രായത്തില്‍ ഞാൻ ജനറല്‍ നോളജ് പഠിക്കുകയാണ്. കാരണം ജോലി ആയാല്‍ എനിക്ക് എന്‍റെ കാര്യം അദ്ദേഹത്തോട് അവതരിപ്പിക്കാമല്ലോ. പക്ഷേ ജോലിയൊന്നും കിട്ടുന്നില്ല. ഈ വാലന്‍റൈന്‍സ് ഡേയും ഞാന്‍ സിംഗിള്‍ ആയി കടന്നുപോകും. ഞാനാണെങ്കില്‍ ജോലിക്ക് വേണ്ടിയുള്ള പരിശ്രമത്തിലും അതേസമയം അച്ഛന്‍ എന്‍റെ വിവാഹത്തിന് വേണ്ടിയുള്ള പരിശ്രമത്തിലുമാണ്...
...ഇതെല്ലാം ചിന്തിച്ച് എനിക്ക് ആധി കയറുകയാണ്.ഒരുപാട് പ്രതീക്ഷയോടെയാണ് ഞാനീ കത്ത് എഴുതുന്നത്. എങ്ങനെയും ഒരു ജോലി കിട്ടാൻ എന്നെ സഹായിക്കണം. അല്ലെങ്കില്‍ പ്രഭാതം വേറെ ആരെയെങ്കിലും വിവാഹം ചെയ്യും. ജോലിയില്ലാതെ എന്ത് പ്രേമം? എന്ന് നിങ്ങളുടെ വോട്ടറും പ്രഭാത് ബാന്ധുല്യയുടെ വണ്‍ സൈഡഡ് ലവറുമായ പിങ്കി- പറ്റ്ന'- ഇതാണ് കത്തിലെ പ്രസക്ത ഭാഗം.
കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പ്രഭാതും മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്. ദൈവത്തിനാണേ, പിങ്കിയാണ് എന്നെ പ്രശസ്തനാക്കുന്നത്. നന്ദി, ഞാൻ തേജസ്വി യാദവ് സാറിനെ കാണാൻ ശ്രമിക്കുന്നുണ്ട്. അദ്ദേഹവുമായി ഇക്കാര്യം വിശദമായി സംസാരിക്കാൻ എന്നായിരുന്നു പ്രഭാതിന്‍റെ ട്വീറ്റ്. ഇതിനും ഏറെ പ്രതികരണങ്ങള്‍ ലഭിച്ചിട്ടുണ്ട്.
രസകരമായ കത്തും അതിനെ ചൊല്ലിയുള്ള ചര്‍ച്ചകളും ട്വിറ്ററില്‍ പുരോഗമിക്കുമ്പോഴും കത്തിന്‍റെ യഥാര്‍ത്ഥ ഉറവിടവും പശ്ചാത്തലവും ഇതുവരെ വ്യക്തമായിട്ടില്ല. അതേസമയം തൊഴിലില്ലായ്മ എത്രമാത്രം രൂക്ഷമാണെന്നും ഇക്കാര്യത്തിൽ അധികാരികളുടെ ശ്രദ്ധയോ ഇടപെടലോ ഉണ്ടാകാത്തത് യുവാക്കളെ എത്രമാത്രം ബാധിക്കുന്നു എന്നോ അറിയിക്കുന്നതാണ് കത്ത് എന്നും ഇത് ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യമാണെന്നുമാണ് ഒരു വിഭാഗം സ്ഥിരീകരിക്കുന്നത്.